Wednesday 22 June 2022 12:05 PM IST : By Easwaran seeravally

അവിടത്തെ ചുവര്, ഞങ്ങളുടെ കാൻവാസ്, കണ്ടിട്ടാണ് വരയ്ക്കേണ്ടതിനെപ്പറ്റി ചിന്തിക്കുന്നത്. മുൻകൂട്ടി ആലോചിച്ച് ഉറപ്പിച്ച് ചിത്രങ്ങളിലെത്താറില്ല, സ്ട്രീറ്റ് ആർടിസ്റ്റ് അൻപു വർക്കി

anpu 1 Photo ; Rahilmony

ചരിത്രമുറങ്ങുന്ന, വിശുദ്ധിയുടെ കുളിർമയുള്ള കുടമാളൂരിൽ നിന്ന് അക്ഷര നഗരിയായ കോട്ടയത്തേക്കുള്ള സഞ്ചാരം. പകുതി വഴി പിന്നിടുമ്പോൾ ചെറിയൊരു ബഹുനിലക്കെട്ടിടത്തിനു മുന്നിൽ ചെറിയ ആൾക്കൂട്ടം. കെട്ടിടത്തോട് ചേർന്ന് ഇരുമ്പുപൈപ്പുകൾ കെട്ടി വച്ച് അതിൽ നിലയിട്ടു നിന്ന് ചുവരിൽ ചിത്രം വരയ്ക്കുന്നു ഒരാൾ. ഒരു ഘട്ടം പൂർത്തിയായപ്പോൾ ഷോർട്സും ഷർട്ടും ധരിച്ച് തലയിൽ തൊപ്പി വച്ച ചിത്രകാരൻ അൽപം മാറി നിന്ന് ഏകദേശം മുഴുമിക്കാറായ ചിത്രത്തെ വീക്ഷിച്ചു. പെട്ടന്നു താഴേക്ക് ഇറങ്ങി ചിത്രത്തിന്റെ ദൂരക്കാഴ്ച വിലയിരുത്തുമ്പോഴാണ് മനസ്സിലായത്, അത് ചിത്രകാരനല്ല, ചിത്രകാരിയാണ്.

anpu 7 Photo : Jayakumar

പരമ്പരാഗത ചുവർചിത്രങ്ങൾക്കു പ്രശസ്തമായ ഏറ്റുമാനൂര്‍ ക്ഷേത്രം, പാണ്ഡവം ക്ഷേത്രം, കോട്ടയം ചെറിയപള്ളി എന്നിവയിൽ നിന്ന് ഏറെയൊന്നും അകലെയല്ലാതെ പുതിയകാലത്തിന്റെ ചുവർചിത്രം വിരിയുകയാണ്, പുതുകാലത്തെ തിരക്കേറിയ ചിത്രകാരിയും സ്ട്രീറ്റ് ആർടിസ്റ്റുമായ അൻപു വർക്കിയുടെ ബ്രഷുകളിലൂടെ. വഴിപോക്കരിൽ ചിലർ നോക്കി നിൽക്കുന്നു, ചിലർ നടന്നു പോകുന്നു, വേറെ ചിലർ എന്താണ് അവിടെ എന്ന് അന്വേഷിക്കുന്നു... എല്ലാം ഒരു പുഞ്ചിരിയോടെ ശ്രദ്ധിക്കുന്ന കലാകാരി. അൻപുവിന് ഇതു പുതിയ അനുഭവമല്ല. കോട്ടത്ത് ആദ്യമാണെങ്കിലും കൊച്ചിയിലും ആലപ്പുഴയിലും തിരുവനന്തപുരത്തും ചെന്നൈയിലും ഡൽഹിയിലും ഒക്കെ തിരക്കേറിയ, പ്രധാന പാതകളുടെ ഓരം േചർന്നു ചിത്രം വരച്ച പരിചയ സമ്പന്ന. അതൊക്കെയും പൊതു ഇടങ്ങളിലെ മെഗാ ഇവന്റുകളായിരുന്നു താനും. കേരളത്തിൽ കുടുംബ വേരുകളുള്ള, ഇപ്പോൾ ബെംഗളൂരുവിൽ താമസിക്കുന്ന അൻപു വർക്കിയുടെ വേറിട്ട ചില തെരുവു ചിത്രങ്ങളുടെ വിശേഷങ്ങളിലൂടെ...

