Monday 05 April 2021 03:46 PM IST

‘നിങ്ങളുടെ കുട്ടി പെർഫക്‌ഷനിസ്റ്റ് ആണെങ്കിൽ സൂക്ഷിക്കണം’; പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷയ്ക്ക് എങ്ങനെ തയാറെടുക്കാം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Roopa Thayabji

Sub Editor

exxcvnn656467 ഫോട്ടോ: ബേസിൽ പൗലോ

സ്കൂളിൽ പോകാതെ പഠിച്ച ഒരു വർഷത്തിനു ശേഷം പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷയ്ക്ക് എങ്ങനെ തയാറെടുക്കാം?

ഒരു വർഷം സ്കൂളിലേക്കു പോലും പോകാതെ വീട്ടിലിരുന്നു പഠിച്ചിട്ട് പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷയ്ക്കായി കയറേണ്ടി വന്നാലോ? പരീക്ഷയെഴുതുന്ന മക്കളെക്കാൾ ടെൻഷനാണ് അച്ഛനമ്മമാർക്ക്. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ പൂട്ടിയിട്ട സ്കൂളുകൾ പരീക്ഷകൾക്കായി തുറന്നപ്പോഴും മിക്ക കുട്ടികളുടെയും പഠിത്തം ഓൺലൈനിൽ ത ന്നെയായിരുന്നു. പക്ഷേ, പരീക്ഷ നേരിട്ടു നടത്താൻ തീരുമാനിച്ചതോടെ മിക്കവരുടെയും ചങ്കിടിപ്പ് കൂടി. പരീക്ഷയോടുള്ള പേടി മാത്രമല്ല, പഠനം ‘സ്ലോ മോഷൻ’ ആയതിന്റെ കൂടി ഭയമുണ്ട് മിക്കവർക്കും.

സാധാരണ ക്ലാസ് മുറികളിലെ പഠനം നഷ്ടമായ അസാധാരണ കാലത്തെ മറക്കാൻ നേരമായി. ഇനിയുള്ള സമയം മതി മക്കളെ ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതാൻ ത യാറാക്കാൻ. മോഡൽഎക്സാമിന്റെയും പരീക്ഷാച്ചൂടിന്റെയും ‘ടച്ച്’ വിട്ടുപോകാതെ പരീക്ഷാ ഹാളിലേക്കു മക്കളെ വിടാം.

അസാധാരണത്വം മറികടക്കാം

∙ കോവിഡും ലോക്ഡൗണുമൊക്കെ ‘അസാധാരണ സാഹചര്യങ്ങളാ’ണ്. ഇതിന്റെ സമ്മർദം വളരെ കൂടുതലുമാണ്.റിഹേഴ്സലില്ലാതെ സ്റ്റേജിൽ പരിപാടി അവതരിപ്പിക്കാൻ കയറും പോലെയാണ് പരീക്ഷയ്ക്കായി മാത്രം കുട്ടികൾ സ്കൂളിലേക്കു പോകുന്നത്. പിഴവുകൾ ഒഴിവാക്കാൻ ഏറ്റവും നല്ല വഴി പ്രാക്ടീസ് ആണ്.

∙ പഠനകാര്യത്തിലും പരീക്ഷയിലുമൊക്കെ അമിത ജാഗ്രതയും അധിക പ്രാധാന്യവും (പെർഫക്‌ഷനിസ്റ്റുകൾ) നൽകുന്ന കുട്ടികളുണ്ട്. നിങ്ങളുടെ കുട്ടി അക്കൂട്ടത്തിൽ ആണെങ്കിൽ സൂക്ഷിക്കണം. ‘Let not perfection become the enemy of good’ എന്നാണ് അവരോടു പറയേണ്ടത്. മുന്നിലുള്ള സമയവും അവസരവും പരമാവധി മുതലെടുത്ത് ചെയ്യാവുന്നതിന്റെ പരമാവധി ശ്രമിക്കലാണ് പരീക്ഷയിൽ പ്രധാനം. ഓരോന്നും ‘പെർഫക്ട്’ ആയി ചെയ്യാൻ നടത്തുന്ന  അധികശ്രമം ചിലപ്പോൾ പരീക്ഷാഫലത്തെ ദോഷകരമായി ബാധിക്കാം.

