അത് ബാഡ് ടച്ചാണ്. മാമൻ കുറ്റം ചെയ്തിട്ടുണ്ട്. ഗുഡ് ടച്ചും ബാഡ് ടച്ചും സ്കൂളിൽ പഠിപ്പിച്ചിട്ടുണ്ട്.’
തിരുവനന്തപുരത്ത് പീഡനത്തിന് ഇരയായ ഒൻപതുവയസ്സുകാരൻ കോടതിയിൽ പറഞ്ഞ വാക്കുകളാണിത്. വിചാരണവേളയിലാണ് കുട്ടി കോടതിയോട് ഇങ്ങനെ പറഞ്ഞത്. വീട്ടുജോലിക്കു വന്ന അൻപത്തിനാലുകാരനായ പ്രതി കുട്ടിയെ ബലമായി പിടിച്ച് സ്വകാര്യഭാഗത്ത് സ്പർശിക്കുകയായിരുന്നു.
ഈ കുഞ്ഞിന്റെ വാക്കുകൾ മനസ്സിനെ സ്പർശിക്കാത്തവരുണ്ടെങ്കിൽ അവർ കുട്ടികളോട് അൽപം പോലും ദയയുള്ളവരാകില്ല. ഈ കുഞ്ഞ് പറഞ്ഞ മാമനും അത്തരക്കാരനായിരുന്നു. ഈ തെറ്റിന് കോടതി പ്രതിക്ക് വിധിച്ചത് അഞ്ചു വർഷം കഠിന തടവും 25,000 രൂപ പിഴയുമാണ്. പോക്സോ കേസ് പ്രകാരമായിരുന്നു വിധി. പോക്സോ കേസുകൾ ദിനംപ്രതി കൂടുന്ന അവസ്ഥയാണ് ഉള്ളത്. കുട്ടികൾക്ക് പ്രതികരിക്കാനും ചെറുത്തുനിൽക്കാനും സാധിക്കില്ല എന്നതാണ് പ്രതികളുടെ സൗകര്യം. എന്നാൽ പോക്സോ നിയമം ഇത്തരം കേസുകളിൽ കുട്ടിക്ക് തുണയാകുന്നു.
എന്താണ് പോക്സോ നിയമം (POCSO) ?
2012 ജൂൺ 14 നാണ് പോക്സോ (പ്രൊട്ടക്‌ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്‌ഷ്വൽ ഒഫൻസസ്) നിയമം നിലവിൽ വ ന്നത്. വ്യക്തി എന്ന നിലയിലേക്കുള്ള കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് വേണ്ട സംരക്ഷണം നിയമം ഉറപ്പ് തരുന്നു. ലൈംഗിക ചൂഷണങ്ങളിൽ നിന്ന് ആൺ–പെൺ വ്യത്യാസമില്ലാതെ നിയമസംരക്ഷണവും നീതിയും ഉറപ്പാക്കുന്നതാണ് പോക്സോ നിയമം.
ഏതു പ്രായം വരെയുള്ള കുട്ടികൾക്കാണ് പോക്സോ നിയമപ്രകാരമുള്ള സംരക്ഷണം ?
ഇന്ത്യയിലെ നിയമ വ്യവസ്ഥയനുസരിച്ച് പൂർണ വളർച്ചയെത്തുന്ന പ്രായം പതിനെട്ടാണ്. 18 വയസ്സിൽ താഴെയുള്ള ഏ തൊരു വ്യക്തിയും നിയമത്തിന്റെ മുന്നിൽ കുട്ടിയാണ്.
ഏതു പ്രായത്തിലുള്ള കുട്ടിയോടുമുള്ള ലൈംഗിക അ തിക്രമം ഒരേ കണ്ണോടെയല്ല നിയമം കാണുന്നത്. കുട്ടിയുടെ പ്രായം, കുറ്റകൃത്യത്തിന്റെ സ്വഭാവം, ഏതു സ്ഥാനത്തിരിക്കുന്നയാൾ ചെയ്തു തുടങ്ങിയ പല വിഭാഗീകരണങ്ങളിലൂടെയാണ് കുറ്റകൃത്യത്തിനുള്ള ശിക്ഷ വിധിക്കുന്നത്.
