അഡ്രിയാറ്റിക് കടലിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഡാൽമേഷ്യൻ നഗരമാണ് ഡുബ്രോവ്‌നിക്. വാസ്തുവിദ്യകളാൽ സമ്പന്നമായ നിര്‍മിതികൾ, മനോഹരമായ ബീച്ചുകൾ, ദ്വീപുകൾ, ഭക്ഷണ വൈവിധ്യങ്ങൾ തുടങ്ങി സഞ്ചാരികളെ മോഹിപ്പിക്കുന്നതൊക്കെയും ഈ നഗരം കരുതിവച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാകും യൂറോപ്പിൽ പ്രത്യേകിച്ചും മെഡിറ്ററേനിയനിലെ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്നായി ക്രൊയേഷ്യയിലെ ഡുബ്രോവ്‌നിക് നഗരം മാറിയത്. നാൽപത്തിരണ്ടായിരമാണ് ഇവിടുത്തെ ആകെ ജനസംഖ്യ. മധ്യകാല യൂറോപ്പ് വാസ്തു വിദ്യക്ക് പേരുകേട്ട ഡുബ്രോവ്‌നിക്കിലെ പഴയ നഗരം 1979 ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഒക്ടോബർ അവസാനമായിരുന്നു ഡുബ്രോവ്നിക്കിലേക്കുള്ള ഞങ്ങളുടെ യാത്ര.
ഒരു വശത്തു കടും നീലപ്പരവതാനി വിരിച്ച പോലെ അഡ്രിയാറ്റിക് കടൽ. അതിനോരം ചേർന്ന് മലനിരകൾ. അവയ്ക്കിടയില്‍ നിരകളായി അടുക്കി വച്ചിരിക്കുന്ന, ചുവന്ന മേൽക്കൂരയുള്ള ഒരേ മുഖമുള്ള വീടുകൾ... ഡുബ്രോവ്‌നിക് സമ്മാനിച്ച ആദ്യകാഴ്ച.
ആനന്ദിപ്പിക്കും മാന്ത്രികതീരം

എയർപോർട്ടിൽ നിന്ന് യാത്രതുടങ്ങി മുപ്പതു മിനിട്ടിൽ സഞ്ചാരികളുടെ പറുദീസയായ പഴയ നഗരത്തിൽ എത്തി. യുദ്ധത്തിന്റെ ഓർമ്മകൾ ബാക്കിയാക്കിയ വീടുകളും, കെട്ടിടങ്ങളും ഇടയ്ക്കിടെ കാണാം. നഗരത്തോട് അടുക്കുന്തോറും പാതകളുടെ വീതി കുറഞ്ഞു വന്നു. ഇരു വശത്തു കൂടിയും കഷ്ടിച്ച് വാഹനങ്ങൾക്കു പോകുവാനുള്ള സ്ഥലപരിമിതിയേയുള്ളൂ.
റഗുസ എന്നായിരുന്നു ഡുബ്രോവ്‌നിക്കിന്റെ പഴയപേര്. ഏഴാം നൂറ്റാണ്ടിലാണ് ഈ വനഗരം സ്ഥാപിതമായത്. ബാർബേറിയൻമാരിൽ നിന്ന് പലായനം ചെയ്യുന്ന തീരദേശവാസികളുടെ അഭയകേന്ദ്രമായിരുന്നു ഇവിടം. മെഡിറ്ററേനിയൻ സാംസ്കാരത്തിന്റെ ഭാഗമാണെങ്കിലും, ബാൽക്കണുമായും അടുത്ത ബന്ധമുള്ള ജനത.