∙ ഒാൺലൈൻ ക്ലാസ് പരീക്ഷകളിലൊക്കെ അൽപം സൂത്രം കാണിച്ച് പാസ്സായിരുന്നവർക്ക് നേരിട്ടെഴുതുന്ന പരീക്ഷയെ പേടിയുണ്ടാകും. ‘ Focus on HERE and NOW’ എന്നാണ് അവരോടു പറയേണ്ടത്. ഇതുവരെ പഠിക്കാതിരുന്നതിനെ കുറിച്ച് ഓർത്തിരുന്നാൽ ഇനി പഠിക്കാനുള്ള അവസരം കൂടി നഷ്ടമാകും. ഇന്നലെ വരെ ചെയ്തതെല്ലാം നിർത്തിവച്ച് ഈ നിമിഷം മുതൽ പഠനത്തിൽ മാത്രം ശ്രദ്ധിക്കാൻ പ്രേരിപ്പിക്കാം.

∙ കൂട്ടുകൂടിയുള്ള പഠനത്തിന് പകരം ടീച്ചറിന്റെ മേൽനോട്ടത്തിൽ താൽപര്യമുള്ള കുട്ടികളുടെ ഗ്രൂപ്പ് ഉണ്ടാക്കി ഓൺലൈനിലൂടെ റിവിഷനും  ഗ്രൂപ് സ്റ്റഡിയും നടത്താം. ഓരോ വിഷയത്തിലും മിടുക്കരായ സഹപാഠികളുമായും ഓൺലൈനിലൂടെ സംശയനിവാരണം നടത്താം. പോയിന്റുകൾ ഓർത്തുവയ്ക്കാൻ മാത്രമല്ല ഇതു സഹായിക്കുക, മറ്റുള്ളവരെക്കാൾ വളരെ പിന്നിലാണ് എന്ന ആശങ്കയും മാറും.

ചിട്ടയോടെ തയാറെടുക്കാം

∙ ഓൺലൈൻ ക്ലാസ്സിനിടെ ചെയ്ത അസൈൻമെന്റുകളും പ്രോജക്റ്റുകളും കംപ്യൂട്ടർ ഫോൾഡറിൽ സൂക്ഷിച്ചിട്ടുണ്ടാകുമല്ലോ. അവ വീണ്ടും കണ്ട് ഒന്നുകൂടി മനസ്സിൽ കുറിച്ചിടണം. ഏതെങ്കിലും പാഠഭാഗത്തിൽ സംശയമുണ്ടെങ്കിൽ വിക്ടേഴ്സ് ചാനലിലെ വിഡിയോ വീണ്ടും തിരഞ്ഞെടുത്തു കാണാം. ഫോക്കസ് പാഠഭാഗങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി പ ഠിക്കാൻ കുട്ടികളെ സഹായിക്കാം.

∙ എളുപ്പമുള്ള വിഷയം പഠിക്കാൻ കുറച്ചു സമയവും, താരതമ്യേന ബുദ്ധിമുട്ടുള്ള വിഷയത്തിനും ചെയ്തുപഠിക്കേണ്ട കണക്കിനുമൊക്കെ കൂടുതൽ സമയവും നീക്കി വയ്ക്കാം. പഠിക്കാൻ തിരഞ്ഞെടുക്കുന്ന സമയവും പ്രധാനമാണ്. ആഴത്തിൽ പഠിക്കേണ്ട കണക്ക്, സയൻസ് വിഷയങ്ങൾക്കായി മനസ്സും ബുദ്ധിയും ഫ്രഷ് ആയിരിക്കുന്ന പുലർകാലം തിരഞ്ഞെടുക്കാം. ഈ സമയത്ത് കുട്ടിയെ വിളിച്ചുണർത്തി, ‌ഒരു നല്ല കാപ്പിയും ചിരിയും നൽകി പഠനമുറിയിലേക്ക് അയയ്ക്കാം.

