Wednesday 24 November 2021 04:09 PM IST : By Aparna Karthika

ഭൂമിയിലെ പറുദീസയിലേക്ക് ഒരു പെൺയാത്ര: കശ്മീർ എന്ന സ്വർഗവും ആമിയെന്ന പെൺകുട്ടിയും...

Kashmir-womentrip-cover

നേരിട്ട് പരിചയമില്ലാത്ത, മുൻപ് കണ്ടിട്ടുപോലും ഇല്ലാത്ത 50 പേർ. വിവിധ പ്രായത്തിലുള്ളവർ, വ്യത്യസ്ത ചുറ്റുപാടിലുള്ളവർ... ഇനിയങ്ങോട്ടുള്ള ഒരാഴ്ച്ച ഒരുമിച്ച് കാഴ്ചകൾ കാണാൻ വന്നവർ. ഇവരെ ബന്ധിപ്പിക്കുന്ന രണ്ടേ രണ്ടു കണ്ണികൾ... കശ്മീർ എന്ന കൗതുകവും ആമിയെന്ന പെൺകുട്ടിയും.

ഡൽഹി പാലം എയർപോർട്ടിൽ നിന്ന് വിമാനം പറന്നുയരുന്നത് മുതൽ പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു ഞങ്ങൾ. മേഘങ്ങളല്ലാതെ ഒന്നും കാണാനില്ലെന്നറിഞ്ഞിട്ടും അനന്തതയിലേക്ക് നോക്കിയിരുന്നു. കൃത്യം ഒരു മണിക്കൂറും 20 മിനിട്ടും പിന്നിട്ടപ്പോൾ ആ മേഘപാളികളെ വകഞ്ഞു മാറ്റി അങ്ങകലെ മഞ്ഞു മലകൾ കണ്ടുതുടങ്ങി. കണ്ണുകളിൽ ആശ്ചര്യവും കൗതുകവും നിറഞ്ഞു...

ശ്രീനഗർ എയർപോർട് താരതമ്യേന ചെറുതാണ്. പക്ഷേ സുരക്ഷയുടെ കാര്യത്തിൽ ഡൽഹിയുടെ മുന്നിലാണ്.. വന്നിറങ്ങുന്നത് മുതൽ നമ്മൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണെന്നു തോന്നിപ്പിക്കുന്ന അന്തരീക്ഷം.. അകാരണമായി ഒരു പേടി നമ്മെ പിന്തുടരുന്ന പോലെ. ആർടിപിസിആർ പരിശോധനാ സർട്ടിഫിക്കറ്റ് സ്കാൻ ചെയ്ത് സീൽ വെച്ച ശേഷമാണ് എയർപോർട്ടിന് പുറത്തിറങ്ങുന്നത്. എക്സിറ്റ് ഗേറ്റിലെത്തിയപ്പോഴേക്കും തണുപ്പ് അരിച്ചു കയറാൻ തുടങ്ങി. ജന്നത്ത് ഈ കശ്മീർ എന്ന ബോർഡും ശ്രീനഗർ എയർപോർട്ടിന്റെ കവാടവും ഫോണിൽ പകർത്താനായി ഫോൺ എടുത്തതും സുരക്ഷാജീവനക്കാർ ഓടിയെത്തി. ഭൂമിയിലെ സ്വർഗത്തിലെ ആദ്യ വിലക്ക്...

