Friday 24 December 2021 03:09 PM IST : By ANJALY THOMAS

ഗറിലകളെ കാണാൻ കോംഗോയിലെ ഗോമയിലുള്ള വിരുംഗ നാഷനൽ പാർക്കിലേക്ക് ഒരു യാത്ര!

Backpackers-Diary-December

മനുഷ്യന്റെ പൂർവികരാണല്ലോ വാലില്ലാത്ത ആൾക്കുരങ്ങുകൾ. ഗറില എന്നാണ് നരവംശ ശാസ്ത്രജ്ഞർ ഗറിലയെ വിശേഷിപ്പിക്കുന്നത്. ഭീമാരാകാര രൂപികളായ ആൾക്കുരങ്ങുകൾ രണ്ടു വിധം – Gorilla, Ape. ഗറിലകളുടെ ഉപവിഭാഗമാണത്രെ Ape. രണ്ടിന്റെയും ശരീര ഘടന ഒരുപോലെയാണ്. കൈകാലുകൾ നിലത്തു കുത്തി നടക്കുന്ന ഗറിലകൾക്കു മനുഷ്യരെ പോലെ ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയുമെന്നാണ് ഗവേഷകർ പറയുന്നത്. ഗറിലകളെക്കുറിച്ചുള്ള വിജ്ഞാനത്തിന്റെ ഈ പാഠങ്ങൾ ഗൂഗിളിൽ നിന്നാണ് ഞാൻ മനസ്സിലാക്കിയത്. ഗറിലയെക്കുറിച്ച് അൽപം കൂടി വിവരങ്ങൾ കിട്ടാനായി ഡിയാൻ ഫോസ്സിയുടെ ഓർമക്കുറിപ്പ് വായിച്ചു. പതിനെട്ടു വർഷത്തിലേറെക്കാലം ആഫ്രിക്കയിലെ ഗറിലകളെക്കുറിച്ചു പഠനം നടത്തിയിട്ടുള്ള ഗവേഷകയാണ് ഫോസ്സി. Gorillas in The Mist എന്ന പുസ്തകത്തിൽ ആഫ്രിക്കയിലെ കോംഗോയിൽ വസിക്കുന്ന ഗറിലകളെക്കുറിച്ചുള്ള സകല വിവരങ്ങളുമുണ്ട്. കുറേക്കാലം മുൻപ് ‘കിങ് കോങ്’ എന്ന സിനിമ കണ്ടപ്പോൾ ഗറിലകളെ നേരിട്ടു കാണാൻ തോന്നിയ കൗതുകം വീണ്ടും ചിറകു വിടർത്തി. ആഗ്രഹങ്ങൾ ഏറെക്കാലം മനസ്സിൽ കൊണ്ടു നടക്കുന്ന ശീലം ഇല്ലാത്തതിനാൽ ഞാൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലേക്ക് ടിക്കറ്റെടുത്തു.

റുവാണ്ട, ഉഗാണ്ട എന്നിവിടങ്ങളിലാണ് ഗറിലകൾ പാർക്കുന്ന വനങ്ങൾ.  റുവാണ്ടയിലേക്കും ഉഗാണ്ടയിലേക്കുമുള്ള ട്രിപ്പിന്റെ ചെലവ് എന്നെ പേടിപ്പിച്ചു. ബജറ്റിൽ ഒതുങ്ങില്ല. അതുകൊണ്ട്,  കോംഗോയിലേക്കു പോകാൻ തീരുമാനിച്ചു.  

കോംഗോയുടെ തലസ്ഥാനമായ കിൻഷാസ എന്ന സ്ഥലം ആഫ്രിക്കയുടെ പടിഞ്ഞാറു ഭാഗത്താണ്. ഗറിലകളുടെ നാടായ ഗോമ എന്ന വനപ്രദേശമാകട്ടെ ആഫ്രിക്കയുടെ കിഴക്കു ഭാഗത്ത്. ആഫ്രിക്കയിലെ ചെറിയ നഗരമായ കോംഗോയിൽ എത്തുന്നതിന് കിൻഷാഷയിൽ നിന്നു വിമാനയാത്രാ സൗകര്യമില്ല. റുവാണ്ടയുടെ തലസ്ഥാനമായ കിഗാലിയിൽ വിമാനമിറങ്ങിയ ശേഷം ഗോമയിലേക്ക് ടാക്സി കിട്ടും. അതായിരുന്നു അവിടെ എത്തിപ്പെടാനുള്ള പ്രായോഗിക മാർഗം, അതു തിരഞ്ഞെടുത്തു.

