2010 ലെ വേനൽക്കാലത്താണ് ഫിൻലൻഡിലെ ഹെൽസിങ്കിയിൽ നിന്ന് അഞ്ചു മണിക്കൂർകൊണ്ട് പോയി വരാവുന്ന ആഢംബരക്കപ്പൽ യാത്ര ആദ്യമായി നടത്തുന്നത്. എേസ്റ്റാണിയയുടെ തലസ്ഥാനമായ ടാലിനിലേക്ക് ആയിരുന്നു ആ യാത്ര. ടാലിൻ കാഴ്ചകള്‍ ആസ്വദിക്കാൻ അവസരം കിട്ടുന്ന കടൽസഞ്ചാരം പിന്നീടങ്ങോട്ട് വീക്കെൻഡ് ട്രിപ്പുകളിലെ ലിസ്റ്റിൽ ആദ്യസ്ഥാനം നേടി.
ആഢംബര കപ്പലുകൾക്ക് നോർഡിക് രാജ്യങ്ങൾ പ്രശസ്തമാണ് . ഫിൻലൻഡിലെ പ്രമുഖ കപ്പൽ കമ്പനികളാണ് സിൽജ ലൈനും വീക്കിങ് ലൈനും. ഓളങ്ങളിൽ ഒഴുകി നടക്കുന്ന സ്റ്റാർ ഹോട്ടലുകളെന്ന് വിശേഷിപ്പിക്കാവുന്നവയാണ് ഈ കപ്പലുകൾ. ഹെൽസിങ്കിയിൽ നിന്നും അയൽ രാജ്യങ്ങളായ എേസ്റ്റാണിയ, സ്വീഡൻ എന്നിവിടങ്ങളിലേക്ക് ദിവസേന ഈ കപ്പൽ സർവീസുണ്ട്. വിവിധ പാക്കേജുകളായാണ് യാത്രാരീതി. ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. മേയ് പകുതിയോടെ തുടങ്ങുന്ന വേനൽക്കാലമാണ് സീസൺ എങ്കിലും ഏതു കാലാവസ്ഥയിലും കപ്പൽ യാത്ര ആസ്വദിക്കാൻ സഞ്ചാരികളെത്തുന്നു.

ആലപ്പുഴയിലെ വഞ്ചിവീട് കാണുമ്പോൾ മലയാളികൾക്ക് തോന്നുന്ന അതേ വികാരമാണ് നോർഡിക് രാജ്യങ്ങളിലെ ജനങ്ങൾക്ക് ഈ കപ്പൽ യാത്ര. വലിയ പുതുമയൊന്നുമില്ല. കാരണം അത് അവരുടെ ജീവിതത്തിലെ നിത്യകാഴ്ചയാണ്. എന്നാൽ മറ്റു രാജ്യക്കാർക്ക് ആസ്വാദ്യകരമായ അനുഭവമായിരിക്കും ഈ ആഢംബരകപ്പൽ സഞ്ചാരം.
ഒഴുകുന്ന കൊട്ടാരത്തിൽ