പോക്സോ നിയമപ്രകാരം എന്തെല്ലാമാണ് കുറ്റകൃത്യം ?
∙ ലൈംഗികമായി കുട്ടികളെ ഉപയോഗിക്കുകയോ ശരീരഭാഗങ്ങളിൽ തൊടുകയോ, ലൈംഗിക അവയവമോ, മറ്റു വസ്തുക്കളോ പ്രവേശിപ്പിക്കുകയോ ചെയ്യുന്നതും ഏഴു വർഷം മുതൽ ജീവിതകാലം മുഴുവൻ നീളുന്ന ജീവപര്യന്തം തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
∙ ലൈംഗിക ചിന്തയോടെ കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുക, അല്ലെങ്കിൽ തങ്ങളുടെ ശരീരത്തിൽ തൊടുവിക്കുക, സ്പർശിക്കാൻ പ്രേരിപ്പിക്കുക എന്നിവ ലൈംഗിക അതിക്രമമാണ്. മൂന്നു മുതൽ അഞ്ചു വർഷം വരെ തടവുശിക്ഷയും പിഴയും കിട്ടാവുന്ന കുറ്റമാണിത്.
∙ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ അവരുടെ സംരക്ഷണ ചുമതലയുള്ളവരിൽ നിന്നായാൽ ശിക്ഷയുടെ കാഠിന്യവും കൂടും.
അനാഥാലയം, ചിൽഡ്രൻസ് ഹോം, പ്രൊട്ടക്‌ഷൻ ഹോം, ആശുപത്രികൾ തുടങ്ങിയവയുടെ നടത്തിപ്പുകാർ, പൊലീസ് ഉദ്യോഗസ്ഥർ, സർക്കാർ ഉദ്യോഗസ്ഥർ, ഡോക്ടർമാർ, അധ്യാപകർ, വിദ്യാഭ്യാസ സ്ഥാപനത്തിലെ ജോലിക്കാർ, ബന്ധുമിത്രാദികൾ, വിവാഹം വഴി ബന്ധമുള്ളവർ എന്നിവർ കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുകയോ ശ്രമിക്കുകയോ ചെയ്താൽ ചുരുങ്ങിയത് പത്തു വർഷം മുതൽ ആജീവനാന്തം ജീവപര്യന്തം തടവും പിഴയും ആണ് ശിക്ഷ.
∙ ലൈംഗിക ചൂഷണത്തിന് വിധേയരാകുന്ന കുട്ടികളുടെ പ്രായവും ശിക്ഷയുടെ കാഠിന്യത്തെ നിർണയിക്കും. കാരണം പ്രായം കുറവുള്ള കുട്ടിക്ക് ലൈംഗികമായ പ്രവൃത്തി തിരിച്ചറിയാനോ മനസ്സിലാക്കാനോ അനുവാദം നൽകാനോ ഉള്ള പാകതയുണ്ടാകില്ല. 18 വയസ്സിനു താഴെ, 16 വയസ്സിനു താഴെ, 12 വയസ്സിനു താഴെ എന്നിങ്ങനെയാണ് പ്രായത്തെ തിരിച്ചിരിക്കുന്നത്.
18 വയസ്സോ അതിൽ താഴെയോ പ്രായമുള്ള കുട്ടിയുടെ അനുവാദത്തോടെ ലൈംഗിക പ്രവൃത്തി നടത്തിയാലും കുട്ടിയാണ് എന്നതിനാൽ പോക്സോ കേസ് പ്രകാരം ശിക്ഷ ലഭിക്കും.
∙ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതും അതിനു ശ്രമിക്കുന്നതും ജീവപര്യന്തം ത ടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
∙ കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയത് എച്ച്ഐവി അണുബാധയ്ക്ക് കാരണമാകുകയോ, പെൺകുട്ടിയാണെങ്കിൽ ഗർഭിണിയാകുകയോ ചെയ്താൽ ജീവപര്യന്തം തടവുശിക്ഷയും പിഴയും ലഭിക്കും.