∙ പഠിക്കാനുള്ള കാര്യങ്ങൾ കൃത്യമായി തരംതിരിച്ചുള്ള ടൈംടേബിൾ തയാറാക്കി വയ്ക്കണം. ഒരു ദിവസം അഞ്ചോ ആറോ മണിക്കൂർ പഠിച്ചാൽ മതി. ഒറ്റയടിക്ക് എല്ലാം പഠിക്കാതെ ഓ രോ മണിക്കൂറിലും പത്തു മിനിറ്റ് ഇടവേളയെടുക്കാം. ഈ ഇടവേളയിൽ ഫോണോ ടിവിയോ കാണരുത്.

∙ ഒരു ദിവസം ഒരു വിഷയം, തുടർച്ചയായി മൂന്നോ നാലോ ദിവസം ഒരേ വിഷയം എന്നീ രീതികൾ നല്ലതല്ല. ഇംഗ്ലിഷും സോഷ്യൽ സ്റ്റഡീസും പോലെ സമാന സ്വഭാവമുള്ള (വായിച്ചു പഠിക്കേണ്ടവ) രണ്ടോ മൂന്നോ വിഷയങ്ങൾ ഒരു ദിവസം പഠിക്കാം. ഒരേ വിഷയം തന്നെ തലച്ചോറിലേക്കു തുടർച്ചയായി സ്റ്റോർ ചെയ്യുന്നതിനെക്കാൾ ഓർക്കാനെളുപ്പം ഇതാണ്.

∙ ആവർത്തിച്ചു വായിച്ചു പഠിക്കേണ്ട വിഷയങ്ങളും എഴുതിയും ചെയ്തും മനഃപാഠമാക്കേണ്ട വിഷയങ്ങളും വേവ്വേറെ പരിഗണിക്കണം. മറന്നുപോകുന്ന, സങ്കീർണമായ ഉത്തരങ്ങൾ മുന്നറിവുകളുമായി ബന്ധിപ്പിച്ചോ രസകരമായ കോഡുകളുണ്ടാക്കിയോ പഠിക്കാം.

പ്രായോഗിക പ്രവർത്തനത്തിലൂടെ പഠിക്കേണ്ട കണക്കും സയൻസുമൊക്കെ കഴിയാവുന്നിടത്തോളം പഴയ ചോദ്യപേപ്പറുകൾക്ക് ഉത്തരമെഴുതി പരിശീലിപ്പിക്കണം. പരീക്ഷയെഴുതാതെ ഇരുന്ന ഒരു വർഷത്തിന്റെ ‘ലാഗ്’ ഒഴിവാക്കാനും കയ്യക്ഷരവും പേനയുമൊക്കെ വരുതിയിലാകാനും ഇതു സഹായിക്കും.  

പഠിപ്പിക്കണം മനസ്സിനെയും

∙ സ്കൂളില്‍ നേരിട്ടു പോയി പഠിക്കാതിരുന്നു എന്നു കരുതി പാഠഭാഗങ്ങൾ പഠിപ്പിക്കുന്ന കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും അധ്യാപകർ ചെയ്തിട്ടില്ല. ശുഭാപ്തിവിശ്വാസത്തോടെയും ആത്മവിശ്വാസത്തോടെയും പരീക്ഷാഹാളിലേക്കു കയറുക. ഞാൻ നന്നായി പഠിക്കും, പരീക്ഷ നന്നായെഴുതും എന്നു മനസ്സിനെ പറഞ്ഞു പഠിപ്പിക്കുക. കളികളും ടിവി കാണലുമൊക്കെ പരീക്ഷാ കാലത്ത് കഴിയുന്നത്ര കുറയ്ക്കണം.

