അയ്യപ്പനും കോശിയും സിനിമ റിലീസായപ്പോഴാണ് അട്ടപ്പാടിയുടെ പ്രകൃതി ഭംഗി മലയാളികൾ തിരിച്ചറിഞ്ഞത്. തെളിഞ്ഞ നീലാകാശവും നിശബ്ദതാഴ്‌വരയും പ്രേക്ഷകർ അദ്ഭുതത്തോടെ കണ്ടിരുന്നു. ഈ സിനിമയിൽ നഞ്ചിയമ്മ പാടിയ ഒരേയൊരു പാട്ടിലൂടെ ഗോത്രവാസികളുടെ സാംസ്കാരിക പൈതൃകം മലയാളികളുടെ മനസ്സിൽ കുടിയേറി. സഞ്ചാരികളുടെ ലിസ്റ്റിൽ ഇപ്പോൾ ട്രെൻഡിങ് ഡെസ്റ്റിനേഷനാണു സൈലന്റ് വാലി ഉൾപ്പെടുന്ന അട്ടപ്പാടി.
പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് പട്ടണത്തിലെ നെല്ലിപ്പുഴ പാലത്തിനടുത്തു നിന്നാണ് അട്ടപ്പാടിയിലേക്കു വഴി തിരിയുന്നത്. ‘മാർഗഴിയിൽ മല്ലിക പൂത്താൽ മണ്ണാർക്കാട് പൂരം’ എന്ന പാട്ടിലൂടെ പ്രശസ്തമാണ് ഉദയർകുന്ന് ഭഗവതിയുടെ തട്ടകമായ മണ്ണാർക്കാട്. മണ്ണാർക്കാടു നിന്ന് നെല്ലിപ്പുഴയുടെ ഓരം ചേർന്നു തെങ്കര താണ്ടിയാൽ ആനമൂളി എന്ന സ്ഥലത്ത് എത്താം. അട്ടപ്പാടിയിലേക്കു പ്രവേശിക്കുന്ന ചെക്പോസ്റ്റ് ആനമൂളിയിലാണ്. ചെക് പോസ്റ്റ് താണ്ടിയുള്ള യാത്ര ഹെയർപിൻ വളവുകളിലൂടെയാണ്. വളഞ്ഞുപുളഞ്ഞ റോഡിന്റെയരികിൽ നിന്നു കാടിന്റെ ഭാഗിയാസ്വദിക്കാൻ പത്താംവളവിൽ വ്യൂ പോയിന്റുണ്ട്.
വരക്കല്ല് എന്നറിയപ്പെടുന്ന പടുകൂറ്റൻ പാറയുടെ അടിവാരത്തൂകൂടി കടന്നു പോകുന്ന ചുരം റോഡ് എത്തിച്ചേരുന്നതു മുക്കാലിയിലാണ്. മുക്കാലിയിലെ ഫോറസ്റ്റ് േസ്റ്റഷനു സമീപത്തു നിന്നാണ് സൈലന്റ് വാലി വനമേഖലയിലേക്ക് ജീപ്പ് സഫാരി ആരംഭിക്കുന്നത്. വനംവകുപ്പിന്റെ വാഹനങ്ങൾക്കും അംഗീകൃത ജീപ്പുകൾക്കും മാത്രമാണ് കാടിനുള്ളിൽ പ്രവേശനം.
സിംഹവാലൻകുരങ്ങാണ് സൈലന്റ് വാലിയടുടെ ഐക്കൺ. നിശബ്ദ താഴ്‌വരയിൽ വിവിധയിനം പക്ഷികളുണ്ട്. പൂമ്പാറ്റകളാണ് മറ്റൊരു കാഴ്ച. പടർന്നു പന്തലിച്ച വലിയ വനവൃക്ഷങ്ങളുടെ ചുവട്ടിലൂടെയുള്ള കാനനയാത്ര രസകരമായ അനുഭവമാണ്.
