Monday 13 December 2021 12:06 PM IST : By സ്വന്തം ലേഖകൻ

‘സഹിക്കാൻ പറ്റാത്തത് പുറമേ മാന്യരായി നടക്കുന്നവരുടെ പെരുമാറ്റം’: അമ്മയെന്ന ഒറ്റത്തണൽ: നീതു പറയുന്നു

neethu-single-mom

കുടുംബം എന്നു പറഞ്ഞാൽ മനസ്സില്‍ തെളിയുന്നൊരു ചിത്രമുണ്ട്. ചെറിയ ക്ലാസുകളിലെ പുസ്തകങ്ങളില്‍ കണ്ട് മനസ്സി ല്‍ പതിഞ്ഞ ചിത്രം. അമ്മ, അച്ഛൻ, അ മ്മൂമ്മ, അപ്പൂപ്പൻ, അനിയത്തി, അനിയന്‍... തുടങ്ങി ഒരുപാടു പേരുണ്ട് അവിെട.

കാലം ഇത്ര മാറിയിട്ടും അമ്മയും കുട്ടിയും മാത്രം സന്തോഷത്തോെട ജീവിച്ചാല്‍ അതു കുടുംബമാണെന്നു പറയാന്‍ മടിയാണ് പലർക്കും. അച്ഛനും കുട്ടിയും േചര്‍ന്നു താമസിക്കുന്നതും ആണും പെണ്ണും മാത്രം കൂട്ടായി ജീവിക്കുന്നതും ട്രാൻസ് വ്യക്തികളുെട കൂട്ടായ്മയും ഒക്കെ ‘കൂടുമ്പോള്‍ ഇമ്പമുണ്ടാകുന്ന കുടുംബ’ങ്ങള്‍ തന്നെയെന്ന് ഒരിടത്തും പരാമർശിക്കുന്നില്ല. മാറ്റങ്ങൾ ഉൾക്കൊണ്ട് നിർവചിക്കാൻ കഴിയാത്തി ടത്തു നിന്നു തന്നെ നമ്മൾക്കു ‘സിംഗിൾ മദേഴ്സി’നെ കുറിച്ചു സംസാരിച്ചു തുടങ്ങാം.

വിവാഹബന്ധം വേർപിരിഞ്ഞ് കുഞ്ഞിന്റെ ചുമതല സ്വയം ഏറ്റെടുത്ത് ജീവിക്കുന്ന നാല് അമ്മമാര്‍. ‘നിങ്ങ ൾ പൂർണരല്ല’, ‘നിങ്ങൾക്ക് യഥാർഥ സന്തോഷമുണ്ടാ കില്ല, നിങ്ങൾ കുഞ്ഞിന്റെ ജീവിതം കൂടി ഓർക്കണം’ തുടങ്ങിയ ആവലാതികൾ നേരിട്ടും അല്ലാതെയും കേ ൾക്കേണ്ടി വരുന്ന അമ്മമാരുടെ പ്രതിനിധകളാണിവർ.

വരച്ചിട്ട കളത്തിനുള്ളിൽ ജീവിക്കുന്നവരെ മാത്രം സ്നേഹിക്കുന്ന സമൂഹത്തോട് പടവെട്ടി, സ്വന്തം കാര്യം നോക്കി തന്റേടത്തോടെ ജീവിക്കുന്ന അവർ ഇനി ബാക്കി പറയട്ടെ...

ഡോക്ടർ കേക്ക് മേക്കർ

ഞാൻ ആയുർവേദ ഡോക്ടറാണ്. തൽക്കാലം പ്രാക്ടീസ് ചെയ്യുന്നില്ല. മോന്റെ മാമോദീസയ്ക്ക് ഒരു നല്ല കേക്ക് അന്വേഷിച്ചു വില കേട്ടു ഞെട്ടിയപ്പോ ഴാണ് എന്തുകൊണ്ട് എനിക്കിത് ചെയ്തു കൂടാ എ ന്ന് ചിന്തിക്കുന്നത്. ബേക്കിങ് പണ്ടേ ഇഷ്ടമായിരുന്നു. അങ്ങനെ കേക്ക് മേക്കറായി. ഇപ്പോ അതു ത ന്നെയാണ് പ്രഫഷനും.

