Tuesday 28 December 2021 03:22 PM IST : By Dr. Rajan Chungath

സതീദേവിയുടെ കണ്ണുകൾ അടർന്നു വീണ നൈനി തീരം! മഞ്ഞുറഞ്ഞ നൈനിതാൽ പറയാൻ ബാക്കിവച്ച കഥ

nainital

അരനൂറ്റാണ്ട് മുൻപ് എംടി വാസുദേവൻ നായർ രചിച്ച മഞ്ഞ് എന്ന നോവലിന്റെ ഭൂമികയിൽ വിമല ടീച്ചർ നടന്ന കഥാവഴികൾ തിരഞ്ഞ് ഒരു യാത്ര...

‘‘വരാതിരിക്കില്ല, അല്ലേ മേം സാബ്? അവൾ തല കുലുക്കി.

ബോട്ട് തുഴഞ്ഞുനീങ്ങിയപ്പോൾ ജലപ്പരപ്പിൽ നീണ്ടു കിടന്ന വളഞ്ഞ വഴിത്താരയിലേക്ക് നോക്കിനിന്നുകൊണ്ട് അവൾ പിറുപിറുത്തു: വരാതിരിക്കില്ല. ’’ മഞ്ഞ്, എം.ടി. വാസുദേവൻ നായർ

എം ടി വാസുദേവൻ നായരുടെ ‘മഞ്ഞ്’ ആദ്യമായി വായിച്ചത് ആയിരത്തി തൊള്ളായിരത്തി അറുപതുകളുടെ അവസാനത്തിലാണ്. പിന്നീട് പലവട്ടം വായിച്ചു. ഓരോ തവണയും ‘മഞ്ഞി’ന്റെ നനുത്ത സ്പർശത്തിൽ നൈനിതാൽ എന്ന മോഹനഭൂമിയിലേക്ക് എത്തി. പിൽക്കാലത്ത് ഉത്തരേന്ത്യൻ യാത്രയെപ്പറ്റി ആലോചിക്കുമ്പോഴൊക്കെ ഹിമാലയത്തിന്റെ മടിത്തട്ടിലുള്ള ഈ നഗരം പലവട്ടം മനസ്സിലെത്തി. എന്നാൽ ഒരിക്കലും യാഥാർത്ഥ്യമായില്ല. ‘മഞ്ഞി’ലെ നായിക വിമല ടീച്ചറിന്റെ കാത്തിരിപ്പുപോലെ നൈനിതാൽ കാണാനുള്ള എന്റെ കാത്തിരിപ്പും നീണ്ടുപോയി.

നന്നേ പുലർച്ചെ ‍ഡൽഹിക്കടുത്ത് ഗുഡ്ഗാവിൽ നിന്ന് പുറപ്പെട്ടതാണ് ഞങ്ങളുടെ വാഹനം. വ്യവസായ മേഖലകളും ആധുനികതയെ പുൽകാൻ വെമ്പുന്ന നഗരങ്ങളും ഉത്തരേന്ത്യൻ കാർഷികഗ്രാമങ്ങളും കടന്ന് നൈനിതാലിൽ പ്രവേശിച്ചപ്പോഴേക്കും സായാഹ്നമായി. സായന്തനത്തിന്റെ നനുത്ത തണുപ്പിൽ എല്ലാവരും തിരക്കിട്ട ജോലിയിലാണ്. അടുത്തെത്തിയ വിനോദസഞ്ചാര സീസണിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് പട്ടണം. കഴിഞ്ഞമാസങ്ങളിൽ പെയ്ത് ഉറഞ്ഞുകൂടിയ മഞ്ഞുതുള്ളികൾ ഇനി ഉരുകാൻ തുടങ്ങും. അതോടെ സഞ്ചാരികളുടെ പ്രവാഹമാകുകയായി നൈനിതാലിലേക്ക്.

