ADVERTISEMENT

ഒക്ടോബർ 5 ലോകഅധ്യാപകദിനം. യുനെസ്കോ പ്രഖ്യാപിച്ച 2024ലെ ലോക അധ്യാപകദിനത്തിന്റെ ‘വിദ്യാഭ്യാസത്തിനായുള്ള സാമൂഹിക കരാറിന് അധ്യാപകരുടെ ശബ്ദങ്ങളെ വിലമതിക്കുന്നു...’ എന്ന ആശയത്തെ തന്റെ അധ്യാപന അനുഭവങ്ങളിലൂടെ പങ്കുവയ്ക്കുകയാണ് കേരളസർവകലാശാല കാര്യവട്ടം ക്യാംപസിലെ കപ്യൂട്ടേഷണൽ ബയോളജി ആൻഡ് ബയോഇൻഫർമാറ്റിക്സ് ഡിപ്പാർട്മെന്റിലെ (DCB) സീനിയർ പ്രഫസർ ആയിരുന്ന ഡോ. അച്യുത് ശങ്കർ എസ്. നായർ.

പരമ്പരാഗതമായി നമ്മുടെ നാട് കണ്ടുവന്നിരുന്ന അധ്യാപക സങ്കൽപങ്ങളെ അച്യുത്ശങ്കർ മാറ്റിമറിച്ചു. ‘അച്ചൂ’ എന്നു കുട്ടികൾ വിളിക്കുമ്പോൾ സന്തോഷിക്കുന്ന അധ്യാപകൻ, എല്ലാ ക്ലാസ്സിലും എല്ലാ വിദ്യാർഥിയും ഒരു ചോദ്യമെങ്കിലും ചോദിച്ചിട്ടു മാത്രം ക്ലാസ് അവസാനിപ്പിക്കുന്ന അധ്യാപകൻ, പരീക്ഷ വീട്ടിൽ വച്ച് എഴുതാൻ അനുവദിക്കുന്ന അദ്ധ്യാപകൻ, നഗ്നപാദരായി ക്യാംപസിലൂടെ വിദ്യാർഥികൾക്കൊപ്പം നടക്കുന്ന അധ്യാപകൻ, വൈകുന്നേര ബാഡ്മിന്റൺ കളിക്കു വിദ്യാർഥികൾക്കൊപ്പം കൂടുന്ന ഉറ്റസുഹൃത്ത്, പുസ്തകം ലൈബ്രറിയിൽ നിന്ന് എടുക്കാതിരുനാൾ മാത്രം ഫൈൻ ഈടാക്കാൻ പദ്ധതി കൊണ്ട് വന്ന വകുപ്പ് മേധാവി, മരം കയറി കൊമ്പുകുലുക്കി കുട്ടികൾക്കു വേണ്ടി മാങ്ങകൾ തള്ളിയിടുന്ന മാഷ് ... ആ അധ്യാപകൻ ഡിപ്പാർട്മെന്റിന്റെ പടിയിറങ്ങിയിട്ടു ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ. ലോക അധ്യാപക ദിനത്തിൽ അദേഹത്തിന്റെ വാക്കുകൾക്കു നമുക്ക് കാതോർക്കാം.

ADVERTISEMENT

പുതിയ കാലത്തിനനുസരിച്ച് അധ്യാപക-വിദ്യാർഥി ബന്ധത്തെ എങ്ങനെയാണു കാണേണ്ടത്?

dr-achuthsankar-interview-world-teachers-day-green-campus കേരളസർവകലാശാല കാര്യവട്ടം ക്യാംപസിൽ ഡോ. അച്യുത് ശങ്കറും കുട്ടികളും

അമ്പതു വർഷം മുൻപുള്ള പവിത്രം എന്ന് നമ്മൾ പറയുന്ന അധ്യാപക വിദ്യാർഥി ബന്ധത്തിന് കാലികമായ മാറ്റമുണ്ടാകേണ്ടത് അത്യാവശ്യമാണ്. നമ്മുടെ സമൂഹം വളരെയധികം പരിവർത്തനം ചെയ്യപ്പെട്ടു. വലിയ കുടുംബങ്ങളിൽ നിന്നും നമ്മൾ അണുകുടുംബങ്ങളിലേക്കു പോയി. അണുകുടുംബങ്ങളിൽ നിന്നു വരുന്ന വിദ്യാർഥി അച്ഛനമ്മമാരെ സുഹൃത്തുക്കളായി കണ്ട് എല്ലാം തുറന്ന് പറഞ്ഞും സംസാരിച്ചും ശീലിച്ചവരാണ്. ഇവിടെ കലാലയങ്ങളിലോ കാരണവർ ശൈലിയിൽ ഉയർന്നു മാറി നിൽക്കുന്ന അധ്യാപകൻ അല്ലെങ്കിൽ അധ്യാപിക. അവരെ കുട്ടിക്കു മനസിലാവില്ല. അതിനു വേണ്ടി 1996 ൽ ഞാനൊരു പരീക്ഷണം ആരംഭിച്ചു. വിദ്യാർഥികളെ എന്നെ പേര് വിളിക്കാൻ പ്രോത്സാഹിപ്പിച്ചു. പക്ഷേ, അവരാരും അങ്ങനെ വിളിച്ചില്ല. വളരെ ചുരുക്കം ചിലർ മെയിൽ അയക്കുമ്പോൾ ‘ഡിയർ അച്ചു’ എന്നെഴുതി അയക്കുമായിരുന്നു. വളരെ ചുരുക്കം.