ഗേറ്റിന് പുറത്ത് ടൂർ ഓപ്പറേറ്ററായ ആമിയും കശ്മീരി സുഹൃത്ത് ഫാർഹാനും ഞങ്ങളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവിടുന്നങ്ങോട്ട് അവർ ഇരുവരും ഞങ്ങളെ ചേർത്തുപിടിച്ചു. ചുറ്റും കാണുന്നതെല്ലാം കൗതുകങ്ങൾ. എങ്ങോട്ടു തിരിഞ്ഞാലും മനോഹര ദൃശ്യങ്ങൾ. അഞ്ചരയായതേ ഉള്ളൂവെങ്കിലും ആകാശം മങ്ങിയിരുന്നു. മഞ്ഞും പൊടിയും ചെറുതല്ലാതെ ബുദ്ധിമുട്ടിക്കാൻ തുടങ്ങി. ഞങ്ങൾക്കായി ഒരുക്കിയ ബസ്സിലേക്ക് ലഗേജുകൾ എടുത്തുവയ്ക്കാൻ സഹായിച്ചവർ മാന്യമായി തന്നെ ടിപ്പ് ചോദിച്ചു. ഹോസ്പിറ്റാലിറ്റിയെ കുറിച്ച് ഇനിയും ഏറെ പഠിക്കാൻ ഉണ്ടെന്ന് ഓർമിപ്പിക്കുന്നതാണ് അവരുടെ രീതികൾ. കശ്മീരിലെ ആറു ദിവസവും ഇത്തരത്തിലുള്ള പെരുമാറ്റങ്ങൾ നേരിട്ടറിയേണ്ടി വന്നു. അത് അവർ മനപ്പൂർവ്വം ചെയ്യുന്നതല്ല, ആത്മാർത്ഥതയിൽ അവർക്ക് വെള്ളം ചേർക്കാൻ അറിയില്ല, കാര്യങ്ങൾ നേരെയങ് ചോദിക്കും അത്രേ ഉള്ളൂ.

ദാൽ തടാകം

Aparna-kashmir

മുക്കാൽ മണിക്കൂറിനുള്ളിൽ ദാൽ തടാകത്തിലെത്തി. ആദ്യ ദിവസത്തെ താമസം ഇവിടെ ഒരുക്കിയ ഹൗസ് ബോട്ടിലാണ്. തടാകത്തിനു സമീപത്തു ബസ് നിർത്തുമ്പോഴേ മറുകരയിലെ ബോട്ടുകൾ നമ്മളെ മനസ്സിനെ പിടിച്ചുവയ്ക്കും. അത്ര മനോഹരമാണ് ആ കാഴ്ച. കണ്ണെത്താ ദൂരത്തോളം ബോട്ടുകൾ അങ്ങനെ നിരനിരയായി നിറഞ്ഞു നിൽക്കുന്നു. ഓരോ ബോട്ടും അവരവരുടെ പ്രൗഢി വിളിച്ചോതാൻ പാകത്തിൽ അലങ്കരിച്ചു വയ്ക്കുന്നു. ജവർലാൽ നെഹ്റു മുതൽ ഡയാന രാജകുമാരിവരെ ഇവിടെ അണിഞ്ഞൊരുങ്ങി ഞങ്ങളെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഇത് തടാകത്തിനക്കരയിലെ കാഴ്ച.

ദാൽ തടാകത്തിന്റെ സൗന്ദര്യം ശരിക്കും ആസ്വദിക്കാനാവുക രാത്രിയിലാണ്. മണ്ഡപത്തിലേക്കിറങ്ങുന്ന നവവധുവിന്റെ ഛായയാണ് രാത്രിയിൽ ഈ തടാകത്തിന്. ബസ്സിറങ്ങുന്ന സഞ്ചാരികളെ അക്കരെയെത്തിക്കാനുള്ള ദൗത്യം ശിക്കാരക്കാണ്. കശ്മീരിന്റെ സിംബൽ ആണ് ശിക്കാരകൾ. സമയം ഏഴ് മണി ആയപ്പോഴേക്കും കശ്മീർ മയങ്ങിത്തുടങ്ങി. കടുത്ത തണുപ്പും മഞ്ഞും ദാൽ കാഴ്ചകളെ മറച്ചു. ശിക്കാര വഞ്ചിവീടിനോട് അടുത്തു..

