ADVERTISEMENT

കൊറോണക്കാലത്ത് ഏതു വീട്ടില്‍ ചെന്നാലും കാണാം ടിവിക്കു മുമ്പില്‍ തപസ്സിരിക്കുന്ന കുട്ടികളെ. ഓരോ പ്രായത്തിലുമുള്ള കുട്ടികള്‍ക്ക് ദിവസേനയുള്ള സ്‌ക്രീന്‍ ടൈം അഥവാ ടിവി, മൊബൈല്‍, കംപ്യൂട്ടര്‍ തുടങ്ങിയവ ഉപയോഗിക്കുന്നതിനുള്ള സമയം ലോകരാജ്യങ്ങളെല്ലാം നിശ്ചയിച്ചിട്ടുണ്ട്. 

പരമാവധി രണ്ട് മണിക്കൂര്‍ ആണ് മുതിര്‍ന്ന കുട്ടികള്‍ക്കു പോലും അനുവദിച്ചിട്ടുള്ള സ്‌ക്രീന്‍ ടൈം. അപ്പോഴാണ് ഉണരുമ്പോള്‍ മുതല്‍ രാത്രി ഉറങ്ങുന്നതു വരെ ടിവിക്കും മൊബൈലിനും മുന്നിൽ കുട്ടികള്‍ കുത്തിയിരിക്കുന്നത്. ഈ സ്വഭാവം അവരുടെ സര്‍ഗശേഷിയേയും ആശയവിനിമയത്തെയും എങ്ങനെ വിപരീതമായി ബാധിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ല. സ്‌ക്രീന്‍ ടൈം കൂടുതലാകാതെ കുട്ടികളെ ക്രിയേറ്റീവ് മക്കളായി വളരാന്‍ മാതാപിതാക്കള്‍ ഒന്നു കണ്ണുവച്ചാല്‍ മാത്രം മതി.

ADVERTISEMENT

മൊബൈല്‍ ഫോണും കംപ്യൂട്ടറുമൊന്നും പൂര്‍ണമായി ഒഴിച്ചുനിര്‍ത്തി ജീവിക്കാനാവില്ല. അതുകൊണ്ട് ഗെയിമുകള്‍ക്കും സിനിമകള്‍ക്കും മറ്റും നിയന്ത്രണമേര്‍പ്പെടുത്തുകയാണ് ആദ്യം വേണ്ടത്. നേരത്തേ അച്ഛനമ്മമാര്‍ക്കും ഓഫിസിന്റെയും മറ്റും തിരക്കുകള്‍ ഉണ്ടായിരുന്നതിന്റെ പേരില്‍ കുട്ടിയെ ശ്രദ്ധിക്കാനാകാതെ വന്നിരുന്നു. ഇപ്പോള്‍ അവർക്കുമുണ്ട് ഇഷ്ടം പോലെ സമയം. ആ സമയം കുട്ടിയുടെ കൂടെ കൂടുതല്‍ നേരം ചെലവിടാനായി ഉപയോഗിക്കാം. സ്‌കൂള്‍ ഇല്ലെങ്കിലും ചിട്ടയോടെ ജീവിക്കാന്‍ അവരെ ശീലിപ്പിക്കാം. ക്ലോക്ക് നോക്കി സെക്കന്റുകള്‍ പോലും മാറാതെ, പട്ടാളച്ചിട്ടയോടെ വേണ്ട. എങ്കിലും ഏതെങ്കിലും നേരത്ത് ഉണര്‍ന്ന് തോന്നുമ്പോള്‍ ഭക്ഷണം കഴിച്ച് ടിവി കണ്ട് ദിവസങ്ങളോളം ചെലവിടുന്ന രീതി അനുവദിക്കാതിരുന്നാല്‍ മതി.

കുട്ടിയുടെ വയസ്സിനനുസരിച്ചുള്ള പ്ലാനിങ് ആണു വേണ്ടത്. പഠനവിഷയങ്ങളില്‍ നിന്ന് അകന്നു പോകാതിരിക്കാനും നല്ല പുസ്തകങ്ങള്‍ വായിക്കാനും ചിത്രം വരയ്ക്കാനും പാടാനും കൊച്ചുവര്‍ത്തമാനം പറയാനും സമയമനുവദിക്കണം. ഇത്ര സമയം നിനക്ക് ടിവി കാണാം. അല്ലെങ്കില്‍ ഇത്ര സമയം മൊബൈലില്‍ ഗെയിം കളിക്കാം എന്ന് കൃത്യമായി സമയം നിര്‍ദേശിക്കുക. അത് കര്‍ശനമായി പാലിക്കുക തന്നെ വേണം. തലച്ചോറിന്റെ വികാസത്തിനു സഹായിക്കുന്ന ഗെയിമുകളും പസിലുകളും നല്ലതാണ്. ഇടയ്ക്ക് സിനിമയും കാര്‍ട്ടൂണും കാണുന്നതിലും തെറ്റില്ല. അതുകഴിഞ്ഞുള്ള കുറച്ചു സമയം ഇത്തരം ഉപകരണങ്ങളെ നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതില്‍ തെറ്റില്ല. 