ADVERTISEMENT

അതിൽ ഹീര എന്ന കുട്ടിയാണ് എന്നെ അച്ചു എന്ന് ആദ്യം സംബോധന ചെയ്യാൻ തയാറായത്. അമേരിക്കയിലെ ഒരു സോഫ്ട്‍വെയർ കമ്പനിയിലാണ് അവരിപ്പോൾ. പക്ഷേ, 2024 നോടടുത്തപ്പോൾ എന്റെ വിദ്യാർഥികളിൽ ബഹുഭൂരിപക്ഷം പേരും 'അച്ചു' എന്നു പേരുവിളിച്ചു കൊണ്ടു സംസാരിക്കാൻ തയാറായി. അതു വളരെ ഹൃദ്യമായിട്ടുള്ള ഓരോർമയാണ്. ടെക്നോപാർക്കിലേക്കാണ് പല കുട്ടികളും ജോലി ചെയ്യാനായിട്ടു പോകുന്നത്. അവിടെ പേരുവിളിച്ചാണ് സംസാരിക്കേണ്ടത്. അതിനുള്ള ഒരു പരിശീലനമായിട്ടു മാത്രമേ ഞാൻ ഇതിനെ കാണുന്നുള്ളൂ. അധ്യാപകനെ പേര് വിളിച്ചു തുല്യമായിരുന്നു സംസാരിക്കുമ്പോൾ അവർക്കുണ്ടാകുന്ന അഭിമാനം, ആത്മവിശ്വാസം അവരെ ഇത്രയും ബഹുമാനത്തോടുകൂടി നമ്മൾ സ്വീകരിക്കുന്നു എന്നറിയുമ്പോൾ അവരുടെ പഠനത്തിനുമൊക്കെയുണ്ടാകുന്ന ഉണർവ് പറഞ്ഞറിയിക്കാനൊക്കാത്തതാണ്. കേരളത്തിലെ എല്ലാ അധ്യാപകരും ഇതു ചെയ്യണമെന്നാണ് എന്റെ അഭിപ്രായം. നമ്മുടെ അധ്യാപക- വിദ്യാർഥി ബന്ധത്തിലെ പവിത്രതയൊന്നും അതുകൊണ്ടില്ലാതാകില്ല. എന്നാൽ അത് വളരെ ശ്രദ്ധാപൂർവ്വം ചെയ്യേണ്ടതാണ്.

ക്യാംപസിൽ കമ്മ്യൂണിറ്റി കിച്ചൺ നടത്തുമായിരുന്നു എന്നും ഓണക്കാലത്തു മരങ്ങളെയും ആഘോഷത്തിൽ കൂടെക്കൂട്ടുമായിരുന്നു എന്നുമൊക്കെ കേട്ടിട്ടുണ്ട്. എന്തായിരുന്നു അതിന്റെ ലക്ഷ്യം?

dr-achuthsankar-interview-world-teachers-day-social-food ക്യാംപസിലെ സമൂഹസദ്യ
ADVERTISEMENT

