Friday 04 February 2022 04:39 PM IST : By Ammu Andrews

ഇതാണ് ഒറിജിനൽ ഗോഡ്ഫാദർ: അധോലോകത്തിന്റെ ഒറിജിനൽ രാജാവായിരുന്നു അയാൾ

1 - godfather

സ്വപ്നം കാണാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങളുണ്ടെന്നു പലരും പറയുന്നതു കേട്ടിട്ടുണ്ട്. അതെന്തായാലും എന്റെ സ്വപ്നം സിസിലിയാണ്. വിശ്വവിഖ്യാതമായ ഒരു സിനിമയിൽ നിന്നാണു തുടക്കം. ഗോഡ് ഫാദർ എന്നാണു സിനിമയുടെ പേര്. കഥയ്ക്കു പശ്ചാത്തലം ഇറ്റലിയിലെ സിസിലി നഗരത്തിനു സമീപം കൊർലിയോണെ എന്ന പട്ടണമാണ്. ഒരു പട്ടണത്തിന്റെ പേര് നായകന്റെ ‘സര്‍ നെയിം’ ആയി മാറുന്നത് ആ സിനിമയുടെ ടേണിങ് പോയിന്റാണ്.

റോമാ സാമ്രാജ്യത്തിന്റെ തറവാട്, ക്രൈസ്തവ സഭയുടെ പരമോന്നതപീഠം സ്ഥിതി ചെയ്യുന്ന വത്തിക്കാൻ, ലോകാദ്ഭുതം പീസ ഗോപുരം – സഞ്ചാരികളുടെ പട്ടികയിൽ ഇറ്റലിയുടെ ആകർഷണം ഇതൊക്കെയാണ്. പക്ഷേ, ഫ്രാന്‍സിസ് ഫോഡ് കപോല എന്ന സംവിധായകൻ അഭ്രപാളിയിൽ സൃഷ്ടിച്ച ‘ഗോഡ്ഫാദറി’ന്റെ കഥാപശ്ചാത്തലമാണ് എനിക്കു പ്രിയപ്പെട്ട ഡെസ്റ്റിനേഷൻ. കൊര്‍ലിയോണെ എന്നാണു മലയോര ഗ്രാമത്തിനു പേര്. ഇറ്റാലിയൻ ഭാഷയിൽ ‘സിംഹത്തിന്റെ ഹൃദയം'.

ഇല്‍ പദ്രീനോ

സിസിലിയുടെ തലസ്ഥാനമാണു ‘പലെര്‍മോ’ തുറമുഖം. അറുപതു കിലോമീറ്റര്‍ അകലെയാണു കോര്‍ലിയോണെ ഗ്രാമം. തുറമുഖത്തു നിന്നുള്ള യാത്ര കണ്ണിനു കുളിരു പകർന്നു. സ്വര്‍ണത്തിളക്കത്തില്‍ പരന്നു കിടക്കുന്നു ഗോതമ്പ് തോട്ടങ്ങളും മുന്തിരിപ്പാടങ്ങളും. വളഞ്ഞു പുളഞ്ഞ പാത. വഴി വിജനം. എന്നിട്ടും കൊര്‍ലിയോണെയിൽ എത്താൻ ഒരു മണിക്കൂർ വേണ്ടിവന്നു.

ഡോണ്‍ വീത്തോ കോര്‍ലിയോണെ എന്നു പേരുള്ള അധോലോക നായകൻ നടന്ന വഴികളാണ്. അയാളുടെ മാനറിസം മനസ്സില്‍ തെളിഞ്ഞു. മാഫിയകൾ ഇപ്പോഴും ഉണ്ടോ? കടന്നു പോകുന്ന വഴി സുരക്ഷിതമാണോ? ആശങ്കയ്ക്കു കാരണം ആ സിനിമയാണ്. പക്ഷേ, രണ്ടു മൂന്നു തെരുവുകളിലൂടെ വാഹനം കടന്നു പോയപ്പോൾ ചിത്രം വ്യക്തമായി. മാഫിയയും നായകനും കഥയാണ്. കോര്‍ലിയോണെ ശാന്തം, മനോഹരം. ബെന്‍വെനൂത്തി – ഇറ്റാലിയൻ ഭാഷയിൽ അവിടത്തുകാർ ഞങ്ങളെ സ്വാഗതം ചെയ്തു.

