വിവാഹമോചന ശേഷം രണ്ടായി പിരിയുമ്പോഴും, മക്കളുടെ മാനസികാരോഗ്യത്തിനായി ഒന്നായി നിൽക്കാൻ ‘കോ–പേരന്റിങ് ’ മനസ്സിലാക്കാം...
വിവാഹമോചനത്തിനു ശേഷം കുട്ടികളുടെ സംരക്ഷണ ചുമതല അമ്മയ്ക്കു ലഭിക്കുന്നു. ആഴ്ചയിൽ ഒരിക്കലാണ് അച്ഛനു കുട്ടികളെ കാണാനുള്ള അനുവാദം. അച്ഛൻ കാണാനെത്തുന്നതു തന്നെ ദേഷ്യം കൊണ്ടു ചുവന്ന മുഖവുമായാണ്. വന്നാലുടൻ സകല പ്രശ്നങ്ങൾക്കും കാരണം നിങ്ങളുടെ അമ്മയാണെന്ന പതിവുവാദം തുടങ്ങും. ഒടുവിൽ കൊണ്ടുവന്ന സമ്മാനപ്പൊതികളും മിഠായിയും വലിച്ചെറിഞ്ഞ് അച്ഛൻ കലിതുള്ളി ഇറങ്ങിപ്പോകും.
ഒന്നോർത്തു നോക്കൂ, ആ കുരുന്നുകളുടെ കണ്ണീര്. ഇപ്പറഞ്ഞതൊരു സാങ്കൽപിക കഥയുമൊന്നുമല്ല. ബാലവകാശ കമ്മിഷൻ വഴി സൈക്യാട്രിസ്റ്റിന്റെ മുന്നിലെത്തിയ കേസാണിത്. പതിനാറും ആറും വയസ്സുള്ള കുട്ടികളിൽ മുതിർന്നയാൾ സഹികെട്ടു ബാലാവകാശ കമ്മിഷനു കത്തയച്ചു. അതോടെ അച്ഛന്റെ സന്ദർശനത്തിനു വിലക്കു വീണു.
വിവാഹബന്ധം വേർപെടുത്തിയ പങ്കാളി മക്കളെ കാണാൻ വീട്ടിലെത്തുമ്പോൾ അതിഥിയായി കണക്കാക്കി മാന്യമായി പെരുമാറണം എന്നു മദ്രാസ് ഹൈക്കോടതി വിധിച്ചതു ബാങ്ക് ഉദ്യോഗസ്ഥയായ അമ്മയോടായിരുന്നു.
അച്ഛൻ വരുമ്പോൾ നന്നായി പെരുമാറണമെന്നും അതിഥിയായി കണ്ടു ചായയും ഭക്ഷണവും നൽകണമെന്നുമുള്ള കോടതിവിധി സാധാരണക്കാരിൽ ചിരി പടർത്തുമെങ്കിലും ഈ വിധി വിവാഹമോചിതരായവരുടെ മക്കളുടെ ദുരിതജീവിതത്തിലേക്കാണു വിരൽ ചൂണ്ടുന്നത്.
പിരിഞ്ഞ ശേഷവും പലരുടെയും മത്സരം തീരാറില്ല. പരസ്പരം തോൽപ്പിക്കാനുള്ള വെമ്പൽ തുടരും. അവർ ജയിക്കുകയുമില്ല. മക്കളുടെ മാനസികാരോഗ്യം ഉറപ്പായും തോ ൽവി ഏറ്റുവാങ്ങുകയും ചെയ്യും. മക്കളുടെ മുന്നിൽ അച്ഛനും അമ്മയും മോശമായി പെരുമാറുന്നതു കുട്ടികളോടു ള്ള ക്രൂരത ആയാണു കോടതി കണക്കാക്കുന്നത് എന്നു പലരും ഓർക്കാറില്ല.