Kashmir-houseboat

നമ്മുടെ വഞ്ചിവീട് പോലല്ല

പുറമെ നിന്ന് നോക്കിയപ്പോൾ എന്തോ ആ വഞ്ചിവീട് അത്ര പിടിച്ചില്ല. ആലപ്പുഴയിലെ വഞ്ചിവീടായിരുന്നു മനസ്സിൽ. അകത്തേക്ക് കയറാനുള്ള തടിപ്പടികളും മരം കൊണ്ടുണ്ടാക്കിയ തറയുമെല്ലാം എന്തോ അസ്വസ്ഥതയാണ് മനസ്സിലുണ്ടാക്കിയത്. 8 പേരുള്ള ചെറുസംഘങ്ങൾ ആണ് ഓരോ ബോട്ടിലും.. എങ്ങനെ എട്ടു പേർ ഇതിനകത്ത് കിടക്കും എന്ന ആശങ്കയോടെയാണ് അകത്തേക്ക് കയറിയത്. ഒരു പരിചയവും ഇല്ലാത്ത ആളുകളോടൊപ്പം ഞെങ്ങിഞെരുങ്ങി കിടക്കുക എന്നതു ചിന്തിക്കാൻ പോലും വയ്യ. ആമിയോട് ഇക്കാര്യം എങ്ങനെ അവതരിപ്പിക്കും എന്ന ആലോചനയിലാണ് അകത്തേക്ക് കയറിയത്. അകത്തു കയറിയപ്പോൾ ഞെട്ടി! ശരാശരി മലയാളി വീടിനേക്കാൾ സൗകര്യമുള്ള അകത്തളം. രണ്ടു പേർക്കു വീതം കിടക്കാവുന്ന അഞ്ചു മുറികൾ. ഓരോ മുറിയിലും രണ്ട് കട്ടിലുകൾ. രാത്രി ഭക്ഷണം ശിക്കാരയിൽ. തനി കാശ്മീരി ഫൂഡ്. നല്ല രുചിയും.. വഞ്ചിവീടിന്റെ ഉടമകളുടെ വീട്ടിൽതന്നെയാണ് പാചകം.

Kashmir-houseboat-interior

രാത്രിയിൽ നഗരം മയങ്ങിയെങ്കിലും കച്ചവടക്കാർ ബോട്ടിലേക്ക് എത്തി. കശ്മീരി ഷാളും സാരിയും വർണ പാത്രങ്ങളും മാലകളുമായി രാത്രി വൈകുവോളും അവർ വഞ്ചിവീട്ടിലെ സ്വീകരണ മുറിയിൽ ഇടം പിടിച്ചു. കശ്മീരികളുടെ സ്വന്തം ചായ, കാഹ്‌വായുടെ രുചി പറയാതെ പോവുന്നത് ശരിയല്ല. ബദാമും കശുവണ്ടിയും കുങ്കുമപ്പൂവും ചേർത്ത മഞ്ഞ നിറത്തിലുള്ള ചായക്ക് ഒരു പ്രതേ്യക രുചിയാണ്. നമുക്ക് കപ്പിലേക്ക് ഒഴിച്ചു തന്ന് പ്രതികരണം അറിയാൻ ഉറ്റു നോക്കുന്ന അവരുടെ മുഖം നിർവികാരമാണ്. ചായ കുടിച്ചു നമ്മൾ ചിരിക്കുമ്പോഴേ അതു വിടർന്നു വികസിക്കൂ. ഒരു കുഞ്ഞിന്റെ പോലെ നിഷ്കളങ്കമായ ചിരി.

