കൈതപ്രം എഴുതിയ സിനിമാഗാനത്തിലെ കുട്ടിക്കാലത്തിന് എ ന്തൊരു ഭംഗിയാണ് അല്ലേ ?
കയ്യെത്തും ദൂരേ ഒരു കുട്ടിക്കാലം
മഴവെള്ളം പോലെ ഒരു കുട്ടിക്കാലം
ആടിക്കാറ്റായ് ഒാ പായും പ്രായം
അമ്മക്കിളിയുടെ ചിറകിലൊതുങ്ങും പ്രായം....
പക്ഷേ, കേരളത്തിലെ ക്ലാസ്സ്മുറികളിൽ നിന്നു കേട്ട കഥകളിലെ കുട്ടിക്കാലത്തിന് ഈ ഭംഗിയില്ല. ഇന്നത്തെ കുഞ്ഞു മനസ്സുകളിൽ ആശങ്കകളുടെ കനൽപ്പൊള്ളലുകളുണ്ട്. നിരാശകളുടെ ഏങ്ങലടികളുണ്ട്.
രക്ഷിതാക്കളോടു മനസ്സു തുറന്നു സംസാരിക്കാൻ ഭയക്കുന്നവർ, ഏതോ നിമിഷത്തിൽ മയക്കുമരുന്നിന്റെ ലോകത്തേക്കു വീണു പോയവർ, പ്രണയം എന്ന പേരിൽ വഞ്ചിക്കപ്പെട്ടവർ... കോളജ് കുട്ടികളെ അല്ല സ്കൂൾ കുട്ടികളെ ആണു ലഹരിമാഫിയ നോട്ടമിട്ടിരിക്കുന്നതെന്ന് അധ്യാപിക പേടിയോടെ പറയുന്നു.
പ്രശ്നങ്ങളുടെ പേമാരിക്കിടയിൽ കുഞ്ഞുമനസ്സുകൾക്ക് എങ്ങനെ കുട പിടിക്കാമെന്നാണ് അധ്യാപകരും രക്ഷിതാക്കളും ഒരുപോലെ തിരയുന്നത്.
14 ജില്ലകളിലെ അധ്യാപകർ പങ്കുവച്ച അനുഭവങ്ങളിലെ ആശങ്കകൾക്കും സംശയങ്ങൾക്കും മാനസിക ആരോഗ്യ വിദഗ്ധർ നൽകുന്ന നിർദേശങ്ങൾ തുടർന്നു വായിക്കുക.
1. അച്ഛനോടും അമ്മയോടും നിങ്ങൾ ഏതു കാര്യത്തിനാണ് കൂടുതൽ വഴക്കുണ്ടാക്കുന്നത്? ‘സ്വാതന്ത്ര്യം’. ആ പത്താംക്ലാസുകാരിയുടെ ഒറ്റ വാക്കിലുള്ള ഉത്തരം അദ്ഭുതപ്പെടുത്തി. പിന്നെ, അവൾ വിശദമാക്കി ‘അച്ഛനും അമ്മയും എനിക്കു തരുന്നുണ്ടെന്നു പറയുന്ന സ്വാതന്ത്ര്യവും എന്റെ മനസ്സിലുള്ള സ്വാതന്ത്ര്യവും തമ്മിൽ ഒരുപാടു വ്യത്യാസമുണ്ട്. ക്ലാസ്സിലെ ആൺസുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കാൻ പോയെന്നറിഞ്ഞപ്പോൾ വീട്ടിൽ ഭയങ്കര പ്രശ്നമായി. അപ്പോൾ എനിക്കു കിട്ടുന്നതുശരിക്കുമുള്ള സ്വാതന്ത്ര്യം തന്നെയാണോ?’
കൗമാരപ്രായക്കാരായ കുട്ടികൾ ഏറ്റവും വിലമതിക്കുന്ന ഒന്നാണു സ്വാതന്ത്ര്യം. അതേ സമയം അമിതമായ സ്വാതന്ത്ര്യം അവരെ അപകടത്തിൽ കൊണ്ടു ചെന്നു ചാടിക്കുമെന്നു മാതാപിതാക്കളും കരുതുന്നു. അവർ ചങ്ങലയെടുക്കുന്നു. അതോടെ തർക്കങ്ങളായി.