കുട്ടികളുടെ അവകാശം
ഒന്നിച്ചു ജീവിക്കാനാകില്ലെങ്കിൽ പിരിഞ്ഞു പോകണം എന്നു പറയുന്നതുപോലെ എളുപ്പമല്ല, പിരിഞ്ഞു നിന്നുകൊണ്ടുള്ള പേരന്റിങ്. കുട്ടികളുടെ മാനസികാവസ്ഥയേക്കാൾ ഇത്തരക്കാർ പരിഗണിക്കുന്നതു പരസ്പരമുള്ള വിജയമായിരിക്കും. തങ്ങൾക്കിടയിലെ പ്രശ്നങ്ങൾ കുട്ടികളെ ബാധിക്കാതെ നോക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും എന്താണു ചെയ്യേണ്ടത് എന്ന ധാരണ ഇല്ലാത്തവരുമുണ്ട്.
നല്ല രക്ഷാകർത്തൃത്വം കുട്ടികളുടെ അവകാശമാണ്. ന ല്ല രക്ഷാകർതൃരീതികൾ പാലിച്ചു മക്കളെ വളർത്തിയെടുക്കണമെങ്കിൽ ഇരുവരും മികവുറ്റ വ്യക്തിത്വം കൈവരിക്കണം. ചില ലളിതമായ നിയമങ്ങളും ചിട്ടകളും പാലിച്ചാൽ, ആരോഗ്യകരമായൊരു സഹരക്ഷാകർതൃത്വം രൂപപ്പെടുത്തിയെടുക്കാനും കുട്ടികൾക്കു സ്നേഹവും സമാധാനവും നിറഞ്ഞ അന്തരീക്ഷം നൽകാനുമാകും.
കൗൺസലിങ് സ്വീകരിക്കുക: വേർപിരിയൽ സംഭവിക്കുന്നതു പുരുഷനും സ്ത്രീക്കും പല വിധത്തിലുള്ള മുറിവുകൾ നൽകിക്കൊണ്ടായിരിക്കും. വേർപിരിയലിനു ശേഷം ഇരുവരും നല്ലൊരു കൗൺസലിങ്ങിനു വിധേയരായി സ്വന്തം പ്രശ്നങ്ങളും പങ്കാളി ഉണ്ടാക്കിയ മുറിവുകളും പരിഹരിക്കുകയാണ് ആദ്യം വേണ്ടത്.
മറക്കാൻ പഠിക്കുക: പ്രശ്നങ്ങളും പങ്കാളിയിൽ നിന്ന് അ നുഭവിച്ച മോശം പ്രതികരണങ്ങളും അടഞ്ഞ അധ്യായമായി മാറ്റിവയ്ക്കുക. കുട്ടികളുടെ കാര്യത്തിനായി മുൻ പങ്കാളിയോട് ഒരേ ജോലിയിൽ ഉൾപ്പെട്ട ഒരു സഹപ്രവർത്തകൻ/സഹപ്രവർത്തക എന്ന നിലയിൽ ഇടപെടണം.
ചികിത്സിക്കാൻ മടിക്കരുത്: വേർപിരിയലിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഏതെങ്കിലും ഒരാൾക്കോ അല്ലെങ്കിൽ ര ണ്ടു പേർക്കുമോ മാനസിക പ്രശ്നങ്ങളോ വ്യക്തിത്വ വൈകല്യങ്ങളോ ഉള്ളതാകാം. അത്തരം വ്യക്തികൾ കുട്ടികളുടെ കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തണം.
ദാമ്പത്യം പ്രശ്നത്തിലാക്കിയ അതേ മാനസിക – വ്യക്തിത്വ വൈകല്യങ്ങൾ തങ്ങളിലുണ്ട് എന്നു തിരിച്ചറിയുകയും അവ മാറ്റിയെടുക്കാൻ വേണ്ട ചികിത്സയും കൗൺസലിങ്ങും സ്വീകരിക്കുകയും വേണം. കുട്ടികളെ ഏറ്റെടുക്കുന്ന പങ്കാളി സ്വന്തം കുറവുകൾ പരിഹരിച്ചേ മതിയാകൂ.
