Monday 21 February 2022 03:59 PM IST

തോണി തുഴയാൻ യുവാക്കളില്ല, മീൻപിടിക്കാനും അറിയില്ല: ‘ഒമാനിലെ കൊടുങ്ങല്ലൂരിന്റെ’ വിലാപം

Baiju Govind

Sub Editor Manorama Traveller

oman main

ആയിരത്തിലേറെ വർഷം പഴക്കമുള്ള ഒരു ഭാഷയും പുരാതന സംസ്കാരവും ഇല്ലാതാകുന്ന നൊമ്പരം പങ്കുവയ്ക്കുന്നു ഗൾഫിലെ ഒരു സമൂഹം. മീൻപിടിച്ചും വള്ളം തുഴഞ്ഞും അത്താഴത്തിനു വഴി കണ്ടെത്തിയ കുടുംബങ്ങളിലെ ചെറുപ്പക്കാർക്കു ചൂണ്ടയിടാൻ പോലും അറിയില്ല. പുതുതലമുറ രാജ്യ തലസ്ഥാനമായ മസ്കത്തിലേക്കു തൊഴിൽ തേടി പോവുകയാണ്. വിദ്യാഭ്യാസം നേടിയ യുവത്വത്തിനു പൂർവിക ഭാഷയായ ‘കുംസാരി’യിൽ സംസാരിക്കാൻ അറിയില്ല. മുസാന്തം പ്രവിശ്യയുടെ പൈതൃക സംസ്കാരം ഇല്ലാതാവുകയാണെന്നു വേവലാതിപ്പെടുന്നു നാട്ടു കാരണവന്മാർ. ഇപ്പോൾ അറുപതു കഴിഞ്ഞവരുടെ തലമുറയും കാലയവനികയ്ക്കു പിന്നിലേക്കു നീങ്ങിയാൽ കുംസാർ പ്രദേശം ഒമാനിലെ മുസാന്തം പ്രവിശ്യയുടെ ചരിത്രമാകും, പഴയ കഥയായി മാറും.

പ്രകൃതിഭംഗിയിൽ ഗൾഫിലെ ഏറ്റവും മനോഹരമായ പ്രദേശമെന്നു വിശേഷിപ്പിക്കാവുന്ന സ്ഥലമാണ് ഒമാനിൽ വടക്കു ഭാഗത്തുള്ള മുസാന്തം പ്രവിശ്യ. കാറ്റും മഴയും വേനലും മഞ്ഞു കാലവും മുസാന്തത്തിന്റെ പ്രകൃതിയെ മനോഹരമാക്കുന്നു. എക്കൽമണ്ണ് കൂനയിട്ടതുപോലെ മലകൾ. കുന്നുകളുടെ നടുവിൽ തളം കെട്ടിയ കടൽ. മരങ്ങളും ചെടിയുമില്ല. മീൻപിടുത്തക്കാരും കുടുംബങ്ങളും അവർ വളർത്തുന്ന ആടുകളുമാണു മുസാന്തം പ്രവിശ്യയിലെ സമൂഹം.

ഖസബ് പട്ടണം താണ്ടിയാൽ വീടും കടകളുമില്ല. മലകളുടെ നടുവിൽ വരയിട്ട പോലെ നീണ്ട പാതയുടെ ഇരുവശത്തും കുന്നുകളാണ്. മുസാന്തം കടൽത്തീരത്ത് അവസാനിക്കുന്ന വഴിയുടെ സമീപത്തു കടകളുണ്ട്. കുംസാറിലേക്കുള്ള യാത്രക്കാർക്കു വേണ്ടി തീരത്തു ബോട്ടുകൾ കാത്തു കിടക്കുന്നു. രണ്ടര മണിക്കൂർ യാത്ര ചെയ്താൽ കുംസാറിലെത്താം. സ്പീഡ് ബോട്ട് യാത്രയ്ക്ക് അരമണിക്കൂർ യാത്ര.