Kashmir-kawah

പഹൽഗാമിലേക്കുള്ള യാത്ര

ഉറക്കം എണീക്കുന്നത് തന്നെ പഹൽഗാമിലേക്കുള്ള യാത്രയെ ഓർമിത്തു കൊണ്ടാണ്. അതിന് തയാറെടുക്കുമ്പോൾ തന്നെ മഞ്ഞിൽ കുളിച്ച ദാൽ നമ്മളെ മാടി വിളിക്കും ആ തടാകത്തിലെ കച്ചവടക്കാരും പൂക്കാരും കണ്ണിലും മനസ്സിലും ഇടിച്ചു കയറും. രാവിലത്തെ ആകർഷണം ദാലിലെ ശിക്കാര യാത്രയാണ്. രാത്രിയിലെ ആംബിയൻസ് അല്ല പകൽ. നമ്മൾ ശിക്കാരയിൽ കയറിയാൽ ഉടനെത്തും തോണിയിൽ കച്ചവടക്കാർ. വളയും മാലയും സാരിയും പൂവിത്തുകളും എല്ലാമായി അവർ വട്ടം പിടിക്കും.. ഫ്ലോട്ടിങ് മാർക്കറ്റിനെ കുറിച്ചുള്ള കേട്ടറിവുകൾ എത്രയോ ചെറുതാണെന്ന് അനുഭവിച്ചറിയാം. മറ്റൊരു കാഴ്ച്ചയാണ് ശിക്കാരയിലെ ഫോട്ടോയെടുപ്പ്. കാശ്മീരി വേഷങ്ങൾ അണിയിച്ചു ഫോട്ടോ എടുക്കുന്നവരുടെ നിര തന്നെയുണ്ട് ഇവിടെ. വരുന്നവരെല്ലാം ഒരു ഫോട്ടോ എങ്കിലും എടുക്കാതെ പോവാറില്ല... തിരിച്ചു വഞ്ചിവീട്ടിലേക്ക്...

Mugal-garden-Kashmir

ബസിൽ പഹൽഗാമിലേക്ക് പോവുന്ന വഴി നിഷാന്ത് ഗാർഡനും മുഗൾ ഗാർഡനും കണ്ടു. അന്ന് താമസം പഹൽഗാമിൽ. പോവുന്ന വഴിയിലെ ഓരോ കാഴ്ചയും അത്രമേൽ ആസ്വാദ്യകരം. മൊബൈൽ ക്യാമറയിൽ ഓരോന്നും പകർത്താൻ തോന്നും. ചിലതെല്ലാം പ്രകൃതിഭംഗിയിൽ ലയിച്ച് പകർത്താൻ മറന്നുപോവും.. എന്തായാലും ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങളെക്കാൾ എത്രയോ മുകളിലാണ് അവിടുത്തെ കാഴ്ച്ചകൾ... പഹൽഗാമിലേക്കുള്ള യാത്രയിൽ റോഡിനിരുവശവും നിരന്നു നിൽക്കുന്ന പട്ടാളക്കാരെ കാണാം അനന്തനാഗ് എന്ന ബോഡ് കാണുമ്പോഴേ മനസ്സിൽ ആധിയാണ്.. ന്യൂസ് റൂമിൽ എത്ര തവണയാണ് ആ പേര് വായിച്ചതെന്ന് ഓർമയില്ല. പുൽവാമയും കടന്ന് ബസ് ഏറെ മുന്നിലെത്തിയിട്ടും ചുറ്റും ഇരുട്ട് പടർന്നിട്ടും മനസ്സിന്റെ കോണിലെ കനം വിട്ടുമാറിയില്ല.. പ്രകൃതി അറിഞ്ഞനുഗ്രഹിച്ചിട്ടും അത് ആസ്വദിച്ചു ജീവിക്കാൻ കഴിയാതെ പോയ ജീവിതങ്ങളായിരുന്നു മനസ്സിലാപ്പോൾ.

മഞ്ഞുമലകൾക്കിടയിലൂടെ...