പ്രഭാതത്തിൽ മഞ്ഞു വിട്ടു മാറുന്നതിനു മുൻപ് മുക്കാലിയിൽ എത്തി. ഞങ്ങൾ, തൃശൂരിൽ നിന്നുള്ള മുപ്പതു വനിതാ സംരംഭകരാണ് യാത്രാസംഘം. ഫോറസ്റ്റ് ഓഫിസിനു സമീപത്ത് ട്രക്കിങ്ങിനുള്ള ജീപ്പും മിനി ബസും തയാർ. എട്ടു മണിക്ക് കാട്ടു പാതയിലൂടെ യാത്ര ആരംഭിച്ചു.
അട്ടപ്പാടിയും മല്ലീശ്വരനും
സഫാരി വാഹനം വനപാതയിലേക്ക് ഇരമ്പിക്കയറി. മരങ്ങളുടെ നിഴലിൽ, ഇരുട്ടു പടർന്ന കാട്ടിൽ പക്ഷികളുടെ ശബ്ദം കേട്ടു. നിശബ്ദതാഴ്‌വരയിൽ നൂറ്റിയെഴുപത് ഇനം പക്ഷികളുണ്ട്. കേരളത്തിലെ ഒരേയൊരു മഴക്കാടാണ് സൈലന്റ് വാലി. ഭവാനിപ്പുഴയും കുന്തിപ്പുഴയും ഒഴുകുന്ന സൈലന്റ് വാലി ദേശീയോദ്യാനമാണ്. മഹാഭാരതത്തിലെ കുന്തീദേവിയുടെ പേരിൽ അറിയപ്പെടുന്ന സൈരന്ദ്രി എന്ന സ്ഥലത്ത് കാടിന്റെ ഭംഗിയാസ്വദിക്കാൻ വ്യൂ പോയിന്റ് നിർമിച്ചിട്ടുണ്ട്.
പതിറ്റാണ്ടുകളുടെ വെയിലും മഴയും ഏറ്റുവാങ്ങി പടർന്നു പന്തലിച്ച വലിയ മരങ്ങളാണ് സൈലന്റ് വാലിയിലുള്ളത്. നൂറ്റാണ്ടിലേറെ പഴക്കമുള്ള കാട്ടുപ്ലാവ് സൈലന്റ് വാലിയിലെ കൗതുകക്കാഴ്ചയാണ്. മഞ്ഞു പെയ്യുമ്പോൾ നിലം പറ്റിച്ചേർന്നു വളരുന്ന ചെടികളിൽ നിറയുന്ന പൂമ്പാറ്റയാണ് മറ്റൊരു വഴിയോരക്കാഴ്ച. സീസൺ മാറുന്നതിനനുസരിച്ച് പൂമ്പാറ്റകളുടെ ഇനം മാറും.
സിംഹവാലൻ കുരങ്ങാണ് സൈലന്റ് വാലിയിലെ താരം. നരച്ചതാടിയും കറുത്ത രോമവുമുള്ള കുരങ്ങന്മാർക്ക് സിംഹത്തിന്റേതു പോലെ ഗാംഭീര്യമുള്ള വാലാണ്. മരത്തിന്റെ ഉയർന്ന ചില്ലകളിൽ നിന്ന് അവ ചാടുന്നതും കരണം മറിയുന്നതും കൗതുകക്കാഴ്ച തന്നെ.
പ്ലാൻ്റേഷൻ ഏരിയയും, സംരക്ഷിതമേഖലയായ ബഫർസോണും, അടിക്കാടുകൾ നിറഞ്ഞ കോർ ഏരിയയും കടന്നാണ് യാത്ര. കിലോമീറ്ററുകൾ യാത്ര ചെയ്ത് ഉൾവനത്തിലേക്ക് നീങ്ങി. ജീപ്പ് ഡ്രൈവറും, ഗൈഡുമെല്ലാം സൈലൻറ് വാലിയുടെ ഓരോ ചെറുചലനങ്ങളും കൃത്യമായി അറിയുന്നവർ. ഓരോ കാഴ്ചയും അവർ മനോഹരമായി വിവരിച്ചു.
