നേപ്പാളിലെ കുഷ്മയിൽ നിന്നു മസ്തങ്ങിലേക്കാണ് യാത്ര. കാളിഗണ്ഡകി നദിക്കു കുറുകേയുള്ള കൂറ്റൻ തൂക്കുപാലം ഈ പാതയിലെ പ്രധാന ആകർഷണമാണ്. വാഹനങ്ങൾക്കും ഇതിലൂടെ സഞ്ചരിക്കാം. പൂർണമായും ഇരുമ്പു കമ്പികളിൽ നിർമിച്ച തൂക്കുപാലത്തിൽ നിൽക്കുമ്പോൾ താഴെ വെള്ളി വരപോലെ കാളിഗണ്ഡകി നദി. ചൈന ബോർഡറിനു സമീപമുള്ള മസ്തങ്ങിലെത്താൻ അന്നപൂർണ മലനിരകളിലൂടെ സഞ്ചരിക്കണം. ജീവിതത്തിൽ ഇത്രകാലം വണ്ടിയോടിച്ചതിൽ ഏറ്റവും അപകടം നിറഞ്ഞതും മോശമായതുമായ റോഡ്. കല്ലിൽ നിന്നു കല്ലിലേക്കു ടയർ കയറ്റി ബാലൻസു ചെയ്തുവേണം മുന്നോട്ടു നീങ്ങാൻ. റോയൽ എൻഫീൽഡ് പോലെ ഭാരമുള്ള വാഹനങ്ങളുടെ അടിവശം കല്ലിൽ ഇടിക്കും.
കുഷ്മ-മസ്തങ് അധികം ദൂരമില്ല, 120 കിലോ മീറ്റർ മാത്രം. പക്ഷേ പോയിവരാൻ രണ്ടു ദിവസമെടുക്കും. ഇടയ്ക്കു കാളിഗണ്ഡകി നദിയിലെ ചൂടു നീരുറവയും നീരുറവയ്ക്കു മുകളിലൂടെ കടന്നുപോകുന്ന തൂക്കുപാലവും യാത്രയിലെ മനോഹരമായ കാഴ്ചയാണ്. ഇന്ത്യയിലെ ലഡാക്ക് പ്രവിശ്യയുടെ പകർപ്പാണ് മസ്തങ് എന്നു പറയാം. ഭാഗ്യദോഷമെന്നു പറയട്ടെ, മസ്തങ്ങിന് 20 കിലോ മീറ്റർ മുൻപ് അധികൃതർ ഞങ്ങളെ തടഞ്ഞു. മസ്തങ്ങിൽ യാത്ര ചെയ്യാൻ പ്രത്യേക അനുമതി പത്രം ആവശ്യമാണ്. അത് ഇന്ത്യൻ അതിർത്തിയിൽനിന്നുതന്നെ സമ്പാദിക്കണമായിരുന്നത്രേ... മസ്തങ് ഒഴിവാക്കി പോഖ്ര ലക്ഷ്യമാക്കി യാത്ര തുടർന്നു.

വഴിനീളെ മലഞ്ചെരിവുകൾ തട്ടു തിരിച്ചു കൃഷി ചെയ്തിരിക്കുന്നു. രാത്രിയിലെ പോഖ്ര കാഴ്ച മനോഹരമാണ്. ഗുഷ്മയിൽ ഒരു ദിവസം താമസിച്ചിട്ടാണ് പോഖ്രയിലെ ഫേവ തടാകതീരത്ത് എത്തിയത്. രാത്രിയിൽ ആട്ടവും പാട്ടും പലവിധ ഭക്ഷണങ്ങളും നേപ്പാളികളും വിദേശികളുമായ സഞ്ചാരികളും ചേർന്ന് സജീവമാണ് പോഖ്ര. ലോകത്തെ മനോഹരമായ കാഴ്ചകളിലൊന്നാണ് ഫേവ തടാകം. തടാകത്തിനെ ചുറ്റി വികസിച്ച നഗരമാണ് പോഖ്ര. അവിടെ ഒട്ടേറെ വിസമയക്കാഴ്ചകളുണ്ട്. ഭൂമിയുടെ വിള്ളലിൽക്കൂടി പുറത്തേക്കൊഴുകിയെത്തുന്ന ഉദ്ഭവം എവിടെയെന്നറിയാത്ത നദി, ഒട്ടേറെ വവ്വാലുകൾ കൂടുകൂട്ടിയിട്ടുള്ള ബാറ്റ് കേവ്, തടാകക്കരയിലെ ബുദ്ധ സ്റ്റാച്യു...