∙ പ്രകൃതിദുരന്ത സമയത്ത് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുക, ഒരേ കുറ്റം വീണ്ടും ചെയ്യുക, കൂട്ടം കൂടി ലൈംഗികചൂഷണം ചെയ്യുക, നഗ്നരായി നടത്തുക തുടങ്ങിയവ 20 വർഷത്തിൽ കുറയാത്ത കഠിന തടവുശിക്ഷ, ജീവിതകാലം മുഴുവൻ നീളുന്ന ജീവപര്യന്തം, വധശിക്ഷ എന്നിവ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
18 വയസ്സിൽ താഴെയുള്ള പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചാൽ പോക്സോയ്ക്ക് കീഴിൽ വരുമോ ?
18 വയസ്സിൽ താഴെയുള്ള പെൺകുട്ടിയെ വീട്ടുകാരുടെ സമ്മതത്തോടെയാണെങ്കിലും വിവാഹം കഴിക്കുന്നത് ശൈശവ വിവാഹ നിരോധന നിയമപ്രകാരം കുറ്റകരമാണ്. വിവാഹപ്രായമാകാത്ത കുട്ടിയുടെ ഭർത്താവ് കുട്ടിയുടെ സമ്മതത്തോടെ ലൈംഗികബന്ധത്തിലേർപ്പെടുന്നത് ഐപിസി 376 നിയമപ്രകാരവും പോക്സോ നിയമപ്രകാരവും കുറ്റകരമാണ്.
ശാരീരിക പീഡനം മാത്രമാണോ കുറ്റകൃത്യം ?
പീഡനം ശരീരത്തിൽ തൊട്ടുകൊണ്ടു തന്നെയാകണം എ ന്നില്ല. കുട്ടികളോട് മോശം വാക്കുകൾ പറയുക, ശബ്ദങ്ങ ൾ പുറപ്പെടുവിക്കുക, ആംഗ്യം കാണിക്കുക, ലൈംഗികമായ വസ്തുക്കൾ പ്രദർശിപ്പിക്കുക, നഗ്നശരീരം പ്രദർശിപ്പിക്കുക, കുട്ടിയെ അവരുടെ ശരീരം പ്രദർശിപ്പിക്കാൻ പ്രേരിപ്പിക്കുക, നിരന്തരമായി പിന്തുടർന്നു നോക്കുക എന്നിവ സെക്‌ഷ്വൽ ഹരാസ്മെന്റിൽ പെടുന്നതും ശിക്ഷാർഹമായ കുറ്റവുമാണ്. മൂന്നു വർഷം തടവും പിഴയും ലഭിക്കാം.
പോണോഗ്രഫി പോക്സോയിൽ പെടുമോ ?
ലൈംഗിക ഉദ്ദേശത്തോടെ കുട്ടിയുടെ ഫോട്ടോ, വിഡിയോ ചിത്രീകരിക്കുക, വിവിധ മാധ്യമങ്ങൾ വഴി അത് പ്രചരിപ്പിക്കുക, ഇത്തരം വിഡിയോ, ഫോട്ടോ ഇവ കാണിച്ചു ഭീഷണിപ്പെടുത്തുക, പോണോഗ്രഫിക്കായി ഉപയോഗിക്കുക ഇതെല്ലാം പോക്സോയ്ക്ക് കീഴിൽ പോണോഗ്രഫി എന്നവിഭാഗത്തിൽ പെടുകയും അഞ്ചു വർഷത്തിൽ കുറയാത്ത തടവുശിക്ഷ ലഭിക്കുകയും ചെയ്യുന്ന പ്രവൃത്തികളാണ്.
രണ്ടാമതും ചെയ്താൽ ഏഴു വർഷമായിരിക്കും കുറഞ്ഞ തടവുശിക്ഷ. പോക്സോ കേസിൽ ഇരയെ വിവാഹം കഴിച്ചു എന്നത് കേസ് റദ്ദാകാനോ വിചാരണയിൽ നിന്ന് ഒഴിവാകാനോ ഉള്ള കാരണമല്ല.
ആർക്കാണ് കേസ് ഫയൽ ചെയ്യാൻ കഴിയുക ?