എൺപത്തൊൻപതു ചതുരശ്ര കിലോമീറ്ററാണ് സൈലന്റ് വാലി ഉൾപ്പെടുന്ന വനമേഖല. മഴക്കാടും മലനിരയും ചതുപ്പും ഉൾപ്പെടുന്ന നിശബ്ദ താഴ്‌വരയ്ക്ക് പതിനായിരം വർഷം പഴക്കമുണ്ടെന്നാണ് ഗവേഷകരുടെ നിഗമനം. അതേസമയം മഹാഭാരതത്തിലെ കുന്തീദേവിയുടെയും മക്കളുടെയും വനവാസമാണ് ഈ കാടിന്റെ ഐതിഹ്യം. കുന്തിയും മക്കളും വിശ്രമിച്ച താഴ്‌വരയിൽ ഒഴുകുന്ന പുഴയാണത്രേ കുന്തിപ്പുഴ. പാണ്ഡവർ ഭക്ഷണം കഴിഞ്ഞ് പാത്രം മറന്നു വച്ചെന്നും ആ സ്ഥലമാണ് പാത്രക്കടവെന്നും നാട്ടുപുരാണം. പാത്രക്കടവിലാണ് പണ്ടൊരു വൈദ്യുത പദ്ധതി നടപ്പാക്കാൻ നീക്കമുണ്ടായത്. സൈലന്റ് വാലിയെ ഇല്ലാതാക്കുമെന്നു ചൂണ്ടിക്കാട്ടിയുള്ള പ്രതിഷേധത്തെ തുടർന്ന് ആ പദ്ധതി ഉപേക്ഷിക്കപ്പെട്ടു.
സൈരന്ദ്രിയിലേക്കുള്ള യാത്രയിൽ പൊന്തൻതോട് എത്തിയപ്പോൾ ഒരു കെട്ടിടം കണ്ടു. സൈലന്റ് വാലി സന്ദർശകർക്ക് രാപാർക്കാൻ വനംവകുപ്പ് നിർമി്ച ക്യാംപ് ഷെഡാണിത്. ഇരുപതു പേർക്ക് താമസിക്കാം. സന്ദർശകർ നേരത്തേ ബുക്ക് ചെയ്യണം.
ഞങ്ങൾ കയറിയ വാഹനം പൊന്തൻതോടിലെ ക്യാംപ് ഷെഡ് കടന്ന് ഒരു കിലോമീറ്റർ താണ്ടി. അവിടെയൊരു ‘ഊര്’ കണ്ടു. ഗോത്രവാസികളുടെ സെറ്റിൽമെന്റാണ് അത് – കരുവാര ഊര്. ഇവിടെ അൻപതിലേറെ കുടുംബങ്ങൾ താമസിക്കുന്നു. സന്ദർശകർക്ക് അവിടേക്കു പ്രവേശനമില്ല.
മൂന്നു ഗോത്രങ്ങളാണ് അട്ടപ്പാടിയിലുള്ളത് – ഇരുളർ, മുഡുകർ, കുറുമ്പർ. ഗോത്രങ്ങളുടെ പാരമ്പര്യത്തിന് ആയിരം വർഷം പഴക്കമെന്നു കരുതപ്പെടുന്നു. ഗോത്രവാസികളുടെ ദൈവം മല്ലീശ്വരനാണ്. ഭവാനിപ്പുഴയുടെ സമീപത്ത്, ചെമ്മണ്ണൂരിൽ മല്ലീശ്വരന്റെ ക്ഷേത്രമുണ്ട്. ‘മല്ലീശ്വരൻമുടി’ എന്നറിയപ്പെടുന്ന മലയുടെ അടിവാരത്താണ് മല്ലീശ്വര ക്ഷേത്രം. ശിവരാത്രി ഉത്സവത്തിന് ഗോത്രവാസികൾ മല്ലീശ്വരനു മുന്നിൽ ഒത്തു ചേരുന്നു.