ബാല്യകാലം മുതൽ മനസ്സിൽ കുറിച്ചിട്ട കു റേ ആഗ്രഹങ്ങളുടെ പട്ടികയിൽ ഗറില എന്ന പേരിനു നേരേ ഞാൻ വിജയ ചിഹ്നം വരച്ചു. വിചാരിച്ചതിനെക്കാൾ പണം ചെലവായെങ്കിലും സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്.

Crater of nyiragongo volcano in eruption

അഗ്നി പർവതം പുകഞ്ഞു

കോംഗോയിൽ രണ്ടു പ്രശ്നങ്ങൾ എന്നെ കാത്തിരുന്നു. മേഘാവൃതമായ ആകാശം പെയ്തൊഴിയാനായി തൂങ്ങി നിന്നു, നിരോഗോംഗോ അഗ്നി പർവതം പുകഞ്ഞു തുടങ്ങി – രണ്ടും യാത്രയ്ക്ക് അനുയോജ്യമായ സൂചനകളായിരുന്നില്ല. 2002ൽ ഗോമയിൽ ഒരുപാടു പേരുടെ ജീവനെടുത്ത അഗ്നി പർവതമാണ് നിരോഗോംഗോ.  ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് ആ നാട്ടിലെ ഒരു വിഭാഗം ഇനിയും മുക്തി നേടിയിട്ടില്ല. എന്തു വന്നാലും സഹിച്ചല്ലേ പറ്റൂ എന്നു ചിലർ പറയന്നതു കേട്ടു. അങ്ങനെ എന്തെങ്കിലും സംഭവിക്കുന്നതിനു മുൻപ് മുൻകരുതലെടുക്കണമെന്നു മറ്റു ചിലർ മുന്നറിയിപ്പു നൽകി. അഗ്നി പർവതം പൊട്ടിയാൽ ലാവ ഒഴുകി കിവു തടാകത്തിലെത്തും. കിവുവിന്റെ തീരത്തുള്ള ഹോട്ടലിലാണ് ഞാൻ മുറിയെടുത്തിട്ടുള്ളത്.

ഇതെല്ലാം കേട്ട് ഞാൻ വല്ലാത്തൊരു മാനസികാവസ്ഥയിലായി. ഗോമയിലെ ആദ്യത്തെ ദിനം എന്നെ ചുറ്റി വരിഞ്ഞ പേടിയെ ഞാൻ തണുപ്പിൽ മുക്കിക്കൊല്ലാൻ തീരുമാനിച്ചു. പ്രൈമസാണ് അതിനു സഹായിച്ചത്. ഗോമയിൽ കിട്ടുന്ന നാടൻ ബീയറാണ് പ്രൈമസ്. മ്യൂട്സിഗാണ് മറ്റൊരു ഇനം. സാംബാസ എന്ന മത്സ്യമായിരുന്നു കോംബിനേഷൻ. വിരലിനോളം വലുപ്പമുള്ളതാണു സാംബാസ. കിവു തടാകത്തിൽ വളരുന്ന സ്വാദിഷ്ഠമായ മത്സ്യമാണിത്. തുർക്കിയിൽ പോയ സമയത്ത് കഴിച്ച ഹംഷി എന്ന മീൻ ഓർമയിൽ വന്നു. നമ്മുടെ നാട്ടിലെ കള്ളു ഷാപ്പുകളിൽ കിടുന്ന വറുത്ത മത്തിയും ഹംഷിയും ഒരുപോലെയാണ്. ഈ മൂന്നു മീനുകളിൽ ഏറ്റവും രുചികരം സാംബാസയാണ്.