∙ അടുക്കും ചിട്ടയുമായി എഴുതുന്നത് പരീക്ഷയിൽ വളരെ പ്രധാനമാണ്. വാക്കുകള്‍ തമ്മിലുള്ള അകലം, ചിഹ്നങ്ങള്‍, പാരഗ്രാഫ് തിരിക്കല്‍, മാര്‍ജിന്‍ തുടങ്ങിയവയും ശ്രദ്ധിക്കണം. കടലാസിന്റെ മുകളിലും താഴെയും വേണ്ടത്ര സ്ഥലം ഒഴിച്ചിടണം. ഓരോ വരികൾക്കിടയിലും ഖണ്ഡിക തിരിക്കുമ്പോഴുമെല്ലാം അകലം വേണം. എഴുതി വെട്ടിക്കളയുന്നതും മുകളിൽ കൂടി എഴുതുന്നതും ഉത്തരക്കടലാസിന്റെ വൃത്തി കുറയ്ക്കും.

∙ പരീക്ഷാക്കാലത്ത് രാത്രിയിൽ രണ്ടു മണിക്കൂർ ഉറങ്ങിയ ശേഷം ഒരു മണിക്കൂർ പഠിത്തം, വീണ്ടും രണ്ടു മണിക്കൂർ ഉറക്കം... ഇങ്ങനെ മുറിഞ്ഞുമുറിഞ്ഞ് ഉറങ്ങുന്നത് നല്ലതല്ല.

രാത്രിസമയത്ത് ആറ്– ഏഴു മണിക്കൂറെങ്കിലും തുടർച്ചയായി ഉറങ്ങുമ്പോൾ തലച്ചോറിനു ലഭിക്കുന്ന വിശ്രമം, ഓർമയും ഏകാഗ്രതയും ബുദ്ധിയും ഒക്കെ റിഫ്രഷ് ആകാൻ അത്യാവശ്യമാണ്. ഉറക്കമൊഴിഞ്ഞിരുന്നു പഠിക്കാൻ നിർബന്ധിക്കുന്നത് വിപരീത ഫലമേ ഉണ്ടാക്കൂ. കുട്ടിയുടെ ഉറക്കം കൃത്യമാണെന്ന് ഉറപ്പുവരുത്തണം.

∙ സമ്മർദമകറ്റാൻ റിലാക്സേഷൻ വിദ്യകൾ പരിശീലിക്കാം. ഒരു കൈ നെഞ്ചിലും മറ്റേതു വയറിലും ചേർത്തുവച്ച് ദീർഘമായി ശ്വാസം ഉള്ളിലേക്കെടുക്കുക. രണ്ടു– മൂന്നു സെക്കൻഡ് ‘ഹോൾഡ്’ ചെയ്തു വച്ച ശേഷം വായിലൂടെ പതിയെ പുറത്തേക്കു വിടാം. പത്തു പ്രാവശ്യമെങ്കിലും ആവർത്തിക്കണം. പരീക്ഷാ ദിവസം കൂൾ ഓഫ് ടൈമിലും മനസ്സു ശാന്തമാക്കാൻ ഇതു പരീക്ഷിക്കാം.

യോഗയും നല്ലതാണ്. ശവാസനത്തിലേതു പോലെ റിലാക്സ് ചെയ്തു കിടക്കാം. ഇനി ഇഷ്ടമുള്ള ഒരു സ്ഥലമോ കാഴ്ചയോ മനസ്സിലേക്കു കൊണ്ടുവരാം.

∙ ഉന്മേഷവും ഉത്സാഹവും ഇല്ലാതാക്കുന്ന, നെഗറ്റിവിറ്റി നിറഞ്ഞ സാഹര്യങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും പരീക്ഷാകാലത്ത് വിട്ടുനിൽക്കുന്നത് നല്ലതാണ്. നല്ല അന്തരീക്ഷം വീട്ടിൽ ഉണ്ടാക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. നെഗറ്റീവ് ചിന്തകൾ കുട്ടികളുടെ ആത്മവിശ്വാസം കെടുത്തും.