കാഠ്ണ്ഡുവിൽ
ഒരു ദിനം പൂർണമായും പോഖ്ര കാഴ്ചകൾക്കു മാറ്റി വച്ചു. ചൈന അതിർത്തിയായ കൊടാരിയാണ് ഇനി ലിസ്‌റ്റിലുള്ളത്. കാഠ്മണ്ഡുവിൽ ചെന്നേ കൊടാരിയിലേക്കു പോകാൻ സാധിക്കൂ. പോകുംവഴി ഹനുമാൻ ഡോഹയും അവിടുത്തെ കരകൗശലവസ്തുക്കളുടേയും പുരാതന സാമഗ്രികളുടേയും കച്ചവടം ആകർഷകമാണ്.
2015ലെ ഭൂചലനത്തിൽ കാഠ്മണ്ഡു പൂർണമായും തകർന്നിരുന്നു. 1934ൽ ഇന്ത്യൻ അതിർത്തിയോടു ചേർന്നുണ്ടായ ഭൂമികുലുക്കത്തിനു ശേഷം സംഭവിച്ച ഏറ്റവും ശക്തമായ ഭൂചലനമായിരുന്നു അത്. പല പൈതൃകസ്ഥലങ്ങളിലും കേടുപാടുകൾ സംഭവിച്ച പഴയകാല നിർമിതികൾ തനിമയോടെ പുതുക്കുന്ന തിരക്കായിരുന്നു ഞങ്ങൾ ചെല്ലുമ്പോൾ. നഗരത്തിലെ പുരാതന സ്തൂപം രണ്ടായി മുറിഞ്ഞു വീണിരിക്കുന്നു, ഈ സ്തൂപം ഭൂചലനത്തിൽ തകരുന്നത് മൂന്നാമത്തെ പ്രാവശ്യമാണത്രേ... പശുപതിനാഥ ക്ഷേത്രത്തിലെ കാഴ്ചകൾ മറ്റൊരു വിധത്തിലാണ്്. ഒരുപാട് പഴയ നിർമിതികളും ക്ഷേത്രത്തോടു ചേർന്ന് ഒഴുകുന്ന നദീതീരത്ത് മൃതദേഹം ദഹിപ്പിക്കുന്നതിനുള്ള സ്ഥലവും മറ്റും.

