ADVERTISEMENT

ഒൻപത് മാസവും ഒരൊറ്റ കിടപ്പ്. സ്വന്തമായി ഒന്ന് കുളിക്കാൻ പോലും കഴിയാത്ത അവസ്ഥ. അഞ്ചു മക്കളേയും പ്രസവിച്ചത് ഇതേ അവസ്ഥയിലൂടെയാണ്. ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ അദ്ഭുതം തോന്നുന്നു.’’എറണാകുളം പനമ്പിള്ളി നഗറിൽ വർഗീസ് നെറ്റിക്കാടന്റെ ഭാര്യ നീതു നെറ്റിക്കാടൻ പറയുന്നു.

‘‘എന്നിട്ടും അഞ്ചുമക്കൾ വേണമെന്ന ആഗ്രഹം തീവ്രമായിരുന്നു. ഓരോ തവണയും ബെഡ് റെസ്റ്റ് എടുക്കുമ്പോൾ ഞാൻ മനസിൽ വിചാരിക്കും ഇത് അവസാനത്തതേതാണ്. ഇനിയുണ്ടാകില്ല. പക്ഷേ, പ്രസവിച്ച് കഴിയുന്ന ആ നിമിഷം ഞാൻ കഴിഞ്ഞതൊക്കെയും മറക്കും. വീടു നിറയെ മക്കൾ എ ന്ന ആഗ്രഹം കൂടും.

ADVERTISEMENT

രണ്ട് വർഷത്തിന് ശേഷം പൊന്നുമോൾ

ഇരുപത്തിയൊന്നാം വയസിലായിരുന്നു എന്റെ വിവാഹം. എന്റെ മൂത്ത മകൾ ആനിന് ഇപ്പോൾ ഇരുപത് വയസായി. രണ്ടാമത്തവൾ മരിയ. ഇരുവരും തമ്മിൽ രണ്ട് വയസ് വ്യത്യാസമുണ്ട്. ബാക്കിയുള്ളവർ തമ്മിൽ മൂന്ന് വയസിന്റേയും. മൂന്നാമത്തെ മകൾ റോസ്. അതിനു ശേഷം ആൻഡ്രു. അതിനു ശേഷം ദൈവം ഞങ്ങൾക്ക് സാറയെക്കൂടി തന്നു.

ADVERTISEMENT

ആനും സാറയും തമ്മിൽ പത്തു വയസിന്റെ വ്യത്യാസമുണ്ട്. മുതിരും തോറും സാറയ്ക്ക് അമ്മയെപ്പോലെ തന്നെയാണ് ആൻ. ഞാനെപ്പോഴും ആനിനോട് പറയും സാറ വിവാഹം ഒക്കെ കഴിച്ച് മക്കളൊക്കെയാകുമ്പോഴേക്കും അമ്മയുടെ ആരോഗ്യമൊക്കെ പോയിട്ടുണ്ടാകും. അന്ന് ആരുമില്ലെങ്കിലും അമ്മയുടെ സ്ഥാനത്ത് ആൻ ഉണ്ടാകണമെന്ന്.

എന്റെ വീട്ടിൽ ഞങ്ങൾ രണ്ടു പേരാണ്. വർഗ്ഗീസിന്റെ വീട്ടിൽ നാലു മക്കളും. അവർ എല്ലാവരും അടുത്തടുത്താണ് താമസിക്കുന്നത്. തമ്മിൽ എപ്പോഴും കാണുകയും ഒത്തുകൂടുകയും ചെയ്യും. അതു കണ്ടിട്ടാകണം എനിക്കും കുറേ മക്കൾ വേണം എന്ന ആഗ്രഹം ഉണ്ടായത്.

v1
വർഗ്ഗീസ് നെറ്റിക്കാടൻ, നീതു – അഞ്ചു മക്കൾ
ADVERTISEMENT

ജീവിതത്തിൽ മറ്റാരുമില്ലാതായാലും സഹായിക്കാനും സ്നേഹിക്കാനും സഹോദരങ്ങൾ ഉണ്ടാകുമെന്നാണ് എന്റെ വിശ്വാസം. ഇവരുടെയെല്ലാം സ്നേഹം എല്ലാക്കാലത്തും ഇതുപോലെ നിലനിൽക്കണമെന്നുള്ള പ്രാർഥന മാത്രമേയുള്ളൂ. എല്ലാ ഞായറാഴ്ചകളിലും ഞങ്ങൾക്ക് അത്താഴം വർഗീസിന്റെ വീട്ടിലാണ്. അവിടെ അച്ഛനും അമ്മയുമുണ്ട്. .

സ്കൂൾ കാലത്ത് മൂത്തവർ രണ്ടു പേർക്കും രാവിലെ ആറരയാകുമ്പോൾ പോകണം. ഇളയവർക്ക് എട്ടു മണി. ആദ്യമൊക്കെ എല്ലാം ഒരുക്കിയെടുക്കാൻ കുറച്ചു വിഷമിച്ചു. പക്ഷേ, പിന്നീട് എല്ലാം സാധാരണഗതിയിലായി.

കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് എറ്റവും പ്രാധാന്യം നൽകുന്നത്. ഇപ്പോള്‍ കുറച്ച് കഷ്ടപ്പെട്ടാലും ഭാവിയിൽ മക്കളെല്ലാവരും നല്ല രീതിയിൽ ജീവിക്കുന്നതാണ് എല്ലാ അച്ഛനമ്മമാരേയും പോലെ ഞങ്ങളും കാണാനാഗ്രഹിക്കുന്നത്. മൂത്തവൾ പഠിക്കുമ്പോഴുള്ള സ്കൂൾ ഫീസിന്റെ ഇരട്ടിയാണ് ഇപ്പോൾ ഏറ്റവും ഇളയവൾക്കുള്ളത്. ഓരോ കാലഘട്ടത്തിലും ഈ വീട്ടിലെ ഒരാളെങ്കിലും സ്കൂളിലുണ്ടാകും. മൂന്നാമത്തെ മകൾ റോസ് ഈ വർഷം പത്താം ക്ലാസിലാണ്. ഇത്തവണ ഏറ്റവും കൂടുതൽ ശ്രദ്ധ വേണ്ടത് അവള്‍ക്കാണ്.

എല്ലാ വർഷവും യാത്ര പോകും

ഞങ്ങൾ ഏഴുപേരും ഒന്നിച്ചുള്ള യാത്രകൾ വിരളമാണ്. പകരം എന്റെ ഫാമിലിയും അദ്ദേഹത്തിന്റെ ഫാമിലിയും എല്ലാം ഒന്നിച്ചാണ് പോകാറ്. ആരെങ്കിലും ഒരാൾ ഒരു ട്രിപ്പ് പ്ലാൻ ചെയ്ത് ഫാമിലി ഗ്രൂപ്പിലിടും. സമയമുള്ളവർക്ക് പങ്കെടുക്കാം. മക്കളും അച്ഛനും മിക്ക യാത്രയ്ക്കും പോകാറുണ്ട്.

നമ്മുടെ കുട്ടികൾ മാത്രമല്ല കുടുംബത്തിലെ എല്ലാ ബന്ധങ്ങളും കരുത്തോടെ മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുന്ന ആളുകളാണ് ഞങ്ങൾ. പണ്ടൊക്കെ ഏത് ആഘോഷമായാലും എല്ലാവരും ഒരുപോലുള്ള ഡ്രസ്സിടുന്നതൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. ഞാൻ തന്നെ എല്ലാവർക്കുമുള്ള തുണി എടുത്ത് സ്റ്റിച്ച് ചെയ്തു വയ്ക്കും. പക്ഷേ, മൂത്ത രണ്ടു പേരും മുതിർന്നതോടെ അവർക്ക് അവരുടേതായ ഫാഷൻ സങ്കൽപങ്ങളായി. അവരുടെ ഡ്രസിങ്ങിൽ ഞാൻ അഭിപ്രായം പറയും എന്നല്ലാതെ ബലമായി അതിടൂ, ഇതിടൂ എന്നൊന്നും പറയാറില്ല.

പെൺമക്കൾക്ക് പ്രത്യേക ഉപദേശമില്ല

മക്കൾ വലുതാകുമ്പോഴും അവർ ഓരോ പ്രായത്തിലേക്ക് എത്തുമ്പോഴും അച്ഛനുമമ്മയും എടുക്കേണ്ട നിലപാടുകളുണ്ട്. മൂത്തയാൾ അന്നയ്ക്ക് ഇപ്പോൾ കൗമാരമാണ്. അതേ സമയം ഏറ്റവും ഇളയവൾക്കിത് ഏറ്റവും നിഷ്കളങ്ക കാലവും. എന്നു കരുതി ആനിനോട് പറഞ്ഞു കൊടുക്കേണ്ട കാര്യങ്ങൾ കൃത്യമായി തന്നെ പറയാറുണ്ട്.

ആൻ ആർക്കിടെക്ചർ കോഴ്സിന് തിരുവനന്തപുരത്ത് പ ഠിക്കുന്നു. റോസ് ഡിഗ്രി ഒന്നാം വർഷം ചെന്നൈയിൽ ചേർന്നു. മക്കൾ മാറി നിൽക്കുമ്പോഴാണ് നമുക്ക് കൂടുതൽ ആധി. എത്ര തിരക്കാണെങ്കിലും എല്ലാ ദിവസവും വിളിക്കണമെന്ന കാര്യം നിർബന്ധമാണ്. ആൻഡ്രു വലുതായിട്ട് പുറത്തു പഠിക്കാൻ പോകുമ്പോഴും അങ്ങനെ തന്നെയേ പറയൂ. അതല്ലാതെ പെൺകുട്ടികൾ ആയതു കൊണ്ട് അവർക്കു പ്രത്യേക ഉപദേശമൊന്നുമില്ല. എല്ലാവരോടും ദയ കാട്ടണം, മൂത്തവരെ ബഹുമാനിക്കണം ഇതുമാത്രമേ ഞാൻ ഉപദേശിക്കാറുള്ളൂ.’’

ADVERTISEMENT