Friday 30 August 2024 11:03 AM IST : By സ്വന്തം ലേഖകൻ

ഇരുട്ടിനെ പേടി, ബാത്റൂമിൽ പോകാനും ഭയം.. മൂന്ന് വയസുകാരന്റെ പേടിമാറുമോ?: വിദഗ്ധ മറുപടി

kids-fear

Q മൂന്നുവയസ്സുള്ള മകന്റെ പേടിയാണ് പ്രശ്നം. കഴിഞ്ഞ രണ്ടുമാസങ്ങളായാണ് ഈ പേടി തുടങ്ങിയത്. ഒരു ദിവസം രാത്രി രണ്ടാം നിലയിലെ മുറിയിൽ തനിച്ചിരുന്നു കളിക്കുന്നതിനിടയിൽ കറന്റുപോയി. പേടിച്ചു കരഞ്ഞുകൊണ്ടു നടക്കുന്നതിനിടയിൽ തട്ടി വീഴുകയും ചെയ്തു. അതിനു ശേഷം മകനു വല്ലാത്ത പേടിയാണ് . പ്രത്യേകിച്ചും ഇരുട്ടിനെ. ബാത്റൂമിൽ പോകാനും ഭയമാണ്. കൂടെ ആളു നിന്നാൽ മാത്രമേ ബാത്റൂം ഉപയോഗിക്കുള്ളൂ. അതുപോലെ ഒറ്റയ്ക്കാകുന്ന ഏതുസാഹചര്യവും കുഞ്ഞിനെ വല്ലാതെ പേടിപ്പിക്കുന്നു. എന്താണ് ചെയ്യേണ്ടത്?

അലി, കോഴിക്കോട്

A മൂന്ന് വയസ്സു പ്രായമുള്ള ഒരു കുട്ടിക്ക് ഇരുട്ടിനെയും മുകളിലെ നിലകളിലേയ്ക്ക് കയറുന്നതിനുള്ള പേടിയുമൊക്കെ ഉണ്ടാകുന്നത് സാധാരണമാണ്. അതു പ്രായത്തിന്റെ ഒരു അനിവാര്യതയാണ്.

ഇവർക്ക് ഒരുതരം അറ്റാച്ച്മെന്റ് ബിഹേവിയർ (അമ്മയുമായി എപ്പോഴും കുട്ടി ഒട്ടി നടക്കുന്ന രീതി) മാറി വരാനുള്ള പ്രായമാകുന്നതേയുള്ളൂ. പക്ഷേ, ഇവിടെ ഇതൊക്കെ പറഞ്ഞ് മാത്രം സമാധാനിക്കാൻ സാധിക്കില്ല. കാരണം ഇത്തരമൊരു ഭയം കുട്ടിയുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.

ഒരുപക്ഷേ, പേടിക്ക് (fear) ഉപരിയായി ഫോബിയ (phobia) എന്ന അവസ്ഥയിലേക്കു കുട്ടി നടന്നടുക്കുകയാകാം. ഫോബിയ എന്നാൽ അമിതമായ പേടിയുമല്ല, അകാരണമായ പേടിയുമല്ല. ചില സാഹചര്യങ്ങളിൽ പേടിയോടൊപ്പം നമ്മുടെ ദൈനംദിന പ്രവൃത്തികളെ ബാധിക്കുന്ന തരത്തിലും അതിനോടൊപ്പം ചിലമാറ്റങ്ങളും സംഭവിക്കുന്നു. അതായത് ആ സമയം നമുക്ക് അനിയന്ത്രിതമായ രീതിയിൽ അനുഭവപ്പെടുന്ന അമിതമായ നെഞ്ചിടിപ്പ്, അമിത വിയർപ്പ്, വിളർച്ച. ശരീരം വിറയ്ക്കൽ, തളർച്ച മുതലായ പല ലക്ഷണങ്ങളും പ്രകടമാകുന്നത് ഒരുതരം അമിത ഉത്കണ്ഠ (Anxiety) എന്ന അവസ്ഥയുടെ പ്രകടമായ ലക്ഷണങ്ങളുമാകാം.

അതിനാൽ ഇവിടെ കുട്ടിക്ക് ചികിത്സ ആവശ്യമാണ്. വീട്ടിൽ സംഭവിച്ചതെല്ലാം ഒരു നിമിത്തമായി മാത്രമായി കണക്കാക്കാം. മാനസികമായി ഉരുത്തിരിയുന്ന പ്രശ്നങ്ങൾക്കുള്ള സാധ്യത പ്രകടമായി എന്നു കരുതാം. ഈ ഘട്ടത്തിൽ കുട്ടികളുെട മനശ്ശാസ്ത്ര ചികിത്സകർക്ക് പ്രശ്നം പരിഹരിക്കാനാകും. കുട്ടിയുടെ ഭയത്തെ പടിപടിയായി മാറ്റാൻ ശ്രമിക്കുന്ന ഒരുതരം ചികിത്സാരീതി (Systematic desensitization) ആണ് ഇത്തരം അവസരങ്ങളിൽ കൂടുതൽ ഫലപ്രദം.

കഴിയുന്നതും നേരത്തേ തന്നെ ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ സമീപിക്കുക. ചുരുക്കം പേർക്ക് ചിലപ്പോൾ മരുന്ന് ചികിത്സയും ആവശ്യമായി വന്നേക്കാം. ആവശ്യമായ ചികിത്സ ഏതായാലും അതു വൈകാതെ ചെയ്യുന്നത് ഉചിതമായിരിക്കും.

വിവരങ്ങൾക്ക് കടപ്പാട്:

േഡാ. എം. കെ. സി. നായർ

പ്രശസ്ത ശിശുരോഗവിദഗ്ധനും
മനശ്ശാസ്ത്രജ്ഞനും
ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസലർ
cdcmkc@gmail.com