Saturday 22 June 2024 02:44 PM IST

‘പഠിക്കാൻ മിടുക്കരായവർ പോലും കോപ്പിയടിച്ചു പരീക്ഷ എഴുതാൻ ശ്രമിക്കുന്നു’; കുട്ടികളില്‍ പഠനത്തില്‍ ശ്രദ്ധ കുറയുന്നതിന് പിന്നില്‍

Vijeesh Gopinath

Senior Sub Editor

56417707

‘റീൽ‌സ് പോലെ തന്നെയാണ് ഇപ്പോൾ കുട്ടികൾക്കു ക്ലാസും. അധികനേരം ഒരു വിഷയത്തിൽ ശ്രദ്ധയോടെയിരിക്കാൻ അവർക്കു സാധിക്കുന്നില്ല. കുറച്ചു കഴിയുമ്പോൾ തന്നെ ക്ലാസ് മതി എന്നു തുറന്നു പറയാൻ അവർ തയാറാകുന്നു. എല്ലാം എളുപ്പത്തിൽ കിട്ടണം എന്നാണ് അവർ കരുതുന്നത്. പഠിക്കാൻ മിടുക്കരായവർ പോലും കോപ്പിയടിച്ചു പരീക്ഷ എഴുതാൻ ശ്രമിക്കുന്നു.’

ആധുനിക കാലത്തു ഡിജിറ്റൽ ഉപകരണങ്ങൾ വ്യാപകമായതോടെ മനുഷ്യന്റെ ശ്രദ്ധയുടെ ദൈർഘ്യം (അറ്റൻഷൻ സ്പാൻ) കുറഞ്ഞുവരുന്നു എന്നതാണു യാഥാർഥ്യം. അ തു കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കണ്ടുവരുന്ന സംഗതിയാണ്. അതുകൊണ്ടുതന്നെ അധ്യാപനരീതികളിൽ കാലാനുസ‍ൃതമായ വ്യത്യാസം വരുത്തേണ്ടത് അത്യാവശ്യമാണ്. 

കുട്ടികളുടെ ശ്രദ്ധയാകർഷിക്കാൻ വേണ്ടി, പാഠ്യവിഷയത്തെക്കുറിച്ചുള്ള വിഡിയോകൾ കാണിക്കുക, അതു കൂടുതൽ വ്യക്തമായി മനസ്സിലാകുന്ന തരത്തിലുള്ള ദൃശ്യങ്ങൾ ഉൾപ്പെടുത്തുക, ക്ലാസ്സിന്റെ കുറച്ചു ഭാഗങ്ങളെങ്കിലും ചർച്ചാ സ്വഭാവത്തിൽ മുന്നോട്ടു കൊണ്ടുപോകുക തുടങ്ങിയ രീതികൾ അധ്യാപകർ അവലംബിക്കേണ്ടതുണ്ട്. 

ഒരു മണിക്കൂർ തുടർച്ചയായി അധ്യാപകർ മാത്രം സംസാരിക്കുന്ന രീതി ഇനി അഭികാമ്യമാകില്ല. അതിനു പകരം കുട്ടികളുടെ മനസ്സിൽ ആ വിഷയത്തെക്കുറിച്ച് അൽപം താത്പര്യം  ജനിപ്പിക്കുന്ന  ചോദ്യം ഉന്നയിച്ചുകൊണ്ടുക്ലാസ് ആരംഭിക്കാം.  

കോപ്പിയടി അനുവദനീയമല്ല എന്നു കുട്ടികളെ ബോധ്യപ്പെടുത്തണം. അത് ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാൻ ആകില്ല എന്ന നിലപാട് തുടക്കത്തിൽ തന്നെ സ്വീകരിക്കുകയും അതിൽ കർശനമായ അച്ചടക്കം പാലിക്കുകയും ചെയ്യണം. രക്ഷിതാക്കളും അധ്യാപകരും ഇതിൽ ശ്രദ്ധിക്കണം. കുട്ടികൾക്കു പരീക്ഷ നടത്തുന്നതിൽ വ്യത്യസ്തമായ രീതികൾ അവലംബിക്കുന്നതു നല്ലതാണ്. ചോദ്യങ്ങൾക്ക് ഉത്തരം എന്ന രീതിയിൽ അല്ലാതെ അവരുടെ പ്രായോഗികമായ അറിവുകള്‍ തിരിച്ചറിയാൻ കഴിയുന്ന പരീക്ഷാരീതികൾ വ്യത്യാസപ്പെടുത്തിക്കൊണ്ടു വരുന്നതും പുതിയ കാലത്തു നല്ലതാണ്. 

പഠിക്ക് എന്നു പറഞ്ഞു കുട്ടികളുടെ പിന്നാലെ നടക്കുന്നതിനു പകരം കുറച്ചുകൂടി സ്മാർട്ടായ രീതിയിൽ അവരുടെ പഠനത്തിൽ ഇടപെടാൻ രക്ഷിതാക്കളും ശ്രമിക്കണം.     