പകയെ പുറത്താക്കുക: പങ്കാളിയോടു പക തീർക്കാൻ കുട്ടികളെ കരുവാക്കരുത്. മുൻ പങ്കാളിയെ അസ്വസ്ഥമാക്കാൻ വേണ്ടി മാത്രം കുട്ടികളെ കാണാൻ ശ്രമിക്കുക, പറഞ്ഞ നേരത്ത് കുട്ടികളെ തിരികെ എത്തിക്കാതെയും വിവരങ്ങൾ നൽകാതെയും പിരിമുറുക്കത്തിലാക്കുക മുതലായവയൊക്കെ കൂടുതൽ ബാധിക്കുക പങ്കാളിയെ അല്ല സ്വന്തം കുട്ടിയെ തന്നെ ആണെന്നു തിരിച്ചറിയുക.
ചിട്ടയോടെ മുന്നോട്ട്
വേർപിരിയലിനുശേഷം ശരിയായ ആശയവിനിമയം സാധിക്കുന്നില്ല എന്നതു മിക്കവരുടെയും പ്രശ്നമാണ്.
പരസ്പരം സ്നേഹമില്ലെങ്കിൽ പോലും മറ്റൊരു വ്യക്തിയോട് എന്നപോലെ മാന്യമായി എങ്ങനെ പെരുമാറാമെന്നു പഠിച്ചെടുക്കണം. ആശയവിനിമയം നടത്തുമ്പോൾ മറുവശത്തുള്ള വ്യക്തിയെ ഒരു വിധത്തിലും അപമാനിക്കാനോ കുത്തി നോവിക്കാനോ ശ്രമിക്കരുത്.
തികച്ചും ഔദ്യോഗികമായ നല്ല ഭാഷയിൽ കാര്യങ്ങൾ പറയുക. നേരിട്ടുള്ള സംസാരം, ഇ മെയിൽ, ഫോൺ, വാട്സാപ്പ് തുടങ്ങി ഏതു മാധ്യമത്തിലൂടെ സംസാരിക്കുമ്പോഴും ഭാഷ ശ്രദ്ധിക്കണം. വേർപിരിഞ്ഞ മാതാപിതാക്കൾ പലപ്പോഴും പരസ്പരം സംസാരിക്കാനായി കുട്ടികളെ ഉപയോഗിക്കുക പതിവാണ്. അതു തീർത്തും ഒഴിവാക്കണം.
രേഖകളാക്കി സൂക്ഷിക്കുക: കോ–പേരന്റിങ്ങിലെ ചെറിയ വീഴ്ചകൾ പോലും നിയമ നടപടികളിലേക്കു കൊണ്ടുചെന്നെത്തിക്കാം എന്നതിനാൽ ദമ്പതികൾ പരസ്പരം ന ടത്തുന്ന എല്ലാ ഇടപാടുകൾക്കും കൃത്യമായ രേഖ ഉണ്ടായിരിക്കണം. ഇതു പരസ്പരം അടിസ്ഥാനമില്ലാതെ പഴിചാരുന്ന അവസ്ഥ ഒഴിവാക്കാൻ സഹായിക്കും. ഇടപാടുകൾക്ക് സാക്ഷിയുണ്ടെങ്കിൽ അവരുടെ പേരും വിവരവും എഴുതി സൂക്ഷിക്കുക.