നാരായൺ പാലസ്
കാഠ്മണ്ഡുവിലെ ഇടുങ്ങിയ ഗലികളിലൂടെ സഞ്ചരിച്ച് മറ്റൊരു കാഴ്ചയായ നാരായൺ പാലസിലെത്തി. നേപ്പാൾ ഭരണാധികാരികളായിരു്ന്ന രാജവംശത്തിലെ മുതിർന്ന കുടുംബാംഗങ്ങളെ കൂട്ടക്കൊല ചെയ്ത ഇടം എന്ന നിലയിലാണ് ഇപ്പോൾ ഇതിന്റെ പ്രശസ്തി. 2001 ജൂൺ 1ന് കിരീടാവകാശിയായ ദീപേന്ദ്ര ലഹരിക്കടിമയായി ബീരേന്ദ്ര രാജാവിനേയും ഐശ്വര്യ റാണിയേയും 8 പരിചാരകരേയും തോക്കുപയോഗിച്ച് വധിച്ചശേഷം ആത്മഹത്യ ചെയ്തുവെന്നാണ് ഔദ്യോഗികഭാഷ്യം. അതിനുശേഷം നേപ്പാളിൽ പലവട്ടം സഞ്ചരിച്ചിട്ടുള്ള എനിക്ക് മനസ്സിലായത് ജനങ്ങൾ ഇതു വിശ്വസിച്ചിട്ടില്ല എന്നാണ്. പിന്നീട് അധികാരം ഏറ്റെടുത്ത ഭരണാധികാരിയുടെ ദുർഭരണം ജനകീയ പോരാട്ടത്തിൽ നിലംപതിക്കുകയും നേപ്പാൾ ജനാധിപത്യ രാജ്യമാകുകയും ചെയ്്തു.
ജനാധിപത്യകാലത്ത് നാരായൺ പാലസ് മ്യൂസിയമായി തുറന്നിരിക്കുകയാണ്്. കൊട്ടാരത്തിനുള്ളിൽ ഫൊട്ടോഗ്രഫി അനുവദനീയമല്ല. രാജഭരണകാലത്തെ എല്ലാ ആർഭാടങ്ങളും അവിടെ കാണാം. പുലി, മുതല, മാൻ, കരടി തുടങ്ങി ഒട്ടേറെ വന്യമൃഗങ്ങളെ സ്റ്റഫ് ചെയ്തതും നേപ്പാൾ സന്ദർശിച്ച മറ്റു രാഷ്ട്രത്തലവൻമാർ രാജാവിനു സമ്മാനിച്ച ഉപഹാരങ്ങളും ഈ കൂറ്റൻ കെട്ടിടത്തിൽ കാണാം.
കൊടാരിയിലേക്ക്
കാഠ്മണ്ഡുവിൽ 2 ദിവസം ചെലവിട്ട ശേഷം കൊടാരി യാത്ര തുടർന്നു. പുരാതനകാലത്ത് ഹിമാലയത്തിനു കുറുകേ സഞ്ചരിച്ചിരുന്ന സാർഥവാഹക സംഘങ്ങളുടെ യാത്രയിലെ ഒരു പ്രധാന സ്ഥലമായിരുന്നു കൊടാരി. നേപ്പാളിലൂടെ സഞ്ചരിച്ച് ടിബറ്റിലെ ലാസ വഴി മധ്യേഷ്യയിലേക്കു നീളുന്ന പാതയുടെ ഭാഗമായിരുന്നു അത്. ഇന്നും നേപ്പാളിൽനിന്നു ചൈനയിലേക്കു വാഹനത്തിൽ പ്രവേശിക്കാവുന്ന അതിർത്തിയാണ് അത്. 144 കിലോ മീറ്റർ ദൂരെയുള്ള കൊടാരിയിലേക്ക് കാഠ്മണ്ഡുവിൽ നിന്നു പുലർച്ചെ പുറപ്പെട്ടു. വഴിയോരക്കാഴ്ചകൾ മനോഹരമാണ്. നേപ്പാളിയും ഹിന്ദിയുമല്ലാതെ മറ്റു ചില ഭാഷ സംസാരിക്കുന്ന ഗ്രാമീണരെ വഴിയിൽ പലയിടത്തും കാണാം. കോസി നദിക്കു സമാന്തരമായ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്്. ചൈനയിൽ ഉദ്ഭവിച്ച് നേപ്പാളിലൂടെ ഒഴുകി ഇന്ത്യയിൽ ബീഹാറിലെത്തുമ്പോൾ ഈ നദി കടലുപോലെ വിസ്തൃതമാകും. കൊടാരിയിലേക്കു പോകും വഴി ഇടയ്ക്ക് ഒരു സ്ഥലത്ത് നിന്ന് ഇന്ത്യൻ രൂപ 1000 കൊടുത്ത് പാസ് സംഘടിപ്പിച്ചു.

അതിർത്തി അടുക്കുംതോറും റോഡിന്റെ അവസ്ഥ ശോചനീയമായിക്കൊണ്ടിരുന്നു. കോസി നദിയിലെ ഒട്ടേറെ വൈദ്യുതപദ്ധതികളും പാലങ്ങളും നിർമിക്കുന്നത് ചൈനയാണ്. യാത്രാവഴിയിൽ ഒരു മലയുടെ മുകളിൽ ഒട്ടേറെ തേനീച്ചക്കൂടുകൾ കണ്ടു. ഹണി റോക്ക് എന്നാണത്രേ ആ പ്രദേശം അറിയപ്പെടുന്നത്.

