പ്രായം വെറുമൊരു നമ്പർ; മക്കൾക്കൊപ്പം നൃത്ത അരങ്ങേറ്റത്തിന് ഒരുങ്ങി അമ്മമാർ
Mail This Article
ജിഷ ഫിലിപ്, ജയതി ബി.കൃഷ്ണൻ, നീതു അജീഷ്, ടൂണി ജേക്കബ്, രഞ്ജിത വി.പണിക്കർ, പ്രിയ മധു... മക്കൾക്കൊപ്പം നൃത്തത്തിൽ അരങ്ങേറ്റത്തിനൊരുങ്ങുന്ന അമ്മമാർ. പ്രായം വെറുമൊരു നമ്പർ മാത്രമാണ് എന്ന പ്രഖ്യാപനമാണ് ഇവരുടെ നൃത്തച്ചുവടുകൾ. നാളെ വൈകിട്ട് ആറിനു കോട്ടയം ശാസ്ത്രി റോഡിലെ കെപിഎസ് മേനോൻ ഹാളിലാണ് അരങ്ങേറ്റം. ചലനം കൾചറൽ അക്കാദമിയുടെ നേതൃത്വത്തിലാണു മക്കൾക്കൊപ്പം അമ്മമാരും അരങ്ങേറ്റം നടത്തുന്നത്.
മക്കളെ നൃത്തം പഠിപ്പിക്കാൻ ചേർത്തപ്പോൾ അമ്മമാർ പുറത്തു കാത്തിരുന്നത് ക്ലാസ് കഴിയുമ്പോൾ വിളിച്ചുകൊണ്ടു പോകാനായിരുന്നു. അപ്പോൾ അവർക്കും ഒരു തോന്നൽ; നമുക്കും പഠിച്ചാലോ?! ‘ചലന’ത്തെ ചലിപ്പിച്ചുകൊണ്ടിരിക്കുന്ന അൻസ ടൈറ്റസിന്റെ പ്രോത്സാഹനം കൂടി കിട്ടിയതോടെ ദ്രുതതാളത്തിലായി കാര്യങ്ങൾ.
ഇൻഫോപാർക്കിലെ ഐടി ഉദ്യോഗസ്ഥ ജിഷ ഫിലിപ് (42), പോസ്റ്റൽ വകുപ്പ് ഉദ്യോഗസ്ഥ ജയതി ബി.കൃഷ്ണൻ (48), സ്കൂൾ കൗൺസലർ നീതു അജീഷ് (38), എൻജിനീയർ ടൂണി ജേക്കബ് (38), ആർക്കിടെക്ട് രഞ്ജിത വി.പണിക്കർ (38), വസ്ത്ര വ്യാപാര സ്ഥാപന ഉടമ പ്രിയ മധു (45) എന്നിവരാണു ജോലിത്തിരക്കുകളെയും പ്രായവും മാറ്റിവച്ചു വേദിയിലേക്കു കയറുന്നത്. ഔദ്യോഗിക തിരക്കു കാരണം പഠനം പൂർത്തിയാക്കാൻ ആറു വർഷമെടുത്തു. കലാമണ്ഡലം രാധാമണിയും മകൾ കലാക്ഷേത്ര രാജമല്ലിയും അരങ്ങേറ്റം ഉദ്ഘാടനം ചെയ്യും.