സ്ഥിരതയുള്ള രീതി ആവിഷ്ക്കരിക്കുക: കാര്യങ്ങൾ സ്ഥിരതയില്ലാതെ നീങ്ങുന്നതു കുട്ടികളെ മാനസിക സമ്മർദത്തിലാക്കാം. ശനിയാഴ്ച അച്ഛനോടൊപ്പം പോകണം. തിങ്കളാഴ്ച തിരിച്ചു വരണം തുടങ്ങിയ കാര്യങ്ങൾ കോടതി പറയുന്ന പ്രകാരം കൃത്യമായി പാലിക്കുക. ഇതിൽ മാറ്റങ്ങൾ വരികയാണെങ്കിൽ കുട്ടിയെ നേരത്തേ തന്നെ അത് അറിയിക്കുക. കുട്ടിയുടെ ആവശ്യങ്ങൾക്കു വേണ്ടി ഇരുവരും ഈ രീതിയിൽ അയവു വരുത്താൻ തയാറാകണം.
കുട്ടികളെ നിരീക്ഷിക്കുക: കുട്ടികളെ പങ്കാളിയോടൊപ്പം വിട്ടശേഷം തിരികെ വരുമ്പോൾ അവരെ നിരീക്ഷിക്കുകയും തുറന്നു സംസാരിക്കാൻ പ്രാപ്തരാക്കുകയും വേണം. കുട്ടികളെ പങ്കാളി ശാരീരികമായോ മാനസികമായോ ചൂഷണം ചെയ്യുന്നില്ല എന്നുറപ്പാക്കണം. അത്തരം സാഹചര്യങ്ങളിൽ നിയമത്തിന്റെ വഴിയിലൂടെ കുട്ടിയുടെ കൈവശാവകാശം നേടാം.
ഈ തെറ്റുകൾ തിരുത്തുക
നിങ്ങൾക്കും മുൻപങ്കാളിക്കും കുട്ടിക്കുമിടയിലുള്ള പെരുമാറ്റം കോ-പേരന്റിങ്ങിൽ വളരെ പ്രധാനമാണ്. അതിലെ തെറ്റുകൾ ഒഴിവാക്കുക.
കോപം അടക്കുക: കുട്ടികളുടെ കാര്യത്തിൽ മുൻപങ്കാളിയുമായി ചർച്ച വേണ്ടി വരുമ്പോൾ വൈകാരികമായി കാര്യങ്ങൾ തീരുമാനിക്കുകയോ പ്രതികരിക്കുകയോ ചെയ്യാൻ ഇടവരരുത്. കോപം പൂർണമായും ഒഴിവാക്കുക. പങ്കാളി അസ്വസ്ഥപ്പെടുത്തുന്ന വിധത്തിലാണു പെരുമാറുന്നതെങ്കിലും കുട്ടികളുടെ മുന്നിൽ വച്ച് അമിതമായി പ്രതികരിക്കാതിരിക്കുക. അതിനായി സ്വയം പരിശീലിക്കുക.
കുട്ടികളെ ആശങ്കയിലാക്കരുത്: സാമ്പത്തികമായി മാത്രമല്ല, കുട്ടികളുടെ വളർച്ചയിലുടനീളം രക്ഷിതാവ് എന്ന നിലയിൽ നിങ്ങൾക്ക് എന്തൊക്കെ ചെയ്യാനാകും എന്നാണു തീരുമാനിക്കേണ്ടത്. രക്ഷിതാവിന്റെ കൂടെ നിന്നു തിരികെയെത്തുന്ന കുട്ടിയോട് അവിടെ നടന്നതിന്റെ സമ്പൂർണ വിവരണം ആവശ്യപ്പെട്ടു സമ്മർദത്തിലാക്കരുത്. എന്നാൽ കുട്ടി സന്തോഷത്തിലാണോ എന്നതു ശ്രദ്ധിക്കണം. ചോദ്യം ചെയ്യൽ രീതിയിൽ അല്ലാതെ കാര്യങ്ങൾ മനസ്സിലാക്കുക.
വാക്കും പ്രവൃത്തിയും ഒന്നായിരിക്കുക: പറയുന്ന രീതിയിൽ തന്നെ പ്രവർത്തിക്കുന്നതിൽ വീഴ്ച വരുത്തരുത്. ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ നിർദേശാനുസരണം കുട്ടിയെ സംബന്ധിക്കുന്ന തീരുമാനങ്ങളെടുക്കരുത്.
