ഒരു കുഞ്ഞിനൊപ്പം അമ്മ കൂടി ജന്മം കൊള്ളുകയാണ്. ആദ്യത്തെ കൺമണിയെ കൺനിറയെ കാണുമ്പോൾ ഉള്ളിൽ സന്തോഷം തിരതല്ലുന്നതിനൊപ്പം കുഞ്ഞുകുഞ്ഞ് ആശങ്കകളും തലപൊക്കാൻ തുടങ്ങും. എങ്ങനെ എടുക്കണം, എങ്ങനെ ഉറക്കണം, എങ്ങനെ പാലൂട്ടണം, കുഞ്ഞിന് പാല് തികയുമോ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത സംശയങ്ങളുണ്ടാകും ഉള്ളിൽ. ഭൂമിയിലേക്ക് കൺതുറക്കും മുമ്പ് കുഞ്ഞിന് ബന്ധമുള്ള ഒരേയൊരാൾ അമ്മയാണ്. അതുകൊണ്ടു തന്നെ ജനിച്ച ആദ്യനാളുകളിൽ ആ കുരുന്നിന്റെ മുഴുവൻ ലോകവും അമ്മ തന്നെയാകും. കുഞ്ഞുമായുള്ള ഹൃദയബന്ധം ഊട്ടിയുറപ്പിക്കാൻ അമ്മമാർക്ക് ഏറ്റവും അവസരം ലഭിക്കുക മുലയൂട്ടുമ്പോഴാണ്. അടുക്കാൻ മാത്രമല്ല, കുഞ്ഞിന്റെ ആരോഗ്യത്തിനും ഏറ്റവും പ്രധാനമാണ് അമ്മിഞ്ഞപ്പാൽ. കുരുന്നിന്റെ രോഗപ്രതിരോധ ശേഷി വളർത്താൻ അമ്മയുടെ പാലോളം ശക്തിയുള്ള മറ്റൊന്നും തന്നെയില്ല.
കുഞ്ഞ് ജനിച്ച് ശേഷം അമ്മ ആദ്യം ചുരത്തുന്ന പാലാണ് കൊളസ്ട്രം. ഒരുപാട് പോഷകമൂല്യമുള്ള കൊളസ്ട്രമാണ് കുഞ്ഞിന്റെ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിൽ മുമ്പിൽ. കുഞ്ഞ് ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ മുലയൂട്ടാൻ ശ്രമിക്കേണ്ടതാണ്. അമ്മയുടെയോ കുഞ്ഞിന്റെയോ ആരോഗ്യപരമായ കാരണങ്ങളാൽ അതിന് സാധിച്ചില്ല എങ്കിൽ രണ്ട് ദിവസങ്ങൾക്കുള്ളിലെങ്കിലും കൊളസ്ട്രം ഉൾപ്പെടെയുള്ള പാൽ കുഞ്ഞിന് നൽകാൻ ശ്രമിക്കുക.
കുഞ്ഞ് മുലക്കണ്ണിലേക്ക് തിരിയുന്നതിനെ റൂട്ടിംഗ് എന്നും പാൽ വലിച്ചു കുടിക്കുന്നതിനെ സക്കിംഗ് എന്നുമാണ് പറയുന്നത്. കുഞ്ഞിന്റെ വളർച്ചാ നാഴികക്കല്ലുകളിൽ ആദ്യത്തേതും പ്രധാനവുമാണ് ഇവ. ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ അമ്മയുടെ മുലക്കണ്ണ് ചുണ്ടിലേക്ക് തട്ടിയാൽ കുഞ്ഞ് പാൽ കുടിക്കാൻ ശ്രമിക്കും. അങ്ങനെ ശ്രമിക്കുന്നില്ലെങ്കിൽ മുലക്കണ്ണ് കുഞ്ഞിന്റെ മേൽചുണ്ടിൽ ഉരസിയാൽ കുട്ടി വാ തുറക്കും. അരിയോള (മുലക്കണ്ണിന് ചുറ്റുമുള്ള കറുത്ത ഭാഗം) ഉത്തേജിപ്പിക്കപ്പെട്ടാലാണ് പാൽ നന്നായി ചുരത്തുക. പാൽ കൊടുക്കുമ്പോൾ മുലക്കണ്ണ് മാത്രം വായിൽ വയ്ക്കാതെ അരിയോള ഭാഗം മുഴുവനായി കുഞ്ഞിന്റെ വായിലെത്തിക്കണം. എന്നാൽ മാത്രമേ കുഞ്ഞിന് മതിയായ പാൽ ലഭിക്കുകയുള്ളൂ.
