ADVERTISEMENT

സ്വപ്നങ്ങളും നിറമുള്ള ജീവിതാഭിലാഷങ്ങളും ബാക്കിയാക്കി മരണത്തിന്റെ ലോകത്തേക്ക് മറഞ്ഞു പോയൊരുവൾ. കാൻസർ കവർന്ന സ്നേഹ അന്ന ജോസ് എന്ന പെൺകുട്ടിയുടെ ജ്വലിക്കുന്ന ഓർമകളെ കണ്ണീർ കുറിപ്പാക്കി മാറ്റുകയാണ് ജി കെ മാത്തന്‍. തന്റെ സഹോദരിയുടെ മകളുടെ വിയോഗത്തെ പറ്റി ഷാജി കെ മാത്തന്‍ എഴുതിയ കുറിപ്പ് മിഴിനീരണിയാതെ വായിച്ചു തീർക്കാനാകില്ല.

അസുഖത്തെ നിറഞ്ഞ ചിരിയോടെയാണ് സ്നേഹ നേരിട്ടതെന്ന ഷാജി കുറിക്കുന്നു . പലപ്പോഴും രോഗത്തെ കുറിച്ച് ഗൂഗിളില്‍ പരതും. ചികില്‍സാരീതികളും അതിനുള്ള മരുന്നുകളും മനസിലാക്കും . തുടര്‍ന്ന് അതേ കുറിച്ച് അപ്പനോട് സംസാരിക്കും . വസ്തുവിറ്റോ കടംവാങ്ങിയോ ഈ ചികില്‍സകള്‍ നടത്തണം . രോഗം മാറി ജോലിയില്‍ കയറിയാല്‍ കടങ്ങളെല്ലാം വീട്ടാം . സ്നേഹയുടെ ആഗ്രഹങ്ങള്‍ ഇങ്ങനെയായിരുന്നെങ്കിലും രോഗം തീരെ വഴങ്ങിയില്ല. ചികില്‍സകള്‍ വിഫലമായ ഘട്ടത്തില്‍ ബാക്കിയുള്ള ചില ആഗ്രഹങ്ങളും അവള്‍ അപ്പനെ അറിയിച്ചു മരിക്കുമ്പോള്‍ പത്രത്തില്‍ വാര്‍ത്ത നല്‍കണമെന്നും അതിനൊപ്പം ചേര്‍ക്കേണ്ട ചിത്രവും തിരഞ്ഞെടുത്തു നല്‍കി. ഫ്ളക്സ് വയ്ക്കുന്നെങ്കില്‍ അതിലും ഇതേ ഫോട്ടോ ഉള്‍പ്പെടുത്തണം. അന്ത്യയാത്രയ്ക്ക് ഒരുക്കുമ്പോള്‍ പുതിയ സെറ്റ് ഉടുപ്പിക്കണം. ചുറ്റും റോസാപ്പൂക്കള്‍ വയ്ക്കണമെന്നും അവള്‍ അപ്പനെ ചട്ടം കെട്ടി.

ADVERTISEMENT

വൈകാരികമായ കുറിപ്പ് ഇങ്ങനെ:

ഈ ഫോട്ടോ വേണം പത്രത്തിൽ കൊടുക്കുവാൻ....

ADVERTISEMENT

ഇത് എന്റെ സ്നേഹമോൾ..

എൻ്റെ സഹോദരി ഷീജയുടെ

ADVERTISEMENT

ഒരേയൊരു മകൾ..

സ്നേഹയെന്ന പേരു തിരഞ്ഞെടുത്തത് ഞാനായിരുന്നു.

പേരുപോലെ തന്നെ സ്നേഹവും, അച്ചടക്കവും, വിനയവുമുള്ളവൾ.

പത്താംതരം വരെ പഠനത്തിൽ മെല്ലെപ്പോക്ക്.

പിന്നീടവൾ സ്വപ്നം കാണുവാൻ തുടങ്ങി..

11, 12 ൽ മികച്ച മാർക്കുകൾ,

എഞ്ചിനിയറിങ്ങ് അവസാന വർഷമെത്തുമ്പോൾ അസുഖബാധിതയായിട്ടും 90% ലധികം മാർക്ക് .

അവളെ പിടികൂടിയ അസുഖം ചെറുതല്ല ന്നറിഞ്ഞിട്ടും അവൾ പുഞ്ചിരിച്ചു.

ഗൂഗിളിൽ കയറി മരുന്നുകളും, ചികിത്സകളും മനസിലാക്കി അപ്പനോട് പറഞ്ഞു വസ്തുവിറ്റോ, കടം വാങ്ങിയോ എന്നെ ചികിത്സിക്കാമോ ..

ജോലി കിട്ടുമ്പോൾ ഞാൻ വീട്ടാം.

അങ്ങനെ മജ്ജ മാറ്റിവെച്ചു...

ശേഷം അവൾ സ്വപ്നം കണ്ട ചെറിയ ജോലിയിൽ കയറി .

ചെറുചിരികളുമായി സന്തോഷം പങ്കിട്ടു പോന്നപ്പോൾ

രണ്ടര വർഷത്തിനു ശേഷം അവളെ തേടി വീണ്ടുമതെ അസുഖമെത്തി...

ചില ക്യാൻസറങ്ങനെയാണ്.

രണ്ടാമതും മജ്ജ മാറ്റിവെച്ചു..

അവൾക്കായി എല്ലാ ചികിത്സകളും ചെയ്തു

ഇന്നിപ്പോൾ എല്ലാം വിഫലം..

ഇനിയും കുറച്ച് ആഗ്രഹങ്ങൾ ബാക്കിയുണ്ട്.

പത്രത്തിൽ കൊടുക്കേണ്ടതായ ഫോട്ടോ ഇതായിരിക്കണം..

ഫ്ലക്സ് വെക്കുകയാണങ്കിൽ ഈ ഫോട്ടോ തന്നെ വേണം..

പുതിയ സെറ്റ് ഉടുപ്പിക്കണം..

ചുറ്റും റോസാ പൂക്കൾ വേണം..

ഇനി ഞങ്ങൾക്ക് ചെയ്തു തീർക്കുവാൻ നിൻ്റെ കൊച്ചു കൊച്ചു സ്വപ്നങ്ങൾ മാത്രം..

ധാരാളം മെസേജുകളും, വിളികളും വരുന്നതിനാൽ

വ്യക്തമായ ഒരു പോസ്റ്റിടുകയാണ്...

ഫോണെടുക്കുവാൻ പലപ്പോഴും കഴിയാറില്ല...

ക്ഷമിക്കുക.

ADVERTISEMENT