goma-volcano-trek-april-2010_-11-of-290

ഗോമയിൽ കുറച്ചു ഹോട്ടലുകളേയുള്ളൂ. പുറത്തു ചുറ്റിക്കറങ്ങി കാണാനൊന്നുമില്ല. നേരം ഇരുട്ടിയാ ൽ ആളുകളെല്ലാം ബാറിൽ ഒത്തു കൂടും. ഇരുട്ടുംതോറും ബാറൊരു പൂരപ്പറമ്പായി മാറും. കിവു തടാകവും സൂര്യാസ്തമയവും കാണാൻ പറ്റുംവിധമാണ് ബാർ നിർമിച്ചിട്ടുള്ളത്. ഗോമയിൽ എത്തിപ്പെടാൻ നേരിടേണ്ടി വന്ന കഷ്ടപ്പാടുകളെക്കുറിച്ചാണ് അവിടെ എല്ലാവരും സംസാരിച്ചത്. പരസ്പരം കഷ്ടപ്പാടുകൾ പങ്കുവയ്ക്കലിനിടെ മേശപ്പുറത്ത് പ്രൈമകൾ നിറഞ്ഞൊഴിഞ്ഞു. പുകഞ്ഞു നിന്ന അഗ്നി ഭയം തണുത്തുറഞ്ഞില്ലാതായി.

നേരം വെളുത്തപ്പോഴേക്കും പ്രഭാത ഭക്ഷണം തയാർ. ഗറിലകളെ കാണാനുള്ളവർ 6.30 ന് പുറപ്പെടണം. ആ സമയമായപ്പോഴേക്കും ഞാൻ റെഡിയായി. നാലഞ്ചു പുഴുങ്ങിയ മുട്ടയും പഴവും ബാഗിൽ നിറച്ചു. കാട്ടിൽ കയറിയാൽ ഭക്ഷണമൊന്നും കിട്ടില്ലെന്ന് എനിക്കറിയാം. കാട്ടിലൂടെ കുറേ ദൂരം നടക്കേണ്ടി വരും. പട്ടിണി കിടക്കാൻ എനിക്കു പറ്റില്ല.

ഗോമ നഗരം കടന്ന് ചെറിയൊരു പട്ടണത്തിലേക്കു പ്രവേശിച്ചു. അഗ്നിപർവതത്തിന്റെ അടിവാരത്തുകൂടിയാണ് കടന്നു പോകുന്നത്. അഗ്നിപർവതം ശാന്തമായിരുന്നു. ഏതൊക്കെയോ രാജ്യങ്ങളിൽ നിന്നുള്ള നൂറു കണക്കിനാളുകൾ അവിടെ എത്തിയിരുന്നു. യുഎൻ, യുഎൻഎച്ച്സിആർ, എൻജിഒ എന്നീ രാജ്യാന്തര സഭകളിൽ എ ക്കാലത്തും ചൂടേറിയ വിഷയമാണ് അഗ്നിപർവതത്തിന്റെ നാടായ ഗോമ. ആ പർവതം പൊട്ടി ഒഴുകിയതിനെക്കുറിച്ച് ചിന്തിച്ചപ്പോൾ എനിക്കു തല കറങ്ങുന്നതുപോലെ തോ ന്നി. 2002ലെ സ്ഫോടനമുണ്ടാക്കിയ നാശനഷ്ടങ്ങൾ എത്ര വലുതാണെന്ന് ഊഹിക്കാം.