മുൻപായിരുന്നു പിരിമുറുക്കം, ഇപ്പോഴല്ല നീതു

സമൂഹത്തിന്റെ ചോദ്യങ്ങള്‍ എങ്ങനെ നേരിടും എന്നതായിരുന്നു വിവാഹമോചന സമയത്ത് എന്നെ ഏറ്റവും അലട്ടിയ പ്രശ്നം. അതു നേരിട്ടതോടെ ധൈര്യമായി. സിംഗിൾ ആയതിനു ശേഷമാണ് സത്യം പറഞ്ഞാൽ ഞാന്‍ സന്തോഷിക്കുന്നത്. അതിന് മുൻപ് മറ്റുള്ളവരെ ബോധിപ്പിക്കാൻ വേണ്ടിയുള്ള എന്തൊക്കെയോ കാട്ടിക്കൂട്ടലുകൾ ചെയ്യുകയായിരുന്നു.

മകൻ പ്രണവിന് ഏഴു വയസ്സായി. അവന്‍ പഠിക്കുന്ന സ്കൂളിൽ നിന്നൊന്നും ഇതുവരെ മോശമായ അനുഭവം ഉണ്ടായിട്ടില്ല. അവിടെ വേറെയും സിംഗിൾ പേരന്റ്സിന്റെ കുട്ടികളുണ്ട്.

സിംഗിൾ പേരന്റ് ആയതു കൊണ്ട് വിഷാദം വരികയോ ഒറ്റപ്പെടുകയോ ഒന്നുമുണ്ടായിട്ടില്ല. അതിനു മുൻപാണ് ശ്വാസംമുട്ടല്‍ അനുഭവിച്ചിരുന്നത്. ഇപ്പോള്‍ അഭിമാനത്തോടെ പറയും, ‘ഞാൻ സിംഗിൾ പേരന്റാണ്.’ സമൂഹം തന്ന സമ്മർദം മറികടന്ന് എനിക്ക് വേണ്ടിയും എന്റെ കുഞ്ഞിനു വേണ്ടിയും ഇങ്ങനെയൊരു തീരുമാനം എടുക്കാ ൻ സാധിച്ചതു തന്നെ വലിയ നേട്ടമാണ്.

സഹിക്കാൻ പറ്റാത്തത് പുറമേ മാന്യരായി നടക്കുന്നവരുടെ പെരുമാറ്റമാണ്. ഗോളിയില്ലാത്ത പോസ്റ്റായിട്ടാണ് ബന്ധമൊഴിഞ്ഞ സ്ത്രീയെ സമൂഹം കാണുന്നത്. ഭർത്താവെന്നൊരു വ്യക്തിയല്ല, ഞാൻ തന്നെയാണ് എന്റെ ഗാർഡിയൻ എന്ന് പലരും മറക്കുന്നു. ഒരു മെസേജ് വഴിയോ കോൾ വഴിയോ ഞാൻ പ്രതികരിച്ചതു കൊണ്ട് അവരെല്ലാം നന്നാകും, മാന്ത്രിക മാറ്റങ്ങൾ വരും എന്നൊന്നുമല്ല. പക്ഷേ, ‘നോ’ എന്നു പറഞ്ഞാൽ അത് ‘നോ’ തന്നെയാണെന്ന് മറ്റുള്ളവർ മനസ്സിലാക്കണം.

എന്റെ വീട്ടുകാർക്ക് ബന്ധം വേർപിരിയുക എന്നത് ചിന്തിക്കാൻ പറ്റാത്ത കാര്യമായിരുന്നു. പിന്നീട് അവരും സപ്പോർട്ട് ചെയ്തു. ബന്ധം പിരിയുക എന്നു നിസ്സാരമായി പറയാം. പക്ഷേ, ആ സമയത്ത് അനുഭവിക്കുന്ന പലതരം മാനസികപിരിമുറുക്കങ്ങൾ ഭയങ്കരമാണ്. അപ്പോ വീട്ടുകാരുടേയോ സുഹൃത്തുക്കളുടേയോ ഒക്കെ പിന്തുണ പലരും ആഗ്രഹിച്ചു പോകും. ഈ വിഷമഘട്ടത്തില്‍ എനിക്ക് താങ്ങായത് സുഹൃത്തുക്കളും നാത്തൂനുമായിരുന്നു.