ADVERTISEMENT

അതായത് കുട്ടിക്ക് വിഷമമേറിയ വിഷയത്തെക്കുറിച്ചുള്ള ഓണ്‍ലൈന്‍ ക്ലാസുകളോ മറ്റു വിവരശേഖരണ ഉപാധികളോ മൊബൈലില്‍ തിരഞ്ഞു കണ്ടുപിടിച്ച് അത് കുട്ടിക്ക് മെച്ചപ്പെടാനുള്ള അവസരമാക്കാം. അല്ലെങ്കില്‍ ഓണ്‍ക്ലാസുകളിലൂടെ പാട്ടോ ചിത്രം വരയോ ക്രാഫ്‌റ്റോ ഡാന്‍സോ തയ്യലോ പഠിക്കാം. പ്രത്യേകം സാധനങ്ങളൊന്നും വാങ്ങാതെ വീട്ടിലുള്ളവ കൊണ്ടു തന്നെ ഇതെല്ലാം പഠിക്കാവുന്നതേയുള്ളൂ. കുട്ടികളില്‍ പലര്‍ക്കും വ്യായാമശീലമില്ല. ലോക് ഡൗണ്‍ ആയതുകൊണ്ട് കളിക്കാന്‍ പോയിരുന്ന കുട്ടികള്‍ക്കു പോലും ഇപ്പോള്‍ പോകാനുമാവില്ല. അതുകൊണ്ട് ഇത്തരം ഡാന്‍സ്, വ്യായാമ ക്ലാസുകള്‍ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഏറെ സഹായിക്കും.

വിനോദത്തിനായാലും മറ്റ് കാര്യങ്ങള്‍ക്കായാലും കുട്ടികള്‍ മൊബൈലിലും ടിവിയ്ക്കും മുന്നിലിരിക്കുമ്പോള്‍ അച്ഛനമ്മമാരും നിര്‍ബന്ധമായും കൂടെയിരിക്കുക. അവരെന്തിനു വേണ്ടിയാണ് സമയം ചെലവിടുന്നത് എന്ന് അറിഞ്ഞിരിക്കുക. തീരെ ചെറിയ കുട്ടികള്‍ക്ക് കഥകള്‍ വായിച്ചുകൊടുക്കാനും പാട്ടു പാടിക്കൊടുക്കാനും തുടങ്ങി അവര്‍ക്കൊപ്പം കുറച്ചേറെ സമയം മുതിര്‍ന്നവര്‍ മാറ്റിവയ്ക്കണം. ഏതു പ്രായത്തിലുള്ള കുട്ടികളായാലും മുതിര്‍ന്നവര്‍ക്കൊപ്പം വീട്ടിലെ എല്ലാ കാര്യങ്ങളിലും കുറച്ചെങ്കിലും അവരെ പങ്കാളിയാക്കുക. 

ADVERTISEMENT

അവരുടെ ഇഷ്ടമനുസരിച്ച് ഉള്ളി പൊളിക്കാനോ കറിക്കറിയാനോ വീട് വൃത്തിയാക്കാനോ പാത്രം കഴുകാനോ ഷെല്‍ഫുകള്‍ അടുക്കാനോ അവരെ അനുവദിക്കുക. ഏതോ ഷെല്‍ഫിനകത്തു കിടക്കുന്ന പഴയ ഫോട്ടോകള്‍ തപ്പിയെടുത്ത് കാണാനും അതെല്ലാം വൃത്തിയായി സൂക്ഷിക്കാനും അവര്‍ സമയമെടുക്കട്ടെ. വൈകുന്നേരങ്ങളില്‍ അച്ഛനമ്മമാരുടെ ബാല്യകൗമാര കഥകളും അനുഭവങ്ങളും കുട്ടികളോട് പങ്കിടാം. അക്കാലത്തെ ജീവിതത്തെക്കുറിച്ചുള്ള ധാരണ കിട്ടും അവര്‍ക്ക്. അങ്ങനെ ലോക്ഡൗണ്‍ കാലത്ത് മാത്രമല്ല തുടര്‍ന്നുള്ള ദിവസങ്ങളിലും അവരുടെ ഓരോ മിനിറ്റും ഉപയോഗപ്രദമാക്കി മിടുക്കരാകാന്‍ നമുക്ക് അവര്‍ക്കൊപ്പം നില്‍ക്കാം.

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. മിനി കെ. പോള്‍, കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ്, ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍, തിരുവനന്തപുരം

ADVERTISEMENT