anpu 2 Photos : Rahilmony, Pranav Gohail

തുടക്കം ഡൽഹിയിൽ

തുടക്കം 2011 ൽ ഡൽഹിയിലായിരുന്നു. അന്ന് അത്തരമൊരു ചിത്രരചന സാധിക്കുമോ ഇല്ലയോ എന്നൊക്കെ സംശയങ്ങളുണ്ടായിരുന്നു. വരച്ചു കഴിഞ്ഞപ്പോൾ അത്തരത്തിലുള്ള സന്ദേഹങ്ങളൊക്കെ മാറി. തുടർന്ന് ഡൽഹിയിൽ തന്നെ വലിയ ആർട്ട് പ്രൊജക്ടുകളുടെ ഭാഗമായി വരച്ചു. ഇപ്പോൾ ഗോവ മുതൽ മേഘാലയ വരെയും കേരളം മുതൽ ഹിമാചൽപ്രദേശ് വരെയും ഒട്ടേറെ സംസ്ഥാനങ്ങളിൽ, നഗരങ്ങളിൽ ചിത്രങ്ങൾ ആലേഖനം ചെയ്തു കഴിഞ്ഞു.  കേരളത്തിൽ ബിനാലെയുടെ ഭാഗമായി കൊച്ചിയിലും ലോകമേ തറവാട് പ്രദർശനത്തിന്റെ ഭാഗമായി ആലപ്പുഴയിലും ചിത്രങ്ങൾ വരച്ചു. ആർടീരിയ എന്ന പ്രൊജക്ടിന്റെ ഭാഗമായി തിരുവനന്തപുരത്ത് പാളയം അണ്ടർപാസിൽ വരച്ച ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ടേബിൾ ടെന്നീസ് കളിക്കാരെയാണ് അവിടെ ചിത്രീകരിച്ചത്. പക്ഷേ, അവർക്കു മുഖം വരച്ചില്ല. ആ സ്ഥലത്തിന്റെ സവിശേഷതകൂടി കണക്കാക്കിയാണ് അങ്ങനെയൊരു ഡിസൈൻ ചെയ്തത്. കാണികൾ മുഖത്തിനുപരിയായി കാണട്ടെ, അവർ കാണും.

anpu 8 Photo : Tito Kochuveettil

കാണികളും ചിത്രങ്ങളും

anpu 3 Photo : Suraj Katra

ഇന്ന് എത്ര ആളുകൾ ആർട് ഗാലറികളിലോ മ്യൂസിയങ്ങളിലോ പോകുന്നുണ്ട്? അതാണ് സ്ട്രീറ്റ് ആർട് തെരഞ്ഞെടുക്കാൻ കാരണം. അവിടെ നമ്മൾ ഒരു കാഴ്ചപ്പാടിൽ വരയ്ക്കുന്നു. കാണികൾ അവരുടെ കണ്ണിലൂടെ കാണുമ്പോൾ നമ്മൾ വിചാരിക്കാത്ത അർഥങ്ങളാവും അവർ സങ്കൽപിക്കുന്നത്. ചിത്രം വരയ്ക്കുന്ന സമയത്തു തന്നെ ഒട്ടേറെ അഭിപ്രായങ്ങൾ കേൾക്കാനാകും എന്നതാണ് സ്ട്രീറ്റ് ആർട്ടിന്റെ പ്രത്യേകത. കോട്ടയത്തെ ഈ ചിത്രം വരയ്ക്കുമ്പോൾ തന്നെ തുടക്കത്തിൽ മുഖം പൂർത്തിയാകും മുൻപ് ഈ വഴി വന്ന അമ്മൂമ്മ, ‘മോൾ മിടുക്കിയാണല്ലോ. യേശുവിനെയാണോ വരയ്ക്കുന്നത്?’ എന്നു ചോദിച്ചിരുന്നു.