കൗമാരമെത്താൻ കാത്തു നിൽക്കേണ്ട. അതിനു മുൻപു തന്നെ സ്വാതന്ത്ര്യത്തെക്കുറിച്ചും അച്ചടക്കത്തെക്കുറിച്ചും കുട്ടികളോടു സംസാരിക്കുക. ഉത്തരവാദിത്തബോധത്തോടെയുള്ള സ്വാതന്ത്ര്യമാണ് അഭികാമ്യം എന്ന ആശയം തുടക്കത്തിൽ തന്നെ ബോധ്യപ്പെടുത്തണം.
കുട്ടികൾ കരുതുന്നത് അച്ചടക്കമെന്നത് അവരുടെ സ്വാതന്ത്ര്യമില്ലാതാക്കാനുള്ള വാളാണ് എന്നാണ്. എന്നാൽ അത് സുരക്ഷിതത്വം ഉറപ്പാക്കാനുള്ള മാർഗമാണ് എന്ന യാഥാർഥ്യം മാതാപിതാക്കൾ ബോധ്യപ്പെടുത്തണം.
ഉദാഹരണങ്ങൾ പറഞ്ഞു കൊടുക്കുക – ഒരു കുട്ടി സുഹൃത്തിനോടൊപ്പം കളിക്കാൻ പോകുന്നു. എവിടെയാണു പോയതെന്നോ ആരോടൊപ്പമാണു പോയതെന്നോ വീട്ടിൽ പറയുന്നില്ല. പോകുന്ന വഴിക്കു വാഹനാപകടമുണ്ടായി. രണ്ടു പേരും ബോധമില്ലാതെ റോഡരുകിൽ കിടക്കുകയാണ്. ഇതൊന്നും മാതാപിതാക്കൾ അറിയുന്നില്ല.
മാതാപിതാക്കളോടു പറഞ്ഞിരുന്നെങ്കിൽ വീട്ടിലെത്താ ൻ വൈകിയപ്പോൾ അന്വേഷിച്ചു നേരത്തെ കണ്ടെത്താനും വിദഗ്ധ ചികിത്സ നൽകാനും കഴിഞ്ഞേനെ. സ്വാതന്ത്ര്യം ആസ്വദിക്കാം. പക്ഷേ, അച്ചടക്കത്തോടെ മാത്രം മതിയെന്നു കുട്ടികളെ ബോധ്യപ്പെടുത്തുക.
കുട്ടികൾ തമ്മിൽ ലിംഗഭേദം ഇന്നു നിലവില്ല എന്നുള്ളതു സത്യമാണ്. ആൺപെൺ വ്യത്യാസമില്ലാതെ സൗഹൃദം പങ്കിടുന്നു. എന്നാൽ സ്ത്രീ പുരുഷ ബന്ധം അപകടകരമായ തലത്തിലേക്കു പോകും എന്നുള്ളതാണു പലപ്പോഴും മാതാപിതാക്കളെ ആശങ്കപ്പെടുത്തുന്ന ഒരു കാര്യം.
ഇതിനെ മറികടക്കാൻ ആരോഗ്യകരമായ അതിർവരമ്പുകളെ കുറിച്ചു കൗമാരത്തിന്റെ ആരംഭത്തിൽത്തന്നെ സംസാരിക്കണം. എപ്പോഴാണ് ഒരു സൗഹൃദം ചൂഷണമായി മാറുന്നത്, ശാരീരിക സ്പർശനങ്ങളെ ഏത് അളവു വരെ അനുവദിക്കാം, എപ്പോഴാണ് അപകടകരമായ ദിശയിലേക്കു നീങ്ങുന്നത് തുടങ്ങിയ കാര്യങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്തണം. ഇഷ്ടമില്ലാത്ത കാര്യം സുഹൃത്ത് ചെയ്താൽ അതിനെ എതിർക്കാനുള്ള പരിശീലനം കൗമാരത്തിനു മുൻപേ നൽകുക.