_BAP1515

എഴുതാൻ ഒരുങ്ങാം

∙ ക്ലാസ് ടെസ്റ്റുകളും മാസാമാസം പരീക്ഷകളുമൊക്കെ നടന്നിട്ടുണ്ടാകുമെങ്കിലും പരീക്ഷയുടെ ചൂടിൽ എഴുതാനുള്ള ആത്മവിശ്വാസം കുറഞ്ഞേക്കാം. നിശ്ചിത സമയത്തിനുള്ളി ൽ പരീക്ഷ എഴുതി തീർക്കാനും പരിശീലിക്കണം.

∙ തലേദിവസം തന്നെ പേനകൾ, പെൻസിൽ, ഇൻസ്ട്രുമെന്റ് ബോക്സ്, ഹാൾ ടിക്കറ്റ് എന്നിവ എടുത്തുവയ്ക്കുക. അവസാന നിമിഷം ഇവ തപ്പിനടക്കേണ്ടി വരുന്നത് ടെൻഷൻ കൂട്ടും.

∙ പരീക്ഷ ആരംഭിക്കുന്നതിന് അരമണിക്കൂർ മുൻപെങ്കിലും ഹാളിലെത്തണം. ഉത്തരപേപ്പറിൽ നമ്പറും വിഷയവുമെല്ലാം വ്യക്തമായും തെറ്റുകൂടാതെയും എഴുതണം. കൂൾ ഓഫ് ടൈമിൽ ചോദ്യപേപ്പർ മുഴുവൻ വായിച്ചുനോക്കുക. ചോയ്സ് ഉ ള്ളവയിൽ നിന്ന് നന്നായി ഉത്തരമെഴുതാനാകുന്നവ മാർക് ചെയ്തു വയ്ക്കുക. പരീക്ഷ എഴുതി തുടങ്ങുമ്പോൾ ആശങ്കകളില്ലാതെയിരിക്കാൻ ഇതു സഹായിക്കും.

∙ ഉത്തരക്കടലാസിൽ പേജ് നമ്പർ ഇടാൻ മറക്കരുത്. ഉത്തരക്കടലാസുകൾ ക്രമത്തിൽ തന്നെ തുന്നിക്കെട്ടണം. എഴുതിയ ഉത്തരങ്ങളും അവയുടെ ചോദ്യനമ്പരും മാറിപ്പോയിട്ടില്ലെന്ന് ഉറപ്പുവരുത്തിയിട്ടേ പരീക്ഷാഹാൾ വിടാവൂ.

∙ എഴുതിക്കഴിഞ്ഞ പരീക്ഷകളുടെ ചോദ്യക്കടലാസ് നോക്കി പിശകുകൾ കണ്ടുപിടിക്കാനും ടെൻഷനടിക്കാനും നിൽക്കരുത്.  അടുത്ത ദിവസത്തെ പരീക്ഷയെ അതു ബാധിക്കും. എഴുതി കഴിഞ്ഞ പരീക്ഷ എളുപ്പമായിരുന്നു എന്നു കരുതി ബാക്കിയുള്ള പരീക്ഷകളെ ലാഘവത്തോടെ കാണരുത്.

‌കുറ്റപ്പെടുത്തലും കളിയാക്കലും

∙ ‘ഒരു വർഷം വെറുതേ നഷ്ടപ്പെട്ടു, ഇനി എന്തു ചെയ്തിട്ടും കാര്യമില്ല’ എന്നൊക്കെയുള്ള ആശങ്കകൾ കുട്ടിയുടെ മുന്നിൽ വച്ചു വേണ്ട. ‘വർഷങ്ങൾ കഴിയുമ്പോൾ കോവിഡ് കാലത്തെ പത്താംക്ലാസ് ബാച്ച് എന്നു നിങ്ങളെ വിളിക്കും’ എന്ന മട്ടിലുള്ള തമാശകൾ പോലും കുട്ടികളുടെ ആത്മവിശ്വാസം കെടുത്തും. അവരുടേതല്ലാത്ത കാരണത്താൽ കുട്ടികൾക്ക് നേരിടേണ്ടി വന്ന ഈ അസാധാരണ സാഹചര്യത്തിന് അവരെ കുറ്റപ്പെടുത്തിയിട്ടും കളിയാക്കിയിട്ടും കാര്യമില്ലല്ലോ.