താമസം സജ്ജീകരിച്ചിരിക്കുന്നത് നഗരത്തിൽനിന്ന് അഞ്ച് കിലോ മീറ്റർ അകലെയാണ്. ഏപ്രിൽ മാസത്തിൽ നൈനിതാൽ നഗരത്തിനും തടാകത്തിനും മുകളിൽ പാറിനടക്കുന്ന മഞ്ഞ് പണ്ടെപ്പോഴോ പകലുറക്കത്തിൽ കണ്ട ഒരു സ്വപ്നം പോലെയാണെന്ന് നോവലിൽ പരാമർശിച്ചിട്ടുള്ളത് മനസ്സിലേക്കെത്തി. കാലമിത്ര മാറിയിട്ടും എത്രയോ മഞ്ഞ് പെയ്തൊഴിഞ്ഞിട്ടും ഇന്നും ആ ഭാവത്തിനു വലിയ മാറ്റമൊന്നുമില്ല. ഹിമവാന്റെ മടിത്തട്ടിൽ ശീതകാലം വിടവാങ്ങുക മെയ് മാസമാണ്. ആ സമയം ഇവിടെ വിനോദസഞ്ചാര സീസൺ ആരംഭിക്കുന്നു. എല്ലായിടവും അതിനുള്ള ഒരുക്കങ്ങൾ നടക്കുന്നു, പെയിന്റ് അടിച്ചും തുടച്ച് വൃത്തിയാക്കിയും ആകെ ബഹളമാണ് നഗരം മുഴുവൻ... ‘‘മേയ് മാസത്തിനുവേണ്ടി നഗരം ഉടുത്തൊരുങ്ങുന്നു. അജ്ഞാതരായ സഞ്ചാരികളെത്തുമ്പോഴേക്കും പഴക്കംകൊണ്ട് നിറം മങ്ങിയ മുഖം മിനുക്കുന്നു. വാർധക്യത്തിന്റെ വെള്ളിരേഖകൾ മായ്ച്ചു കളയുന്നു.’’ അര നൂറ്റാണ്ട് മുൻപ് ഇതുപോലൊരു ഏപ്രിൽമാസാന്ത്യത്തെ എംടി വാക്കുകളാൽ വരച്ചിട്ടതിങ്ങനെ.

naini-1

നൈനിതടാകക്കരയിൽ

പിറ്റേന്ന് പുലർവേളയിലെ മഞ്ഞിനെയും തണുപ്പിനെയും വകവയ്്ക്കാതെ നൈനിതാലിന്റെ (താൽ എന്നാൽ തടാകം) കരയിൽ എത്തിച്ചേർന്നു. നൈനി ദേവിയുടെ കണ്ണുനീർ ഒഴുകി തെളിഞ്ഞ തടാകത്തിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്താനും ‘മഞ്ഞി’ലെ നായിക വിമല ടീച്ചർ നടന്ന വഴികൾ കണ്ടെത്തി അതിലൂടെ നടക്കാനും എല്ലാറ്റിനുമായി രണ്ടു രാത്രിയും മൂന്നു പകലുമുണ്ട്. 1964 ൽ ആണ് ഈ നോവലിന്റെ ആദ്യ പതിപ്പ് പുറത്തുവന്നത്. അതിനും എത്രയോ കൊല്ലങ്ങൾക്കു മുൻപാകും എംടി ഇവിടം സന്ദർശിച്ചിട്ടുണ്ടാകുക... സമുദ്രനിരപ്പിൽനിന്ന് ഏകദേശം രണ്ടായിരം മീറ്റർ ഉയരത്തിലാണ് നൈനിതാലിന്റെ സ്ഥാനം. രണ്ടു നാഴിക ചുറ്റളവുള്ള തടാകത്തിനെ കേന്ദ്രീകരിച്ചാണ് നഗരം വളർന്നു വികസിച്ചിരിക്കുന്നതും വിനോദസഞ്ചാര കേന്ദ്രമായി നിൽക്കുന്നതും.

മൂന്നു മലഞ്ചെരിവുകൾ അതിരിട്ടു നിൽക്കുന്ന ഒരു താഴ്‌വരയിലാണ് നൈനിതാൽ. വടക്ക് ദിക്കിൽ നൈന, തെക്ക് അയർപഥ, പടിഞ്ഞാറ് ദിയോപഥ. ഇതിൽ നൈന പർവതത്തിന്റെ നിറുകയിലെ വ്യൂ പോയന്റിൽനിന്ന് വടക്കോട്ട് നോക്കിയാൽ മഞ്ഞണിഞ്ഞ ഹിമാലയൻ ഗിരിശൃംഗങ്ങൾ കാണാം. സഞ്ചാരികളെ കാത്ത് അലസമായി കിടക്കുന്ന വഞ്ചികളിലേക്ക് കണ്ണുനട്ട് നിൽക്കെ തടാകതീരത്തിനു മുകളിലേക്ക് അരുണവർണം പരത്തി പ്രഭാതകിരണങ്ങൾ വന്നെത്തി.