ക്യാംപസ് വിശാലമായ കുടുംബം പോലെയാകണം. എപ്പോഴും സന്തോഷവും സൗഹാർദ്ദവും സ്നേഹവും കൊണ്ട് നിറഞ്ഞ ഒരിടം. അതിനു മനസ്സിൽ പതിയുകയും ഹൃദയത്തിൽ സ്പർശിക്കുകയും ചെയ്യുന്ന ഒരുപാടു കാര്യങ്ങളവിടെ ചെയ്യണം. അതിന്റെയൊക്കെ കൂടെ വിദ്യാഭ്യാസവും നടക്കുമ്പോഴാണ് അത് ആഹ്‌ളാദഭരിതവും ഫലപ്രദവും ആകുന്നത്. അഞ്ചാറ് മാസത്തിലൊരിക്കൽ എല്ലാവരും വീട്ടിൽ നിന്ന് ഓരോ ഭക്ഷണവുമായെത്തും. അല്ലെങ്കിൽ ഡിപ്പാർട്മെന്റിന്റെ പരിസരത്തു വച്ച് വിഭവങ്ങൾ ഉണ്ടാക്കും. എന്നിട്ടു അവയെല്ലാം മനോഹരമായി നിരത്തി വച്ച് ഒരുമിച്ചിരുന്നു സഹോദര്യത്തോടെ വലിപ്പച്ചെറുപ്പമില്ലാതെ ആ ഭക്ഷണം കഴിക്കും. പ്രവർത്തിക്കുന്ന സ്ഥലമൊരു കുടുംബമാണെന്ന തോന്നൽ നമ്മളിൽ നിരന്തരം ഉണർത്തുന്ന അതിമനോഹരമായിട്ടുള്ള നിമിഷങ്ങളായിട്ടാണ് അത് എല്ലാവരും മനസിൽ സൂക്ഷിക്കുന്നത്.

dr-achuthsankar-interview-world-teachers-day-tree-onam ഓണക്കോടികൾ മരങ്ങൾക്കുടുത്തു കൊടുക്കുന്നു

ഹരിത ദർശനം എല്ലാവരുടെയും ചിന്തയിൽ എന്നെന്നും പതിയാൻ വേണ്ടിയാണ് ഓണക്കോടികൾ മരങ്ങൾക്കുടുത്തു കൊടുത്തുകൊണ്ടു എല്ലാവരും കൂടി നിന്ന് അവയുടെ ചുവട്ടിൽ പഞ്ചഗവ്യം അർപ്പിച്ചു പ്രകൃതിയെയെയും ആഘോഷത്തിൽ കൂട്ട് വിളിക്കുന്നത്. ദീർഘമായ പരിസ്ഥിതി പ്രഭാഷണങ്ങളെക്കാൾ കൂടുതൽ സാധ്യതയുണ്ടാക്കുന്നത് മരങ്ങളും നമ്മുടെ ജീവിതാനന്ദത്തിൻറെ ഭാഗമാണെന്നു കരുതുന്ന ഇത്തരം ചെറിയ എന്നാൽ വലിയ പ്രവൃത്തികളിലൂടെയാണ്.

കേംബ്രിഡ്‌ജ് യൂണിവേഴ്‌സിറ്റിയിൽ പഠിച്ച താങ്കൾ അവിടെയും കേരള സർവകലാശാലയും തമ്മിൽ ഒന്നു താരതമ്യപ്പെടുത്താമോ? കേംബ്രിഡ്‌ജ് പഠനം അധ്യാപനത്തിൽ എങ്ങനെ സ്വാധീനിച്ചു?

കേംബ്രിഡ്ജ് സർവകലാശാലയും കേരള സർവകലാശാലയുമായുള്ള രസകരമായ താരതമ്യം ഞാൻ പലപ്പോഴും സൂചിപ്പിച്ചിട്ടുള്ളതാണ്. ഞാൻ കേരള സർവകലാശാലയിൽ പ്രഫസറായിരുന്നതിന് പകരം കേംബ്രിഡ്ജ് സർവകലാശാലയിൽ പ്രഫസറായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു? അങ്ങനെയായിരുന്നെങ്കിൽ വലിയ ചലനമൊന്നും സൃഷ്ടിക്കാതെ, വലിയ പരുക്കുകളില്ലാതെ കർത്തവ്യം പൂർത്തിയാക്കി അവിടെ നിന്നു വിരമിച്ചേനെ. ചോദ്യമതല്ല. കേംബ്രിഡ്ജ് സർവകലാശാലയിലെ ഒരു പ്രഫസറെ കേരള സർവകലാശാലയിൽ നിയമിച്ചാൽ അദ്ദേഹത്തിന് എന്തു സംഭവിക്കുമായിരുന്നു? അദ്ദേഹം ഉച്ചക്കുതന്നെ രാജിവച്ചു തിരിച്ചു ഇംഗ്ലണ്ടിലേക്കു പോകുമായിരുന്നു എന്നാണ് എനിക്കു പറയാനുള്ളത്. കാരണം അദ്ദേഹത്തിന്റെ പാണ്ഡിത്യമോ, അധ്യാപന വൈഭവമോ ഒന്നുമായിരിക്കില്ല അദ്ദേഹത്തിൻറെ ക്യാംപസിലെ സ്വീകാര്യതക്കുള്ള മാനദണ്ഡം. ക്യാംപസിനകത്തോട്ടു കേറുമ്പോൾത്തന്നെ പല കണ്ണുകളും ഉറ്റു നോക്കുന്നത് അദ്ദേഹം ഇടതാണോ, വലതാണോ എന്നു തിരക്കാൻ മാത്രമായിരിക്കും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും അദ്ദേഹത്തിന് സർവകലാശാലയിൽ സ്വീകാര്യതയും അവസരങ്ങളും മനസസമാധാനവും കിട്ടുക. അതാണ് രണ്ടു സ്ഥലവും തമ്മിലുള്ള വ്യത്യാസം.