ഗോഡ് ഫാദർ എന്ന സിനിമയാണ് കൊർലിയോണെ ഗ്രാമത്തിന്റെ തലവര മാറ്റിയത്. ഇല്‍ പദ്രീനോ എന്നാണ് ഇറ്റാലിയൻ ഭാഷയിൽ ആ സിനിമയുടെ പേര്. ഇല്‍ പദ്രീനോ ഇറങ്ങിയില്ലെങ്കിൽ കൊർലിയോണെ ഗ്രാമം സിസിലിയിലെ ഒട്ടേറെ ഗ്രാമങ്ങളിലൊന്നായി അറിയപ്പെടാതെ കിടക്കുമായിരുന്നു. ഒട്ടുമിക്ക കടകളുടെയും ചുമരിൽ ഡോണ്‍ കൊര്‍ലിയോണെയുടെ ചിത്രങ്ങള്‍ പതിച്ചിട്ടുണ്ട്. മദ്യ കമ്പനികൾ അവരുടെ ഉൽപന്നത്തിനു ചെലവു കൂട്ടാനായി സിനിമയുടെ പേരിട്ടിരിക്കുന്നു. എന്തിനേറെ, റസ്റ്ററന്റിൽ ചില വിഭവങ്ങളുടെ പേരു പോലും ഇല്‍ പദ്രീനോ !

ഞങ്ങൾ സെൻട്രൽ ബാർ ബേക്കറിയിൽ കയറി. മൈക്കിള്‍ കൊര്‍ലിയോണെയുടെയും സുഹൃത്തുക്കളുടെയും ചിത്രം ഭിത്തിയിൽ പതിച്ചിരിക്കുന്നു. ഗോഡ് ഫാദറുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍, പത്ര വാര്‍ത്തകള്‍, നടീനടന്മാരുടെ ഓട്ടോഗ്രാഫുകള്‍ എന്നിവ അലങ്കാരച്ചാർത്തുകളായി നിരത്തിയിട്ടുണ്ട്. അവിടെ വിൽപനയ്ക്കു വച്ചിട്ടുള്ള മദ്യക്കുപ്പികളിൽ പകുതിയും ഗോഡ് ഫാദറിന്റെ പേരിലാണ് അറിയപ്പെടുന്നത്. അധോലോക നായകന്റെ കഥ സിനിമയിൽ കയ്പേറിയ അനുഭവമാണെങ്കിലും ബേക്കറിയിലെ പലഹാരങ്ങളിലൂടെ അതു മധുരിക്കുന്നു.

2 - godfather

കൊര്‍ലിയോണെ

സിനിമാ കഥയുടെ യാഥാർഥ്യം അറിയണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അവിടെ കണ്ടുമുട്ടിയ പലരോടും ചോദിച്ചു. ഞങ്ങൾ ഉച്ചഭക്ഷണം കഴിക്കാൻ കയറിയ കടയുടെ ഉടമ ജീവിതാനുഭവങ്ങളിലൂടെ പഴയ ദിനങ്ങൾ ഓർത്തെടുത്തു. മാരിയോ പുസോയുടെ നോവലാണ് ഗോഡ്ഫാദര്‍. അതിലെ കേന്ദ്രകഥാപാത്രമാണു കോര്‍ലിയോണെ. അധോലോക നായകൻ – ഡോൺ – ആണു കൊർലിയോണെ. സ്വന്തം ഗ്രാമത്തിന്റെ പേരാണ് അയാളുടെ ‘വട്ടപ്പേര്’. ഇറ്റാലിയന്‍ മലയോര ഗ്രാമമായ കൊർലിയോണെയിൽ നിന്ന് അധോലോക നായകൻ അമേരിക്കയിൽ എത്തി.