‘‘തടാകതീരത്ത് അവിടവിടെ വെള്ളത്തിലേക്ക് ഇറക്കി കെട്ടിയ ഇഷ്ടിക മേഞ്ഞ ഇടത്താവളങ്ങളിലൊന്നിൽ ആരോ നീല ചായം പൂശുന്നു.’’ അരനൂറ്റാണ്ട് മുൻപ് എംടി കുറിച്ചിട്ട ദൃശ്യം ഇതാ തൊട്ടടുത്ത് കാണുന്നു. മലനിരകളുടെ നടുക്ക് തടാകം, രണ്ട് കരകളിൽ പടർന്നുകിടക്കുന്ന നൈനിതാൽ നഗരം. തടാകക്കരയിലും പട്ടണത്തിലുമൊക്കെ കാലം ഇത്രയേറെ കടന്നുപോയിട്ടും, എംടി വർണിച്ചതുപോലെ നീല നിറം ഇന്നും ദൃശ്യമാണ്.

ആകാശക്കാഴ്ചയിൽ ഏകദേശം ഒരു മാങ്ങയുടെ രൂപമുണ്ട് നൈനിതാൽ തടാകത്തിന്. ഇതിന്റെ വടക്കേ തീരങ്ങൾ മല്ലി താൽ എന്നും തെക്കേ തീരങ്ങൾ തല്ലിതാൽ എന്നുമാണ് അറിയപ്പെടുന്നത്. തടാകക്കാഴ്ചകൾ കണ്ടും ‘മഞ്ഞി’ലെ മുഖങ്ങളോട് സാദൃശ്യമുള്ളവരെ തിരഞ്ഞും സാവധാനം തല്ലിതാലിൽനിന്ന് മല്ലിതാലിലേക്ക് ഞങ്ങൾ നടന്നു. ഈ രണ്ടു കരകളെയും ബന്ധിപ്പിക്കുന്ന ഗോവിന്ദ വല്ലഭ് പന്ത് റോഡിൽതന്നെയാണ് പ്രധാനപ്പെട്ട ഭക്ഷണശാലകളും കച്ചവടകേന്ദ്രങ്ങളും. മാൾ റോഡ് എന്നും ഇതിനു വിളിപ്പേരുണ്ട്. കോടമഞ്ഞിന്റെ നേർത്ത മുഖാവരണത്തിൽ വായിച്ചു പരിചയമുള്ള മുഖങ്ങളെ ഈ പരിസരങ്ങളിൽ തേടി. വിമല ടീച്ചറും സുധീർകുമാർ മിശ്രയും രശ്മി വാജ്പേയിയും സർദാർജിയും ബുദ്ദുവും മറ്റും കാലാതിവർതികളായി ഇപ്പോഴും ഇവിടെയൊക്കെതന്നെ ഉള്ളതുപോലെ. കമനീയമായി അലങ്കരിച്ച് കണ്ണിനു കുളിർമ പകരുന്ന നിറങ്ങൾ പൂശിയ ശിക്കാര വള്ളങ്ങൾ സഞ്ചാരികളെ കാത്തു കിടക്കുന്നു. തടാകക്കരയിലെ പരുക്കൻ സിമന്റ് ബഞ്ചിൽ ഇരുന്ന് അവിടത്തെ കാഴ്ചകൾ, ജീവിതങ്ങൾ കണ്ടു. ‘‘നോക്കി നിൽക്കെ നരച്ച ആകാശം തെളിഞ്ഞു. പതുക്കെ പതുക്കെ മലയോരത്ത് ഇളംവെയിൽ പരന്നു.’’ പ്രതീക്ഷകളുടെ ചിറകുകൾ കുടഞ്ഞ് പുതിയൊരു ദിനത്തിന്റെ തുടക്കമായി.