ഒരു കാലത്തു ഉപ്പും വൈനും എണ്ണയും സുഗന്ധവ്യഞ്ജനങ്ങളും കടന്നുപോയ വഴികൾ. സ്വന്തമായി നിയമങ്ങളും രക്ഷാധികാരിയും പാതിരിയും ഭരണകൂടവും നാണയവും പള്ളികളും നയതന്ത്രജ്ഞരും കലാകാരന്മാരും എഴുത്തുകാരും ഉണ്ടായിരുന്ന പുരാതന നഗരം. 200-ലധികം കപ്പലുകളുള്ള ലോകത്തിലെ ഏറ്റവും ശക്തമായ നാവികസേനയും റഗുസയുടേതായിരുന്നെന്ന് ചരിത്രം പറയുന്നു. ബൈസാന്റിയൻ, വെനേഷ്യൻ, ഹംഗേറിയൻ ഭരണതോടൊപ്പം നെപ്പോളിയന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ച് ഭരണവും ഓസ്ട്രിയൻ ആധിപത്യവും ഈ നഗരം അനുഭവിച്ചറിഞ്ഞിട്ടുണ്ട്.
സ്ട്രാഡൂൺ തെരുവ്, ഇവിടെ ചരിത്രം ഉറങ്ങുന്നു
സ്ട്രാഡൂൺ, നഗരത്തിലെ ഏറ്റവും തിരക്കേറിയ തെരുവ് . ഇവിടം കൂടുതൽ ആസ്വാദ്യകരമാക്കാൻ അതിരാവിലെയോ ഉച്ചകഴിഞ്ഞോ സന്ദർശിക്കുന്നതാണ് നല്ലത്. പ്രാദേശിക ഉൽപന്നങ്ങൾ, അതുല്യമായ സുവനീറുകൾ, ഡിസൈനർ വസ്ത്രങ്ങൾ എന്നിവയ്ക്ക് ഈ തെരുവ് പ്രസിദ്ധമാണ് . 300 മീറ്ററോളം നീളത്തിൽ ചുണ്ണാമ്പുകല്ല് പാകി മനോഹരമാക്കിയിട്ടുണ്ട്.

1667-ലെ വിനാശകരമായ ഭൂകമ്പത്തെ തുടർന്നാണ് ഈ തെരുവിന് ഇപ്പോഴത്തെ രൂപം രൂപപ്പെട്ടത്. ഭൂകമ്പത്തിനുമുൻപ്, തെരുവിലെ വീടുകൾ ഇന്ന് കാണുന്നതുപോലെ സമാന രീതിയിൽ രൂപകൽപ്പന ചെയ്തതായിരുന്നില്ല. നഗരത്തിലെ ചരിത്രപരമായ കെട്ടിടങ്ങളും സ്മാരകങ്ങളും സ്ട്രാഡൂണിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. പുതുവത്സരാഘോഷങ്ങളുടെ പതിവ് വേദിയും കൂടിയാണിവിടം.
ഗോഥിക് ശൈലിയിൽ നിർമിച്ചിരിക്കുന്ന റെക്ടറുടെ കൊട്ടാരമാണ് മറ്റൊരു ആകർഷണം. 14-ാം നൂറ്റാണ്ടിനും 1808-നും ഇടയിൽ റഗുസ റിപ്പബ്ലിക്കിന്റെ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന നഗരത്തിലെ പ്രധാന കൊട്ടാരമാണിത്. സംസ്ഥാന ഭരണകൂടത്തിന്റെ ആസ്ഥാനം കൂടിയായിരുന്നു ഇവിടം. അവിടെ ആയുധപ്പുരയും വാച്ച് ഹൗസും ഒരു ജയിലും ഉണ്ടായിരുന്നു. നവോത്ഥാന വാസ്തുവിദ്യയുടെ മാതൃകയായ ഒനോഫ്രിയോ ഫൗണ്ടന്റെ മുകൾഭാഗത്തു "കുചക്" അല്ലെങ്കിൽ 'ഫൗണ്ടൻ ഡോഗ്' എന്ന് വിളിക്കപ്പെടുന്ന ഒരു നായയുടെ പ്രതിമ കാണാം. പതിനഞ്ചാം നൂറ്റാണ്ടു മുതൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം വരെ ഈ ജലസംഭരണികൾ ഉപയോഗത്തിലുണ്ടായിരുന്നു.