പഹൽഗാമിലെ വില്ലേജ് ഹോട്ടൽ ഒരു കുന്നിൻ മുകളിൽ ആയിരുന്നു..രാത്രിയിലും പകലിലും ഒരുപോലെ പ്രകൃതിഭംഗി നിറഞ്ഞു നിലക്ക്ന്നയിടം.. രാവിലെ ചന്ദൻവാലിയും ബെയ്ത്തബ് വാലിയും ലക്ഷ്യമാക്കി യാത്ര..സമുദ്ര നിരപ്പിൽ നിന്ന് 7200 അടി ഉയരമുള്ള സ്ഥലം..ആട്ടിടയന്മാരുടെ താഴ്‌വര. പാതിവഴിയിൽ നമ്മുടെ ബസ് നിർത്തി കാറിൽ യാത്ര. മല തുരന്ന് പാതയുണ്ടാക്കിയതാണെന്ന പോലുള്ള വഴിയിൽ രണ്ട് വശത്തും വെള്ളി നിറത്തിൽ കുന്നുകൾ കാണാം..മുന്നോട്ട് നോക്കിയാൽ ഒന്നും കാണാനില്ല..ഡ്രൈവറെ മാത്രം വിശ്വസിച്ചു ള്ള യാത്ര. പ്രകൃതി മനോഹരിയെങ്കിലും കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രം കടന്നുപോവാനുള്ള വഴിയിൽ എതിർ ഭാഗത്തു നിന്ന് എന്തെങ്കിലും വരുന്നോ എന്ന് നോക്കി നോക്കി ആശങ്കപ്പെട്ടാണ് ആ വഴി പിന്നിട്ടത്.. കാറിലെ പിൻസീറ്റ് യാത്രയും ദുർഘടം പിടിച്ച വഴിയുമെല്ലാം ഉണ്ടാക്കിയ സമ്മർദം മറികടന്നത് മഞ്ഞു മല കണ്ടിട്ടാണ്. ആവുന്നത്ര ഉയരത്തിൽ നോക്കിയിട്ടും തീരാത്ത മഞ്ഞുമല.. ഫ്രീസറിലെ ഐസുകട്ട മാത്രം കണ്ട എന്നെപ്പോലുള്ളവർക്ക് ചുറ്റിലും കണ്ട ഐസ് ലോകാത്ഭുതങ്ങളിൽ ഒന്നായി. തിരിച്ചു ബെയ്ത്താബ് വാലിയിൽ എത്തിയപ്പോൾ ഐസിനൊപ്പം ഐസുരുകിയ വെള്ളവും കാണാൻ പറ്റി.. ഉരുണ്ട് മിനുസമുള്ള കല്ലിൻ മുകളിലൂടെ വെള്ളം ഒഴുകുന്നത് കാണാൻ തന്നെ നല്ല ചേലാണ്.. വരുന്ന വഴിയിൽ ആപ്പിൾത്തോട്ടത്തിലും കയറി...സീസണല്ലെങ്കിലും അവിടെവിടെയുള്ള ആപ്പിളുകൾ ഞങ്ങളെ കാത്തിരുന്നു..

ഗുൽമാർഗിലെ കാഴ്ചകൾ

അന്നു രാത്രി ശ്രീനാഗറിലേക്ക് തിരിച്ചു... പിറ്റേന്നാണ് ഗുൽമാർഗിലേക്ക് പോയത് .. അവിടെ കാത്തിരുന്നത് കേബിൾ കാർ യാത്രയാണ്. ബസ്സിറങ്ങി കെബിൾ കാർ കയറുന്നിടത്ത് എത്തണമെങ്കിൽ ഒന്നര കിലോമീറ്ററിനടുത്ത് നടക്കണം. അല്ലെങ്കിൽ കുതിരപ്പുറത്ത് പോവാം. കുതിരപ്പുറത്തെ യാത്ര ഒന്നൊന്നര അനുഭവമാണ്.. ഓരോ കുതിരക്കും ആളുകൾ ഇല്ല. അഞ്ചും ആറും കുതിരകൾക്ക് ഒരു കുതിരക്കാരനാണ് ഉണ്ടാവുക. നമ്മുടെ പരിചയമില്ലായ്മയും ഇരുത്തത്തിലെ അപാകതയുമൊക്കെ കുതിരയെ ബാധിക്കുന്നുണ്ട്. നടത്തം മതിയാക്കി നിൽക്കാനും പാതിവഴിയിൽ പുല്ലു തേടിപ്പോവാനുമൊക്കെ കുതിരക്ക് തോന്നു. ചാടിയിറങ്ങാനോ കുതിരയെ മെരുക്കാനോ അറിയാത്തതിനാൽ സഹിച്ചിരിക്കാനേ പറ്റൂ. കേബിൾ കാറിലെ ദൃശ്യങ്ങളാണ് കുതിരപ്പുറത്ത് കയറി താളം തെറ്റിയ ശ്വാസം തിരിച്ചു കൊണ്ടുവന്നത്. രണ്ട് കൂറ്റൻ മഞ്ഞു മലകൾക്കിടയിലൂടേയുള്ള യാത്ര. താഴെ ആട്ടിടയന്മാർ ഉപേക്ഷിച്ചുപോയ ഒറ്റമുറി വീടുകൾ. പാതിയിലധികവും മഞ്ഞു മൂടിക്കിടന്നുന്ന ചുറ്റുപാടുകൾ. കേബിൾ കാർ ഇറങ്ങി അടുത്ത മഞ്ഞു മലയിലേക്ക് നടത്തം. എന്നോ കൈമോശം വന്ന കുട്ടിക്കളികൾ നമ്മളിലേക്ക് തിരികെ എത്തുന്ന പോലെ...