തികച്ചും സുഖപ്രദമായി ഇരുന്നതിന് ശേഷം വേണം അമ്മ മുലയൂട്ടാൻ കുഞ്ഞിനെ കൈയിലെടുക്കേണ്ടത്. കുഞ്ഞിന്റെ തല കുറച്ച് ചെരിച്ചുവേണം പാലൂട്ടാൻ.കുഞ്ഞ് ശരിയായ വിധത്തിലല്ല പാൽ കുടിക്കുന്നതെങ്കിൽ അമ്മയ്ക്ക് മുലക്കണ്ണ് വേദനിക്കുകയോ കുഞ്ഞിന് ആവശ്യത്തിന് പാൽ കിട്ടാതെ വരികയും ചെയ്യും. അമ്മയുടെ മുലക്കണ്ണിന് നേർ വിപരീതമായി കുഞ്ഞിന്റെ മൂക്ക് വരുന്ന വിധം പിടിക്കുകയും കുഞ്ഞിന്റെ തല അൽപം ഉയർത്തി കൊടുക്കുകയും ചെയ്യുക. പിന്നീട് മുലക്കണ്ണ് മേൽചുണ്ടിൽ ഉരസുമ്പോൾ കുഞ്ഞ് വാ തുറക്കും. ആ സമയം കുഞ്ഞിന്റെ തല മുന്നോട്ട് കൊണ്ടുവന്ന് അരിയോള ഉൾപ്പെടെയുള്ള ഭാഗം കുഞ്ഞിന്റെ വായിൽ വച്ചുകൊടുക്കുക. കുഞ്ഞ് പാൽ കുടിക്കുന്നുണ്ടെങ്കിൽ കുഞ്ഞിന്റെ വായുടെ താളത്തിൽ നിന്നും പാലിറക്കുന്ന ശബ്ദത്തിൽ നിന്നും നമുക്ക് തിരിച്ചറിയാനാകും. മുലയൂട്ടുമ്പോൾ കുഞ്ഞിനെ പിടിക്കാൻ പ്രധാനമായും അഞ്ച് രീതികളാണുള്ളത്. അവയെന്തൊക്കെ എന്ന് നോക്കാം.
1. ക്രാഡിൽ/ ക്രോസ് ക്രാഡിൽ പൊസിഷൻ - കുഞ്ഞുങ്ങളെ മുലയൂട്ടാനെടുക്കുന്നതിൽ വളരെ സാധാരണമായ രീതിയാണിത്. മാസമെത്താതെ ജനിക്കുന്ന കുഞ്ഞുങ്ങളുൾപ്പെടെയുള്ള നവജാത ശിശുക്കൾക്ക് ഏറ്റവും യോജിച്ച രീതിയാണ് ക്രാഡിൽ/ ക്രോസ് ക്രാഡിൽ പൊസിഷൻ. ഒരു തൊട്ടിലിൽ കിടക്കുന്നതു പോലെ തോന്നിക്കുന്ന ഈ രീതിയിൽ അമ്മയുടെ തള്ളവിരലും ചൂണ്ടുവിരലും കുഞ്ഞിന്റെ ചെവികൾക്ക് പിറകുവശത്ത്പിടിച്ച് തല അൽപം ഉയർത്തിക്കൊടുത്ത് മാറിടത്തിലേക്ക് കുഞ്ഞിനെ ചേർക്കുകയാണ് ചെയ്യുന്നത്. കുഞ്ഞ് പാൽ കുടിക്കാൻ തുടങ്ങിയാൽ കൈമുട്ട് തലയിണ പോലെ അവരുടെ തല വയ്ക്കാനുപയോഗിക്കാം.