വിറുംഗ നാഷനൽ പാർക്ക്

ഞങ്ങൾ കയറിയ വാഹനം കുണ്ടും കുഴിയും നിറഞ്ഞ റോഡി ൽക്കൂടി കുലുങ്ങിക്കുലുങ്ങി പ തുക്കെ മുന്നോട്ടു നീങ്ങി. അതുപോലൊരു യാത്ര മുന്നിൽ നിൽക്കേ, വയറു നിറയെ ഭക്ഷണം കഴിച്ചത് അത്ര നല്ല ഐഡിയയാണെന്ന് എനിക്കു തോന്നിയില്ല. നേരം പുലരും മുൻപ് പ്രഭാത ഭക്ഷണം കഴിച്ചതിൽ സങ്കടം തോന്നി. ഗോമയിലെ ഗ്രാമപ്രദേശങ്ങളിലേക്ക് കടന്നതോടെ മനസ്സു തണുത്തു. ആധുനികതയുടെ ശല്യമില്ലാത്ത പുരാതനമായ ഗ്രാമങ്ങളാണ് ഗോമയിലേത്. യഥാർഥ കോംഗോ കൺ മുന്നിൽ തെളിഞ്ഞു. ഫലഭൂയിഷ്ടമായ മണ്ണിനെയും മഴയേയും ആശ്രയിച്ചു ജീവിക്കുന്ന നാട്ടുകാർ. പശുക്കളേയും ആടുകളേയും മേയ്ക്കുന്ന ചെറുപ്പക്കാർ. ഉരുളക്കിഴങ്ങ് വിളയുന്ന പാടങ്ങളിൽ പ ണിയെടുക്കുന്ന സ്ത്രീകൾ. കല്ലും മണ്ണും നിറഞ്ഞ പാതകളിലൂടെ ഇരമ്പിപ്പായുന്ന ടിവിഎസ് ബൈക്കുകൾ...  ജീൻസും ടോപ്പും ധരിച്ചവരായി ആരുമില്ല. എന്റെ കൗതുകം ഇരട്ടിച്ചു.

Depositphotos_135747656_or-copy

കോംഗോയിലെ ഗ്രാമങ്ങളിൽ യാത്രക്കാർ ആശ്രയിക്കുന്ന ‘പബ്ലിക് ട്രാൻസ്പോർട്ടേഷനാണ്’ ടിവിഎസ് ബൈക്ക്. മോട്ടോ എന്നാണ് ആ നാട്ടുകാർ ഈ ചെറു യാത്രാ വാഹനത്തെ വിളിക്കുന്നത്. ഇതേ സാധനത്തിന് ഉഗാണ്ടയിലെ പേര് ബോഡാ ബോഡാ എന്നാണ്. സത്യം പറയട്ടെ, കോംഗോയിലെ പൊട്ടിപ്പൊളിഞ്ഞ റോഡിൽ കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ ഏറ്റവും അനുയോജ്യമായ വാഹനം ടിവിഎസാണ്. ചില ആളുകൾ കോഴിയേയും ആടിനെയും മടിയിലിരുത്തി ടിവിഎസിൽ പോകുന്നതിനു ഞാൻ സാക്ഷ്യം വഹിച്ചു.  കല്ലും മണ്ണും ചെളിയും നിറഞ്ഞ സ്ഥലത്ത് കുഴിയേത് റോഡേതെന്നു തിരിച്ചറിയാത്ത അവസ്ഥയിൽപ്പോലും ആ ഇരു ചക്ര വാഹനം ചീറിപ്പായുന്നതു കണ്ട് ഞാൻ അദ്ഭുതപ്പെട്ടു.

അപരിചിതമായ അനേകം കാഴ്ചകളിലൂടെ രണ്ടു മണിക്കൂർ സഞ്ചരിച്ച് ഞങ്ങളുടെ വണ്ടി വിറുംഗ നാഷനൽ പാർക്കിലെത്തി. കുറച്ചു സന്ദർശകർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരോടൊപ്പമാണ് ഞാൻ ഗറിലകളെ കാണാൻ പോകുന്നത്.

മനുഷ്യന്റെ പൂർവികർ ജീവിക്കുന്ന കാടിന്റെ വിശാലതയിലേക്ക് എന്റെ കണ്ണുകൾ പാഞ്ഞു.

 പ്രവേശന കവാടത്തിനരികെ രണ്ടു മുറികളോടു കൂടിയ ചെറിയൊരു ഓഫിസ്. ഇരു വശങ്ങളിലും ആയുധമേന്തിയ കാവൽക്കാരുണ്ട്. ഗറിലകളുടെ സാന്നിധ്യമുള്ള മേഖലകളിലെല്ലാം സായുധരായ സുരക്ഷാ ഉദ്യോഗസ്ഥരുണ്ട്. വേട്ടക്കാരുടെ ആക്രമണത്തിൽ നിന്നു ഗറിലകളെ സംരക്ഷിക്കലാണ് ചുമതല. വന്യജീവികൾക്ക് ആഫ്രിക്കൻ സർക്കാർ ഏർപ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങൾ ഗറിലയെക്കുറിച്ചുള്ള എന്റെ ചിന്തകൾക്ക് അൽപം കൂടി ഗൗരവം പകർന്നു.

