അച്ഛനോടും അമ്മയോടും നിങ്ങൾ ഏതു കാര്യത്തിനാണ് കൂടുതൽ വഴക്കുണ്ടാക്കുന്നത്? ‘സ്വാതന്ത്ര്യം’. ആ പത്താം ക്ലാസുകാരിയുടെ ഒറ്റ വാക്കിലുള്ള ഉത്തരം അദ്ഭുതപ്പെടുത്തി. പിന്നെ, അവൾ വിശദമാക്കി ‘അച്ഛനും അമ്മയും എനിക്കു തരുന്നുണ്ടെന്നു പറയുന്ന സ്വാതന്ത്ര്യവും എന്റെ മനസ്സിലുള്ള സ്വാതന്ത്ര്യവും തമ്മിൽ ഒരുപാടു വ്യത്യാസമുണ്ട്. ക്ലാസ്സിലെ ആൺസുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കാൻ പോയെന്നറിഞ്ഞപ്പോൾ വീട്ടിൽ ഭയങ്കര പ്രശ്നമായി. അപ്പോൾ എനിക്കു കിട്ടുന്നതു ശരിക്കുമുള്ള സ്വാതന്ത്ര്യം തന്നെയാണോ?’
കൗമാരപ്രായക്കാരായ കുട്ടികൾ ഏറ്റവും വിലമതിക്കുന്ന ഒന്നാണു സ്വാതന്ത്ര്യം. അതേ സമയം അമിതമായ സ്വാതന്ത്ര്യം അവരെ അപകടത്തിൽ കൊണ്ടു ചെന്നു ചാടിക്കുമെന്നു മാതാപിതാക്കളും കരുതുന്നു. അവർ ചങ്ങലയെടുക്കുന്നു. അതോടെ തർക്കങ്ങളായി.
കൗമാരമെത്താൻ കാത്തു നിൽക്കേണ്ട. അതിനു മുൻപു തന്നെ സ്വാതന്ത്ര്യത്തെക്കുറിച്ചും അച്ചടക്കത്തെക്കുറിച്ചും കുട്ടികളോടു സംസാരിക്കുക. ഉത്തരവാദിത്തബോധത്തോടെയുള്ള സ്വാതന്ത്ര്യമാണ് അഭികാമ്യം എന്ന ആശയം തുടക്കത്തിൽ തന്നെ ബോധ്യപ്പെടുത്തണം.
കുട്ടികൾ കരുതുന്നത് അച്ചടക്കമെന്നത് അവരുടെ സ്വാതന്ത്ര്യമില്ലാതാക്കാനുള്ള വാളാണ് എന്നാണ്. എന്നാൽ അത് സുരക്ഷിതത്വം ഉറപ്പാക്കാനുള്ള മാർഗമാണ് എന്ന യാഥാർഥ്യം മാതാപിതാക്കൾ ബോധ്യപ്പെടുത്തണം.
ഉദാഹരണങ്ങൾ പറഞ്ഞു കൊടുക്കുക – ഒരു കുട്ടി സുഹൃത്തിനോടൊപ്പം കളിക്കാൻ പോകുന്നു. എവിടെയാണു പോയതെന്നോ ആരോടൊപ്പമാണു പോയതെന്നോ വീട്ടിൽ പറയുന്നില്ല. പോകുന്ന വഴിക്കു വാഹനാപകടമുണ്ടായി. രണ്ടു പേരും ബോധമില്ലാതെ റോഡരുകിൽ കിടക്കുകയാണ്. ഇതൊന്നും മാതാപിതാക്കൾ അറിയുന്നില്ല.
മാതാപിതാക്കളോടു പറഞ്ഞിരുന്നെങ്കിൽ വീട്ടിലെത്താ ൻ വൈകിയപ്പോൾ അന്വേഷിച്ചു നേരത്തെ കണ്ടെത്താനും വിദഗ്ധ ചികിത്സ നൽകാനും കഴിഞ്ഞേനെ. സ്വാതന്ത്ര്യം ആസ്വദിക്കാം. പക്ഷേ, അച്ചടക്കത്തോടെ മാത്രം മതിയെന്നു കുട്ടികളെ ബോധ്യപ്പെടുത്തുക.
കുട്ടികൾ തമ്മിൽ ലിംഗഭേദം ഇന്നു നിലവില്ല എന്നുള്ളതു സത്യമാണ്. ആൺപെൺ വ്യത്യാസമില്ലാതെ സൗഹൃദം പങ്കിടുന്നു. എന്നാൽ സ്ത്രീ പുരുഷ ബന്ധം അപകടകരമായ തലത്തിലേക്കു പോകും എന്നുള്ളതാണു പലപ്പോഴും മാതാപിതാക്കളെ ആശങ്കപ്പെടുത്തുന്ന ഒരു കാര്യം.
ഇതിനെ മറികടക്കാൻ ആരോഗ്യകരമായ അതിർവരമ്പുകളെ കുറിച്ചു കൗമാരത്തിന്റെ ആരംഭത്തിൽത്തന്നെ സംസാരിക്കണം. എപ്പോഴാണ് ഒരു സൗഹൃദം ചൂഷണമായി മാറുന്നത്, ശാരീരിക സ്പർശനങ്ങളെ ഏത് അളവു വരെ അനുവദിക്കാം, എപ്പോഴാണ് അപകടകരമായ ദിശയിലേക്കു നീങ്ങുന്നത് തുടങ്ങിയ കാര്യങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്തണം. ഇഷ്ടമില്ലാത്ത കാര്യം സുഹൃത്ത് ചെയ്താൽ അതിനെ എതിർക്കാനുള്ള പരിശീലനം കൗമാരത്തിനു മുൻപേ നൽകുക.