2. ‘പല കാര്യങ്ങളും രക്ഷിതാക്കളേക്കാൾ മനസ്സിലാക്കുന്നതു കൂട്ടുകാരാണ്. ആ ചങ്ങാത്തം പാടില്ലെന്നു രക്ഷിതാക്കൾ പറയുന്നത് അംഗീകരിക്കാൻ പറ്റുന്നില്ല’
സുഹൃത്തുക്കളുമായുള്ള ആശയവിനിമയം ഇല്ലാതാക്കുകയല്ല വേണ്ടത് അത് ആരോഗ്യകരമായ രീതിയിൽ നിലനിർത്താൻ കുട്ടിയെ പ്രേരിപ്പിക്കുകയും അതിനുമേൽ നിരീക്ഷണം ഉണ്ടാകുകയും ചെയ്യുക ആണു പ്രധാനം.
സൗഹൃദങ്ങൾ പൂർണമായി ഇല്ലാതാക്കുന്നത് ആരോഗ്യകരമല്ല. ഓൺലൈൻ സൗഹൃദങ്ങളേക്കാൾ കൂടുതൽ മുഖാമുഖം കാണുന്ന നേരിട്ടുള്ള സൗഹൃദം പ്രോത്സാഹിപ്പിക്കാം. ഓൺലൈൻ പ്ലാറ്റ്ഫോമുകളില്‍ സ്വന്തം പ്രൊഫൈൽ മറച്ചുവച്ചുകൊണ്ട്, പ്രായം കുറഞ്ഞ വ്യക്തിയായി അഭിനയിച്ചു കുട്ടികളെ വലയിൽ വീഴ്ത്തുന്നവരുണ്ട്. അതുകൊണ്ടുതന്നെ നേരത്തെ തന്നെ പരിചയമുള്ള, സമപ്രായക്കാരായ കുട്ടികളുമായുള്ള സൗഹൃദമാണു പ്രോത്സാഹിപ്പിക്കേണ്ടത്.
മക്കളുടെ സുഹൃത്തുക്കൾ ആരൊക്കെയാണെന്ന് ര ക്ഷിതാവറിയണം. ആ സുഹൃത്തുക്കളുടെ മാതാപിതാക്കളുമായി നല്ലൊരു ബന്ധം ഉണ്ടാകുകയും വേണം. അങ്ങനെയെങ്കിൽ ആ സുഹൃദ്‌വലയത്തിൽപ്പെട്ട ആരുടെയെങ്കിലും സ്വഭാവത്തിൽ എന്തെങ്കിലും അസ്വാഭാവികത കണ്ടാൽ ഏ തെങ്കിലുമൊരു രക്ഷിതാവിന്റെ ശ്രദ്ധയിലതുപെടും. തുടക്കത്തിൽ തന്നെ പ്രശ്നങ്ങളിൽ നിന്നു രക്ഷിക്കാനാകും.
പലപ്പോഴും കുട്ടികളുടെ പ്രശ്നങ്ങൾ പലതും മാതാപിതാക്കൾക്കു മനസ്സിലാകാറില്ല എന്നുള്ളതൊരു സത്യമാണ്. ഇതിനു രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, സാങ്കേതികവിദ്യയുടെ ചടുലമായ വികാസത്തെത്തുടർന്നു കുട്ടികൾക്ക് അറിയാവുന്ന പല കാര്യങ്ങളും മാതാപിതാക്കൾ അറിഞ്ഞുവരാൻ വൈകും. അവരുടെ ഇന്നുള്ള പ്രശ്നങ്ങളിൽ പലതും കഴിഞ്ഞ തലമുറയിൽപ്പെട്ട മാതാപിതാക്കൾക്കുകൃത്യമായി മനസ്സിലാക്കാൻ പ്രയാസമുണ്ടാകുന്നു.