∙ മക്കളോട് ഉപദേശരൂപേണ പറയുന്ന കാര്യങ്ങൾ പോലും കുറ്റപ്പെടുത്തലായേ കുട്ടികൾ എടുക്കൂ, പ്രത്യേകിച്ചും  കൗമാരപ്രായത്തിൽ. കുറ്റപ്പെടുത്തലും ശകാരവുമൊക്കെ പഠിത്തത്തിലെ അവരുടെ ശ്രദ്ധയെ ബാധിക്കുമെന്ന് ഓർക്കുക.

∙ ഉപദേശിക്കാനും മറ്റും ബന്ധുക്കളുടെയോ അധ്യാപകരുടെയോ സഹായം തേടുന്നതും കുട്ടികളെ ചൊടിപ്പിക്കും. തങ്ങളുടെ കുറ്റങ്ങൾ മറ്റുള്ളവരോടു പറഞ്ഞു നടക്കുന്നു എന്ന ചിന്തയാണ് ഇത് അവരിലുണ്ടാക്കുക. രക്ഷിതാക്കളോടുള്ള വിശ്വാസം നഷ്പ്പെടാനും അനുസരണക്കേടു കാണിക്കാനും പഠനത്തോടു വിരക്തിയുണ്ടാക്കാനുമൊക്കെ ഇത് ഇടയാക്കും.

∙ രക്ഷിതാക്കൾ അധ്യാപകരുടെയോ മറ്റോ സഹായം തേടുന്നത് കുട്ടിയുടെ സാന്നിധ്യത്തിലാകണം. സഹായം തേടുകയാണെന്ന് അവർക്കു തോന്നാതിരിക്കാനും വഴിയുണ്ട്. ഇതിനെ ‘സാൻവിച്ച് ടെക്നിക്’ എന്നാണു പറയുന്നത്. ഇന്നലെ ഇത്ര ഭാഗം പഠിച്ചു തീർത്തു, എല്ലാ ചോദ്യത്തിനും ഉത്തരം എഴുതി എന്നിങ്ങനെ സംസാരം തുടങ്ങുമ്പോൾ പൊസിറ്റിവ് യ കാര്യങ്ങൾ മാത്രം പറയുക. ഇങ്ങനെ ശ്രമിച്ചാൽ മറ്റു വിഷയങ്ങളും നന്നാക്കി എടുക്കാം എന്ന മട്ടിൽ പഠിത്തത്തിൽ പിന്നിലായ വിഷയങ്ങളെ കുറിച്ചു പിന്നീടു പറഞ്ഞാൽ മതി. സംസാരം അവസാനിപ്പിക്കുന്നതും പൊസിറ്റീവായി തന്നെയാകണം.

∙ പരീക്ഷയുടെ റിസൽറ്റ് വരുമ്പോൾ ആത്മഹത്യ ചെയ്യാൻ ചിന്തിക്കുന്ന തരത്തിൽ  മാനസിക സമ്മർദമനുഭവിക്കുന്ന കുട്ടികളുണ്ട്. മാർക്ക് കുറയുന്നത് അച്ഛനും അമ്മയ്ക്കും നാണക്കേട് ഉണ്ടാക്കും എന്നാണ് അവരുടെ ആശങ്ക. മാർക്ക് അൽപം കുറഞ്ഞുപോയാലും നിന്നോടുള്ള ഞങ്ങളുടെ കരുതലും സ്നേഹവും ഒട്ടും കുറയില്ല എന്ന ഉറപ്പ് കുട്ടിക്ക് തോന്നിക്കണം.