ഷെങ്കൻ വീസയും ഏകദേശം 70 യൂറോ (6200 രൂപ) യും ഉണ്ടെങ്കിൽ ഹെൽസിങ്കിയിൽ നിന്നും ടാലിനിൽ പോയി വരാം. കപ്പൽ ഗേറ്റ് തുറക്കുമ്പോഴേക്കും സഞ്ചാരികൾ തിടുക്കത്തിൽ കപ്പലിനുള്ളില്‍ കയറി ഏതെങ്കിലും റസ്റ്ററന്റിൽ മനോഹരമായ കടൽ കാഴ്ച ആസ്വദിക്കാൻ പറ്റുന്ന ഇരിപ്പിടം തേടിപ്പിടിക്കും. കൂടുതൽ പണം മുടക്കി സ്വന്തമായി ക്യാബിൻ ബുക്ക് ചെയ്തു പോകാനും സൗകര്യമുണ്ട്. ഹെൽസിങ്കിയിൽ നിന്നും വൈകുന്നേരം വൈകി പുറപ്പെട്ടു, രാത്രി മുഴുവൻ കപ്പലിലെ ക്യാബിനിൽ കിടന്നുറങ്ങി അടുത്ത ദിവസം ഉന്മേഷവാന്മാരായി ടാലിൻ സന്ദർശിക്കുവാനും അവസരമുണ്ട്. അത്തരം പാക്കേജിൽ കൂടുതൽ പണം മുടക്കണമെന്നു മാത്രം. പത്തുനിലകളുള്ള സിൽജലൈനിന്റെ മെഗാസ്റ്റാറിലായിരുന്നു ഞങ്ങളുടെ ടാലിൻ യാത്ര. കടൽ കാഴ്ചയുള്ള 415 ക്യാബിനുകൾ , 7 റസ്റ്ററന്റുകൾ, 8 കടകൾ , 3 ജക്കുസികൾ , 2 ബോൾ പൂളുകൾ , 2 നൈറ്റ് ക്ലബ്ബുകൾ , കാസിനോ ഇവയെല്ലാം സിൽജ ലൈനിൽ സജ്ജമാണ്. കപ്പലിന്റെ വലുപ്പമനുസരിച്ചു ഇവയിൽ മാറ്റങ്ങൾ ഉണ്ടാവാം. സിൽജ ലൈനിന്റെ കപ്പലുകളായ സിൽജ സെറിനേഡിലും സിൽജ സിംഫണിയിലും ഈ യാത്രയിൽ സഞ്ചാരികൾക്ക് ആവശ്യമായ എല്ലാസൗകര്യങ്ങളുമുണ്ട്.
ഇവിടുത്തെ റസ്റ്ററന്റുകളിൽ ഇരുന്ന് ഒരു ഡ്രിങ്ക് നുകർന്നുകൊണ്ടു സംഗീതം ആസ്വദിക്കാം, കൂട്ടുകാരുമൊത്തു സ്കാൻഡിനേവിയൻ പാട്ടുകൾക്ക് ചുവടുകൾ വയ്ക്കാം അതുമല്ലെങ്കിൽ സൂര്യാസ്തമയം കണ്ണിൽ നിറയ്ക്കാം. മനോഹരമായ ഷോകൾക്കും മറ്റ് വിനോദങ്ങൾക്കും പുറമേ വിപുലമായ ഷോപ്പിങ് നടത്താനുള്ള അവസരവും കപ്പലിനുള്ളിലുണ്ട്.
ടാലിൻ, പൈതൃക നഗരി

ഹെൽസിങ്കിയിൽ നിന്നും കപ്പലിൽ രണ്ടര മണിക്കൂറുകൊണ്ട് ടാലിനിൽ എത്തിച്ചേരാം . ബാൾട്ടിക് കടലിലെ ഫിൻലാൻഡ് ഉൾക്കടലിന്റെ തീരത്ത് വടക്കൻ എസ്റ്റോണിയയിലെ ഒരു ഉൾക്കടലിലാണ് ഈ കൊച്ചു നഗരം സ്ഥിതിചെയ്യുന്നത്. യൂറോപ്പിലെ ഏറ്റവും മികച്ച സംരക്ഷിത മധ്യകാല നഗരങ്ങളിലൊന്നാണ് ടാലിനിലെ ‘പുരാതന നഗരം’ . യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ടാലിൻ ഇടം പിടിച്ചിട്ടുണ്ട്. മിക്കവാറും എല്ലാ യൂറോപ്യൻ നഗരങ്ങളും സമാന നിർമിതിയാണെങ്കിലും ടാലിനെ വ്യത്യസ്തമാക്കുന്നത്, പതിമൂന്നാം നൂറ്റാണ്ടിലെ പഴയ നഗരമാതൃകയാണ്. രണ്ടാം ലോക മഹാ യുദ്ധത്തിൽ ഈ നഗരത്തിന്റെ ചെറിയ ഭാഗങ്ങൾ തകർക്കപ്പെട്ടിരുന്നുവെങ്കിലും അവ പുതുക്കി ഇപ്പോഴും കൃത്യമായി സംരക്ഷിച്ചിരിക്കുന്നു.
എസ്റ്റോണിയയിലെ ഏറ്റവും ജനസംഖ്യയുള്ളതും തലസ്ഥാന നഗരവുമാണ് ടാലിൻ. ഏകദേശം നാലര ലക്ഷത്തിനടുത്താണ് ഈ തലസ്ഥാനനഗരിയിലെ ജനസംഖ്യ. മധ്യകാല അന്തരീക്ഷവും അസാധാരണമാംവിധം നന്നായി സംരക്ഷിക്കപ്പെട്ട തെരുവ് ശൃംഖലയും നഗര മതിലുകളും ടാലിൻ എന്ന ഈ യൂറോപ്യൻ നഗരത്തിന്റെ മാത്രം ആകർഷണമാണ് .
ഓൾഡ് ടൗണിലെ കാഴ്ചകൾ പുതുമയോടെ
ഓൾഡ് ടൗണിനെ സുന്ദരമാക്കുന്നത് അതിനെ ചുറ്റിപ്പറ്റിയുള്ള മതിലുകളുടെയും ഗോപുരങ്ങളുമാണ്. ഇടുങ്ങിയതും കല്ലുകൾ നിറഞ്ഞതുമായ തെരുവുകളിൽ , നൂറ്റാണ്ടുകൾ പഴക്കമുള്ള വാസ്തുവിദ്യ നമുക്ക് ആസ്വദിക്കാം. കോട്ടകളിൽ കയറി , നിഗൂഢമായ മുറ്റങ്ങളിലേക്കും കമാനപാതകളിലേക്കും എത്തിനോക്കാം.
പൊതുവെ മദ്യത്തിന് വിലക്കുറവുള്ള ടാലിനിലേക്കു ഇത് വാങ്ങാൻ മാത്രമായി പോകുന്ന വിദേശികളുണ്ട്. ഹെൽസിങ്കിയിൽ നിന്നും ട്രോളികളുമായി പോയി തിരികെയുള്ള യാത്രയിൽ ബിയർ കുപ്പികൾ നിറച്ചു വരുന്ന കാഴ്ച സർവസാധാരണമാണ്.
‘ഓൾഡ് ടൗണിന്റെ’ ഹൃദയഭാഗത്താണ് ടൗൺ ഹാൾ സ്‌ക്വയർ. പഴയ കാലത്തു മാർക്കറ്റ് സ്ക്വയറും, ഗവൺമെന്റിന്റെ പ്രധാന കേന്ദ്രവുമായിരുന്നു ഇവിടം. ഇപ്പോൾ ഓപ്പൺ എയർ കൺസേർട്ടുകളും , മേളകളും , ‘ഫെയറി-കഥകൾ’ പറയുന്ന ക്രിസ്മസ് മാർക്കറ്റ് വരെയുള്ള വിവിധ പരിപാടികൾക്കുള്ള വേദിയുമാണിവിടം .