naini-5

കുടമണികളുടെ ശബ്ദം

തല്ലിതാലിൽ എത്തിയപ്പോൾ ജലയാത്ര ആകാം എന്നു കരുതി. വിമല ടീച്ചറിന് ബുദ്ദു ഉള്ളതുപോലെ പതിവു തോണിക്കാരൊന്നും ഇല്ലാത്തതിനാൽ ഇഷ്ടമുള്ള ഒരു തോണി തപ്പി, നോവലിലെ ‘മേഫ്ലവർ’ പോലെ ഒന്ന്. മോടിയാക്കിയ ഇരിപ്പിടങ്ങളുള്ള ഒരു നീല ശിക്കാരയിൽ മല്ലിതാലിലേക്ക്, കറുത്ത സ്വെറ്ററിട്ട, മധ്യവയസ്സ് പിന്നിട്ട ഒരു തോണിക്കാരൻ. വിമലാജി വഞ്ചിയിൽ ക്ഷേത്രത്തിലേക്ക് സഞ്ചരിച്ചിട്ടുണ്ടോ? ഓർമയിൽ അങ്ങനെയൊരു സന്ദർഭം കിട്ടിയില്ല. പ്രഭാതത്തിന്റെ പതിഞ്ഞ താളങ്ങൾക്കിടയിൽ ക്ഷേത്രത്തിലെ കുടമണികൾ കിലുങ്ങുന്ന ശബ്ദം വേറിട്ട് കേൾക്കാം.

നൈനി തടാകത്തിന്റെ വടക്കെ കരയിൽ ആണ് നൈനിദേവി ക്ഷേത്രം. ഹിന്ദു മിഥോളജി അനുസരിച്ച് 51 ശക്തിപീഠങ്ങളിലൊന്ന്. ദക്ഷയാഗാഗ്നിയിൽ ചാടി ജീവത്യാഗം ചെയ്ത സതീദേവിയുടെ ശരീരവുമായി മഹാദേവൻ സഞ്ചരിക്കവെ ദേവിയുടെ കണ്ണുകൾ വീണ സ്ഥലമാണ് നൈനി ദേവീക്ഷേത്രം എന്നാണ് വിശ്വാസം.

തടാകക്കരയിൽ വലിയൊരു ആൽമര തണലിലാണ് ക്ഷേത്രസമുച്ചയം. പ്രധാന ശ്രീകോവിലിൽ നൈനിദേവിയുടെ നയനങ്ങൾക്ക് ഇടത്തും വലത്തുമായി ഭദ്രകാളിയുടെയും ഗണേശന്റെയും പ്രതിഷ്ഠകൾ. ശ്രീകോവിലിനു പുറത്ത് ദ്വാരപാലകരെന്നോണം രണ്ട് സിംഹങ്ങളുടെ വെങ്കല വിഗ്രഹങ്ങൾ... കാര്യമായ തിരക്കില്ല ക്ഷേത്രത്തിൽ ഇപ്പോൾ.

naini-4

മഞ്ഞുപോലെ ആർദ്രമായ, ചിലപ്പോൾ പേടിപ്പെടുത്തുന്ന നിശ്ശബ്ദതയെ തകർക്കുന്ന കുടമണിനാദങ്ങൾ മാത്രം ഇടയ്ക്കിടെ. ഭക്തർക്കായി കാത്തിരിക്കുകയാണോ നൈനിതാലിലെ ക്ഷേത്രസങ്കേതം എന്നു തോന്നിപ്പോയി.

നരച്ച ശിരസ്സുള്ള കൊടുമുടികൾ

തടാകത്തെ വലയം ചെയ്തു നിൽക്കുന്ന മൂന്നു മലകളും ഇടതിങ്ങി വളരുന്ന മരങ്ങളാണ്. സാൽ, ഓക്, പൈൻ, ദേവദാരു തുടങ്ങിയ മരങ്ങളാണ് അധികവും. ഗോപുരാകൃതികളിൽ ഉയർന്നു നിൽക്കുന്ന മരങ്ങളുടെ തലപ്പുകളിൽനിന്ന് അവസാനത്തെ മഞ്ഞിൻകണവും ഉരുകിയൊലിച്ചിരിക്കുന്നു. തടാകത്തിന്റെ രണ്ടറ്റത്തും മരക്കാലുകളിൽ ഉറങ്ങിക്കിടന്നിരുന്ന ബോട്ടുകൾ പലതും ഉണർന്നു തുടങ്ങിയിട്ടുണ്ട്. ‘കുമയൂൺ കുന്നുകളിൽ പകൽ വെളിച്ചത്തിൽ നിശ്ശബ്ദതയിൽ ചീവിടുകൾ കരയു’ന്നതു കേൾക്കാനാകുമോ ഇപ്പോഴും, ഞാൻ ചെവിയോർത്തു...