ഗോത്രവാസികളുടെ വിശ്വാസങ്ങളിൽ മല്ലീശ്വരൻ പരമശിവനാണ്. മല്ലിക പാർവതിയും. മല്ലീശ്വരനെയും മല്ലികയെയും ആരാധിക്കുന്ന ചെമ്മണ്ണൂരിലെ ശിവരാത്രി ഉത്സവം പ്രശസ്തമാണ്.
സ്ത്രൈണം ഈ വനമേഖല
യാത്രയ്ക്കൊടുവിൽ, വ്യൂ പോയിന്റിനു മുന്നിലെത്തി. അതൊരു വാച്ച് ടവറാണ്. സമീപത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കോട്ടേജുണ്ട്്. അതിനരികിലാണ് പാർക്കിങ് ഏരിയ. നാലു നിലകളിൽ വിശ്രമ മുറികളോടു കൂടിയ ഇരുമ്പു നിർമിതിയാണു വാച് ടവർ. അതിനു വാച്ച് ടവറിനു മുകളിൽ നിന്നാൽ വനമേഖല മൊത്തം കാണാം. പടിഞ്ഞാറു ഭാഗത്തു നിലമ്പൂർ വനം. വടക്കുഭാഗത്ത് നിലഗിരി. കിഴക്കും തെക്കും അട്ടപ്പാടിയിലെ മലനിര.
അകലെ കാണുന്നതു സൈരന്ദ്രിയാണ്. കുന്തീദേവിയുടെ പേരിൽ അറിയപ്പെടുന്ന കുന്തിപ്പുഴയുടെ ഉദ്ഭവസ്ഥാനമാണു സൈരന്ദ്രി. കാട്ടു ചോലകളെ അനുസ്യുതം ഒഴുകുന്നു കുന്തിപ്പുഴ. മറ്റു വനമേഖലകളിൽ നിന്നു തികച്ചും വിഭിന്നമായ പ്രകൃതിയുടെ നൈസർഗിക ഭാവവുമാണ് കുന്തിപ്പുഴയുടെ സവിശേഷത.
സദാ സജീവമായ പരിമിതികളില്ലാത്ത പ്രകൃതീ ഭാവമാണ് സൈലന്റ് വാലി. പ്രകൃതിയുടെ സ്ത്രൈണത തെളിഞ്ഞു കാണാം. അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെയും അടയാളങ്ങൾ അവിടെയുണ്ട്. മരങ്ങളും ചെടികളും പുഴയും ജീവജാലങ്ങളും അതിജീവനത്തിന്റെ അടയാളങ്ങളാണ്.
എക്കാലത്തും ഓർമയിൽ നിൽക്കുന്ന കാഴ്ചകളുമായി ഞങ്ങൾ സൈരന്ദ്രിയിൽ നിന്നു മടക്ക യാത്ര ആരംഭിച്ചു. സ്റ്റാർട്ടിങ് പോയിന്റിൽ തിരിച്ചെത്തിയപ്പോഴേക്കും ഉച്ചയായി. ബുക്കിങ് ഓഫിസിനു സമീപത്ത് കുടുംബശ്രീ കന്റീനുണ്ട്. രുചികരമായ വിഭവങ്ങളോടെ വീട്ടമ്മമാർ വിളമ്പിയ ഊണു കഴിച്ചതിനു ശേഷം തൃശൂരിലേക്കു മടങ്ങുമ്പോൾ വനിതാ ദിനം ആനന്ദകരമായതിന്റെ സന്തോഷം എല്ലാവരുടേയും മുഖത്തു പ്രകടമായിരുന്നു.
സൈലന്റ് വാലി സഫാരി ബുക്കിങ്: 918589895652
വനിത കന്റീൻ: : 9072496901