Friday 24 May 2019 03:42 PM IST : By സ്വന്തം ലേഖകൻ

പൊന്നോമനയ്ക്ക് ആദ്യത്തെ കളിപ്പാട്ടം വാങ്ങുന്നതിന് മുൻപ് ഈ അഞ്ചു കാര്യങ്ങൾ ശ്രദ്ധിക്കൂ..

baby-toys-tips

ഒരു കുഞ്ഞു തുടിപ്പ് ഉദരത്തിൽ മുള പൊട്ടി എന്നറിയുമ്പോൾ തന്നെ അതിനെ വരവേൽക്കാനുള്ള ഒരുക്കത്തിലായിരിക്കും ഓരോ മാതാപിതാക്കളും. അങ്ങനെ ഭൂമിയിലേക്ക് പിറന്നു വീഴുന്നതിനു മുൻപ് തന്നെ കുഞ്ഞിനായി വലിയ ഒരുക്കങ്ങൾ നടത്തുന്നവരുമുണ്ട്. മനോഹരമായി മുറിയൊരുക്കുക, കളിപ്പാട്ടങ്ങൾ വാങ്ങി നിറയ്ക്കുക എന്നിങ്ങനെ അവനുവേണ്ട ഓരോന്നും കണ്ടറിഞ്ഞു വാങ്ങി ശേഖരിച്ചുവയ്ക്കും. പലരും ഇന്റർനെറ്റിൽ പരതി ആവശ്യത്തിനും അനാവശ്യത്തിനുമെല്ലാം വസ്തുക്കൾ വാങ്ങിക്കൂട്ടും. പലതും കുഞ്ഞിന്റെ ആരോഗ്യത്തിനു ദോഷമുണ്ടാക്കുന്നതായിരിക്കും, പ്രത്യേകിച്ചും കളിപ്പാട്ടങ്ങൾ. എങ്കിൽ ശ്രദ്ധിച്ചോളൂ, കുഞ്ഞിന് വേണ്ടി ആദ്യത്തെ കളിപ്പാട്ടം തിരഞ്ഞെടുക്കുമ്പോൾ ഈ അഞ്ചു കാര്യങ്ങൾ മനസ്സിൽ വേണം.

1. ഉപയോഗിക്കാൻ സുരക്ഷിതമാണോ?

കയ്യിൽ എന്തുകിട്ടിയാലും നേരെ വായിലേക്ക് കൊണ്ടുപോകുന്ന പ്രായമാണ് കുഞ്ഞിനെന്ന ഓർമ്മ വേണം. അതുകൊണ്ടുതന്നെ മൂർച്ചയുള്ള വശങ്ങൾ ഉള്ളതോ, കെമിക്കൽ കണ്ടന്റ് അടങ്ങിയതോ, അലർജിയുണ്ടാക്കുന്ന രോമത്തൂവൽ ഉള്ളതോ ആയ കളിപ്പാട്ടങ്ങൾ തിരഞ്ഞെടുക്കാതിരിക്കുക. എത്ര ഭംഗിയുള്ള കളിപ്പാട്ടം ആയാലും ഇത്തരം പ്രശ്നങ്ങൾ കണ്ടാൽ ഒഴിവാക്കുക. അതുപോലെ കുഞ്ഞിന്റെ വായിലൂടെ ഇറങ്ങിപ്പോകുന്ന ചെറിയ വലുപ്പത്തിലുള്ള ബട്ടൻസ്, കോയിൻസ് ഉൾപ്പെടെയുള്ള കളിപ്പാട്ടങ്ങൾ നൽകാതിരിക്കുക.

2. കഴിവുകൾ വളർത്താൻ സഹായിക്കുന്നവ 

കുഞ്ഞുങ്ങളുടെ കഴിവ് വളർത്താൻ സഹായിക്കുന്ന തരത്തിലുള്ള കളിപ്പാട്ടങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്. കൈയുടെ ചലനം കൂട്ടുന്നതും കേൾവിശക്തി ഷാർപ്പ് ആക്കുന്നതും കണ്ണിന് ദോഷം ഇല്ലാത്തതുമായവ വാങ്ങാം. കുഞ്ഞിന്റെ മോട്ടോർ സ്‌കിൽസ് വർധിപ്പിക്കാൻ സഹായിക്കുന്നതായിരിക്കണം കളിപ്പാട്ടങ്ങൾ.

