കുട്ടികൾ നന്നായി വായിച്ചു വളരണം എന്നാഗ്രഹിക്കുന്ന അമ്മയാണ് കാഞ്ഞിരപ്പള്ളിക്കാരി സാന്ദ്ര മാത്യു. അതുകൊണ്ടാണ് പ്രീ യൂസ്ഡ് ബുക്ക്സ് കിട്ടുന്ന ഇംഗ്ലിഷ് സൈറ്റുകളിൽ മൂന്നു മാസക്കാരൻ മകന്‍ നേതനു വേണ്ടി കഥാപുസ്തകങ്ങൾ തിരഞ്ഞു തുടങ്ങിയത്. മൃഗങ്ങളും അവയുടെ ശബ്ദങ്ങളും പരിചയപ്പെടുത്താനും നിറങ്ങൾ തിരിച്ചറിയാനും ആകൃതികൾ പറഞ്ഞു കൊടുക്കാനുമായി നിലവാരമുള്ള കുറച്ച് വിദേശ (ഇംപോർട്ടഡ്) പുസ്തകങ്ങൾ രണ്ടു മൂന്നു തവണ വാങ്ങിക്കൊടുത്തു. സംഗതി ക്ലിക് ആയി. പുതിയ പുസ്തകങ്ങൾക്കായി അവൻ വാശി പിടിച്ചു. നല്ല കാര്യമല്ലേ, സ്ക്രീൻ ടൈം കുറഞ്ഞു കിട്ടുമല്ലോ, അങ്ങനെ സ്ഥിരമായി വാങ്ങാൻ തുടങ്ങി. ഇംഗ്ലിഷ് എം എ കഴിഞ്ഞ് കുറച്ചു കാലം അധ്യാപിക ആയിരുന്നതുകൊണ്ട് കുട്ടികളുടെ സൈക്കോളജി അത്യാവശ്യം വശമുണ്ടായിരുന്നു. എന്തായാലും സംഭവം സാന്ദ്രയ്ക്കും അങ്ങ് ഇഷ്ടപ്പെട്ടു.
വീട്ടില്‍ വരുന്ന സുഹൃത്തുക്കളും ബന്ധുക്കളും പുസ്തകങ്ങൾ കണ്ട് ചോദിച്ചു, ‘ഞങ്ങളുടെ മക്കൾക്കും ഇതുപോലെ പുസ്തകങ്ങൾ വരുത്തിത്തരാമോ?’ അപ്പോൾ പൊട്ടിയ ലഡുവാണ് ഇപ്പോൾ മാസത്തിൽ മോശമില്ലാത്തൊരു പോക്കറ്റ് മണിയായി കൈയിലെത്തുന്നത്.
പെപ്പ പിഗ് മുതൽ ഡിസ്നി വേൾഡ് വരെ
പല രാജ്യങ്ങളിൽ നിന്നുള്ള പുസ്തകങ്ങളും ഉണ്ടെങ്കിലും യുകെയിൽ നിന്നുള്ളവയാണ് ലിറ്റിൽ റീഡർ ഇൻ യുവർ ലാപ്പിന്റെ ഇൻസ്റ്റഗ്രാം പേജിൽ കൂടുതലും. പ്രീ യൂസ്ഡ് പുസ്തകങ്ങൾക്കൊപ്പം തന്നെ പുതിയ പുസ്തകങ്ങളും കിട്ടും. പരിചയക്കാർക്ക് വേണ്ടിയായതുകൊണ്ട് വാട്സ്ആപ് ഗ്രൂപ്പ് വഴി ആദ്യമാദ്യം ഓർഡറുകൾ എടുത്തു. പുസ്തകങ്ങൾ വിറ്റു പോകുന്ന പോക്ക് കണ്ട് സാന്ദ്ര തന്നെ ഞെട്ടിപ്പോയി. അത്രയ്ക്കായിരുന്നു ഡിമാൻഡ്.ഉടനെ ഇൻസ്റ്റഗ്രാമിൽ പേജ് തുടങ്ങി. ഡീലിങ്സ് എല്ലാം ഇൻസ്റ്റയിലൂടെയാക്കി. നിർമാതാവും അഭിനേത്രിയുമായ സാന്ദ്ര തോമസുമായി ചേർന്നും മോമി ബ്ലോഗേഴ്സ് എന്ന ഗ്രൂപ്പ് വഴിയും കുറച്ച് പ്രമോഷൻ വർക്കുകൾ ചെയ്തു.