ഇതിനു രണ്ടു പരിഹാരങ്ങളാണുള്ളത്. ഒന്ന്, ചെറുപ്രായം തൊട്ടു തന്നെ അരമണിക്കൂറെങ്കിലും ദിവസേന കുട്ടികളോടു സംസാരിക്കാൻ സമയം കണ്ടെത്തുക. ഈ ക്വാളിറ്റി ടൈമിൽ കുട്ടികൾക്കു പറയാനുള്ളതു ക്ഷമയോടെ കേൾക്കുക. ഇതുവഴി കുട്ടികളുടെ ജീവിതത്തിൽ നടക്കുന്ന ഓ രോ കാര്യങ്ങളും തുടക്കത്തിൽത്തന്നെ മനസ്സിലാക്കാൻ സാധിക്കുന്നു. അവരുടെ ജീവിതത്തിലെന്തെങ്കിലും അനാരോഗ്യകരമായ സംഗതി നടക്കുന്നുവെങ്കിൽ തുടക്കത്തിൽത്തന്നെ ഫലപ്രദമായി ഇടപെടാനും നേർവഴിക്കു കൊണ്ടുവരാനും സാധിക്കും.
3. ‘എന്റെ വിദ്യാർഥി അച്ഛനിൽ നിന്ന് ആറാം ക്ലാ സ് മുതൽ ലൈംഗിക അതിക്രമത്തിന് ഇരയായി. മുതിർന്നപ്പോഴാണ്, കൗൺസലിങ്ങിനിടെ കുട്ടി തുറന്നു പറഞ്ഞത്. അതോടെ കേസ് ആയി. അച്ഛൻ അറസ്റ്റിലായി. പക്ഷേ, അതോടെ നാട്ടിലും സ്കൂളിലും കുട്ടി പരിഹാസങ്ങൾക്ക് ഇരയാകുന്നു. ഇത്തരം സാഹചര്യങ്ങൾ എങ്ങനെ നേരിടാം?’
ചെറുപ്രായത്തിൽത്തന്നെ ഏൽക്കേണ്ടി വരുന്ന ദുരനുഭവങ്ങൾ അവരുടെ പെരുമാറ്റത്തിലും മനോഭാവത്തിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. അതുകൊണ്ടു തന്നെയാണു നിയമപരമായ പിന്തുണ നൽകണമെന്നു നിഷ്കർഷിച്ചിട്ടുള്ളത്. എന്നാൽ ഇതു പുറത്തറിയുമ്പോൾ കുറേ ആളുകളെങ്കിലും കുട്ടിയെ ഒറ്റപ്പെടുത്താൻ ശ്രമിക്കാറുണ്ട്. അപകടകരമായ അവസ്ഥയാണത്.
സ്വന്തം കുറ്റം കൊണ്ടല്ലാതെ ദുരനുഭവത്തിലൂടെ കടന്നുപോകേണ്ടി വന്ന കുട്ടിയെ മാനസികമായി പിന്തുണയ്ക്കുക എന്നതു സമൂഹത്തിന്റെ പൊതുവായ ഉത്തരവാദിത്തമാണ്.
ഒരു തരത്തിലും ആ കുട്ടിയെ പരിഹസിക്കാനോ അവഹേളിക്കാനോ കൂട്ടുനിൽക്കരുത്. അങ്ങനെ ചെയ്യുന്ന വ്യക്തികളെ വിലക്കാൻ പരസ്യമായിത്തന്നെ തയാറെടുക്കുകയും വേണം. അത്തരത്തിലുള്ള ഒരു മെസേജും സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കില്ലെന്നുറപ്പിക്കുക.
കടുത്ത മാനസിക സമ്മർദങ്ങളിലൂടെ കുട്ടി പോകുന്നുവെങ്കിൽ കുടുംബത്തിനൊട്ടാകെ ചികിത്സയും കൗൺസലിങ്ങും ലഭ്യമാക്കാൻ മുൻകൈ എടുക്കണം. അതിനു മടിക്കരുത്.
കുടുംബത്തിനുള്ളിൽ നിന്നു തന്നെയാണ് ഇത്തരം ചൂഷണങ്ങളുണ്ടായതെങ്കിൽ ഒരുപാടു പ്രശ്നങ്ങൾ ഉണ്ടാകാം. വലിയ തോതിലുള്ള ഛിദ്രത്തിനു കാരണമാകാം. കുടുംബത്തിനുള്ളിൽ ആ കുട്ടിയും കുട്ടിയെ സംരക്ഷിക്കുന്ന രക്ഷിതാവും ഒറ്റപ്പെട്ടു പോകാം. പലപ്പോഴും ആ കുട്ടിക്കും രക്ഷിതാവിനും വീടുവിട്ട് ഇറങ്ങേണ്ടിവന്നേക്കാം. അപ്പോഴൊക്കെയും അധ്യാപകരും സമൂഹവുമാണ് അവർക്കു തുണയായി നിൽക്കേണ്ടത്.