‘‘... കുന്നിൻ ചെരുവിലൂടെ വളഞ്ഞുപുളഞ്ഞിറങ്ങുന്ന നടപ്പാത ആരംഭിക്കുന്നു. പണ്ട് കുതിരസവാരിക്കാർക്കു വേണ്ടി കരിങ്കല്ലുപതിച്ചു നിർമിച്ച വഴി മുറിച്ചു കടന്നാൽ നടപ്പാത പിന്നെയും ഉയരത്തിലേക്കു കയറുന്നു. അവിടെനിന്ന് താഴോട്ട് നോക്കിയാൽ രസമാണ്. മലനിരകളുടെ മധ്യത്തിൽ വീണുകിടക്കുന്ന തടാകം. രണ്ടറ്റത്തായി നഗരത്തിന്റെ ചുവന്ന മേൽക്കുരകൾ. തടാകത്തെ രണ്ടിഴയായി ചുറ്റിപ്പോകുന്ന നിരത്ത്...’’ നൈന മലകളുടെ മുകളിലേക്ക് കയറിപ്പോകുന്ന വഴിയിൽ നടക്കവെ എംടിയുടെ വരികൾ മനസ്സിലേക്ക് ഓടിയെത്തിയത് കേവല യാദൃച്ഛികതയല്ല. ‘‘മലനിരകളിൽനിന്ന് മറ്റൊരു മേഘക്കീറുപോലെ ഇളം നീലഛായ കലർന്ന മഞ്ഞിൻ പടലം താഴ്‌വരയിലേക്ക് ഇറങ്ങിവന്നു.’’ അങ്ങകലെ, കോണിഫെറസ് മരത്തലപ്പുകൾക്കപ്പുറത്ത് ‘‘മഞ്ഞും മേഘവും കലർന്നു നിന്ന വിദൂരതയിൽ കൊടുമുടികളുടെ നരച്ച ശിരസ്സുകൾ തെളിയുന്നു.’’

naini-2

അതേ, ഇവിടെ കാലങ്ങൾക്കു മുൻപ് കുറിച്ചിട്ട വാചകങ്ങൾ അനുഭവിക്കുകയാണ്... ‘‘ആപ്പിൾതോട്ടങ്ങളിൽ പൂക്കൾ വിടരുമ്പോൾ, മലഞ്ചരിവുകളിൽ മഞ്ഞുരുകുമ്പോൾ, തിളങ്ങുന്ന വെയിലിൽ ദൂരത്തെ കൊടുമുടികൾ തെളിയുമ്പോൾ ഓർക്കുകയാണ് ഇതാ കുമയൂൺ കുന്നുകളിൽ മറ്റൊരു വസന്തം.’’ ഇങ്ങുകൊച്ചു കേരളത്തിൽ നമുക്ക് ഓരോരുത്തർക്കും നൈനിതാലിന്റെ അനുഭവം അക്ഷരങ്ങളിലൂടെ പകർന്നു തരുന്നതിൽ എംടി ഒരു ലോഭവും കാട്ടിയിട്ടില്ല തന്നെ. പ്രകൃതിയുടെ വിശുദ്ധിയിൽ സ്വയമലിഞ്ഞ് കുറേ നടന്നശേഷം വീണ്ടും തല്ലിതാലിന്റെ സമീപമെത്തി. നഗരത്തിന്റെ തിരക്കുകളിലേക്ക് കടക്കവേയാണ് കാപിറ്റോൾ തീയേറ്റർ കണ്ണിൽപെട്ടത്. കടകളും കെട്ടിടങ്ങളും എണ്ണത്തിൽ പെരുകിയതിനാലോ പുതുകാലത്തിനായെന്നോണം മുഖം മിനുക്കിയതിനാലോ ആകാം കാപിറ്റോൾ സിനിമ പുതുഭാവം പകർന്നു നിൽക്കുന്നു..

