Monday 17 January 2022 03:28 PM IST : By സ്വന്തം ലേഖകൻ

കളിയ്ക്കിടെ കൂട്ടുകാരനെ കല്ലു കൊണ്ട് കുത്തി; ചോര വന്നതോടെ ഭയന്ന് ഓടിയൊളിച്ചു! കാണാതായ ഏഴു വയസ്സുകാരനെ കണ്ടെത്തിയ അനുഭവം പങ്കിട്ട് കുറിപ്പ്

child-missing-case

"കുട്ടികളുടേത് നിഷ്കളങ്കമായ മനസ്സാണ്. എപ്പോഴാണ് അതിന് മുറിവേൽക്കുക എന്ന് നമുക്കറിയില്ല. ആർക്കും എപ്പോൾ വേണമെങ്കിലും തെറ്റ് സംഭവിക്കാം. സാഹചര്യത്തിനനുസരിച്ച് കുട്ടികളോട് ചേർന്നുനിന്ന് സാവധാനത്തിൽ അവരോട് അത് പറഞ്ഞ് മനസ്സിലാക്കണം. തെറ്റുചെയ്താൽ രക്ഷിതാക്കളിൽ നിന്നും ശിക്ഷകിട്ടും എന്ന  ചിന്ത ചിലപ്പോൾ അവരെ പല തെറ്റായ പ്രവൃത്തിയിലേക്കും നയിക്കും. അവരെ നമുക്ക് മാറ്റിയെടുക്കാൻ സ്നേഹത്തോടെയുള്ള നമ്മുടെ വാക്കുകൾക്ക് മാത്രമേ സാധിക്കൂ.."- കാണാതായ ഏഴു വയസ്സുകാരനെ കണ്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ അനുഭവം പറഞ്ഞ് കേരളാ പൊലീസിന്റെ ഫെയ്സ്ബുക് പേജിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. 

കേരളാ പൊലീസ് പങ്കുവച്ച കുറിപ്പ് വായിക്കാം; 

കാണാതായ കുട്ടിയെ തിരഞ്ഞ് ഒരു ഗ്രാമം. ഒളിച്ചിരുന്ന കുട്ടിയെ കണ്ടെത്തിയത് രണ്ടര മണിക്കൂറിന് ശേഷം. നെടുപുഴ വടൂക്കരയിലെ ഒരു വീട്ടിലാണ് സംഭവം. ഏഴു വയസ്സു വീതം പ്രായമുള്ള രണ്ടു കുട്ടികൾ മുറ്റത്തിരുന്ന് കളിക്കുകയായിരുന്നു. ഒരുമിച്ചുള്ള കളിയ്ക്കിടയിൽ എന്തോ പറഞ്ഞപ്പോഴുണ്ടായ ദേഷ്യത്തിന് കയ്യിലിരുന്ന കല്ലുകൊണ്ട് ഒരാൾ മറ്റേയാളുടെ തലയിൽ ഒരു കുത്ത്. കല്ലുകൊണ്ട് കൂട്ടുകാരന്റെ തലയിൽ പരുക്കേറ്റു, ചോരയൊലിച്ചു. അവൻ കരഞ്ഞുകൊണ്ട് വീട്ടിലേക്ക് ഓടി. കൂട്ടുകാരനെ കല്ലുകൊണ്ട് കുത്തിയപ്പോഴുണ്ടായ മനോവിഷമവും വീട്ടിൽ അച്ഛനും അമ്മയോടുമുള്ള പേടിയും മൂലം എന്തുചെയ്യണമെന്നറിയാതെ മറ്റേയാൾ അല്പനേരം അവിടെ ഇരുന്നു. താൻ ചെയ്ത തെറ്റിന്റെ പ്രത്യാഘാതം എന്തായിരിക്കുമെന്ന് ഓർത്ത് അവൻ അവിടെ നിന്നും മുങ്ങി.

കളി കഴിഞ്ഞ് വീട്ടിലെത്താത്ത മകനെ തിരഞ്ഞ് അവന്റെ അമ്മ പലയിടത്തും അന്വേഷിച്ചു. കൂട്ടുകാരനോടും അന്വേഷിച്ചു. ഒരുമിച്ചിരുന്നു കളിച്ചതാണെന്നും പിന്നീട് എവിടെപ്പോയി എന്ന് അറിയില്ലെന്നും പറഞ്ഞപ്പോൾ അമ്മയുടെ വേവലാതി വർദ്ധിച്ചു. അവൻ പോകാൻ സാധ്യതയുള്ളിടത്തൊക്കെ അന്വേഷിച്ചു. അമ്മയുടെ സങ്കടവും കരച്ചിലും അനുനിമിഷം വർധിച്ചു. അയൽവാസികളോടും നാട്ടുകാരോടും മകനെ കാണാനില്ലാത്ത വിവരം പറഞ്ഞു. കുട്ടിയെ തിരയാൻ അവരും കൂടെ കൂടി. എന്നിട്ടും കുട്ടിയെക്കുറിച്ച് ഒരു വിവരവും ഇല്ല. 