ഇതിന്റെ പേരിൽ സ്കൂളിൽ ആ കുട്ടി ഒറ്റപ്പെട്ടുപോകാനോ മറ്റു കുട്ടികളിൽ നിന്നുള്ള പരിഹാസങ്ങൾക്കു മുന്നിൽ തല കുനിച്ചു നിൽക്കേണ്ടി വരാനോ ഇടയാകുന്നില്ലെന്ന് അധ്യാപകർ ഉറപ്പിക്കണം.
4. ‘അച്ഛനും ഹൈസ്ക്കൂളിൽ പഠിക്കുന്ന മകനും ന്യൂ ഇയറിനു ബീയർ കുടിക്കുന്ന ഫോട്ടോ സ്റ്റാറ്റസ് ഇടുന്നു. വീടുകളിൽ അത്ര പരസ്യമായാണു മദ്യപാനം നടക്കുന്നത്. അതു തെറ്റല്ലെന്ന തോന്നൽ വരുന്നതോടെ ലഹരിയുടെ വാതിലിലാണു നിൽക്കുന്നത്. കുട്ടികൾ കാണുന്ന സിനിമകളിലും വെബ്സീരിസുകളിലും എല്ലാം മദ്യപാനം ആഘോഷമാകുകയാണ്. വീടുകളിൽ തന്നെ മാറ്റം വരേണ്ടേ?’
ചെറുപ്രായത്തിൽ ലഹരി വസ്തുക്കളുടെ ഉപയോഗം ഭാവിയിൽ ലഹരി അടിമത്തത്തിലേക്കു നയിക്കാൻ സാധ്യതയുണ്ടെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു. ലഹരിവസ്തുക്കൾ ഉപയോഗിച്ചാലുണ്ടാകുന്ന ശാരീരികവും മാനസികവും സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ചു മാതാപിതാക്കൾ കുട്ടികളോടു സംസാരിക്കണം. മദ്യം അടക്കമുള്ള ലഹരി വസ്തുക്കൾ തലച്ചോറിന്റെ പ്രവർത്തനത്തെ തകർത്തു മാനസികരോഗങ്ങൾക്കു കാരണമാകുന്നുവെന്ന അറിവു നൽകുക.
കാൻസറും കരൾരോഗവുമടക്കം ഒരുപാടു ശാരീരിക ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ച മരണത്തിന് ഇതു കാരണമാകുന്നു എന്നതും കുട്ടികളെ ബോധ്യപ്പെടുത്തണം. കൗമാരത്തിനു മുൻപു തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ചു വ്യക്തമായ ധാരണ ലഭിച്ചാൽ കുട്ടികൾ ലഹരി വസ്തുക്കളുടെ ഉപയോഗിത്തിലേക്കു പോകുന്നത് ഒരുപരിധിവരെ തടയാൻ സാധിക്കും.
കുട്ടികൾ വീട്ടിലുള്ള മുതിർന്ന വ്യക്തികളുടെ സ്വഭാവത്തെ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. മുതിർന്ന വ്യക്തികളുടെ പെരുമാറ്റം അനുകരിക്കാനുള്ള പ്രവണത കുട്ടികളിൽ കൂടുതലായിരിക്കും. അതുകൊണ്ടാണു കുട്ടികളുടെ മുൻപിൽ വച്ചു മദ്യപിക്കുകയോ പുകവലിക്കുകയോ മറ്റു ലഹരിവസ്തുക്കൾ ഉപയോഗിക്കുകയോ ചെയ്യാൻ പാടില്ല എന്നു പറയുന്നത്.