സന്ദർശകരെ ഒരുമിച്ചിരുത്തി വനപാലകർ മാർഗ നിർദേശ ക്ലാസ് നടത്തി. ഗറിലകളെ കാണാൻ പോകുമ്പോൾ പാലിക്കേണ്ട മര്യാദകളെക്കുറിച്ചായിരുന്നു പ്രഭാഷണം. ‘‘ഗറില കുടുംബത്തെ കാണുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... ’’ ഇങ്ങനെയാണ് അയാൾ പറ‍ഞ്ഞു തുടങ്ങിയത്. അ തെ, മനുഷ്യരെപ്പോലെ ഗറിലകളും കുടുംബ സമേതമാണ്  ജീവിക്കുന്നത്. കോംഗോയിൽ എട്ട് ഗോറില്ല കുടുംബങ്ങളുണ്ട്. മുതുകിൽ വെള്ളി നിറമുള്ള ഗറില ഇണയോടും മക്കളോടുമൊപ്പമാണ് നടക്കുക. സന്ദർശകർക്ക് ഇതിലേതെങ്കിലും ഒരു കുടുംബത്തെയോ, ചിലപ്പോൾ ഒന്നിലധികം കുടുംബങ്ങളെയോ കാണാൻ സാധിക്കും.

Depositphotos_110058242_or-copy

മാർഗനിർദേശങ്ങൾ

കാട്ടിലേക്കു കയറാൻ തുടങ്ങുന്നതിനു മുൻപ് പ്രധാനപ്പെട്ട ഒരു കാര്യം പറയാനായി റെയ്ഞ്ചർ എല്ലാവരേയും വിളിച്ചു. ‘‘യാത്രയ്ക്കിടെ നിങ്ങളിൽ ആർക്കെങ്കിലും കക്കൂസിൽ പോകാൻ തോന്നുകയാണെങ്കിൽ റെയ്ഞ്ചറോടു പറയുക. അവർ ഉണ്ടാക്കിത്തരുന്ന കുഴിയിൽ കാര്യം സാധിച്ച ശേഷം മണ്ണിട്ടു മൂടുക. ആകാംഷ കൂടുതലുള്ള വർഗമാണ് ഗറിലകൾ.’’ – അയാൾ പറഞ്ഞു. ഞങ്ങളുടെ സംഘത്തിലെ സ്ത്രീകൾ ആ നിർദേശം മുഖവിലയ്ക്കെടുത്തില്ല. കാരണം, ഞങ്ങൾ ധൈര്യമുള്ളവരാണ്.

കുത്തനെയുള്ള മലഞ്ചെരിവിലൂടെ നടത്തം തുടങ്ങി. എല്ലാവരും മാസ്ക് ധരിച്ചിട്ടുണ്ട്. ചിലരുടെ കയ്യിൽ കുത്തിപ്പിടിക്കാൻ വടിയുമുണ്ടായിരുന്നു. ഓരോ അടി മുന്നോട്ടു വയ്ക്കുമ്പോഴും കാട്ടിലെവിടെയെങ്കിലും ഗറിലയുണ്ടോ എ ന്നറിയാൻ എന്റെ കണ്ണുകൾ പരതി.

കുറേ കുന്നുകൾ താണ്ടി. ഇറക്കങ്ങൾ കടന്നു. നിരപ്പായ പ്രതലങ്ങളും പിന്നിട്ടു. ഏകദേശം ഒന്നര മണിക്കൂർ നടന്ന് കൊടും കാട്ടിലെത്തി. അവിടെ വഴിയിലൊരിടത്ത് ഗറിലയുടെ കാഷ്ഠം കണ്ടു. ചൂടാറിയിട്ടില്ലാത്ത കാഷ്ഠം .–കണ്ടപ്പോൾ ഞങ്ങളുടെ വഴികാട്ടി ജാഗരൂഗനായി. പൂർവിക വംശത്തിൽ പിറന്നവർ അടുത്തെവിടെയോ ഉണ്ട് – അയാൾ പിറുപിറുത്തു.