റിഹേഴ്സൽ പ്രധാനം

ഓൺലൈൻ ക്ലാസിനിടെ നടത്തിയ പരീക്ഷകളെ അത്ര സീരിയസല്ലാതെ എടുത്തവരുണ്ട്. ഉത്തരം നോക്കിയെഴുതിയും മറ്റും സത്യസന്ധമല്ലാതെയാകും പഠിത്തത്തെയും പരീക്ഷയെയും അവർ കണ്ടിരുന്നത്. അതുകൊണ്ടു തന്നെ ഇനി പഠിച്ചിട്ടു കാര്യമില്ല, ഈ വർഷം പരീക്ഷയെഴുതുന്നില്ല എന്ന ചിന്തയും അവർക്കു കാണും. പരീക്ഷയെഴുതാനും പഠിക്കാനും രക്ഷിതാക്കൾ നിർബന്ധിക്കുമ്പോൾ കുട്ടികൾ ‘ഇറിറ്റേറ്റഡ്’ ആകാനും സാധ്യതയുണ്ട്. അസ്വസ്ഥതയോടെ പഠിക്കുമ്പോൾ ശ്രദ്ധിക്കാനോ ഓർത്തുവയ്ക്കാനോ പറ്റില്ല.

മോഡൽ പരീക്ഷ പോലെ പരീക്ഷ എഴുതി റിഹേഴ്സൽ ചെയ്യിക്കുന്നതാണ് ഈ ടെൻഷൻ മറികടക്കാനുള്ള വഴി. നേരത്തേ കള്ളത്തരം കാണിച്ച് എഴുതിയ പരീക്ഷ പോലെയാകരുത് ഇത്. അധ്യാപകരുടെയോ രക്ഷിതാക്കളുടെയോ മേൽ‌നോട്ടത്തിൽ, പബ്ലിക് എക്സാമിന്റെ പരീക്ഷ പോലെ കൂൾ ഓഫ് ടൈമും ചോദ്യപേപ്പറുമൊക്കെ വച്ചു വേണം ഇതു പരിശീലിക്കാൻ. ഓരോ ചോദ്യത്തിന്റെയും സ്കോറിനനുസരിച്ച് ഉത്തരമെഴുതാനും പരീക്ഷാസമയം ബുദ്ധിപൂർവം വിനിയോഗിക്കാനും ഈ പരിശീലനം സഹായിക്കും. കുട്ടിക്കൊപ്പം ഉത്തരക്കടലാസിൽ മാർക്ക് ഇട്ട് തെറ്റും ശരിയും വിലയിരുത്താം. ഇത് അടുത്ത തവണ തെറ്റില്ലാതെ എഴുതാൻ ഗുണപ്രദമാകും.

‘ഫോക്കസ് ഉണ്ടല്ലോ, ധൈര്യമായി പരീക്ഷയെഴുതാം’

‘കോവിഡ് കാലത്ത് മറ്റു സംസ്ഥാനങ്ങൾ ചെയ്തതു പോലെ സ്റ്റേറ്റ് സിലബസിലെ പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷയുടെ സിലബസ് വെട്ടിക്കുറയ്ക്കുകയോ പാഠഭാഗങ്ങൾ ഒഴിവാക്കുകയോ ഉണ്ടായില്ല. അടുത്ത ക്ലാസിലേക്കു പോകുമ്പോൾ പഠിക്കാതെ വിട്ട പാഠഭാഗങ്ങളുടെ തുടർച്ച നഷ്ടപ്പെടാതെ ഇരിക്കാനാണ് അങ്ങനെ ചെയ്തത്.

പഠനം എന്നത് കേവലം പരീക്ഷയ്ക്കു വേണ്ടി മാത്രമുള്ള കാര്യമല്ലല്ലോ. എന്നിരുന്നാലും  കുട്ടികൾക്കു പഠന, പരീക്ഷ പ്രക്രിയകൾ കൂടുതൽ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കുക എന്ന ലക്ഷ്യത്തോടെ ആണ് കൂടുതൽ പ്രാധാന്യം നൽകേണ്ട പാഠഭാഗങ്ങൾ ‘ഫോക്കസ് ഏരിയ’ ആയി പ്രസിദ്ധീകരിച്ചത്. ഓരോ വിഷയത്തിലും ‘ഫോക്കസ് ഏരിയ’യ്ക്കു പ്രാധാന്യം നൽകിയാണ് ചോദ്യപേപ്പർ ത യാറാക്കിയതും. ഈ ഭാഗങ്ങൾ നന്നായി പഠിച്ചവർക്ക് ഉയർന്ന സ്കോർ ഉറപ്പാക്കാം.