കടയുടമ പറഞ്ഞ ബാക്കി കഥ സിനിമയിൽ കണ്ടതാണ്. കഥാനായകൻ അമേരിക്കയില്‍ എത്തിപ്പെട്ടത് യാദൃച്ഛികമല്ല. എട്ടാം വയസ്സിൽ അമേരിക്കയിലേക്ക് കുടിയേറി. 'വിത്തോ അന്തോളിനി' എന്ന പേരു മാറ്റി. വിത്തോ കൊര്‍ലിയോണെ എന്ന പേരു സ്വീകരിച്ചു. മാഫിയകളുടെ തലവനായി മാറിയതോടെ വിത്തോ ഇല്ലാതായി. കൊർലിയോണെ എന്ന പേരിൽ അയാൾ കിരീടമില്ലാത്ത രാജാവായി.

അറുപതുകളുടെ അവസാനം മാഫിയ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിമിത്തം അപകടകരമായ പട്ടണമെന്നു കുപ്രസിദ്ധമായിരുന്നു ഇറ്റലി. കൊർലിയോണെ ആയിരുന്നു മാഫിയ സംഘങ്ങളുടെ ആസ്ഥാനം. അവിടം കേന്ദ്രമാക്കി, പഴയ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരു ത്രില്ലർ നോവൽ പിറന്നു – ഗോഡ് ഫാദർ.

ഗോഡ്ഫാദറിലെ നായകൻ മൈക്കിള്‍ കൊര്‍ലിയോണെ (മൈക്ക്) എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അല്‍പ്പച്ചിനോയാണ്. അദ്ദേഹത്തിന് കൊർലിയോണെ ഗ്രാമവുമായി അടുപ്പമുണ്ടെന്ന് കടയുടമ ഞങ്ങളോടു പറഞ്ഞു. അല്‍പ്പാച്ചിനോയുടെ അമ്മ കൊര്‍ലിയോണെ ഗ്രാമത്തിലാണു ജനിച്ചത്. ചുരുക്കത്തിൽ ഗോഡ്ഫാദറിന്റെ മാതൃദേശം ഇതാണ് – അയാൾ സന്തോഷത്തോടെയാണ് ഇക്കാര്യം പറഞ്ഞത്.  

മാഫിയകളുടെ പിടിയിൽ നിന്നു മുക്തമായപ്പോൾ മഴ പെയ്തൊഴിഞ്ഞ പോലെ കൊർലിയോണെ നഗരം തെളിഞ്ഞു. ഇനിയൊരിക്കലും ഇരുണ്ട ദിനങ്ങളിലേക്കു തിരിച്ചു പോകാൻ അവിടെയുള്ളവർ ആഗ്രഹിക്കുന്നില്ല. ‘മാഫിയകളെ തുടച്ചു നീക്കണം’ – ബോർഡുകൾ പ്രദർശിപ്പിച്ചിരിക്കുന്നു. വിനോദസഞ്ചാരികൾക്ക് കയറി വരാൻ സുരക്ഷിതമായ ഇടമാണ് കൊർലിയോണെ എന്നു പ്രചരിപ്പിക്കാനാണ് ബോർഡുകൾ. ദുരിതത്തിന്റെ നാളുകൾ വെളിപ്പെടുത്താനായി മ്യൂസിയം നിർമിച്ചിട്ടുണ്ട്. ‘മാഫിയ പ്രവര്‍ത്തനങ്ങള്‍ നാളിതുവരെ’ എന്നാണ് മ്യൂസിയത്തിന്റെ തീം. ചരിത്രം പരിചയപ്പെടുത്തുന്ന മ്യൂസിയം കൊർലിയോണെ നഗരം സന്ദർശിക്കുന്നവരെ ആകർഷിക്കുന്നു.

ഗ്രാമത്തിലൂടെ ഞങ്ങൾ കുറേ ദൂരം സഞ്ചരിച്ചു. പഴമയുടെ വേരുകളിൽ പുതുമോടിയണിഞ്ഞ് ഇടുങ്ങിയ വീഥികള്‍. ചെറുതും വലുതുമായി നൂറിലേറെ ആരാധനാലയങ്ങൾ. പട്ടണത്തിന്റെ മധ്യത്തിൽ ഒരു പാറക്കെട്ടുണ്ട്. അതിനു മുകളിലാണ് കപ്പൂച്ചിൻ സന്യാസ സഭയുടെ ആശ്രമം സ്ഥിതി ചെയ്യുന്നത്. ആശ്രമത്തിന്റെ ഗോപുരം ദൂരെ നിന്നു കാണാം. മ്യൂസിയം, വെള്ളച്ചാട്ടം, പഴയ കൊട്ടാരം, വനം എന്നിവയാണ് കൊർലിയോണെയിലെ മറ്റു സന്ദർശക കേന്ദ്രങ്ങൾ.