കാലത്തിൽ ഉറഞ്ഞ കാഴ്ചകൾ

എംടി അക്ഷരങ്ങളിലൂടെ വരച്ചിട്ട നൈനിതാൽ കാഴ്ചകൾ ബഹുഭൂരിപക്ഷവും കാലപ്രവാഹത്തിൽ ഉറഞ്ഞുപോയതുപോലെ ഇന്നും കാണാനാകും. പച്ച ചായം പൂശിയ കമ്പിക്കാലുകളും കടുത്ത വർണങ്ങളണിഞ്ഞ ഇണകളും കറുത്ത കുപ്പായമിട്ട് പുറകിൽ കെട്ടുകയറുമായി നടക്കുന്ന ഭോട്ടിയ ചുമട്ടുകാരും ബോട്ട് ക്ലബ്ബുകളും ഫോട്ടോ കാർഡ്സ് വിൽക്കുന്നവരും താടിയിൽ ചായം പൂശിയ കച്ചവടക്കാരും ഒക്കെ വായിച്ചറിഞ്ഞ പരിചയത്തിൽ ഇന്നലെ കണ്ടതുപോലെ...

നൈനിതാലിൽനിന്ന് നാൽപത്തി ഒന്ന് കിലോ മീറ്റർ സഞ്ചരിച്ചാൽ ഹൽദാനി എത്താം. അവധിക്കാലത്തിന്റെ തുടക്കത്തിൽ (നോവലിന്റെയും) ജ്യേഷ്ഠൻ എന്നു പരിചയപ്പെടുത്തിയ, വെള്ളാരങ്കണ്ണുള്ള ചെറുപ്പക്കാരനൊപ്പം രശ്മി ബാജ്പേയി നടന്നു നീങ്ങിയത് ഹൽദാനിയിലേക്കുള്ള ബസ് പിടിക്കാനാണ്. അപ്പോൾ വിമല ടീച്ചറിനെ ആശങ്കയിൽ ആഴ്ത്തിയത് അവിടത്തെ മുസാവരി ബംഗ്ലാവിനെപ്പറ്റിയുള്ള കേട്ടറിവും.

naini-1

കുമയൂണ്‍ കുന്നുകളുടെ വസന്തം

‘മഞ്ഞി’ന്റെ ആവരണത്തിൽനിന്ന് അകന്നു നിൽക്കുന്ന ഒട്ടേറെ കാഴ്ചകളുണ്ട് നൈനിതാലിൽ. റിക്ഷകളിലേറി ഗലികളും റോഡുകളും താണ്ടി ബ്രിട്ടിഷ് കാലം മുതൽക്കുള്ള ഈ ഹിൽസ്‌റ്റേഷന്റെ മുക്കിലും മൂലയിലും സഞ്ചരിക്കാം. ബ്ലൂബെറിയും സ്ട്രോബറിയും വിൽക്കുന്ന തെരുവുകളിൽ അലഞ്ഞുനടക്കാം. സുഖാതാൽ, ഭീംതാൽ, ഖുർപതാൽ, നവകുത്ചി താൽ തുടങ്ങി ഒട്ടേറെ തടാകങ്ങളുള്ള നൈനിതാൽ പരിസരങ്ങളിൽ കറങ്ങാം. നൈനി കുന്നിൻ മുകളിലുള്ള ഗോഥിക് ശൈലിയിൽ 1844ൽ പണി കഴിപ്പിച്ച സെന്റ് ജോൺസ് കാനന ദേവാലയം സഞ്ചരിക്കാം. ലോകപ്രശസ്തമായ നൈനിതാൽ ആപ്പിൾ കാണാം, കഴിക്കാം. അപൂർവ മൃഗങ്ങളെ പ്രദർശിപ്പിക്കുന്ന ജിബി പന്ത് ഹൈ ആൾറ്റിറ്റ്യൂഡ് മൃഗശാല കാണാം... ‘‘മലകളും മഞ്ഞും തണുപ്പും തടാകവും കാണാൻ വരണ്ട ഭൂമികളിൽനിന്ന് വന്നെത്തുന്ന സഞ്ചാരികൾ’’, അവർക്ക് ഇവിടം കുമയൂൺ കുന്നുകളുടെ വസന്തമാകുന്നത് ഇതുകൊണ്ടൊക്കെത്തന്നെ. സീസൺ എന്നത് ആപേക്ഷികമാണ്, വിമലാജിയുടെ വാക്കുകളിൽ പറഞ്ഞാൽ ‘‘എന്നും ചിലർ വന്നു കൊണ്ടിരിക്കും. എന്നിട്ടും പെട്ടെന്നൊരുദിനം സീസൺ തുടങ്ങി എന്നു പറയും.’’

Tags:
  • Food and Travel