11 മണി ആയപ്പോൾ കൊടാരിയിലെത്തി. ശിവക്ഷേത്രവും 60 ഡിഗ്രി സെൽഷ്യസ് താപനിലയിൽ ജലമുള്ള തതോപാനി ചൂടുനീരുറവയുമാണ് സഞ്ചാരികൾക്കുള്ള ആകർഷണങ്ങൾ. 10 രൂപ ടിക്കറ്റെടുത്ത് ചൂടുവെള്ളത്തിൽ കുളിച്ചു. അവിടെനിന്ന് 1 കിലോ മീറ്റർകൂടി സഞ്ചരിക്കണം അതിർത്തിയിലേക്ക്. തതോപാനി ചൂടുനീരുറവയ്ക്കു സമീപത്തുകൂടി ഒഴുകുന്ന മോശ നദിയാണ് അതിർത്തി. അവിടെക്കണ്ട നേപ്പാളി പട്ടാളക്കാരോടു ചോദിച്ചപ്പോൾ നദിക്കു കുറുകെ ഒരു കരിങ്കൽ വരമ്പു കാട്ടിത്തന്നു. അതിനപ്പുറം ചൈന... അകലെ ചൈനീസ് ഗ്രാമങ്ങൾ കാണാം. മറ്റു പല രാജ്യാന്തര അതിർത്തികളിലും കാണുന്ന പോലെ കമ്പി വേലികളോ വൻ സൈന്യ സന്നാഹങ്ങളോ ഇവിടെയില്ല.

ചൈനയിലെ വെള്ളച്ചാട്ടം

കോസി നദിയുടെ തീരത്തുകൂടി വീണ്ടും മുന്നോട്ടു സഞ്ചരിച്ചപ്പോൾ 2016 ഭൂകമ്പത്തിൽ തകർന്ന നേപ്പാൾ എമിഗ്രേഷൻ ഓഫിസ് കെട്ടിടവും ഫ്രണ്ട്ഷിപ് ബ്രിജിന്റെ ശേഷിപ്പുകളും നാമാവശേഷമായ മാർക്കറ്റും കണ്ടു. തൊട്ടപ്പുറത്ത് ചൈനീസ് ഭാഗത്ത് മനോഹരമായ വെള്ളച്ചാട്ടം, സാങ്മൂ വെള്ളച്ചാട്ടം എന്നാണത്രേ അവർ വിളിക്കുന്നത്. നേപ്പാളും ചൈനയും അതിർത്തി പങ്കിടുന്ന പുതിയ ഫ്രണ്ട്ഷിപ് ബ്രിജിനു സമീപം ബൈക്ക് ഒതുക്കി. ചൈനീസ് സർക്കാർ നിർമിച്ച ഈ പാലം ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന പാലം മാത്രമല്ല നേപ്പാളിലെ പുതിയൊരു വിനോദസഞ്ചാര ആകർഷണം കൂടിയാണ്. പീപ്പിൾസ് റിപബ്ലിക് ഓഫ് ചൈന എന്ന ഫലകത്തിനപ്പുറം സിങ്മൂ എന്ന ചൈനീസ് നഗരവും അവിടെ നിന്നാൽ കാണാം.

ക്യാമറയിൽ ചിത്രം പകർത്താൻ തുടങ്ങിയപ്പോൾ അപ്പുറത്തു നിന്ന ചൈനീസ്് പട്ടാളക്കാർ വിലക്കി. മൊബൈലിൽ ചിത്രമെടുക്കാൻ തടസ്സമില്ല. ചൈനയിൽനിന്ന് നേപ്പാളിലേക്കുള്ള ചരക്കു ഗതാഗതം ഈ പാതയിലൂടെയാണ്. കൊടാരി അതിർത്തിയിൽ ഒരു മണിക്കൂർ ചെലവഴിച്ചശേഷം മടങ്ങി.

