Wednesday 04 May 2022 04:48 PM IST : By സ്വന്തം ലേഖകൻ

വീട്ടിലിരിക്കുന്ന കുട്ടികളുടെ കാര്യത്തിൽ വേണം കൂടുതൽ കരുതൽ; ആത്മഹത്യാ പ്രവണത കൂടുന്നു, മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

648720382

കുട്ടികൾക്കിടയിൽ ആത്മഹത്യാ പ്രവണത വർധിച്ചുവരുന്നതായി റിപ്പോർട്ടുകൾ. ഇടുക്കി ജില്ലയിൽ ഒരു മാസത്തിനിടെ ജീവനൊടുക്കിയത്  5 കുട്ടികൾ. ഒന്നര വർഷത്തിനിടെ ഇത്തരത്തിൽ നിസ്സാര കാരണങ്ങളാൽ ജീവിതം അവസാനിപ്പിച്ച കുട്ടികളുടെ എണ്ണം 25 ആണെന്നതും ഞെട്ടിപ്പിക്കുന്നു. ഈ പട്ടികയിലെ അവസാനത്തെ കുട്ടിയാണ് കഴിഞ്ഞ ദിവസം കുമളി ചക്കുപള്ളത്ത് കുളിമുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ട 12 വയസ്സുകാരൻ.

വൈകിട്ടു കുളിക്കാൻ കുളിമുറിയിൽ കയറി ഏറെ കഴിഞ്ഞിട്ടും കാണാതെ വന്നതോടെ വീട്ടുകാരെത്തി നോക്കിയപ്പോഴാണ് തോർത്ത് കഴുത്തിൽ മുറുക്കി തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ജൂൺ 30ന് കട്ടപ്പന കല്യാണത്തണ്ട് സ്വദേശിയായ 14 വയസ്സുകാരൻ ജീവനൊടുക്കിയതു വലിയ തുകയ്ക്കു മൊബൈൽ റീചാർജ് ചെയ്തു ഗെയിം കളിച്ചതു വീട്ടിൽ ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു.

ജൂലൈ നാലിനാണ് മുരിക്കാശേരിയിൽ പത്താം ക്ലാസുകാരിയെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 19ന് തൊടുപുഴ മണക്കാട് പതിനൊന്നുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 22ന് കട്ടപ്പന കുന്തളംപാറയിൽ 9–ാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവമുണ്ടായി.

കാരണങ്ങൾ നിസ്സാരം 

മാനസിക പിരിമുറുക്കം, നിരാശ, കുടുംബ വഴക്കുകൾ, മൊബൈൽ - ഇന്റർനെറ്റ് അമിതോപയോഗം, രക്ഷിതാക്കളുടെ ശകാരം തുടങ്ങിയവയൊക്കെയാണു പൊതുവായി കുട്ടികൾക്കിടയിലെ ആത്മഹത്യകൾക്കു പിന്നിലെന്നാണു കണ്ടെത്തലുകൾ. വ്യക്തമായ കാരണങ്ങൾ കണ്ടെത്താനാകാത്ത കേസുകളും ഏറെ. കുട്ടികൾക്ക് അവരുടെ പ്രശ്നങ്ങൾ തുറന്നു പറയാനുള്ള അവസരം ഇപ്പോഴും പല വീടുകളിലും ലഭിക്കുന്നില്ല. വിഷാദ രോഗവും വർധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

‘മരണക്കളി’യായി ഓൺലൈൻ ഗെയിമുകൾ

ക്ലാസുകളെല്ലാം ഓൺലൈനായപ്പോൾ കുട്ടികളുടെ നിയന്ത്രണത്തിലായി മൊബൈൽ ഫോണും കംപ്യൂട്ടറുമെല്ലാം. കോവിഡ് നിയന്ത്രണങ്ങൾ കാരണം പുറത്തെ സൗഹൃദങ്ങളും കളിനേരങ്ങളുമെ‍ാക്കെ കുറഞ്ഞതോടെ കുട്ടികൾ പലരും ഓൺലൈൻ - മൊബൈൽ ഗെയിമുകളുടെ ലോകത്തായി. ലഹരിക്ക് അടിപ്പെട്ടുപോകുന്നവരിൽ കാണുന്നതുപോലെയുള്ള ഭ്രാന്തമായ ആവേശമാണ് ഇത്തരം കളികളോടു ചില കുട്ടികൾക്ക്. വീട്ടിലിരിക്കുന്ന കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കളുടെ ശ്രദ്ധ പരമപ്രധാനമാണ്. 

ഇവ ശ്രദ്ധിക്കാം

∙ മുതിർന്നവർ കുട്ടികളെ കൂടുതൽ ശ്രദ്ധിക്കണം.

∙ കൗമാരക്കാരെയും കൊച്ചുകുട്ടികളെയും അടുത്തറിയാൻ ശ്രമിക്കണം.

∙ കുട്ടികളുമായി തുറന്നു സംസാരിക്കുക, അവർക്കു പറയാനുള്ളതു കേൾക്കുക.

∙ സന്തോഷവും സ്നേഹവും സമാധാനവും നിറഞ്ഞ കുടുംബാന്തരീക്ഷം സൃഷ്ടിക്കുക.

∙ അവശ്യസന്ദർഭങ്ങളിൽ കൗൺസലിങ് ഉൾപ്പെടെയുള്ള വിദഗ്ധ സഹായം തേടാൻ മടിക്കാതിരിക്കുക.

(വിവരങ്ങൾക്കു കടപ്പാട് : എം.ജി. ഗീത, ജില്ലാ ശിശുസംരക്ഷണ ഓഫിസർ, ഇടുക്കി)

മനസ്സ് താളം തെറ്റുന്നുവോ ? വിളിക്കാം

∙ മാനസിക സംഘർഷം അനുഭവിക്കുന്ന കുട്ടികൾക്ക് ആശ്വാസം പകരാൻ പൊലീസിന്റെ നേതൃത്വത്തിൽ എസ്പിസിയുടെ സഹായത്തോടെ ഫോൺ വഴി കൗൺസലിങ് നൽകുന്ന ‘ചിരി’ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ചിരി ഹെൽപ് ലൈൻ നമ്പറിലേക്കു കുട്ടികൾക്ക് ഏതു സമയത്തും വിളിക്കാം. വിദഗ്ധരായ സൈക്യാട്രിസ്റ്റുകൾ, സൈക്കോളജിസ്റ്റുകൾ എന്നിവർ മാർഗനിർദേശം നൽകും.  94979 00200

∙ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ഇടുക്കി, തൊടുപുഴ. 04862 200108

∙ ചൈൽഡ് ലൈൻ - 1098

∙ തൊടുപുഴയിൽ പ്രവർത്തിക്കുന്ന ‘ ഉണർവ്’ എന്ന ആത്മഹത്യാ  പ്രതിരോധ സന്നദ്ധ സംഘടന–04862 225544

Tags:
  • Mummy and Me