Wednesday 20 December 2023 02:29 PM IST : By ജോബ് റിനോൾ

കഥകൾ ഒളിഞ്ഞിരിക്കുന്ന പുൽക്കൂടുകൾ, ആഘോഷരാവുമായി വണ്ടർലാന്റ് ലിസ്ബോവ: പോർച്ചുഗലിൽ സാന്റയെത്തുമ്പോൾ

portughese

പോർച്ചുഗലിന്റെ ചരിത്രത്തെക്കുറിച്ച് ഗവേഷണം നടത്തുവാനാണ് തെക്കൻ യൂറോപ്പിലെ ഈ കൊച്ചുരാജ്യത്ത് നവംബറിൽ ഞാൻ എത്തിയത്. അപ്പോൾ ക്രിസ്മസ് ഒരുക്കങ്ങളുടെ തിരക്കിലായിരുന്നു പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബൺ. കാതലിക് രാജ്യമായ പോർച്ചുഗലിൽ ക്രിസ്മസ് വലിയ ആഘോഷമാണ്. തലസ്ഥാനമായ ലിസ്ബണിൽ ആണ് ഏറ്റവും വലിയ ആഘോഷം നടക്കുന്നത്. ഈ വർഷം എല്ലാവരും ആവേശത്തിലാണ്. കോവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷമായി ക്രിസ്മസ് നവവത്സര ആഘോഷങ്ങൾ ഒന്നും തന്നെയില്ലായിരുന്നു. ഇത്തവണ ആഘോഷം പൊടിപൊടിക്കാനുള്ള തയ്യാറെടുപ്പിലാണ്.

ലിസ്ബണിലെ എറ്റവും വലിയ സ്ക്വയറുകളിൽ ഒന്നായ പ്രാകാ ദോ കൊമേഴ്സിയോയിൽ (വാണിജ്യ ചത്വരം എന്ന് മലയാളത്തിൽ പറയാം) എല്ലാ വർഷവും 30അടി ഉയരത്തിലുള്ള ഒരു ക്രിസ്മസ് ട്രീ ഉയർത്തിക്കൊണ്ടാണ് ആഘോഷങ്ങൾക്ക് തുടക്കമിടുന്നത്. പുരാതന നഗരമായ ലിസ്ബണിലെ ചരിത്രസ്മാരകങ്ങൾ, വഴികൾ, സ്‌ക്വയറുകൾ തുടങ്ങി എല്ലാ പൊതു ഇടങ്ങളും മനോഹരമായ വിളക്കുകൾ കൊണ്ട് പ്രകാശപൂരിതമാക്കും. ഏതാണ്ട് ഏകദേശം 15 ലക്ഷം ബൾബുകളാണ് ഇതിനുപയോഗിക്കുന്നത്. മനോഹരമായ കാഴ്ചയാണെങ്കിലും ഡിസംബറിലെ മരംകോച്ചുന്ന തണുപ്പിലും വീശിയടിക്കുന്ന കാറ്റിലും ഇതിന്റെ രാത്രിസൗന്ദര്യം ആസ്വദിക്കുന്നത് അത്ര സുഖകരമായി തോന്നിയില്ല. മറ്റ് പല യൂറോപ്യൻ നഗരങ്ങളിലും നിന്ന് വ്യത്യസ്തമായി ലിസ്ബണിൽ മഞ്ഞ് പെയ്യാറില്ല. ഡിസംബറിൽ തണുപ്പ് 7 ഡിഗ്രി വരെയൊക്കെയേ താഴാറുള്ളൂ. പക്ഷേ കേരളത്തിലെ 30 ഡിഗ്രി ചൂടിൽ നിന്ന് പോകുന്ന നമുക്കത് കൊടും തണുപ്പ് തന്നെയാണല്ലോ.