3 - godfather

സിനിമ

‘ദി ഗോഡ് ഫാദര്‍’ മനോഹരമായി ചിത്രീകരിച്ച സിനിമയാണ്. ആ സിനിമയുടെ ലൊക്കേഷൻ പൂർണമായും കൊർലിയോണെ ഗ്രാമമാണെന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ട്. സിനിമയുടെ മുക്കാൽ പങ്കും ചിത്രീകരിച്ചത് സിസിലിയിലെ മറ്റു ഗ്രാമങ്ങളിലാണ്. കൊർലിയോണെയുടെ തെരുവുകൾ മുഴുവൻ കണ്ടതിനു ശേഷമാണ് ഇക്കാര്യം ഞങ്ങൾ മനസ്സിലാക്കിയത്. അധോലോകത്തിന്റെ അന്തരീക്ഷത്തിലേക്ക് ചെറുഗ്രാമങ്ങളെ പകർത്തിയ ഗോര്‍ഡന്‍ വില്ലിസ് എന്ന സിനിമറ്റോഗ്രാഫറുടെ വൈദഗ്ധ്യം അപാരം.

സിനിമയുടെ പുതിയ സാങ്കേതിക ഭാഷയിൽ വിശേഷിപ്പിച്ചാൽ ‘ഗ്യാങ്സ്റ്റർ’ വിഭാഗമാണ് ഗോഡ്ഫാദർ. ഇറ്റാലിയന്‍ വംശജരുടെ ജീവിതരീതിയും സംസ്‌കാരവുമാണു കഥാപശ്ചാത്തലം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അമേരിക്കയില്‍ കുടിയേറിയ ഇറ്റാലിയന്‍-അമേരിക്കന്‍ നോവലിസ്റ്റ് 'മാരിയോ പുസോ' രസകരമായി എഴുതിയ തിരക്കഥയാണ് സിനിമയെ ഇത്രമാത്രം ആകർഷകമാക്കിയത്. ഫ്രാന്‍സിസ് ഫോര്‍ഡ് കപോലയുടെ സംവിധാനത്തിൽ സിനിമ അനശ്വരമായി. ‘പേരമൗണ്ട് പിക്ചേഴ്സ്’ പുറത്തിറക്കിയ ചിത്രം അന്നും ഇന്നും നമ്പർ വൺ ദൃശ്യാനുഭവമായി അറിയപ്പെടുന്നു. ഗോഡ് ഫാദര്‍ മൂന്ന് സീരീസ് ആയിട്ടാണ് ഇറങ്ങിയത് (1972, 1974, 1990). കഥ റിയലിസ്റ്റിക്കായിരുന്നു. അഭിനയത്തനിമയിൽ പ്രേക്ഷക ഹൃദയം കീഴടക്കി. ഗോള്‍ഡന്‍ ഗ്ലോബ്, ഗ്രാമി പുരസ്‌കാരങ്ങൾ നേടി. സിനിമകളുടെ റാങ്കിങ്ങിൽ അമേരിക്കൻ സിനിമാ ലോകം ഗോഡ് ഫാദറിനു രണ്ടാം സ്ഥാനം നൽകിയിട്ടുണ്ട്.

വിത്തോ കൊര്‍ലിയോണെയുടെ യൗവ്വനം അവതരിപ്പിച്ചതു റോബര്‍ട്ട് ഡി നീറോയാണ്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി അദ്ദേഹം സിസിലിയന്‍ ഭാഷ പഠിച്ചു. സിസിലിയന്‍ ഭാഷയ്ക്കു ലിപിയില്ല. വാക്കുകൾ തിരിച്ചറിഞ്ഞ് അർഥം മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ടാണ്. ഞാൻ അഞ്ചു വർഷമായി സിസിലിയിൽ താമസിക്കുന്നു. തെറ്റില്ലാതെ നാലു വാചകം പറയാൻ ഇപ്പോഴും പഠിച്ചിട്ടില്ല...

Tags:
  • Manorama Traveller