Depositphotos_110069240_original

ഗോറില്ലാ കുടുംബം

എനിക്ക് ഗറിലയെ കാണാൻ ധൃതിയായി. എന്താണ് ഇത്രമാത്രം ആകാംക്ഷയെന്ന് സ്വയം തിരിച്ചറിയാൻ കഴിഞ്ഞില്ല.ആമാശയത്തിൽ നിന്നു വിശപ്പിന്റെ വിളി കേട്ടു തുടങ്ങിയിരുന്നു; അതു തന്നെ കാര്യം. കാടിനുള്ളിൽ ഭക്ഷണം കഴിക്കരുതെന്ന് കർശന നിർദേശമുണ്ട്. ഒരു കവിൾ വെള്ളം കുടിച്ച് ആശ്വാസം കണ്ടെത്തുകയല്ലാതെ മറ്റു വഴിയില്ലായിരുന്നു.

പൊടുന്നനെ ഞങ്ങളുടെ റെയ്ഞ്ചർ ചുണ്ടിൽ വിരലുകൾ ചേർത്തു വച്ച് നിശ്ശബ്ദരാകാൻ ആംഗ്യം കാണിച്ചു. ‘‘ശബ്ദമുണ്ടാക്കരുത്. നമ്മൾ അടുത്തെത്തിയിരിക്കുന്നു. മാസ്ക് ധരിക്കുക.’’ റെയ്ഞ്ചറുടെ വാക്കുകളെ പിന്തുടർന്ന് ഞങ്ങളെല്ലാം പതുങ്ങിപ്പതുങ്ങി നടന്നു. കുറ്റിച്ചെടിയുടെ മറവിലെത്തിയപ്പോൾ ഏകദേശം അമ്പതു മീറ്റർ അകലെയായി കറുത്ത രൂപം കണ്ടു. മുതുകിൽ വെള്ളി നിറമുള്ള, കരിമഷിയുടെ കറുപ്പു നിറമുള്ള വലിയൊരു ആൾക്കുരങ്ങ്... ആദിമകാല മനുഷ്യരൂപം – ഗറില. ചുറ്റുപാടുകളൊന്നും നോക്കാതെ തലയാട്ടി ഇരിക്കുകയാണു കക്ഷി. ആ കൗതുകം കണ്ടു നിൽക്കെ ക്യാമറ കയ്യിലെടുക്കാൻ പോലും മറന്നു. ഗറിലയുടെ കറുപ്പഴകിൽ ഞാൻ ശരിക്കും മയങ്ങിപ്പോയി. അതിനെ  തലോടാനും കെട്ടിപ്പിടിക്കാനും തോന്നി. പക്ഷേ, അതൊന്നും നടപ്പുള്ള കാര്യമല്ല. കണ്ണും മൂക്കും മുഖവും മൂടിയ മാസ്ക് ധരിച്ചുകൊണ്ട് സെൽഫിയെടുത്തിട്ട് എന്തു കാര്യം?  എനിക്കു ദേഷ്യം വന്നു. ഒന്നോർത്തു നോക്കൂ, അത്ര ദൂരം ചെന്നിട്ട്, അതുപോലൊരു കൗതുകം മുന്നിൽ വന്ന സമയത്ത് സെൽഫി  എടുക്കാൻ പറ്റാത്ത അവസ്ഥ! എന്റെ കൂടെയുണ്ടായിരുന്ന എല്ലാവരും നിരാശയോടെ പരസ്പരം നോക്കി. ഞാൻ പതുക്കെ മാസ്ക് പൊക്കി മുഖം കാണിച്ച് രണ്ടു മൂന്നു സെൽഫിയെടുത്തു. കൂടെയുള്ളവർ അത് അനുകരിച്ചു. അതിന്റെ പേരിൽ എന്നെ കുറ്റം പറയരുത്!