ചോയ്സ് ലഭിക്കുന്ന തരത്തിൽ കൂടുതൽ ചോദ്യങ്ങളും ഇക്കുറി ഉണ്ടാകും. പരീക്ഷയെഴുതാൻ തയാറാകാൻ കൂൾ ഓഫ് ടൈമും എക്സ്ട്രായുണ്ട്.  ചോദ്യങ്ങൾ വായിച്ചു നോക്കി ഏറ്റവും നന്നായി ഉത്തരമെഴുതാവുന്നവ സെലക്ട് ചെയ്യാൻ  ഈ അധികസമയം വിനിയോഗിക്കാം. എല്ലാ കുട്ടികൾക്കും വിജയാശംസകൾ.’ -ജീവൻ ബാബു കെ, ഐഎഎസ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ആൻഡ്, പരീക്ഷാ കമ്മിഷനർ

‘സിലബസ് കുറച്ചു, പേടി വേണ്ട’

‘കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ സ്കൂളുകൾ പൂട്ടിയിട്ടതും ഓൺലൈൻ ക്ലാസിലേക്ക് അധ്യാപനം ചുരുങ്ങിയതും കണക്കിലെടുത്ത് സിബിഎസ്ഇ പത്താംക്ലാസിലെയും പ്ലസ്ടുവിലെയും സിലബസിൽ 30 ശതമാനം പാഠഭാഗങ്ങൾ വെട്ടിക്കുറച്ചിരുന്നു. ഓൺലൈനിൽ തന്നെയാണ് ക്ലാസുകൾ നടന്നത്. പഠനപ്രവർത്തനങ്ങളും ക്ലാസ് ടെസ്റ്റുകളുമെല്ലാം ഓൺലൈനായി മുടക്കമില്ലാതെ, ചിട്ടയായി നടന്നു.

ജനുവരി മാസത്തിലാണ് പത്താംക്ലാസിലെയും പ്ലസ് ടുവിലെയും കുട്ടികളെ സംശയനിവാരണത്തിനും മറ്റുമായി സ്കൂളിലേക്കു വരാൻ അനുവദിച്ചത്. വെട്ടിക്കുറച്ച പാഠഭാഗങ്ങൾക്കനുസരിച്ച് ഇക്കുറി ചോദ്യപേപ്പറിലും മാറ്റമുണ്ട്. അതനുസരിച്ചാണ് റിവിഷനും പ്രാക്ടിക്കലുമെല്ലാം നടത്തിയത്. പഠനപ്രവർത്തനങ്ങളെ ബാധിക്കാതിരുന്നതും പോർഷൻ കുറച്ചതും ഗുണമായതു കൊണ്ടുതന്നെ ടെൻഷൻ ഒട്ടുമില്ലാതെ ഇക്കുറി പരീക്ഷയെ അഭിമുഖീകരിക്കാം. എല്ലാവർക്കും ബെസ്റ്റ് ഓഫ് ലക്ക്.’- സുജാത ഹരിമോഹൻ, സിബിഎസ്ഇ റിസോഴ്സ് പഴ്സൻ

വിവരങ്ങൾക്കു കടപ്പാട്: ഡോ. വർഗീസ് പുന്നൂസ്, പ്രഫസർ ആൻഡ് ഹെഡ്, മാനസികാരോഗ്യ വിഭാഗം, ഗവ. മെഡിക്കൽ കോളജ്, കോട്ടയം

Tags:
  • Mummy and Me
  • Parenting Tips