എല്ലാവരും പറഞ്ഞു, വേഗം നെടുപുഴ പൊലീസ് സ്റ്റേഷനിൽ പോയി പറയൂ. എങ്ങിനെയെങ്കിലും അവർ കുട്ടിയെ കണ്ടെത്തിത്തരും. ഈ സമയത്ത് ആകസ്മികമായി നെടുപുഴ ശിശു സൗഹൃദ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.സി. ബൈജു അതുവഴി പട്രോളിങ്ങിനായി എത്തിയത്. ശ്മശാനം റോഡ് പരിസരത്തെത്തിയപ്പോൾ ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് കണ്ടു. നാട്ടുകാരോട് എന്താണ് കാര്യമെന്ന് ചോദിച്ചറിഞ്ഞു. കുട്ടിയെ കാണാതായ വിവരം അവർ പൊലീസ് ഓഫിസറെ അറിയിച്ചു. കാര്യങ്ങൾ വിശദമായി മനസ്സിലാക്കിയ സബ് ഇൻസ്പെക്ടർ ബൈജു ആദ്യം കുട്ടിയുടെ വീട്ടിലെത്തി. കുട്ടിയെ അവസാനം കണ്ടത് ആരാണെന്ന് തിരക്കി. 

അപ്പോഴാണ് അവർ അവനോടൊപ്പം മുറ്റത്തിരുന്ന് കളിച്ചിരുന്ന കൂട്ടുകാരനെക്കുറിച്ച് പറഞ്ഞത്.കളിയ്ക്കിടയിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് പൊലീസ് ഓഫിസർ വളരെ സാവധാനത്തിൽ കുട്ടിയോട് ചോദിച്ചറിഞ്ഞു. ഒരു കളിക്കൂട്ടുകാരനോടെന്നപോലെ പൊലീസ് ഓഫിസറോട് കുട്ടി കാര്യങ്ങൾ വിശദമായി പറഞ്ഞു. കൂട്ടുകാരനുമൊത്ത് കളിച്ച കാര്യവും, കല്ലു കൊണ്ട് കുത്തേറ്റപ്പോൾ പരിക്കേറ്റ കാര്യവും, താൻ അമ്മയോട് പറയുമെന്നും പറഞ്ഞ് വീട്ടിലേക്ക് ഓടിവന്ന കാര്യവും അവൻ വിശദമായിത്തന്നെ പോലീസ് ഓഫിസറോട് പറയുകയുണ്ടായി. 

കാണാതായ കുട്ടി ദൂരെ എവിടേയും പോകാൻ സാധ്യതയില്ലെന്നു മനസ്സിലാക്കിയ പൊലീസ് ഓഫിസർ, ഉടൻതന്നെ വീടിനുപരിസരത്ത് കുട്ടികൾ ഒളിക്കാനിടയുള്ള സ്ഥലങ്ങളെല്ലാം ചോദിച്ചറിഞ്ഞ് അവിടെയെല്ലാം വിശദമായി തിരയാൻ തുടങ്ങി. നാട്ടുകാരും വീട്ടുകാരും  പൊലീസ് ഓഫിസറുടെ കൂടെ പരിസരങ്ങളിലെ മുക്കിലും മൂലയിലും തിരഞ്ഞുതുടങ്ങി. അവസാനം രണ്ടര മണിക്കൂറോളമെടുത്ത തിരച്ചിലിനൊടുവിൽ അയൽപക്കത്തെ വീടിനുസമീപമുള്ള ഒരു ഇടുങ്ങിയ സ്ഥലത്ത് പേടിച്ചു വിറച്ച് ഒളിച്ചിരിക്കുന്ന കുട്ടിയെ അവർ കണ്ടെത്തി. അവൻ ആകെ ക്ഷീണിതനായിരുന്നു. ഓടിയെത്തിയ അവന്റെ അമ്മയുടെ കൈകളിലേക്ക് പൊലീസ് ഓഫിസർ കുട്ടിയെ നൽകി. അവർ അവനെ വാരിപ്പുണർന്നു. 

പൊലീസ് വാഹനത്തിൽ കയറി, യാത്ര പറയുമ്പോൾ സബ് ഇൻസ്പെക്ടർ കെ.സി. ബൈജു അവരോടായി പറഞ്ഞു, "കുട്ടികളുടേത് നിഷ്കളങ്കമായ മനസ്സാണ്. എപ്പോഴാണ് അതിന് മുറിവേൽക്കുക എന്ന് നമുക്കറിയില്ല. ആർക്കും എപ്പോൾ വേണമെങ്കിലും തെറ്റ് സംഭവിക്കാം. സാഹചര്യത്തിനനുസരിച്ച് കുട്ടികളോട് ചേർന്നുനിന്ന് സാവധാനത്തിൽ അവരോട് അത് പറഞ്ഞ് മനസ്സിലാക്കണം. തെറ്റുചെയ്താൽ രക്ഷിതാക്കളിൽ നിന്നും ശിക്ഷകിട്ടും എന്ന  ചിന്ത ചിലപ്പോൾ അവരെ പല തെറ്റായ പ്രവൃത്തിയിലേക്കും നയിക്കും. അവരെ നമുക്ക് മാറ്റിയെടുക്കാൻ സ്നേഹത്തോടെയുള്ള നമ്മുടെ വാക്കുകൾക്ക് മാത്രമേ സാധിക്കൂ.." കൈകളുയർത്തി, അവരെല്ലാവരും ചേർന്ന് പൊലീസുദ്യോഗസ്ഥനെ യാത്രയാക്കി.

Tags:
  • Mummy and Me
  • Parenting Tips