2. ഫുട്ബാൾ പൊസിഷൻ - സിസേറിയൻ ചെയ്തതോ വലിയ മാറിടങ്ങളുള്ളതോ മുലക്കണ്ണ് ഉള്ളിലേക്ക് വലിഞ്ഞിട്ടുള്ളതോ ആയ അമ്മമാർക്ക് ഏറ്റവും ചേരുന്നതാണ് ഫുട്ബാൾ പൊസിഷൻ. ഇരട്ടക്കുഞ്ഞുങ്ങളെ പാലൂട്ടാനും ഏറ്റവും ഫലപ്രദമാണ് ഫുട്ബാൾ പൊസിഷൻ. കൈകൾക്കടിയിലൂടെ കുഞ്ഞിനെ ചേർത്ത് പിടിച്ച് കൈ വെള്ളയിൽ ഫുട്ബാൾ പിടിക്കുന്നത് പോലെ കുഞ്ഞിന്റെ തല താങ്ങി മുലയൂട്ടുന്ന രീതിയാണിത്. കുഞ്ഞിന്റെ മുഖം ഏറ്റവും നന്നായി ആസ്വദിക്കാൻ പറ്റുന്നതും ഫുട്ബാൾ പൊസിഷനിലാണ്.
3. സൈഡ് ലൈയിംഗ് പൊസിഷൻ - രാത്രികാലങ്ങളിൽ പൊതുവെ അമ്മമാർ സ്വീകരിക്കുന്ന രീതിയാണിത്. അമ്മയുടെയും കുഞ്ഞിന്റെയും വയറുകൾ തമ്മിൽ മുട്ടിച്ച് ചെരിഞ്ഞു കിടന്ന് കുഞ്ഞുങ്ങൾക്ക് പാല് കൊടുക്കുന്ന രീതിയാണിത്. മുലയൂട്ടുന്നതും അത് കുടിക്കുന്നതും അമ്മയും കുഞ്ഞും പരിശീലിച്ചു വരുന്നതേയുള്ളൂ എന്നതിനാൽ സൈഡ് ലൈയിംഗ് പൊസിഷനിൽ പാൽ കൊടുക്കുക എന്നത് കുഞ്ഞിന്റെ ആദ്യ ദിവസങ്ങളിൽ ചെയ്യാതിരിക്കുന്നതാവും നല്ലത്. കുഞ്ഞ് പാൽ കുടിക്കാൻ പഠിച്ചു എന്ന് അമ്മയ്ക്ക് ഉറപ്പ് വരുമ്പോൾ സൈഡ് ലൈയിംഗ് പൊസിഷൻ ശീലിക്കാവുന്നതാണ്. സൈഡ് ലൈയിംഗ് പൊസിഷൻ സ്വീകരിക്കുമ്പോൾ ആവശ്യത്തിന് മുൻകരുതൽ എടുക്കേണ്ടതാണ്. മുലയൂട്ടുമ്പോൾ അമ്മ ഉറങ്ങിപ്പോകാതെ ശ്രദ്ധിക്കുകയും വേണം.
4. ലെയ്ഡ് ബാക്ക് പൊസിഷൻ - അമ്മ അൽപം നിവർന്ന് കിടക്കുകയും കുഞ്ഞിനെ അമ്മയുടെ മേൽ കമഴ്ത്തി കിടത്തി പാൽ കൊടുക്കുന്നതുമായ രീതിയാണ് ലെയ്ഡ് ബാക്ക് പൊസിഷൻ. സിസേറിയൻ കഴിഞ്ഞ അമ്മമാർക്ക് നടുവേദനയോ മറ്റ് അസ്വസ്ഥതകളോ ഉണ്ടെങ്കിൽ ഈ രീതി പിന്തുടരാവുന്നതാണ്. അതേസമയം കുഞ്ഞിനെ കരുതലോടെ പിടിക്കേണ്ടതാണ്. കുഞ്ഞിന്റെ മൂക്ക് മാറിടത്തിൽ അമർന്ന് ശ്വാസതടസം ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്തണം.