ബാറ്ററി ഇട്ട് പ്രവർത്തിപ്പിക്കാവുന്ന, തുറക്കുമ്പോൾ പാട്ടു പാടുന്നത്, ഉള്ളടക്കത്തിനനുസരിച്ച് ശബ്ദങ്ങളോ വാക്കുകളോ കേൾക്കാവുന്നത്, അകത്ത് പപ്പെറ്റുകൾ ഉള്ളത്, പോപ്– അപ് ബുക്ക്സ്, തൊട്ടു നോക്കി മനസ്സിലാക്കാവുന്ന ടച് ആൻഡ് ഫീൽ ബുക്സ്...അങ്ങനെ കുട്ടികളെ വായനയിലേക്കും പുതിയ ലോകങ്ങളിലേക്കും അടുപ്പിക്കുന്ന വ്യത്യസ്തതയുള്ള പുസ്തകങ്ങൾ ലിറ്റിൽ റീഡർ ഇൻ യുവർ ലാപിൽ കിട്ടും.
ഡിസ്നി വേൾഡിലെ എല്ലാ മേഖലകളിലുമുള്ള പുസ്തകങ്ങൾ, ജംഗിൾ ബുക്ക്, ആക്റ്റിവിറ്റികൾ, പസിലുകൾ, സ്റ്റിക്കർ ആക്റ്റിവിറ്റികൾ, കുട്ടികളുടെ ഇഷ്ടതാരമായ ‘പെപ്പ പിഗ്’...കുട്ടിക്കുറുമ്പുകളെ പിടിച്ചിരുത്താൻ വേണ്ടതെല്ലാം ഇവിടെയുണ്ട്. സ്കൂളിൽ പോകാൻ കഴിയാതെ വീട്ടിലിരിക്കുന്ന നഴ്സറിക്കാർക്ക് അക്ഷരമാലയോ എണ്ണമോ പഠിക്കാൻ വേണ്ട പുസ്തകങ്ങളും ഇഷ്ടം പോലെ.

രണ്ടു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്കു വേണ്ടി പേപ്പർ ബാക്ക്, ഹാർഡ് കവർ, ബോർഡ് ടൈപ്പ് പുസ്തകങ്ങൾ ഉണ്ട്. വലിച്ചാലും എറിഞ്ഞാലും കടിച്ചാലും കീറില്ല. കളിപ്പാട്ടം പോലെ കുഞ്ഞുങ്ങൾക്ക് ഉപയോഗിക്കാം. പത്ത് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് വേണ്ട പുസ്തകങ്ങളാണ് ലിറ്റിൽ റീഡറിൽ കിട്ടുക.
ലിറ്റിൽ റീഡർ ഇൻ യുവർ ലാപിന്റെ ഇൻസ്റ്റ പേജിൽ പുസ്തകങ്ങളുടെ ആദ്യ പേജ് മുതൽ അവസാന പേജ് വരെ വിഡിയോ ഇടും. ആയിരത്തിലേറെ പുസ്തകങ്ങളിൽ നിന്ന് ഇഷ്ടപ്പെട്ടതെല്ലാം ബ്ലോക് ചെയ്ത് കാർട്ടിൽ ഇട്ടു വയ്ക്കാം. ആദ്യം ബ്ലോക് ചെയ്ത പുസ്തകത്തിന് മാത്രം അപ്പോൾ വില നൽകിയാൽ മതി. ബ്ലോക് ചെയ്ത പുസ്തകങ്ങൾ മുപ്പത് ദിവസം വരെ കാർട്ടിൽ ഉണ്ടാകും. ആവശ്യമുള്ള പുസ്തകങ്ങൾ കിട്ടിക്കഴിഞ്ഞാൽ ഒരുമിച്ച് ഓർഡർ കൊടുക്കാം. മുഴുവൻ പണവും അഡ്രസ്സും ഫോൺ നമ്പറും നൽകിയാൽ മതി, പുസ്തകം കുറിയർ ആയി വീട്ടിലെത്തും.