1441 ൽ ലോകത്തിലെ ആദ്യത്തെ പൊതു ക്രിസ്മസ് ട്രീ സ്ഥാപിച്ചത് ഇവിടെയാണ്. കൂടുതൽ സഞ്ചാരികളെത്തുന്ന വേനൽക്കാലത്ത് ഇവിടം ഔട്ട്‌ഡോർ കഫേകളാൽ നിറഞ്ഞിരിക്കും.
നഗരമതിലിൽ എന്തു കാണാം
മധ്യകാലത്ത് ആക്രമണങ്ങളിൽ നിന്ന് നഗരത്തെ സംരക്ഷിച്ചിരുന്ന ‘ടാലിൻ സിറ്റി വോൾ’ ഓൾഡ് ടൗണിലെ പ്രധാന ആകർഷണമാണ്. പതിമൂന്നാം നൂറ്റാണ്ടിലാണ് ടാലിൻ നഗര മതിലിന്റെ ഏറ്റവും പഴയ ഭാഗങ്ങൾ നിർമിച്ചത്. തൊട്ടടുത്ത മൂന്ന് നൂറ്റാണ്ടുകളിൽ, വടക്കൻ യൂറോപ്പിലെ ഏറ്റവും വലുതും ശക്തവുമായ പ്രതിരോധ സംവിധാനങ്ങളിലൊന്നായി ഇത് മാറി. നൂനെ, സൗന, കുൽദ്ജാല ടവറുകളെ ബന്ധിപ്പിക്കുന്ന മതിലിന്റെ ഒരു ചെറിയ ഭാഗത്ത് സന്ദർശകർക്ക് നടക്കാൻ അവസരമുണ്ട്.

നഗരമതിൽ ആസ്വദിക്കുന്നതിനുള്ള നല്ലൊരു സ്ഥലമാണ് പട്കുളി വ്യൂവിംഗ് പ്ലാറ്റ്ഫോം. പഴയ പട്ടണത്തിന്റെയും ടൂമ്പിയയുടെയും മനോഹരമായ കാഴ്ച മതിലിൽ നിന്നും ആസ്വദിക്കാം. എസ്തോണിയൻ പാർലമെന്റിന്റെ ആസ്ഥാനമാണ് ടൂമ്പിയ കോട്ട. ടാലിൻ നഗരം മുഴുവൻ ചുറ്റി കറങ്ങാൻ നാലു മണിക്കൂറെങ്കിലുമെടുക്കും.
രാവിലെ കപ്പലിൽ ടാലിനിൽ എത്തി നാലു മണിക്കൂറുകൊണ്ട് നഗരം ചുറ്റിക്കറങ്ങി, അതേ കപ്പലിൽ തന്നെയായിരുന്നു മടക്കയാത്ര. പുറപ്പെടുന്നതിനു അരമണിക്കൂർ മുൻപേ കപ്പലിലേക്കുള്ള ഗേറ്റ് അടച്ചുപൂട്ടും. അതിനാൽ വൈകി എത്തിയാൽ കപ്പൽ അതിന്റെ വഴിക്കു പോകും. സമയനിഷ്ഠയുള്ള നോർഡിക് രാജ്യങ്ങളിലെ ജനങ്ങൾക്ക് ഇതു വലിയ കഥയൊന്നുമല്ല.