5. കൊയ്ല ഹോൾഡിംഗ് പൊസിഷൻ - കുഞ്ഞിന് റിഫ്ലക്സോ ( പാൽ തികട്ടുന്ന അവസ്ഥ) ചെവി വേദന പോലുള്ള മറ്റു അസ്വസ്ഥതകളോ ഉണ്ടെങ്കിൽ സ്വീകരിക്കാവുന്ന രീതിയാണ് കൊയ്ല ഹോൾഡിംഗ് പൊസിഷൻ. ഇതിൽ കുഞ്ഞിനെ എളിയിലോ മടിയിലോ നിവർത്തി ഇരുത്തി പാലൂട്ടുകയാണ് ചെയ്യുന്നത്. കുഞ്ഞിനെ നന്നായി പിടിച്ചിരിക്കണമെന്നതിനാൽ ഉറക്കം തൂങ്ങുന്ന അവസ്ഥയിലോ ക്ഷീണമനുഭവപ്പെടുമ്പോഴോ ഈ രീതി തിരഞ്ഞെടുക്കാതിരിക്കാൻ ശ്രദ്ധിക്കുക.
മാസമെത്താതെയോ ശാരീരിക വൈകല്യങ്ങളോടെയോ ജനിക്കുന്ന കുഞ്ഞുങ്ങളുടെ പേശികൾക്ക് ബലം കുറവായിരിക്കും. അത് പാൽ കുടിക്കുന്നത് ഉൾപ്പെടെ കുഞ്ഞിന്റെ ഓറൽ മോട്ടോർ സ്കിൽ (വായ ചലിപ്പിക്കാനുള്ള കഴിവ്) കുറയ്ക്കാനിടയാക്കും. ഇത്തരം സന്ദർഭത്തിൽ ഒരു പ്രൊഫഷണൽ സഹായം തേടുന്നത് അഭികാമ്യമായിരിക്കും. ഓക്യുപേഷണൽ തെറാപ്പിസ്റ്റ് കുഞ്ഞുങ്ങൾക്ക് ഓറൽ മോട്ടർ സ്റ്റിമുലേഷൻ നൽകി അവരെ പാൽ വലിച്ചുകുടിക്കാൻ പരിശീലിപ്പിക്കും.
ഇരട്ടക്കുഞ്ഞുങ്ങളുള്ള അമ്മമാരടക്കം കുഞ്ഞുങ്ങൾക്ക് തങ്ങളുടെ പാൽ മതിയാകാതെ വരുമോ എന്ന് സംശയിക്കുന്നവർ ഒട്ടനവധിയാണ്. എന്നാൽ, എത്ര കുട്ടികളുണ്ടോ അവർക്കാവശ്യമായ പാൽ ശരീരം ഉത്പാദിപ്പിക്കും. മാനസിക സമ്മർദ്ദം, പ്രസവാനന്തര വിഷാദം ഇവയൊക്കെ അമ്മയുടെ പാലുത്പാദത്തെ സാരമായി ബാധിക്കാം. അതുകൊണ്ട് തന്നെ പ്രസവാനന്തരം കുഞ്ഞിനെ സന്തോഷിപ്പിക്കുന്നതു പോലെ തന്നെ അമ്മയും സന്തോഷത്തോടെയിരിക്കുന്നുണ്ടെന്ന് വീട്ടുകാർ ഉറപ്പു വരുത്തണം. കുഞ്ഞിനെ സ്നേഹിക്കാനും മുലയൂട്ടാനും അമ്മയ്ക്ക് മുഴുവൻ പിന്തുണയും അച്ഛനും നൽകേണ്ടതുണ്ട്.
തയാറാക്കിയത്: ഗായത്രി പ്രകാശ്, സീനിയർ ഓക്യുപേഷണൽ തെറാപ്പിസ്റ്റ്, പ്രയത്ന സെന്റർ ഫോർ ചൈൽഡ് ഡെവലപ്മെന്റ്, കൊച്ചി