ഏകാഭിപ്രായം ഉണ്ടാക്കുക: കുട്ടികളുടെ അച്ചടക്കത്തിലും പഠനകാര്യങ്ങളിലും ഏകാഭിപ്രായം ഉണ്ടാക്കുക. പ്രധാന തീരുമാനങ്ങളിൽ പങ്കാളിയുടെ അഭിപ്രായത്തിനു വില നൽകുക. ഏകാഭിപ്രായം ഇല്ലെങ്കിൽ ചെറിയ കാര്യങ്ങൾ വിട്ടുകളഞ്ഞ് ആത്യന്തികമായി കുട്ടിയുടെ നന്മ മാത്രം മുന്നിൽ കണ്ടു തീരുമാനമെടുക്കുക. കുട്ടിയുടെ ഉത്തരവാദിത്തം കൂടുതലായി വഹിക്കുന്നവർക്കു തീരുമാനം വിട്ടുനൽകാം. അച്ചടക്ക രീതികൾ അച്ഛന്റെ കൂടെ നിൽക്കുമ്പോഴും അമ്മയുടെ കൂടെ നിൽക്കുമ്പോഴും വ്യത്യസ്തമാകുന്നതു കുട്ടിക്കു തെറ്റായ മാർഗനിർദേശമായി മാറും.
കുറ്റപ്പെടുത്തി സംസാരിക്കരുത്: അച്ഛനും അമ്മയും തന്റെ രക്തമാണ് എന്ന തിരിച്ചറിവ് കുട്ടിക്കുണ്ട്. അതിൽ ഒരാളെ ഇടിച്ചു താഴ്ത്തുന്നത് കുട്ടിയുടെ ആത്മവിശ്വാസത്തെയും അഭിമാനത്തെയും മുറിപ്പെടുത്താനും നിങ്ങളോട് ഇഷ്ടം കുറയാനും ഇടയാക്കും. കുട്ടിയുമൊത്തുള്ള നിമിഷങ്ങളിൽ സന്തോഷകരവും പോസിറ്റീവുമായ കാര്യങ്ങളെക്കുറിച്ചു മാത്രം സംസാരിക്കുക.
എന്തും സാധിച്ചു കൊടുക്കേണ്ടതില്ല: ആവശ്യപ്പെടുന്നത് എന്തും സാധിച്ചു കൊടുക്കുന്ന രീതി കുട്ടിയുടെ വ്യക്തിത്വ വളർച്ചയ്ക്കു നല്ലതല്ല. ഇതു ചെയ്യുന്ന രക്ഷിതാവിനോടു കുട്ടി കൂടുതൽ അടുപ്പം കാണിക്കുന്നത് താൽക്കാലികമായി സന്തോഷത്തിനു വക നൽകുമെങ്കിലും അതു സ്നേഹമായി മാറണമെന്നില്ല.
പുനർവിവാഹം പരിഗണനയോടെ
വീണ്ടുവിചാരമില്ലാത്ത പുനർവിവാഹം കുട്ടികളുടെ മനസ്സിനെ സങ്കീർണമാക്കാനുള്ള സാധ്യതയുണ്ട്.
∙ പുനർവിവാഹം ആഗ്രഹിക്കുന്നുവെങ്കിൽ കുട്ടികളുടെ ചെറുപ്രായത്തിൽ തന്നെ ആകുന്നതാണ് നല്ലത്. പുതിയ വ്യക്തിയുമായി പൊരുത്തപ്പെട്ടുപോകാൻ താരതമ്യേന എളുപ്പത്തിൽ അവർക്കു സാധിക്കും.