പ്രശസ്തമായ നഗര ഭിത്തികളും ഗെയിം ഓഫ് ത്രോൺസും

കടൽക്കൊള്ളക്കാരിൽ നിന്നും നഗരത്തെ സംരക്ഷിക്കുന്നതിനായി നിർമ്മിച്ചതാണ് കടലിനഭിമുഖമായി കിടക്കുന്ന സവിശേഷമായ ഭിത്തികൾ. പൈൽ ഗേറ്റ്സ്,പ്ലോസെ ഗേറ്റ്,ബുസാ ഗേറ്റ് എന്നിവയാണ് പ്രധാന കവാടങ്ങൾ. നഗര ഭിത്തിയുടെ മുകളിലൂടെയുള്ള യാത്ര സഞ്ചാരികൾ ഒഴിവാക്കാറില്ല. പ്രത്യേകം ടിക്കറ്റ് എടുക്കേണ്ടതുണ്ട്. ഏകദേശം 2 മണിക്കൂറോളമുള്ള ഈ യാത്രയിൽ നഗരവും കടലും ഒരേ ഫ്രെയിമിൽ പകർത്തുവാനുള്ള ലൊക്കേഷനുകൾ നിരവധിയുണ്ട് . നഗര മതിലുകൾ ഇന്നും നല്ലരീതിയിൽ സംരക്ഷിച്ചിട്ടുണ്ട്. 1667-ൽ ഉണ്ടായ ശക്തമായ ഭൂകമ്പം ഭിത്തികളെ സാരമായി ബാധിച്ചിരുന്നില്ല.
ലോകം മുഴുവൻ ആരാധകരുള്ള ഗെയിം ഓഫ് ത്രോൺസ് പരമ്പരയുടെ ചിത്രീകരണത്തിനു ഡുബ്രോവ്നിക് നഗരവും സമീപ പ്രദേശങ്ങളും സാക്ഷ്യം വഹിച്ചിട്ടുണ്ട് . രണ്ടാമത്തെ സീസൺ മുതലാണ് ലൊക്കേഷൻ ക്രൊയേഷ്യയിലേക്ക് എത്തുന്നത്. ഏറ്റവും ജനപ്രിയമായ ഗെയിം ഓഫ് ത്രോൺസ് ലൊക്കേഷനുകളിൽ ഒന്നാണ് ജെസ്യൂട്ട് പടികൾ. സീസൺ അഞ്ചിലെ സെർസി ലാനിസ്റ്റർ, കിംഗ്സ് ലാൻഡിംഗിലൂടെ നഗ്നയായി നടക്കുന്ന പ്രസിദ്ധമായ "വാക്ക് ഓഫ് ഷെയിം" ദൃശ്യം ചിത്രീകരിച്ച സ്ഥലം. ഡുബ്രോവ്നിക്കിലെ ബറോക്ക് വാസ്തുവിദ്യയുടെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നാണ് ജെസ്യൂട്ട് പടികൾ. ഇതു കൂടാതെ ലോക്രം ദ്വീപ്, റക്റ്റർ പാലസ്, സെന്‍റ് ഡൊമിനിക് മോണാസ്‌ട്രി, എന്നിവയുൾപ്പെടെ പതിനഞ്ചോളം നഗരത്തിന്റെ വിവിധ ഇടങ്ങൾ പരമ്പരയുടെ ഭാഗമായി.
ഇംഗ്ലീഷ് കവി ലോർഡ് ബൈറോൺ, ഡുബ്രോവ്നിക്കിന് നൽകിയ വിശേഷണം "അഡ്രിയാറ്റിക്‌സിലെ മുത്ത്" എന്നാണ്. ശൈത്യകാലമാകുമ്പോൾ അധികം സഞ്ചാരികളില്ലാതെ, ഈ നഗരം നിശ്ചലമാകുമത്രേ. പിന്നീട് കാത്തിരിപ്പാണ്, വസന്തകാലം വരെ സഞ്ചാരികൾക്കായുള്ള കാത്തിരിപ്പ്.