Tuesday 13 August 2024 10:32 AM IST

കുഞ്ഞിന്റെ വീഴ്ച വാച്ചു താഴെ വീഴും പോലെ, പുറമെ പ്രശ്‍നം കണ്ടില്ലെങ്കിലും തലച്ചോറിന് ക്ഷതം വരാം : ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

kidsfdangere32

പുതിയ കാലത്തെ മാതാപിതാക്കൾ പേരന്റിങ് എന്ന ദൗത്യത്തിലേക്കു കടക്കുമ്പോൾ കുഞ്ഞുങ്ങളുടെ സുരക്ഷാകാര്യങ്ങളിലും മുൻകരുതലുകൾ എടുക്കണം. കുഞ്ഞുങ്ങൾക്കുണ്ടാകുന്ന നിരവധി അപകടഘട്ടങ്ങളെക്കുറിച്ച് എല്ലാവരും അറിയുന്നുണ്ടെങ്കിലും നമ്മുടെ കുഞ്ഞുങ്ങൾ അങ്ങനെയൊന്നും ചെയ്യില്ല എന്ന ഒരു ധാരണ നമ്മിൽ പലർക്കുമുണ്ട്. അതു കൊണ്ടു തന്നെ കുട്ടികളുടെ കാര്യത്തിൽ കരുതലുകളെടുക്കാൻ കൂടുതൽ ശ്രദ്ധിക്കണം.

വാവേ... ഉവ്വാവു വരും എന്നു പറയാം

കുഞ്ഞ് മുട്ടിൽ നീന്തിത്തുടങ്ങുന്ന പ്രായം അതായത് ആറു മാസം മുതൽ ഏറെ കരുതലെടുക്കണം. കുട്ടികൾ വായിലിടാനും വിഴുങ്ങാനും സാധ്യതയുള്ള എല്ലാ സാധനങ്ങളും തറയിൽ നിന്നു മാറ്റി വയ്ക്കണം. നാണയങ്ങളും ബട്ടൻ ബാറ്ററിയും മൊട്ടുസൂചിയും എല്ലാം. നാണയം അഥവാ കോയിൻ ആണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. നാണയം വായിലിടാൻ തുടങ്ങുന്ന കുഞ്ഞിനെ അതു കാണാനിടയാകുന്ന സാഹചര്യത്തിൽ വിലക്കണം. അയ്യോ.. ഉവ്വാവു വരും... എന്ന് അമ്മ സ്നേഹപൂർവം പറയണം. ആംഗ്യങ്ങളിലൂടെയും അതു ബോധ്യപ്പെടുത്താം. രണ്ടു മുതൽ മൂന്നു വയസ്സു വരെയുള്ള പ്രായത്തിൽ ‘ അരുത് ’ എന്ന് പറഞ്ഞാൽ കുഞ്ഞിനു മനസ്സിലാകും. അപകടത്തിലേക്കു നയിക്കുന്ന ഏതു സാഹചര്യത്തിൽ കുഞ്ഞിനെ കണ്ടാലും ഉറച്ച സ്വരത്തിൽ ‘ നോ’ അല്ലെങ്കിൽ അരുത് എന്നു പറയണം. തീയ്, വെള്ളം എന്നിവയുമായുള്ള കളി, ഉയരത്തിൽ കയറുക എന്നിങ്ങനെയുള്ള സാഹചര്യങ്ങളിൽ അരുതെന്നു പറഞ്ഞു കുഞ്ഞിനെ പിന്തിരിപ്പിക്കണം. പെൻസിൽ ചെവിയിലിടുക, പൂവ് , മുത്ത് പോലുള്ളവ മൂക്കിനുള്ളിൽ കയറ്റി വയ്ക്കുക എന്നിവയും ചില കുട്ടികൾ ചെയ്യാറുണ്ട്. അതും ശ്രദ്ധിക്കണം.

മരുന്നുകൾ സൂക്ഷിക്കണേ...

വിദേശങ്ങളിലൊക്കെ മരുന്നുകൾ സൂക്ഷിക്കുന്നതിന് ചൈൽഡ് റെസിസ്‌റ്റന്റ് കണ്ടെയ്നറുകൾ ഉണ്ട്. കുട്ടികളുെട മരുന്നുകളൊക്കെ അവർക്കു തുറക്കാനാകാത്ത വിധം അടച്ചാണു വരുന്നത്. കുട്ടികളെടുത്താൽ അവ ലോക്ക് ആകും.