സംഗീതസാന്ദ്രമായ രാത്രി
കിഴക്കൻ നേപ്പാളിന്റെ അവസാന ഗ്രാമമായ ഇലാം ആണ് അടുത്ത ലക്ഷ്യം. കൊടാരിയിൽ നിന്ന് ഒരു ദിവസത്തെ യാത്രകൊണ്ട് എത്തിച്ചേരുക പ്രയാസമാണ്. വണ്ടി പ്രധാന പാതയിൽനിന്ന് തിരിഞ്ഞെത്തിയത് കൊടും കാട്ടിൽ. തുടർന്ന് എങ്ങോട്ടു സഞ്ചരിക്കണമെന്ന് ഒരു ധാരണയുമില്ല. വിനോദ് ആകാശത്തെ നക്ഷത്രങ്ങളുടെ സ്ഥാനം നോക്കി യാത്രാദിശ നിശ്ചയിച്ചു. വീണ്ടും കുറച്ചേറെ ദൂരം സഞ്ചരിച്ച് മറ്റൊരു കാനനപാതയിലെത്തി, കൽപൊടിയും ചെളിയും നിറഞ്ഞ വഴി. ശ്രദ്ധിച്ചില്ലെങ്കിൽ വാഹനം തെന്നി വീഴും. അങ്ങനെ സംഭവിച്ചാൽ താഴെ കോസി നദിയിൽ ചെന്നു വീഴും. മുന്നോട്ടു സഞ്ചരിക്കുമ്പോൾ ഇടയിൽ കുത്തനെ കയറ്റവും ഇറക്കവും. അസഹ്യമായ തണുപ്പും. കൊടുംകാടായതിനാൽ ടെന്റടിച്ച് ക്യാംപ് ചെയ്യുന്നതും അപകടമാണ്.

റോഡിലെങ്ങും മനുഷ്യവാസത്തിന്റേതായ ഒരു സൂചനയുമില്ല. ഏറെ ശ്രദ്ധയോടെ നന്നേ സാവധാനം സഞ്ചരിച്ച് മലയിറങ്ങി പ്രധാന റോഡെന്നു തോന്നിക്കുന്ന ഒരു പാതയിലെത്തി. അൽപം സഞ്ചരിച്ചപ്പോൾ ഒരു മൈതാനത്ത് മൂന്നു യുവാക്കൾ തീകൂട്ടി ചൂടു കാഞ്ഞിരിക്കുന്നു. അടുത്തു തന്നെ ഒരു സി ക്ലാസ് കടയും. ഏറെ ആശ്വാസത്തോടെ അവിടേക്കു ചെന്ന ഞങ്ങൾക്ക് ചൂടു കട്ടൻ ചായയും കോഴിമുട്ട പുഴങ്ങിയതും കിട്ടി കടയിൽ നിന്ന്. മൈതാനത്ത് ടെന്റടിക്കാൻ പിന്നെ താമസിച്ചില്ല. കിടക്കാനുള്ള അത്യാവശ്യം വട്ടം കൂട്ടിയശേഷം ഗിറ്റാറും തുകൽ വാദ്യങ്ങളുമായിരിക്കുന്ന യുവാക്കളുടെ സമീപത്തേക്കു ഞങ്ങൾ ചെന്നു. എരിയുന്ന തീക്കുണ്ഡത്തിലേക്ക് വിറകിട്ട് കത്തിച്ച ശേഷം അവർ മരപ്പലകയിലിരുന്ന് ഞങ്ങൾക്കുവേണ്ടി നേപ്പാളി ഗാനങ്ങൾ ആലപിച്ചു. ഞങ്ങൾ മലയാളം ഗാനങ്ങളും പാടി. ഏറെ ആയാസം നിറഞ്ഞ യാത്രകളുടെ ഒരു പകലിനു ശേഷം സംഗീതസമ്പന്നമായി ആ രാത്രി ആഘോഷിച്ചു.