മുതുകത്തു വെള്ളി നിറമുള്ള ഗറില എഴുന്നേറ്റു നിന്നു. വലതു കൈ ഉയർത്തി ഒന്നു രണ്ടു തവണ നെഞ്ചത്ത് ഇടിച്ചു. പിന്നെ ആടിക്കുഴഞ്ഞ പോലെ അങ്ങോട്ടുമി‌ങ്ങോട്ടും നടന്നു. അതിനു ശേ ഷം, മുളങ്കമ്പുകൾ വളച്ചൊടിച്ച് അതിന്റെ കൂമ്പെടുത്ത് മക്കൾക്കു കൊടുത്തു. മക്കളെ പോറ്റുന്ന ആദിമ മനുഷ്യന്റെ രീതികൾ ഇതാ കൺമുന്നിൽ. ക്യാമറ ചെരിച്ചും പൊക്കിപ്പിടിച്ചും ആ ദൃശ്യം പകർത്താൻ ഞങ്ങളെല്ലാവരും ശ്രമിച്ചു. പക്ഷേ, കുറ്റിക്കാടിന്റെ മറവിലേക്ക് ചാ‍ഞ്ഞും ചെരിഞ്ഞും ഞങ്ങൾക്കു പിടിതരാതെ അവ ഒളിച്ചു കളിച്ചു.

ആ സുന്ദര മുഹൂർത്തത്തിൽ ഗറിലയുടെ എത്ര ഫോട്ടോ കിട്ടി, ഏതു തരത്തിലുള്ള വിഡിയോ പകർത്തി എന്നതൊന്നും വിഷയമല്ല. കാടിന്റെ തനിമയിൽ അവയെ സുഖകരമായി കാണാൻ കഴിയുക, മുഖത്തോടു മുഖം നോക്കാൻ അവസരം ലഭിക്കുക, അവയുടെ ഗന്ധം ആസ്വദിക്കുക... അതൊക്കെയാണു കാര്യം.

ശ്വാസം അടക്കിപ്പിടിച്ച് ഗറില കുടുംബത്തെ ഞങ്ങളെല്ലാവരും കണ്ടാസ്വദിച്ചു. ഈ സമയത്ത് ആ കുടുംബത്തിലെ കുട്ടി ഗറില ഞങ്ങൾ നിൽക്കുന്ന വഴിയിലേക്ക് ഇറങ്ങി വന്നു. ഞങ്ങൾ ആവേശ ഭരിതരായി ‘‘ഹോയ്....’’ എന്നു കൂവി വിളിച്ചു. അടുത്ത നിമിഷം കുറ്റിക്കാടിനുള്ളിൽ നിന്ന് അതിന്റെ അമ്മ ചാടിയിറങ്ങി. കുഞ്ഞിനെ തൂക്കിയെടുത്ത് വന്ന വഴിയേ മടങ്ങി. കണ്ണടച്ചു തുറക്കും മുൻപേ, ഞൊടിയിടയ്ക്കുള്ളിൽ ഇതെല്ലാം സംഭവിച്ചു.

View-of-Lake-Kivu-frommy-hotel-balcony

എല്ലാവരും സുരക്ഷിത സ്ഥാനം പാലിക്കാൻ ഞങ്ങളുടെ റെയ്ഞ്ചർ മുന്നറിയിപ്പു നൽകി. ഗറിലയിൽ നിന്ന് ഏഴു മീറ്റർ അകലം പാലിക്കണമെന്നാണു നിർദേശം. പ‌ക്ഷേ, അമ്മയേയും കുഞ്ഞിനെയും കണ്ടതോടെ അതൊക്കെ മറന്ന് ഞങ്ങൾ ആ കുടുംബത്തിന്റെ സമീപത്ത് എത്തിയിരുന്നു. തടിച്ചു കൊഴുത്ത് ദൃഢഗാത്രയാണ് ഗറിലയമ്മ. നടപ്പിലും ഓട്ടത്തിലുമൊക്കെ നല്ല വേഗത. ഏതു സാഹചര്യത്തെയും നേരിടാനുള്ള കരുത്ത് അതിന്റെ മുഖത്തു തെളി‍ഞ്ഞു കണ്ടു.