ലിസ്ബണിൽ തൃശൂർ സ്വദേശി സുനിൽ നടത്തുന്ന കോസ്റ്റ ദോ മലബാർ (Coast of Malabar) എന്ന കേരളീയ ഭക്ഷണശാലയിൽ ഇടയ്ക്ക് ഞാൻ പോകാറുണ്ട്. സുനിലിന്റെ ഭാര്യ കണ്ണൂർക്കാരിയാണ്. സോഫ്റ്റ് വെയർ എഞ്ചിനീയർ സിമി പന്ന്യൻ. പോർച്ചുഗലിൽ ഇന്ത്യക്കാർ ഒരുപാട് ഉണ്ടെങ്കിലും മലയാളികൾ വളരെ കുറവാണ്. ലിസ്ബൺ, കോയിംബ്ര, പോർത്തോ എന്നി സ്ഥലങ്ങളിൽ ആണ് പ്രധാനമായി മലയാളികൾ ഉള്ളത്.

കോസ്റ്റ ദോ മലബാറിൽ വച്ചാണ് ലിസ്ബണിൽ ടീച്ചറായ മോണിക്ക ഫെറേരയെ പരിചയപ്പെടുന്നത്. സിമിയുടെ സുഹൃത്താണ് മോണിക്ക. അവർ പോർച്ചുഗീസ് ക്രിസ്മസ് വിശേഷങ്ങളെ കുറിച്ച് വാചാലയായി "ക്രിസ്മസിനുള്ള ഒരുക്കങ്ങൾ ഒക്ടോബർ 31–ന് ഹാലോവീൻ കഴിഞ്ഞാലുടൻ ആരംഭിക്കും. അന്നുമുതൽ ഗ്രാമങ്ങളിലും നഗരങ്ങളിലും തെരുവുകളിലെല്ലാം വിളക്കുകൾ സ്ഥാപിച്ചും തോരണങ്ങളും മറ്റും തൂക്കിയും എല്ലാം സജ്ജീകരിച്ച് വെക്കുന്നു. നവംബർ പകുതിയോടെ എല്ലാത്തിനും ജീവൻ വെയ്ക്കും. ക്രിസ്മസ് ദിനത്തിൽ ഞങ്ങൾ ഒരിക്കലും വീട്ടിൽ ഇരിക്കാറില്ല, ഒരു വീട്ടിൽ നിന്ന് മറ്റൊന്നിലേക്ക് പോയിക്കൊണ്ടേയിരിക്കും. നമ്മുടെ അമ്മാവന്മാരെയും അമ്മായിമാരെയും മറ്റ് ബന്ധക്കളേയും മറ്റും സന്ദർശിക്കുന്ന സമയമാണിത്. എല്ലാവരിൽ നിന്നും മധുരപലഹാരങ്ങൾ ലഭിക്കും!"

portughese-2
portughese-10

നഗരത്തിലെ പ്രമുഖ സ്ഥലങ്ങളിൽ കാരൾ സംഘങ്ങൾ പരിപാടികൾ നടത്തുന്നത് കാണാം. നമ്മുെട നാട്ടിലേതു പോലെ കാരൾ മത്സരങ്ങൾ ഇവിടെ പതിവില്ല. ഒരു മാസം നീളുന്നതാണ് പോർച്ചുഗീസുകാരുടെ ക്രിസ്മസ് ആഘോഷം. പുൽക്കൂട് മത്സരം ഒരു കാലത്ത് വലിയ തോതിൽ സംഘടിപ്പിച്ചിരുന്നു. പക്ഷേ കുറച്ചു വർഷങ്ങളായി അത് കാണാറില്ല. എങ്കിലും പുൽക്കൂടുകൾക്ക് കുറവൊന്നുമില്ല. പള്ളികളിലും മാളുകളിലും എന്തിന് തെരുവുകളിൽ പോലും ഗാംഭീര്യമുള്ള പുൽക്കൂടുകൾ നിർമിക്കുന്നു. ക്രിസ്തുവിന്റെ ജനനം വരെയുള്ള സംഭവങ്ങൾ ഈ പുൽക്കൂടുകളിൽ ഓരോ ദിവസവും മാറ്റികൊണ്ടിരിക്കും. സാധാരണയായി ക്രിസ്തുമസ് ട്രീയുടെ താഴെയാണ് പുൽക്കൂട് സ്ഥാപിക്കുന്നത്. ക്രിസ്മസ് അപ്പൂപ്പന്റെ (സാന്ത ക്ലോസ്) വീടുകൾ പൊതുസ്ഥലങ്ങളിലെ ഒരു പ്രധാന കാഴ്ചയാണ്. കാസാ ദെ പായ് നദാൽ എന്നാണ് ഇവിടത്തുകാർ ഇതിനെ സ്നേഹപൂർവം വിളിക്കുന്നത്. ഇവിടം സന്ദർശിക്കാനും ഫോട്ടോ എടുക്കാനും കുട്ടികളുടെ തിരക്കാണ്. അവർക്ക് സാന്റയുടെ കയ്യിൽ നിന്ന് സമ്മാനങ്ങളും ലഭിക്കും. എല്ലാ വർഷവും ഡിസംബർ 1-ന് ആരംഭിച്ച് ജനുവരി 2-ന് അവസാനിക്കുന്ന രീതിയിൽ വണ്ടർലാന്റ് ലിസ്ബോവ എന്ന പേരിൽ ലിസ്ബണിൽ നടത്തുന്ന ഫെയർ ഒട്ടേറെേപ്പരെ ആകർഷിക്കുന്നുണ്ട്.