സഹപാഠികളായ ആരെങ്കിലും ലഹരി ഉപയോഗിച്ചതിനെക്കുറിച്ചു പറയുമ്പോൾ വഴക്കു പറഞ്ഞു ചർച്ച അവസാനിപ്പിക്കുക അല്ല വേണ്ടത്. അതു മൂലമുണ്ടാകുന്ന ദുരന്തങ്ങളെക്കുറിച്ചു പറയാനുള്ള അവസരമായി അത് ഉപയോഗപ്പെടുത്തി കുട്ടികളുടെ മനസ്സിൽ കൂടുതൽ വ്യക്തതയോടുകൂടി ലഹരി വസ്തുക്കൾക്കെതിരായിട്ടുള്ള മനോഭാവം ശക്തിപ്പെടുത്തുകയാണു രക്ഷിതാക്കൾ ചെയ്യേണ്ടത്.
5. ‘ജെൻഡർ വ്യത്യാസം കുട്ടികളുടെ മനസ്സിലില്ല. പക്ഷേ, പലപ്പോഴും മാതാപിതാക്കൾ അതു മനസ്സിലാക്കില്ല. പല വാർത്തകളും അവരെ ഭയപ്പെടുത്തുന്നുണ്ട്. അതിരുകൾ ഇല്ല എന്നതു ശരിയാണ്. പക്ഷേ, ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതകളുണ്ട്. സ്കൂൾ പ്രണയം ബ്രേക്ക് അപ് ആയപ്പോൾ പത്താം ക്ലാസിൽ പഠിക്കുന്ന കാമുകൻ അതേ സ്കൂളിലെ കാമുകിയുടെ ചിത്രങ്ങൾ പ്രചരിപ്പിക്കും എന്നു ഭീഷണിപ്പെടുത്തിയ സംഭവമുണ്ട്. ആൺ – പെൺ മതിൽക്കെട്ടു വച്ചു തിരിക്കാതെ എങ്ങനെ കുട്ടികളെ ഇത്തരം അപകടങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തും?’
കൗമാരപ്രായക്കാരായ കുട്ടികൾക്കു പരസ്പരം ആകർഷണം തോന്നുന്നതു സ്വാഭാവികമാണ്. അതു തെറ്റായ കാര്യമാണെന്നു പറയാൻ സാധിക്കില്ല. ശരീരത്തിലെ ഹോർമോണൽ വ്യതിയാനം ഇത്തരം ആകർഷണങ്ങൾക്കു കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം വിഷയങ്ങൾ വീട്ടിൽ തുറന്നു ചർച്ച ചെയ്യാനുള്ള അവസരമൊരുക്കുകയാണു മാതാപിതാക്കൾ ആദ്യം ചെയ്യേണ്ടത്.
ആരോടെങ്കിലും ഇത്തരമൊരു ഇഷ്ടം തോന്നിയാൽ അതു തെറ്റാണ് എന്ന മട്ടിൽ ശബ്ദമുയർത്തി ഭയപ്പെടുത്തി അവരുടെ മനസ്സിൽ നിന്ന് ആ ചിന്തകളെ ഇല്ലാതാക്കാൻ സാധിക്കുമെന്നു കരുതരുത്. മറിച്ച് ഇത്തരം ബന്ധങ്ങളിൽ ആരോഗ്യകരമായ അതിർവരമ്പുകൾ എങ്ങനെ സൂക്ഷിക്കണം. ചൂഷണത്തിന്റെ വഴിയിലേക്ക് അതു പോകാതെ ശ്രദ്ധിക്കാൻ എന്തൊക്കെ കാര്യങ്ങൾ പാലിക്കണം. ഇത്തരം കാര്യങ്ങൾ വീട്ടിൽ ചർച്ച ചെയ്യാം.
ഒരു കാരണവശാലും സ്വന്തം നഗ്നചിത്രങ്ങളോ വിഡിയോകളോ ഏറ്റവും വിശ്വസിക്കുന്ന ഒരാളിനുപോലും അയച്ചുകൊടുക്കാൻ പാടില്ല എന്നതാണ് ഇതിൽ പ്രധാനപ്പെട്ട സംഗതി. ഡിജിറ്റൽ സംവിധാനങ്ങളുപയോഗിച്ചു നാം ചെയ്യുന്ന എന്തു കാര്യവും സ്ഥായിയായ രേഖയാകാനിടയുണ്ട്. ഭാവിയിൽ ആർക്കെങ്കിലും അതു റിട്രീവ് ചെയ്തെടുത്തു നമുക്കെതിരെ ഉപയോഗിക്കാൻ സാധിക്കുമെന്നത് അവരെ ബോധ്യപ്പെടുത്തണം.