3. ശാരീരിക ചലനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാകണം 

ആദ്യത്തെ മൂന്ന് മാസം കഴിയുന്നതോടെ കുഞ്ഞിന്റെ തല ഉറയ്ക്കും. ഈ സമയം കുഞ്ഞുകുഞ്ഞു ആക്റ്റിവിറ്റികൾ അവനെക്കൊണ്ട് ചെയ്യിപ്പിക്കണം. കൈക്കും കാലിനും ചലനമുണ്ടാക്കാൻ സഹായിക്കുന്ന കളിപ്പാട്ടങ്ങൾ വാങ്ങി നൽകാം. ശാരീരിക ചലനങ്ങൾ പെട്ടെന്ന് ഭക്ഷണം ദഹിക്കാൻ സഹായിക്കുന്നു. കുഞ്ഞിന്റെ ഉറക്കവും കൃത്യമാവുകയും ചെയ്യുന്നു. കുഞ്ഞിനെ കിടത്തി കളിപ്പിക്കാൻ സഹായിക്കുന്ന മാറ്റുകൾ വിപണിയിൽ ലഭ്യമാണ്.

4. പഠിച്ചെടുക്കാനുള്ള കഴിവിനെ വളർത്തുക 

ജനിച്ചു വീഴുമ്പോൾ തന്നെ ഭൂമിയെ അറിയാനും മനസ്സിലാക്കാനുമുള്ള കഴിവ് കുഞ്ഞിനുണ്ടായിരിക്കും. അതുകൊണ്ടാണ് ആദ്യം ദിനം തൊട്ട് അവൻ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു തുടങ്ങുന്നത്. കൈ കൊട്ടാനും തലയാട്ടാനും ചിരിക്കാനും വാക്കുകൾ അനുകരിക്കാനുമെല്ലാം വളരെ എളുപ്പത്തിൽ സാധിക്കുന്നത്. ഇങ്ങനെ ഓരോ കാര്യങ്ങളും എളുപ്പത്തിൽ പഠിച്ചെടുക്കാനുള്ള കുഞ്ഞിന്റെ കഴിവിനെ വളർത്തുന്ന കളിപ്പാട്ടങ്ങളും വസ്തുക്കളും വാങ്ങി സൂക്ഷിക്കുക. കുഞ്ഞിനെ നല്ല പാട്ട് കേൾപ്പിക്കാം, അതുപോലെ കൂടുതൽ ചിത്രങ്ങൾ കാണിച്ച് കൊടുക്കാം, നിറങ്ങൾ തിരിച്ചറിയാൻ സഹായിക്കാം.

5. ദീർഘ കാലത്തേക്കായി സൂക്ഷിക്കാം

കുഞ്ഞുങ്ങൾ ഏറെനേരം സമയം ചിലവഴിക്കുന്ന ചില കളിപ്പാട്ടങ്ങൾ ഉണ്ടാകും. അതുപോലെ താല്പര്യമില്ലാത്തവയും. ഇക്കാര്യം മാതാപിതാക്കൾ വളരെ കൃത്യമായി മനസ്സിലാക്കണം. കുഞ്ഞുങ്ങളുടെ ഇഷ്ടം, അഭിരുചി എന്നിവ മനസ്സിലാക്കാൻ ഇതുകൊണ്ട് ഉപകരിക്കും. പിന്നീട് കുഞ്ഞുങ്ങൾക്ക് താല്പര്യമില്ലാത്തവ വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കാം. അവന് ഇഷ്ടമുള്ള കളിപ്പാട്ടങ്ങൾ ദീർഘ കാലത്തേക്കായി സൂക്ഷിച്ചു വയ്ക്കാം.