ഞാനും മകൻ പ്രണവും ഇപ്പോൾ വളരെ സന്തോഷമായി തന്നെയാണ് കഴിയുന്നത്. അടികൂടുന്ന അച്ഛനെയും അമ്മയെയും കാണുന്നതിലും നല്ലതാണ് ഇപ്പോഴുള്ള ഈ സമാധാനം. അച്ഛനും അമ്മയും ഒരുമിച്ച് താമസിച്ചിട്ടും വീട് എന്ന് കേൾക്കുന്നതേ പേടിക്കുന്ന കുട്ടികളില്ലേ?

പങ്കാളിയോട് വഴക്കിട്ട് ജീവിക്കേണ്ടി വരുന്ന സാഹച ര്യത്തിൽ ആരും വളരെയധികം പിരിമുറുക്കം അനുഭവിക്കും. അറിഞ്ഞോ അറിയാതെയോ അത് കുട്ടിയോടും പ്രകടിപ്പിക്കും. ഇപ്പോ എന്നില്‍തന്നെ എനിക്ക് സമാധാനം കണ്ടെത്താനായിട്ടുണ്ട്. ആ സമാധാനവും ശാന്തിയും കാരണം മോനും ഞാനും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും കൂട്ടിയിട്ടുണ്ട്. ഞാനും മകനും മാത്രമായിട്ടാണ് താമസം. എവിടെയെങ്കിലും പോകണമെങ്കിൽ മോനെ, നാത്തൂന്റെയോ സുഹൃത്തുക്കളുടെയോ അടുത്തു നിർത്തും.

സ്വന്തം സമാധാനവും സന്തോഷവും കള‍ഞ്ഞിട്ട് ഒരിക്കൽ മാത്രമുള്ള ഈ ജീവിതം ഒരു മോശം ബന്ധത്തിൽ കുരുക്കിയിട്ട് കളയരുതെന്നേ ഞാൻ പറയൂ. അതുകൊണ്ട് നിങ്ങൾക്കൊ പങ്കാളിക്കോ കുട്ടിക്കോ ഒരു ഗുണവും നല്‍കില്ല. ‘കുട്ടികളെ ഓർത്ത് എല്ലാം ക്ഷമിക്കൂ’ എന്നൊക്കെ പലരും ഉപദേശിക്കും. മോശമായ അന്തരീക്ഷത്തിൽ കുട്ടിയെ ഓർത്ത് തുടരുന്നതാണ് അപകടം എന്നു നമ്മൾ തിരിച്ചറിയണം.

മകൻ നല്ല വ്യക്തിയായി വളർന്നു വരുന്നതും മറ്റുള്ളവരോട് അനുകമ്പയോടെ പെരുമാറുന്നതും ഒക്കെ കാണുമ്പോൾ അഭിമാനം തോന്നാറുണ്ട്. എനിക്കും മാറ്റങ്ങൾ വന്നിട്ടുണ്ട്. കുറച്ച് കൂടി സ്വതന്ത്രയായി. ഒറ്റയ്ക്ക് യാത്ര ചെയ്യാൻ തുടങ്ങി. ഒരുപാട് കാര്യങ്ങൾ പഠിക്കുന്നു. മോനോടൊപ്പമുള്ള യാത്രകളാണ് ഇപ്പോ ഏറ്റവും ത്രിൽ. അവന്റെ പിറന്നാളിന് ഞങ്ങള്‍ ഹോങ്കോങ്ങിൽ പോയി. ഇപ്പോ ജീവിതം പുതിയ നിറങ്ങളുമായി തുറന്ന പുസ്തകമാണ്.

ശ്യാമ