portughese-9
portughese-6

ഞാൻ ഭക്ഷണം കഴിഞ്ഞ് എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങി. പിന്നീട് പോയത് റോസിയോ എന്ന മനോഹരവും വളരെ പഴക്കവുമുള്ള ഒരു തെരുവിൽ ആണ്. അവിടെ ഒരു ചത്വരം മുഴുവൻ ക്രിസ്തുമസ് കടകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. എല്ലായിടത്തും തോരണങ്ങളും വർണ ബൾബുകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഒരു മിഠായി കടയിൽ കയറി അതിന്റെ ഉടമയായ ക്രിസ്റ്റീന മൗറിസിയോയെ പരിചയപെട്ടു. അവർ കുറേ ക്രിസ്തുമസ് വിശേഷങ്ങൾ കൂടി പറഞ്ഞു. "കുടുംബാംഗങ്ങൾ സാധാരണയായി ഡിസംബർ 24-ന് രാത്രി അത്താഴത്തിന് ഒത്തുകൂടുകയും 25ന് ഉച്ചഭക്ഷണം വരെ ഒരുമിച്ച് ആഘോഷങ്ങളിൽ പങ്കെടുക്കുകയും ചെയ്യും. 24-ാം തീയതി അത്താഴത്തിന് ശേഷം സമ്മാനങ്ങൾ കൈമാറുന്ന പതിവും ഉണ്ട്. പാതിരാ കുർബാനയിൽ പങ്കെടുക്കുന്നതും ഇവിടത്തുകാരുടെ ഒഴിവാക്കാനാകാത്ത ശീലമാണ്. യേശുവിന്റെ ജനനം ആഘോഷിക്കുന്ന പാതിരാകുർബാനയെ മിസ്സാ ദോ ഗാലോ എന്നാണ് ഇവർ വിളിക്കുന്നത്. കുർബാന കഴിഞ്ഞ് ആളുകൾ വീട്ടിലെത്തിയ ശേഷമാണ് ഉണ്ണി യേശുവിനെ പുൽക്കൂട്ടിലെ തൊട്ടിലിൽ കിടത്തുന്നത്" പോർച്ചുഗലിലേയും കേരളത്തിലേയും ക്രിസ്മസ് ആഘോഷങ്ങൾക്ക് കുറേയൊക്കെ സമാനതകളുണ്ടെന്ന് എനിക്കു തോന്നി.