കുട്ടികളുള്ള വീടുകളിൽ മരുന്നുകൾ ഏറെ ശ്രദ്ധയോടെ തന്നെ സൂക്ഷിക്കണം. ടോണിക്, മരുന്നുകൾ, ഇവ വച്ചിരിക്കുന്ന ഷെൽഫുകൾ താക്കോൽ കൊണ്ടു ലോക് ചെയ്യാം. മരുന്നുകൾ അലമാരയുടെ മുകളിൽ കയറ്റി വയ്ക്കുന്ന രീതി നല്ലതല്ല. അൽപം മുതിർന്ന കുട്ടികളാണെങ്കിൽ സ്‌റ്റൂളും കസേരയുമിട്ട് അതെടുക്കും. എന്നാൽ താക്കോലിട്ടു തുറന്നെടുക്കുന്നത് അവരെ സംബന്ധിച്ച് അത്ര എളുപ്പമല്ല. കുഞ്ഞുങ്ങളുടെ തന്നെ മരുന്നായാലും കൂടുതൽ അളവ് ഉള്ളിലെത്തിയാൽ ദോഷകരമാണ് എന്നറിയുക. ഡെറ്റോൾ, ക്ലീനിങ് ലോഷനുകൾ ഇവയൊക്കെ വയ്ക്കുന്ന അലമാര പൂട്ടി വയ്ക്കുന്നതാണുത്തമം.

ഭക്ഷ്യവസ്തുക്കളും പാനീയങ്ങളും വയ്ക്കുന്നിടത്ത് മരുന്നുകൾ ഒരു കാരണവശാലും വയ്ക്കരുത്. ഉദാ. ഫ്രൂട്ട് ജ്യൂസിന്റെ കുപ്പിയിൽ ഡെറ്റോൾ വച്ചാൽ കുട്ടി അതിലേക്ക് ആകർഷിക്കപ്പെടും. അതു പോലെ കുട്ടികളുടെ മരുന്നു കുപ്പികളിൽ മറ്റു ദ്രാവകങ്ങളൊന്നും ഒഴിച്ചു വയ്ക്കുകയുമരുത്. മരുന്നാണെന്നോർത്തു മാതാപിതാക്കൾ തന്നെ അതു നൽകാനുള്ള സാഹചര്യവും തള്ളിക്കളയാനാകില്ല. അതു പോലെ ആസിഡ് , ആൽക്കലി പോലുള്ളവ ഫ്രിഡ്ജിൽ വയ്ക്കരുത്.

വീഴ്ചകൾ ഒഴിവാക്കാം

നവജാതശിശുക്കളെ നിലത്തു കിടത്തി മാത്രം കുളിപ്പിക്കുക. അബദ്ധവശാൽ കുഞ്ഞ് കൈയിൽ നിന്നും വഴുതി പോകാതിരിക്കാനാണിത്. രണ്ടു വയസ്സു വരെയുള്ള കുഞ്ഞുങ്ങൾ വീണാൽ ഭൂമീദേവി കാത്തു കൊള്ളും എന്നു പറയാറുണ്ട്.

ആ പ്രായത്തിൽ ഉയരങ്ങളിൽ നിന്നുള്ള വീഴ്ച കുറവാണ്. തെന്നിപ്പോകാനും മറിഞ്ഞുവീഴാനുമാണ് സാധ്യത. എങ്കിലും സൂക്ഷിക്കുക എന്നതു പ്രധാനകാര്യമാണ്.

മൂന്നു വയസ്സു കഴിഞ്ഞാൽ കുഞ്ഞ് എവിടെയും വലിഞ്ഞു കയറും. കഴിവതും അതിനുള്ള സാഹചര്യങ്ങൾ കുറയ്ക്കുക. ജനാലകൾക്കരികിൽ കുട്ടിക്കു കയറാനുള്ള സൗകര്യത്തിനു സ്റ്റൂളും ബഞ്ചും കസേരയുമൊന്നും ഇട്ടു കൊടുക്കരുത്.

എപ്പോഴും ഉയരത്തിലേക്കു കയറുകയും ചാടി മറിയുകയുമൊക്കെ ചെയ്യുന്ന കുട്ടിക്കുറുമ്പനോട് ‘ അവിടെ കയറരുത്, ഇവിടെ കയറരുത്’ എന്ന് പറഞ്ഞതു കൊണ്ടോ, ശാസിച്ചതു കൊണ്ടോ വലിയ പ്രയോജനമില്ല. കുഞ്ഞിനെ നിരീക്ഷിച്ചു കൂടെ നിൽക്കുകയാണ് പ്രതിവിധി. കുട്ടികളുടെ വീഴ്ചയെ നിസ്സാരമാക്കരുത്. വീഴ്ച ഒരു വാച്ച് താഴെ വീഴുന്നതു പോലെയാണെന്നു പറയാറുണ്ട്. ചിലപ്പോൾ നിലത്തു വീണു ചില്ലു പൊട്ടിയാലും വാച്ച് ഒാടുന്നുണ്ടാകും, ചിലപ്പോൾ ചില്ല് പൊട്ടിയിട്ടുണ്ടാകില്ല, പുറമെ നിന്ന് ഒരു കുഴപ്പവും കാണില്ല. എന്നാൽ വാച്ച് നിശ്ചലമായിരിക്കും. അതു പോലെ തലച്ചോറിനു മുറിവും ക്ഷതവും ഉണ്ടായാലും പുറമെ അപകടകരമായി ഒന്നും കണ്ടില്ലെന്നു വരാം. അതു കുഞ്ഞിനു ഗുരുതരാവസ്ഥ വരുത്താം. കുട്ടികളുടെ വീഴ്ചയിൽ നെറ്റി മുഴച്ചാൽ തിരുമ്മണോ എന്നു പലർക്കും സംശയമുണ്ട്. തിരുമ്മേണ്ടതില്ല. വേദന കൂടുതലാണെങ്കിൽ അൽപം പാരസെറ്റമോൾ നൽകാം.

