Friday 18 June 2021 03:41 PM IST : By Text: Easwaran seeravally / photo: Kanchan Ugursandi

ലോകത്തെ ഉയരമേറിയ പാതയിലെത്തുന്ന ആദ്യ വനിതാ സോളോ സഞ്ചാരിയാകാൻ കഞ്ചൻ ഉഗൂർസൻഡി

1 - kanchana

ലോകത്ത് ഏറ്റവും ഉയരത്തിലുള്ള ഗതാഗത യോഗ്യമായ പാതയിൽ ആദ്യമായി ബൈക്കിലെത്തുന്ന വനിത സോളോ സഞ്ചാരി എന്ന ബഹുമതി സ്വന്തമാക്കാൻ ഡൽഹി സ്വദേശിനി കഞ്ചൻ ഉഗൂർസൻഡി യാത്ര തുടരുന്നു. ഡൽഹിയിൽ നിന്ന് ആരംഭിച്ച് 24 ദിവസം കൊണ്ട് 3187 കിലോ മീറ്റർ സഞ്ചരിച്ച് ഹിമാചൽ പ്രദേശിലും ലഡാക്കിലുമായി 17 ചുരങ്ങൾ താണ്ടാൻ ലക്ഷ്യമിടുന്ന എക്‌സ്പഡിഷന്റെ അവസാനമാണ് കഞ്ചൻ ഉമിങ് ലാ ചുരത്തിലെത്തുന്നത്.

4 - kanchana

ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ ബ്രാൻഡ് അംബാസിഡർ കൂടിയായ ഡൽഹി സ്വദേശിനി ജൂൺ 11 നാണ് യാത്ര പുറപ്പെട്ടത്. ഡൽഹിയിൽ ബി ആർ ഒ ഹെഡ് ഓഫിസിനു മുന്നിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഫ്ലാഗ് ഓഫ് ചെയ്ത യാത്ര ജൂൺ 12 ന് ജലോരി പാസ് താണ്ടി. കുളുവിൽ നിന്ന് 100 കി.മീ. ദൂരെയാണ് 10280 അടി ഉയരത്തിലുള്ള ജലോരി പാസ്. 29കാരിയായ കഞ്ചൻ ജൂൺ 15 ന് 14931 അടി ഉയരത്തിലുള്ള കുംസും ചുരവും തുടർന്ന് 13058 അടി ഉയരത്തിലെ റോഥാങ് ചുരവും 16580 ഉയരത്തിൽ ഷിൻകുല ചുരവും താണ്ടി യാത്ര തുടരുകയാണ്.

2 - kanchana

10 വർഷം കൊണ്ട് പർവതപ്രദേശങ്ങളിലൂടെ 21000 കിലോ മീറ്റർ സഞ്ചരിചിട്ടുണ്ട് കഞ്ച ഉഗൂർസൻഡി. ബി ആർ ഒ യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആദ്യ വനിതാ സോളോറൈഡ് എന്ന പ്രത്യേകതയും ഈ എക്സ്പഡിഷനുണ്ട്. ഡൽഹി സർക്കാറിന്റെ ആരോഗ്യ വകുപ്പിൽ കരാർ ജീവനക്കാരി കൂടിയായ കഞ്ചൻ കോവിഡ് രോഗകാലത്ത് മികച്ച സേവനത്തിനുള്ള അംഗീകാരത്തിനും അർഹയായിരുന്നു.

3 - kanchana

ഏതാനും വർഷം മുൻപുവരെ ലോകത്ത് ഏറ്റവും ഉയരത്തിലുള്ള ഗതാഗത യോഗ്യമായ പാത ലഡാക്കിലെ ഖർദുങ് ലായിലൂടെ (17582 മീ) ആയിരുന്നു. 2017 ൽ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ ഇന്ത്യ- ചൈന അതിർത്തിയിലെ ഉമിങ് ലായിലൂടെ (19301 മീ) ഡെംചോക്കിലേക്കുള്ള പാത നിർമിച്ചതോടെയാണ് ഖർദുങ് ലായുടെ ഒന്നാം സ്ഥാനം നഷ്ടമായത്. ദുഷ്കരമായ ഭൂപ്രകൃതിയും ഉയരത്തിന്റേതായ വൈഷമ്യങ്ങളും നിറഞ്ഞതാണ് ഉമിങ് ലാ പാത. ടാർ ചെയ്യാത്ത റോഡിന്റെ കുറച്ചു ഭാഗം കോൺക്രീറ്റ് ചെയ്തിട്ടുണ്ടെങ്കിലും നല്ല പങ്കും ചരലും കല്ലും നിറഞ്ഞതാണ്. മഞ്ഞുവീഴ്ചയും മണ്ണിടിച്ചിലും ഏതു സമയവും പ്രതീക്ഷിക്കേണ്ട ഉമിങ് ചുരത്തിൽ പ്രാണവായുവിന്റെ കുറവും സഞ്ചാരികൾക്ക് അപകടം സൃഷ്ടിക്കാം. മികച്ച വൈദഗ്ധ്യമുള്ള ബൈക്ക് സഞ്ചാരികൾക്കേ ഈ പാതയിൽ ബൈക്ക് യാത്ര ചെയ്യാൻ സാധിക്കൂ. ചൈന അതിർത്തിയോട് ഏറെ ചേർന്ന ഉമിങ് ലാ പാതയിലൂടെ യാത്ര ചെയ്യാൻ പ്രത്യേക അനുമതി ആവശ്യമുണ്ട്.

5 - kanchana