portughese-8
portughese-3

പരമ്പരാഗത ക്രിസ്മസ് ഭക്ഷണം

ക്രിസ്മസ് രാത്രിയിൽ പോർച്ചുഗീസുകാർ കഴിക്കുന്ന പരമ്പരാഗത വിഭവമാണ് “ബകാൽഹോ കോം തോദോസ്”. വേവിച്ച കോഡ് മത്സ്യം അല്ലെങ്കിൽ നീരാളി, ഉരുളക്കിഴങ്ങ്, കാരറ്റ്, മുട്ട, ഒലിവ് ഓയിൽ, പോർച്ചുഗീസ് കാബേജ് എന്നിവ ഉപയോഗിച്ചാണ് ഇത് പാകം ചെയ്യുന്നത്. അതോടൊപ്പം അവർക്ക് വെള്ളയോ പച്ചയോ വീഞ്ഞുമുണ്ടാവും. വൈൻ നിത്യജീവിതത്തിന്റെ ഭാഗമാണെങ്കിലും പ്ലം കേക്ക് ഇവിടെയില്ല. അത് ഇംഗ്ലീഷുകാരുടെ വിഭവമാണത്രേ. ഈ വിഭവങ്ങളിൽ നിന്ന് മാംസം ഒഴിവാക്കുന്നത് ശ്രദ്ധേയമാണ്. ക്രിസ്മസിന് ശേഷമുള്ള കുർബാന കഴിഞ്ഞ് മാത്രമേ അവർ മാംസം ഭക്ഷിക്കാറുള്ളൂ.

പരമ്പരാഗത ഉച്ചഭക്ഷണമില്ലാതെ ക്രിസ്മസ് അപൂർണ്ണമാണ്. സ്റ്റഫ് ചെയ്ത ടർക്കി അല്ലെങ്കിൽ റോസ്റ്റ് ചെയ്ത ആട്ടിൻകുട്ടി നിർബന്ധമാണ്. ചില സ്ഥലങ്ങളിൽ രണ്ടും ഉണ്ടാവും. ചിലർ തലേരാത്രിയിലെ കോഡ് മത്സ്യവും ഉരുളക്കിഴങ്ങും ചേർത്ത് പുതിയൊരു വിഭവമായ റൗപ വെൽഹ ഉണ്ടാക്കാറുണ്ട്. നേരത്തെ പറഞ്ഞപോലെ പോർച്ചുഗീസ് ഭക്ഷണത്തിൽ വൈൻ ഒഴിച്ചുകൂടാനാവാത്തതാണ്, ക്രിസ്മസ് ഉച്ചഭക്ഷണത്തിന് റെഡ് വൈൻ മാത്രമേ ഉപയോഗിക്കാറുള്ളൂ,

portughese-4
portughese-7

പോർച്ചുഗീസുകാർക്ക് ക്രിസ്മസിന് മധുരപലഹാരങ്ങൾ ഒഴിവാക്കാറില്ല. ബോലോ റെയ് (ബദാം, ഉണക്കമുന്തിരി, അണ്ടിപ്പരിപ്പ് തുടങ്ങിയവ നിറച്ച മധുരപലഹാരം), ഫിൽഹോസ് (കറുവപട്ടയും മൈദയും കൊണ്ട് ഉണ്ടാക്കി നല്ലപോലെ മൊരിയിച്ച് എടുക്കുന്ന ഒരു പലഹാരം), കോസ്കോറിയോസ് (പ്രത്യേക ആകൃതിയിൽ ഉണ്ടാക്കിയ വറുത്ത മൈദ പലഹാരം), അലേട്രിയ (മധുരമുള്ള പാസ്ത), പാവോ ദേ ലോ (മുട്ടകൊണ്ട് ഉണ്ടാക്കിയ സ്പോഞ്ച് കേക്ക് പോലത്തെ ഒരു വിഭവം), റബനദസ് (പോർച്ചുഗീസ് ഫ്രഞ്ച് ടോസ്റ്റ്) എന്നിവയാണ് ഉച്ചഭക്ഷണത്തിന് ശേഷമുള്ള മറ്റ് മധുര പലഹാരങ്ങൾ.

portughese-5

"പോർച്ചുഗീസ് ആചാരമനുസരിച്ച് ബോലോ റെയ്യിൽ നിന്ന് ഫാവബീൻ ലഭിക്കുന്ന കുടുംബാംഗം അടുത്ത വർഷം ബോലോ റെയ് വാങ്ങുകയോ ഉണ്ടാക്കുകയോ ചെയ്യണം,” ക്രിസ്റ്റീന പറയുന്നു. ബാക്കി വരുന്ന ഭക്ഷണം കുടുംബാംഗങ്ങൾക്കിടയിൽ വീതിക്കുകയും പുതുവർഷം വരെ സൂക്ഷിച്ചു വച്ച് കഴിക്കുകയും ചെയ്യുന്നു.