‘നോർവെ ഓഫ് അറേബ്യ’ എന്നാണു മുസാന്തം അറിയപ്പെടുന്നത്. പാറക്കൂട്ടവും മൺതിട്ടയും അതിരിട്ട കടൽത്തീരമാണ് ഈ വിശേഷണത്തിനു വഴിയൊരുക്കിയത്. മുസാന്തം പ്രവിശ്യയിലെ ഏറ്റവും പുരാതന ഗ്രാമമാണു കുംസാർ. പേർഷ്യൻ, അസീറി, തുർക്കി, ഇംഗ്ലിഷ്, ഹിന്ദി ഭാഷകൾ ചേർന്നതാണു ‘കുംസാരി’ ഭാഷ.

oman main 1

മുസാന്തം കടൽത്തീരം ആസ്വദിക്കാനായി ദുബായിയിൽ നിന്നും മസ്കത്തിൽ നിന്നും ആളുകൾ എത്താറുണ്ട്. കുംസാർ പ്രദേശത്തു കൂടി ബോട്ട് സവാരി നടത്തിയിട്ടുള്ളവർ കുംസാരിയുടെ പൈതൃകവും പാരമ്പര്യവും മനസ്സിലാക്കുന്നു. ‘ഒമാനിലെ അദ്ഭുതമാണു കുംസാർ’ – തദ്ദേശീയർ പറയുന്നു. കടലും കുന്നുകളുമുള്ള വരണ്ട ഭൂമിയിൽ ശുദ്ധജലമുണ്ട്. വിദേശീയർ വന്നിറങ്ങിയത് ഈ തീരത്തായിരുന്നു... അവർ ചൂണ്ടിക്കാട്ടുന്നു. നൂറ്റാണ്ടുകൾക്കു മുൻപ് ഇന്ത്യക്ക് കൊടുങ്ങല്ലൂർ കടൽത്തീരം എങ്ങനെ ആയിരുന്നോ അതു പോലെയാണു ഗൾഫിനു മുസാന്തം.

കുംസാർ ഗ്രാമത്തിലുള്ളവർക്ക് ആറു മാസം മീൻ പിടിത്തമാണു തൊഴിൽ. കടൽ ക്ഷോഭിക്കുമ്പോൾ അവർ ഈന്തപ്പനകളുള്ള പ്രദേശത്തേയ്ക്കു നീങ്ങും. പുരുഷന്മാർ പനയിൽ കയറും. ഈന്തപ്പഴം ഉണക്കലും കുട്ടയിൽ നിറയ്ക്കലും സ്ത്രീകളുടെ ജോലി. വീടും തൊഴിലിടവുമായി കഴിഞ്ഞു പോന്നിരുന്ന സമൂഹത്തിലെ പുതുതലമുറ വിദ്യാഭ്യാസത്തിൽ ശ്രദ്ധയൂന്നിയതോടെ കുംസാറിൽ ചെറുപ്പക്കാരുടെ എണ്ണം കുറ‍ഞ്ഞു. യുവത്വം പഠനത്തിനായി മസ്കത്തിലേക്കും ദുബായിയിലേക്കും പോകുന്നു. മാറ്റം അംഗീകരിക്കുന്നുവെങ്കിലും യുവാക്കൾ ജന്മദേശത്തിന്റെ പാരമ്പര്യത്തെ മറക്കരുതെന്ന് ഓർമിപ്പിക്കുന്നു പഴയ തലമുറ. രണ്ടു നൂറ്റാണ്ടു മുൻപ് ഗൾഫ് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട കടൽത്തീരമായിരുന്നു കുംസാർ. ഇവിടെ ശുദ്ധജലം ലഭ്യമായതിനാൽ എത്ര ദിവസം വേണമെങ്കിലും താമസിക്കാം. യാനങ്ങൾക്ക് തീരമണയാൻ പറ്റിയ കാലാവസ്ഥയായതിനാൽ ഗൾഫിലെ പ്രധാന മസ്കത്ത്, ബസ്ര, സാൻസിബാർ എന്നിവിടങ്ങളിൽ നിന്നു വ്യാപാരികൾ കുംസാറിലെത്തി. ഇന്ത്യയിൽ നിന്നു കടൽമാർഗം ഗൾഫിലേയ്ക്കു നീങ്ങിയവരും കുംസാർ കടപ്പുറത്ത് കാലു കുത്തിയതായി മുസാന്തം പ്രവിശ്യയുടെ ചരിത്രം വെളിപ്പെടുത്തുന്നു. ഇക്കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് നാടും നാട്ടുഭാഷയും മറക്കരുതെന്ന് സ്വന്തം സമൂഹത്തിലെ ചെറുപ്പക്കാരെ ഓർമിപ്പിക്കുന്നു മുസാന്തം പ്രവിശ്യയിൽ താമസിക്കുന്ന ദേശസ്നേഹികളായ ‘കുംസാരി’കൾ.

Tags:
  • Manorama Traveller