‘എല്ലാം ഇന്റർ‌നെറ്റിൽ നിന്നു കിട്ടുന്ന കാലം. ശരിയാണോ തെറ്റാണോ എന്നു പോലും ആലോചിക്കാതെ അതെല്ലാം വിശ്വസിക്കുന്നവരുണ്ട്. വിവരങ്ങളുടെ കാര്യത്തിലായാലും സൗഹൃദങ്ങളുടെ കാര്യത്തിലായാലും മുൻപിൻ നോട്ടമില്ലാതെ സോഷ്യൽമീഡിയയിലേക്ക് എടുത്തു ചാടുന്ന കുട്ടികളുണ്ട്. മൊബൈൽ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു. കുട്ടികളെ എങ്ങനെ ഇതു പറഞ്ഞു മനസ്സിലാക്കാനാകും?’

ഗുണദോഷ യുക്തി വിചാരം അഥവാ ക്രിട്ടിക്കൽ തിങ്കിങ് – അതു കുട്ടികൾക്ക് അവശ്യം വേണ്ട നിപുണതയാണ്. നമ്മുടെ മുൻപിൽ വരുന്ന വിവരങ്ങൾ ശരിയാണോ തെറ്റാണോ എന്നു ചിന്തിച്ചറിയാനുള്ള അറിവാണത്. സെൻസർഷിപ് ഇന്റർനെറ്റിൽ ഇല്ല.ആർക്കും എന്തും എഴുതി വിടാവുന്ന സ്ഥലം. അവിടെ നമ്മൾ ഒരു വിവരത്തെക്കുറിച്ചു സർച്ച് ചെയ്യുമ്പോൾ ആദ്യം വരുന്നത് ആധികാരികമായ വിവരം ആകണമെന്നില്ല. മറിച്ച് ഏറ്റവും കൂടുതൽ‌ പേർ  കണ്ട ഒരു സംഗതി ആയിരിക്കും. ഏറ്റവും അധികം ആളുകൾ കണ്ടതുകൊണ്ട് അത് ആധികാരികമോ സത്യസന്ധമോ ആകണമെന്നില്ല. ആളുകളുടെ മനസ്സിലെ താത്പര്യത്തെ ഉത്തേജിപ്പിക്കുന്ന തരത്തിലുള്ള അവതരണമായിരിക്കും. മസാല കലർത്തിയ, വിവാദ വിഷയങ്ങൾ കലർത്തിയ, അശ്ലീല സ്വഭാവമുള്ള സംഗതികളായിരിക്കും കൂടുതൽ ആളുകൾ കാണുന്നത്. 

അതുകൊണ്ടു തന്നെ സർച്ച് ചെയ്യുമ്പോൾ ആദ്യം വരുന്നത് ആധികാരികമായതോ സത്യസന്ധമോ ആയിരിക്കണമെന്നു നിർബന്ധമില്ല എന്നു കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക. ആധികാരികമായ വിവരങ്ങൾ കിട്ടാൻ ഇന്റർനെറ്റിൽ തന്നെ എന്തൊക്കെ സ്രോതസുകളുണ്ടെന്നു വ്യക്തമാക്കാം. ഉദാഹരണത്തിന്, ആരോഗ്യ സംബന്ധമായ വിവരത്തിന് ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റ് നോക്കാം. 

ഇതുപോലെ ആധികാരികമായ സൈറ്റുകളില്‍ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ കുട്ടികളെ പ്രേരിപ്പിക്കാം. അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ച് അറിവുള്ള ആളുകളോടു ചോദിച്ചു മനസ്സിലാക്കാനുള്ള പരിശീലനവും കുട്ടികൾക്കു നൽകേണ്ടത് ആവശ്യമാണ്. ഇന്റർനെറ്റ് വന്നതോടു കൂടി ചോദിച്ചു മനസ്സിലാക്കാനുള്ള കഴിവു കുട്ടികൾക്കു നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു.

ഇന്റർനെറ്റിൽ പലപ്പോഴും പലതിനെക്കുറിച്ചുമുള്ള പൂർണവിവരം ഉണ്ടാകണമെന്നില്ല. പൂർണ വിവരങ്ങൾ ആ മേഖലയിൽ പാണ്ഡിത്യമുള്ള ഒരു മനുഷ്യന് അല്ലെങ്കിൽ ഒരു അധ്യാപകനു നൽകാൻ കഴിയും എന്നു കുട്ടികളെ ബോധ്യപ്പെടുത്തണം. ആധികാരികമായ സ്രോതസ്സിൽ നിന്ന് അറിവു നേടി അതു ജീവിതത്തിൽ പ്രയോജനപ്പെടുത്താനുള്ള പരിശീലനം നൽകണം.

Tags:
  • Mummy and Me
  • Parenting Tips