anpu 6 Photo : Lekshmy Raj

കാണികളെ ഒരിക്കലും വില കുറച്ചു കാണാനാവില്ല. മുംബൈ മാഹിമിൽ ഡിസി എന്ന ചിത്രം വരയ്ക്കുമ്പോൾ ഉണ്ടായ അനുഭവം വേറിട്ടതാണ്. മരക്കൊമ്പിൽ തല കീഴായി കിടന്ന് ആഹ്ലാദിക്കുന്ന കുട്ടിയെയാണ് കൂറ്റൻ ബഹുനിലക്കെട്ടിടത്തിന്റെ ഭിത്തിയിൽ ചിത്രീകരിച്ചത്. വര നാലഞ്ച് ദിവസം പിന്നിട്ടപ്പോൾ 60 വയസ്സിലേറെ പ്രായമുള്ള ഒരു വ്യക്തി വന്നിട്ടു പറഞ്ഞു, ‘എന്റെ ബാല്യകാലത്തെ വീണ്ടും ഓർമയിൽ എത്തിച്ചതിനു നന്ദി.’ സന്തോഷത്തോടു കൂടി ഒരു കവിതയൊക്കെ ചൊല്ലിക്കേൾപ്പിച്ചാണ് അദ്ദേഹം പോയത്. അദ്ഭുതപ്പെടുത്തിയ പ്രതികരണമായിരുന്നു അത്. ഏറെ ശ്രമകരമായിരുന്നു അവിടത്തെ വര. പക്ഷേ, ആ ചിത്രത്തിനു ഗംഭീര പ്രതികരണങ്ങളായിരുന്നു കിട്ടിയത്. ചിത്രത്തിലെ കുട്ടിയെ ആണായി ആൺകുട്ടികളും പെണ്ണായി പെൺകുട്ടികളും കണ്ടു എന്നതായിരുന്നു രസകരം.  ചെന്നൈ എഗ്മൂറിലെ റെയിൽവേ സ്‌റ്റേഷനിൽ ചിത്രം വരയ്ക്കാൻ ചെന്നു. തിരക്കേറിയ ഇടത്തിൽ എന്തു വരയ്ക്കണം എന്നു ചിന്തിച്ച് ആ വഴി വന്നവരോടു പലതും സംസാരിച്ചു. അപ്പോഴാണ് ആ ഭാഗത്ത് 9 വാലുള്ള പൂച്ചയുമായി ബന്ധപ്പെട്ട് ഒരു വാമൊഴി കഥയുണ്ടെന്നു പറഞ്ഞു. അങ്ങനെയാണ് നയൻ ടെയ്ൽസ് എന്ന ചിത്രം പിറന്നത്.

ചിത്രങ്ങൾ സഞ്ചരിക്കട്ടെ

anpu 4 Photo : Akshat Nauriyal

യാത്രകളൊക്കെ ചിത്രരചന പ്രൊജക്ടുകളുടെ ഭാഗമായിട്ടേ നടന്നിട്ടുള്ളു. ഓരോ സ്ഥലത്തു ചെല്ലുമ്പോഴും അവിടത്തെ ചുവര്, ഞങ്ങളുടെ കാൻവാസ്, കണ്ടിട്ടാണ് വരയ്ക്കേണ്ടതിനെപ്പറ്റി ചിന്തിക്കുന്നത്. മുൻകൂട്ടി ആലോചിച്ച് ഉറപ്പിച്ച് ചിത്രങ്ങളിലെത്താറില്ല. ആദ്യകാല രചനകളിലൊന്നാണ് ഋഷികേശിൽ ഗംഗാതീരത്തെ ഒരു കെട്ടിടത്തിന്റെ ചുവരിൽ വരച്ച ‘ജേണി’. പലവിധ സഞ്ചാരികളുടെ സംഗമഭൂമിയാണ് ആ കൊച്ചു നഗരം. തീർഥാടനങ്ങളും ആത്മാന്വേഷണങ്ങളുടെ യാത്രകളും ഹിമാലയത്തിലെ ട്രെക്കിങ് സഞ്ചാരവും ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള യാത്രകളും എല്ലാം അവിടെ നിന്ന് ആരംഭിക്കുന്നു. അവ എല്ലാത്തിന്റെയും പ്രതീകമായി മണ്ണിലേക്കു വയ്ക്കുന്ന ആദ്യ ചുവടാണ് അന്ന് ഋഷികേശിൽ രേഖപ്പെടുത്തിയത്.

anpu 5 Photo : Anpu Varkey

ഒരു ചിത്രം പൂർത്തിയാക്കി ആ സ്ഥലം വിട്ടാൽ പിന്നെ ചിത്രം നോക്കാനായി അവിടെ വരാറില്ല. വാരാണസിയിലെ ഗംഗയുടെ തീരത്ത് ഒരു ചിത്രം വരച്ചിരുന്നു. മിക്കവാറും ഇന്ന് ആ ചിത്രം അവിടെ ഉണ്ടായിരിക്കില്ല. അപൂർവ ജീവിയായ ഗാഞ്ജസ് ഡോൾഫിനെയാണ് ചിത്രീകരിച്ചത്. വെള്ളത്തിലേക്ക് ഇറങ്ങാൻ തുടങ്ങുന്ന ഡോൾഫിൻ...നഗരങ്ങളിൽ മാത്രമല്ല സ്ട്രീറ്റ് ആർട്ടിന്റെ സാധ്യത നഗരങ്ങളിൽ മാത്രമല്ല. ഗ്രാമങ്ങളിലും അപൂർവം ചില പ്രൊജക്ടുകൾ ചെയ്തിട്ടുണ്ട്. അതിലൊന്നാണ് ഉത്തർപ്രദേശിൽ ബറേലിക്കടുത്ത് ഒരു ഗ്രാമത്തിൽ വരച്ചത്.