കുറ്റകരമായ പ്രവൃത്തി നടന്നതായോ നടക്കാൻ പോകുന്നതായോ അറിവുള്ള രക്ഷിതാക്കൾ, സ്കൂൾ അധികൃതർ തുടങ്ങി ആർക്കും കേസ് ഫയൽ ചെയ്യാം. കുട്ടികൾക്ക് സ്വന്തമായും ചെയ്യാം. രക്ഷിതാക്കൾ, ഡോക്ടർമാർ, കുറ്റകരമായ പ്രവൃത്തി നടന്നുവെന്നോ നടക്കുമെന്നോ അറിവുള്ളയാൾ വിവരം സ്പെഷൽ ജുവനൈൽ പൊലീസ് യൂണിറ്റിനെയോ ലോക്കൽ പൊലീസിനെയോ അറിയിക്കുകയാണ് വേണ്ടത്. കുട്ടികൾക്കെതിരെ നടക്കുന്ന അതിക്രമം പേര് വെളിപ്പെടുത്താതെ റിപ്പോർട്ട് ചെയ്യണമെന്നുണ്ടെങ്കിൽ 1098 (ചൈൽഡ് ലൈനിൽ) വിളിച്ചു പറയാം. വിവരങ്ങൾ ശേഖരിക്കാനായി റിപ്പോർട്ട് ചെയ്യുന്നയാളുടെ വിവരങ്ങളും ഫോൺനമ്പറും ചൈൽഡ് ലൈനിൽ കൊടുക്കേണ്ടി വന്നാലും അവ രഹസ്യമായി സൂക്ഷിക്കപ്പെടും.
കേസ് ഫയൽ ചെയ്യുന്നതിന് സമയപരിധിയുണ്ടോ ?
കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം റിപ്പോർട്ട് ചെയ്യുന്നതിന് സമയപരിധിയില്ല. കുട്ടിയായിരുന്നപ്പോൾ നേരിടേണ്ടി വന്ന അതിക്രമത്തെക്കുറിച്ച് ഏതു പ്രായത്തിൽ വേണമെങ്കിലും ഒരാൾക്ക് പരാതി നൽകാം.
പോക്സോ കേസ് റജിസ്റ്റർ ചെയ്യപ്പെട്ടാൽ സ്പെഷൽ കോടതികൾ സ്ഥാപിക്കുന്നതിനും വേഗവിചാരണ നടത്തുന്നതിനും നിയമുണ്ട്. കേരളത്തിൽ 43 കോടതികൾ നിലവിലുണ്ട്. 28 എണ്ണം കൂടി ഉടൻ തുടങ്ങും.
ക്രൂരതയ്ക്ക് വേണം ഇരുമ്പഴി
അധ്യാപകനെതിരെ പോക്സോ കേസ്
പെൺകുട്ടികളുടെ ടോയ്‌ലറ്റിൽ മൊബൈൽ ക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയ മുപ്പത്തിയാറുകാരനായ താൽക്കാലിക അധ്യാപകനെതിരെയാണ് കണ്ണൂർ പിണറായിയിൽ പോക്സോ കേസ് എടുത്തത്. സംശയം തോന്നിയ കുട്ടി പറഞ്ഞതിനെത്തുടർന്ന് രക്ഷിതാവ് അധ്യാപകരെ വിവരമറിയിച്ചതോടെയാണ് ഐടി, പോക്സോ ആക്റ്റ് പ്രകാരം കേസെടുത്തത്.
മകൾക്ക് അശ്ലീലദൃശ്യം പിതാവിനെതിരേ കേസ്
11 വയസ്സുകാരിയായ മകൾക്ക് മൊബൈൽ ഫോണിൽ അശ്ലീല ചിത്രങ്ങൾ കാണിച്ചു കൊടുത്ത പിതാവിനെതിരെ പോക്സോ കേസെടുത്തത് തൃശൂരാണ്. അശ്ലീല ചിത്രങ്ങൾ കാണിച്ചു കൊടുക്കുകയും സ്വകാര്യഭാഗത്ത് സ്പർശിക്കുകയും ചെയ്തെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്.
രാഖി റാസ്
വിവരങ്ങൾക്ക് കടപ്പാട്:
അഡ്വ. ഷഹീൻ ബക്കർ
എടപ്പാൾ
കേരള സംസ്ഥാന നിയമ സേവന അതോറിറ്റി (കെൽസ)
ഹൈക്കോർട് കോംപൗണ്ട്, കൊച്ചി
നിയമസഹായത്തിന് 0484 2396717 (24x7), kelsakerala@gmail.com