അമ്മയുടെ കൂടെ കിടത്താം

ചെറിയ കുഞ്ഞുങ്ങളുടെ വീഴ്ച മറ്റൊരു പ്രധാന വിഷയമാണ്. കുഞ്ഞുങ്ങളെ കട്ടിലിൽ ഉറക്കി കിടത്തുമ്പോൾ കഴിയുന്നതും ഒരാൾ നിരീക്ഷിക്കുന്നതു നല്ലതാണ്. തൊട്ടിൽ ഉപയോഗം ഇപ്പോൾ അത്ര പ്രോൽസാഹിപ്പിക്കപ്പെടുന്നില്ല. തുണിത്തൊട്ടി സുരക്ഷിതമല്ലാത്തതാണു കാരണം. തുണിത്തൊട്ടിലിൽ കിടത്തിയാൽ കുഞ്ഞിന്റെ കഴുത്ത് കൂനിക്കൂടിയിരിക്കും. കൂടാതെ കുഞ്ഞ് ഛർദ്ദിക്കുകയോ മറ്റോ ചെയ്താൽ ശ്വാസനാളം അടഞ്ഞു മരണം വരെ സംഭവിക്കാം.

ആവശ്യമെങ്കിൽ വീതിയുള്ള , വിസ്താരമുള്ള നിലത്തു വയ്ക്കാവുന്ന തരം തൊട്ടിലുകൾ ഉപയോഗിക്കാം. ഇത്തരം തൊട്ടിലുകളിൽ കിടത്തിയാൽ നാലാം മാസം കഴിഞ്ഞു കുഞ്ഞ് കമിഴ്ന്നു വീഴുമ്പോൾ തൊട്ടിലിൽ നിന്നും താഴെ വീഴുന്നതിനുള്ള സാധ്യതയുണ്ട്. ഏതു പ്രായത്തിലും തൊട്ടിലിനേക്കാൾ സുരക്ഷിതത്വം കുഞ്ഞിനെ അമ്മയുടെ കൂടെ കിടത്തുന്നതിനാണ്. അമ്മ കിടന്നു കൊണ്ടു കുഞ്ഞിനു പാൽ കൊടുക്കുന്നതു നല്ലതല്ല. ഈ സാഹചര്യത്തിൽ അമ്മ ഉറങ്ങിപ്പോകുന്നതിനും കുഞ്ഞിനു ശ്വാസതടസ്സമുണ്ടാകുന്നതിനും സാധ്യതയുണ്ട്. അമ്മ എണീറ്റിരുന്ന് കുഞ്ഞിനെ മടിയിൽ എടുത്തു വച്ച് പാൽ കുടിപ്പിക്കണം.

കുഞ്ഞിന് ഒരു വയസ്സാകുമ്പോഴേക്കും വീട്ടിൽ സ്‌റ്റെയർ കേയ്സ് ഉണ്ടെങ്കിൽ അതിനു ഗേയ്റ്റു വയ്ക്കണം. അല്ലെങ്കിൽ കുഞ്ഞ് സ്‌റ്റെപ്പിൽ നിന്നു വീഴാനുള്ള സാധ്യത ഉണ്ട്. മുറിയുടെ വാതിലുകളുടെ താഴത്തെ ലോക്കുകളും മാറ്റണം. അല്ലെങ്കിൽ കുട്ടി മുറിക്കകത്തു കയറി വാതിലടയ്ക്കാം. തൊട്ടിലിലും മറ്റും കളിക്കാൻ മുതിർന്ന കുട്ടികളെയും അനുവദിക്കരുത്.

കുട്ടികളുടെ മുൻപിൽ വച്ച് മാതാപിതാക്കൾ സാഹസികത നിറഞ്ഞ കാര്യങ്ങളൊന്നും ചെയ്യാതിരിക്കുന്നതാണു നല്ല മാതൃക. കിണറ്റിലേക്ക് എത്തി നോക്കിയശേഷം കുട്ടിയോട് ‘ നീയ് അങ്ങനെ ചെയ്യരുത് കെട്ടോ എന്നു പറയുന്നത് ഉചിതമല്ല. വീട്ടിലെ കുട്ടികളോട് ഒരു കാര്യത്തിൽ ‘ അരുത്’ എന്നു പറയേണ്ടി വന്നാൽ അത് എല്ലാ കുട്ടികൾക്കും ഒരു പോലെയുള്ള നിയമമായിരിക്കണം. ചേട്ടനു ചെയ്യാം, അനിയനും അനുജത്തിയും ചെയ്യരുത് എന്ന രീതി അഭികാമ്യമല്ല.

വിവരങ്ങൾക്കു കടപ്പാട്

ഡോ. എസ്. ലത

ഫ്രഫസർ, പീഡിയാട്രിക്സ് വിഭാഗം

പുഷ്പഗിരി മെഡിക്കൽ കോളജ്, തിരുവല്

Tags:
  • Manorama Arogyam
  • Kids Health Tips