ആപത്തു വരുമെന്നു തോന്നിയ നിമിഷത്തി ൽ കുഞ്ഞിനെ തൂക്കിയെടുത്തു നടന്നു പോയ ഗറിലയമ്മ എന്റെ മനസ്സിനെ ‘സെന്റിമെന്റലാക്കി’.  ദൂരെയൊരു മരത്തിന്റെ ചുവട്ടിലിരുന്ന് അച്ഛൻ ഗറില ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരിക്കാം. പക്ഷേ, തന്റെ കുഞ്ഞ് ഒരു നിമിഷം കുതറി മാറിയപ്പോൾ നൊമ്പരപ്പെട്ട ആ അമ്മ മനസ്സ്... എന്റെ കൺമുന്നിൽ നിന്ന് അതിപ്പോഴും മാഞ്ഞിട്ടില്ല. നഗരത്തിലായാലും കാട്ടിലാണെങ്കിലും, മനുഷ്യനാണെങ്കിലും മൃഗമാണെങ്കിലും അമ്മ എന്നും അമ്മ തന്നെ..

GETTING THERE

ജോസഫ് മൊബൂട്ടുവിന്റെ സ്വേച്ഛാധിപത്യവും ആഭ്യന്തര യുദ്ധവും തകർത്ത രാജ്യമാണ് കോംഗോ. അയൽ രാജ്യമായ റുവാണ്ടയിലെ കിഗാലിയിലിറങ്ങി റോഡ് മാർഗം ഗോമയിലേക്ക് പോകാം. റുവാണ്ടയുടെ അതിർത്തി രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെ തുറന്നിരിക്കും. കിഗാലിയിൽ നിന്ന് ടാക്സിയും ബസും ലഭ്യമാണ്, രണ്ടു രാജ്യങ്ങളുടെയും വീസ എടുക്കണമെന്നു മാത്രം.

ലക്ഷ്വറി, മിഡ് റേഞ്ച്, ടെന്റിങ് തുടങ്ങി എല്ലാത്തരം താമസ സൗകര്യങ്ങളും ഗോമയിലുണ്ട്.  ക്രൈം റേറ്റ് വളരെ കൂടുതലുള്ള നഗരമാണ് ഗോമ. സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണം. രാത്രിയിൽ നഗരസവാരി ഒഴിവാക്കണം. വിരുംഗ പാർക്കിലെ അനധികൃത വേട്ടക്കാരുടെ തോക്കുകൾ സഞ്ചാരികൾക്കു നേരെയും വരാം. അതുകൊണ്ട് അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

മുഴുനീളൻ പാന്റ്സും കൈപ്പത്തി മൂടുന്ന മേൽവസ്ത്രവും ധരിക്കുക. ഗറിലകളെ കാണുമ്പോൾ നിശ്ശബ്ദത പാലിക്കുക. വലിയ ശബ്ദം അവയെ സംബന്ധിച്ചിടത്തോളം അപകട സൂചനയാണ്. നിരംഗോംഗോ ട്രെക്കിങ്, വിരുംഗ പാർക്ക്, കിവു തടാകം, ഗ്രീൻ ലേക്ക്, റൗണ്ട് പോയിന്റ് ചുടുകു, ഗോമയുടെ നിരത്തുകളിലുള്ള ലാവാ അവശിഷ്ട ശില്പങ്ങൾ ഇവ പ്രധാന കാഴ്ചകൾ.

കോംഗോളീസ് ബീയർ, മെഡിറ്ററേനിയൻ– ഫ്രഞ്ച് ഭക്ഷ്യവിഭവങ്ങൾ ഗോമയില്‍ ലഭ്യമാണ്. ഗ്രിൽഡ് ചിക്കൻ, മീൻ, കബാബ്, ഫാറ്റുഷ്, ഫലാഫൽ തുടങ്ങിയ വിഭവങ്ങള്‍ റസ്റ്ററന്റുകളിൽ കിട്ടും.

Tags:
  • Manorama Traveller