‘പല കാര്യങ്ങളും രക്ഷിതാക്കളേക്കാൾ മനസ്സിലാക്കുന്നതു കൂട്ടുകാരാണ്. ആ ചങ്ങാത്തം പാടില്ലെന്നു രക്ഷിതാക്കൾ പറയുന്നത് അംഗീകരിക്കാൻ പറ്റുന്നില്ല’
സുഹൃത്തുക്കളുമായുള്ള ആശയവിനിമയം ഇല്ലാതാക്കുകയല്ല വേണ്ടത് അത് ആരോഗ്യകരമായ രീതിയിൽ നിലനിർത്താൻ കുട്ടിയെ പ്രേരിപ്പിക്കുകയും അതിനുമേൽ നിരീക്ഷണം ഉണ്ടാകുകയും ചെയ്യുക ആണു പ്രധാനം.
സൗഹൃദങ്ങൾ പൂർണമായി ഇല്ലാതാക്കുന്നത് ആരോഗ്യകരമല്ല. ഓൺലൈൻ സൗഹൃദങ്ങളേക്കാൾ കൂടുതൽ മുഖാമുഖം കാണുന്ന നേരിട്ടുള്ള സൗഹൃദം പ്രോത്സാഹിപ്പിക്കാം. ഓൺലൈൻ പ്ലാറ്റ്ഫോമുകളില്‍ സ്വന്തം പ്രൊഫൈൽ മറച്ചുവച്ചുകൊണ്ട്, പ്രായം കുറഞ്ഞ വ്യക്തിയായി അഭിനയിച്ചു കുട്ടികളെ വലയിൽ വീഴ്ത്തുന്നവരുണ്ട്. അതുകൊണ്ടുതന്നെ നേരത്തെ തന്നെ പരിചയമുള്ള, സമപ്രായക്കാരായ കുട്ടികളുമായുള്ള സൗഹൃദമാണു പ്രോത്സാഹിപ്പിക്കേണ്ടത്.
മക്കളുടെ സുഹൃത്തുക്കൾ ആരൊക്കെയാണെന്ന് രക്ഷിതാവറിയണം. ആ സുഹൃത്തുക്കളുടെ മാതാപിതാക്കളുമായി നല്ലൊരു ബന്ധം ഉണ്ടാകുകയും വേണം. അങ്ങനെയെങ്കിൽ ആ സുഹൃദ്‌വലയത്തിൽപ്പെട്ട ആരുടെയെങ്കിലും സ്വഭാവത്തിൽ എന്തെങ്കിലും അസ്വാഭാവികത കണ്ടാൽ ഏ തെങ്കിലുമൊരു രക്ഷിതാവിന്റെ ശ്രദ്ധയിലതുപെടും. തുടക്കത്തിൽ തന്നെ പ്രശ്നങ്ങളിൽ നിന്നു രക്ഷിക്കാനാകും.
പലപ്പോഴും കുട്ടികളുടെ പ്രശ്നങ്ങൾ പലതും മാതാപിതാക്കൾക്കു മനസ്സിലാകാറില്ല എന്നുള്ളതൊരു സത്യമാണ്. ഇതിനു രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, സാങ്കേതികവിദ്യയുടെ ചടുലമായ വികാസത്തെത്തുടർന്നു കുട്ടികൾക്ക് അറിയാവുന്ന പല കാര്യങ്ങളും മാതാപിതാക്കൾ അറിഞ്ഞുവരാൻ വൈകും. അവരുടെ ഇന്നുള്ള പ്രശ്നങ്ങളിൽ പലതും കഴിഞ്ഞ തലമുറയിൽപ്പെട്ട മാതാപിതാക്കൾക്കുകൃത്യമായി മനസ്സിലാക്കാൻ പ്രയാസമുണ്ടാകുന്നു.
ഇതിനു രണ്ടു പരിഹാരങ്ങളാണുള്ളത്. ഒന്ന്, ചെറുപ്രായം തൊട്ടു തന്നെ അരമണിക്കൂറെങ്കിലും ദിവസേന കുട്ടികളോടു സംസാരിക്കാൻ സമയം കണ്ടെത്തുക. ഈ ക്വാളിറ്റി ടൈമിൽ കുട്ടികൾക്കു പറയാനുള്ളതു ക്ഷമയോടെ കേൾക്കുക. ഇതുവഴി കുട്ടികളുടെ ജീവിതത്തിൽ നടക്കുന്ന ഓ രോ കാര്യങ്ങളും തുടക്കത്തിൽത്തന്നെ മനസ്സിലാക്കാൻ സാധിക്കുന്നു. അവരുടെ ജീവിതത്തിലെന്തെങ്കിലും അനാരോഗ്യകരമായ സംഗതി നടക്കുന്നുവെങ്കിൽ തുടക്കത്തിൽത്തന്നെ ഫലപ്രദമായി ഇടപെടാനും നേർവഴിക്കു കൊണ്ടുവരാനും സാധിക്കും.