∙ മുതിർന്ന കുട്ടികള്‍ക്കു (കുട്ടികളുടെ പ്രായത്തിനെക്കാൾ പക്വതയാണു പരിഗണിക്കേണ്ടത്) പുതിയൊരാളെ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണ്ടാകാം. കുട്ടികളുടെ മനസ്സു പാകപ്പെടുത്തിയ ശേഷം പുനർവിവാഹത്തെ കുറിച്ചു ചിന്തിക്കുക.
∙ കുട്ടികളെ സ്നേഹത്തോടെ ഉൾക്കൊള്ളാൻ കഴിയുന്നവരാണ് എന്നുറപ്പുവരുത്തിയശേഷം വിവാഹത്തിലേക്കു കടക്കുക. അതോടൊപ്പം പുതിയ പങ്കാളിയുടെ കുട്ടികളെ ഉൾക്കൊള്ളാനും തങ്ങളുടെ കുട്ടികൾക്കും പങ്കാളിയുടെ കുട്ടികൾക്കും ഒരുപോലെ സ്നേഹവും കരുതലും നൽകാനും തയാറാകണം.
∙ ആരെ വിവാഹം കഴിക്കുന്നുവോ അവരുടെ മുൻകാല ജീവിതം സൂക്ഷ്മമായി പരിശോധിക്കണം. കുട്ടികളുടെ സുരക്ഷയ്ക്ക് ഇതു പ്രധാനമാണ്. വിവാഹമോചിതരെയാണു പങ്കാളിയാക്കുന്നതെങ്കിൽ ആദ്യ വിവാഹമോചനം എന്തു കാരണത്താലെന്ന് അന്വേഷിക്കണം. ഉന്നത വിദ്യാഭ്യാസവും ജോലിയും മറ്റും സ്വഭാവഗുണത്തിന്റെ അളവുകോലല്ല എന്ന് ഓർക്കുക.
∙ പുനർവിവാഹത്തിനായി കുട്ടികളുടെ സംരക്ഷണം മുത്തച്ഛനെയും മുത്തശ്ശിയെയും ഏൽപിക്കുന്നത് ആരോഗ്യകരമായ പ്രവണതയല്ല. ഇതു കുട്ടികളിൽ വിഷാദവും മാനസികമായ മുറിവുകളുമുണ്ടാക്കും.
പേരന്റിങ് മോശമാകുന്നോ?
രക്ഷിതാക്കളിൽ ഒരാളെ കാണേണ്ട എന്നു കുട്ടി പറയുന്നുവെങ്കിൽ ആ രക്ഷിതാവിന്റെ പേരന്റിങ്ങി ൽ പാളിച്ചകളുണ്ടോ എന്നു പരിശോധിക്കണം.
താനാരാണ് എന്നു പറയാൻ കുട്ടി ചിലപ്പോൾ മടി കാണിക്കും. ഇന്നയാളിന്റെ മകനാണ്/ മകളാണ് എന്ന് പറയാനുള്ള മടി ആ രക്ഷിതാവിനോടുള്ള വെറുപ്പാകാൻ സാധ്യതയുണ്ട്.
ഇത്തരം പെരുമാറ്റങ്ങളുണ്ടായാൽ അവരെ കുറ്റപ്പെടുത്താതെ ആവശ്യമെങ്കിൽ വിദഗ്ധ സഹായത്തോടെ പരിഹരിക്കുക.
കുട്ടിയുടെ എതിർപ്പ് എല്ലായ്പ്പോഴും എതിർക്കപ്പെടുന്നയാളിന്റെ ഭാഗത്തു നിന്നുള്ള പേരന്റിങ് വീഴ്ചയാകണം എന്നുമില്ല. മറുവശത്തുള്ള വ്യക്തി, അമിതസ്വാതന്ത്ര്യമോ സമ്മാനങ്ങളോ നൽകുന്നതാകാം കാര്യം.
വിവരങ്ങൾക്ക് കടപ്പാട് : ഡോ. എൽസി ഉമ്മൻ, കൺസൽറ്റന്റ് സൈക്യാട്രിസ്റ്റ്, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, കൊച്ചി