തീവ്രമായി ഒരാൾ നമ്മളെ ഇഷ്ടപ്പെടുന്ന സമയത്ത് അ വർ നമുക്കെതിരെ ഒന്നു ചെയ്യില്ലെന്നു തോന്നിയേക്കാം. പ ക്ഷേ, ഈ ബന്ധങ്ങൾ ശാശ്വതമാകണമെന്നില്ല എന്നും നാളെയൊരു കാലത്ത് ഇതിൽ എന്തെങ്കിലും അഭിപ്രായ ഭിന്നതകൾ വന്നാൽ നമ്മളെ അടിക്കാനുള്ള വടി നമ്മൾ ബോധപൂർവമായി മറ്റൊരാൾക്കു കൊടുക്കാൻ പാടില്ല എന്നും വ്യക്തമാക്കേണ്ടതുണ്ട്.
രണ്ടാമത്തെ കാര്യം ശാരീരികമായ സ്പർശനങ്ങൾ, അ തിന്റെ അതിർവരമ്പുകൾ കൃത്യമായി നിശ്ചയിക്കണം. നമ്മുടെ ശരീരത്തെ ആക്രമിക്കാനോ കീഴ്പ്പെടുത്താനോ മറ്റൊരാൾക്ക് അവകാശമില്ല എന്ന ബോധ്യം കൃത്യമായി കുട്ടികളുടെ മനസ്സിലേക്കു കൊടുക്കേണ്ടതുണ്ട്. അത്തരത്തിലുള്ള എന്തെങ്കിലും ശ്രമങ്ങൾ മറുവശത്തു നിന്നുണ്ടായാൽ ധൈര്യപൂർവം സാധ്യമല്ല എന്നു പറയാൻ അവരെ പഠിപ്പിക്കണം. അതുകൊണ്ട് ആ ബന്ധത്തിനു തകരാറുകളൊന്നും വരാൻ പോകുന്നില്ല എന്നതും ബോധ്യപ്പെടുത്തണം. ശാരീരികമായ ചൂഷണം മാത്രമാണു മറുവശത്തുള്ള ആളുടെ ലക്ഷ്യമെങ്കിലും അതോടെ അയാൾ ഒഴിഞ്ഞുപോകും. മറിച്ച് അയാൾ നമ്മുടെ അഭ്യുദയകാംക്ഷി ആണെങ്കി ൽ അത്തരം ഒരു നോ പറച്ചിലുകൊണ്ടു മാത്രം അയാൾ ന മ്മളെ വിട്ടുപോകില്ല.
ബന്ധങ്ങളുടെ ഇടയിൽ ചതിക്കുഴി ഉണ്ടായാൽ അതു വീട്ടിൽ പറയാനുള്ള സ്വാതന്ത്ര്യവും അവർക്കു നൽകണം. ഒരിക്കലുമിത് മറച്ചുവച്ചുകൊണ്ടിരുന്നു വഷളാകാൻ അനുവദിക്കരുത്. ബ്ലാക്മെയിലിങ്ങോ ഭീഷണിയോ ഉണ്ടായാൽ നിയമപരമായി അതിനെ നേരിടാമെന്നും കുട്ടികളെ ബോധ്യപ്പെടുത്തണം.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. അരുൺ ബി നായർ
പ്രൊഫസർ ഒാഫ് സൈക്യാട്രി,
മെഡിക്കൽ കോളജ്,
തിരുവനന്തപുരം,
ഒാണററി കൺസൽറ്റന്റ്,
സൈക്യാട്രിസ്റ്റ്, ശ്രീചിത്തിര
തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്
ഒാഫ് മെഡിക്കൽ സയൻസ്
ആൻഡ് ടെക്നോളജി
ഡോ. സ്മിത രാമദാസ്
അഡീഷനൽ പ്രഫസർ
ഒാഫ് സൈക്യാട്രി,
ഡിപാർട്ട്മെന്റ് ഒാഫ്
സൈക്യാട്രി,
മെഡിക്കൽ കോളജ്, കോട്ടയം