Dal-Snow-Kashmir

സോനമാർഗിലെ ഫൈനൽ ഡേ

അവസാന ദിവസം സോനമാർഗിൽ ആയിരുന്നു. ദ്രാസ്സിലേക്കു യാത്ര നടന്നില്ല. പക്ഷേ ബോളിവുഡ് സിനിമകളുടെ സ്ഥിരം ലൊക്കേഷൻ ആയ സോനാമാർഗിലെ കാഴ്ച ഒറ്റ സ്നാപ്പിൽ ഒതുക്കാൻ പറ്റില്ല. മഞ്ഞു കണ്ട് മഞ്ഞു കണ്ട് വീണ്ടും മഞ്ഞു കണ്ട് അങ്ങകലെ ഹിമാലയത്തിന്റെ വെള്ളിവെളിച്ചം നോക്കിനിന്ന് ഒരിക്കലെങ്കിലും ആ മലമുകളിൽ ഒന്ന് കയറണം എന്ന് മനസ്സിലുറപ്പിച്ചാണ് കശ്മീർ യാത്രക്ക് പകുതിക്ക് നിർത്തുന്നത്. ഈ യാത്ര അവസാനിക്കുന്നില്ല മറ്റൊരു യാത്രക്കുള്ള തുടക്കം മാത്രമാണെന്നുറപ്പിച്ചു മലയിറക്കം...

പൂച്ചകണ്ണുകളുള്ള കശ്മീരി ചെറുപ്പക്കാരെക്കുറിച്ചു പറയാതെ ഈ കുറിപ്പ് നിർത്തിയാൽ മനസ്സാക്ഷി പിണങ്ങും. അപ്പോഴും ചുറ്റുപാടുകളെ ഭയത്തോടെ മാത്രം കാണുന്ന, മുഖത്തു നോക്കി ചിരിക്കാൻ പോലും മടിക്കുന്ന അവിടുത്തെ പെൺജീവിതങ്ങൾ മനസ്സിൽ നിറക്കുന്നത് നൊമ്പരമാണ്.. സ്വപ്നങ്ങളും മോഹങ്ങളും പ്രതീക്ഷകളും അസ്തമിച്ചുപോയ അവരുടെ കണ്ണുകളിൽ നല്ല നാളെകളെ കുറിച്ചുള്ള പ്രതീക്ഷകൾ ഉണ്ടായിരുന്നിരിക്കണം.. തിരികെ നാട്ടിലേക്ക്. നല്ല കാഴ്ചകൾ മറയുവോളം കണ്ട് ശ്രീനഗറിനെ പിന്നിലാക്കി വിമാനം മുന്നോട്ട്. അതിലും വേഗത്തിൽ മനസ്സ് ആ ഭൂമിയിലെ സ്വർഗത്തിലേക്ക് തിരിച്ചു പറന്നു.