dr-achuthsankar-interview-world-teachers-day-cambridge കേംബ്രിഡ്ജ് സർവകലാശാലയിൽ ഡോ.അച്യുത് ശങ്കർ

കേംബ്രിഡ്ജ് സർവകലാശാലയിൽ വരുന്ന വിദ്യാർഥികൾ ലോകമെമ്പാടു നിന്നും വരുന്നവരാണ്. മികവുള്ളവരും ശരാശരി മികവുള്ളവരുമൊക്കെ കാണും. പക്ഷേ, സർവകലാശാലയിൽ എത്തിച്ചേർന്നു കഴിഞ്ഞാൽ അവിടത്തെ സംസ്കാരം നമ്മളെ വളരെയധികം സ്വാധീനിക്കും. ഞാൻ കേംബ്രിഡ്‌ജിൽ പഠിച്ചപ്പോൾ ഉച്ചക്കു പന്ത്രണ്ടര വരെയേ ക്ലാസ്സുള്ളൂ. ക്ലാസ്സിൽ കുട്ടികൾ വളരെ കുറവാണ്. അറ്റൻഡൻസ് വേണ്ട. വളരെ സുഖം. വേണമെങ്കിൽ ചെല്ലാം. സൗകര്യം പോലെ തിരിച്ചു പോവാം. എന്റെ കൂടെയുണ്ടായിരുന്ന കുട്ടികൾ എല്ലാം ഉച്ചത്തെ ക്ലാസ് കഴിഞ്ഞു വീട്ടിലേക്കു പോയി വൈകുന്നേരം ഒരു മൂന്നുനാലു മണിയാവുമ്പോൾ അവിടെ എൻജിനീയറിങ് ഡിപ്പാർട്മെന്റിലെ ഒരു വലിയ ലബോറട്ടറിയിൽ സമ്മേളിക്കും. അവിടെ എല്ലാവർക്കും പരീക്ഷണ സൗകര്യങ്ങൾ ലഭ്യമാണ്. അവിടെയിരുന്നു അവർ പഠിപ്പിച്ച കാര്യങ്ങൾ സ്വയം പരീക്ഷിക്കുകയും ചർച്ച നടത്തുകയും ചെയ്യും. ഇക്കാര്യം പത്തുപതിനഞ്ചു ദിവസം കഴിഞ്ഞാണു ഞാൻ അറിയുന്നത്. ഉടനെ ഞാനും അതിന്റെ ഭാഗമായി മാറി. പിന്നീട് മനസിലായി പഠിത്തം അതിലൂടെയാണെന്ന്. ലബോറട്ടറിയിൽ ചെന്നിരിക്കാൻ ആരും നമ്മളെ നിർബന്ധിക്കില്ല. അതിനു ടൈം ടേബിൾ ഇല്ല. അത്തരത്തിൽ ഒരു സംസ്‌കാരം നമ്മളെ വളരെയധികം സ്വാധീനിക്കും. അത് രൂപപ്പെടുത്തിയെടുക്കണമെങ്കിൽ അതിനു വേണ്ട ജൈവികമായ ഒരു അക്കാദമിക്ക് ലീഡർഷിപ്പ് സ്ഥാപനങ്ങൾക്ക് ആവശ്യമാണ്.

ഇത്തരം അനുഭവങ്ങളിൽ നിന്നാണോ കാര്യവട്ടത്തെ കപ്യൂട്ടേഷണൽ ബയോളജി ആൻഡ് ബയോഇൻഫർമാറ്റിക്സ് ഡിപ്പാർട്മെന്റിൽ ബിരുദാനന്തര ബിരുദ വിദ്യാർഥികളെ ഇന്റർവ്യൂ ചെയ്യാൻ വമ്പൻ കമ്പനികളിലെ സിഇഒ മാരെ എത്തിച്ചത്?

കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാംപസിനു തൊട്ടടുത്താണ് ടെക്നോപാർക്ക്. ഇവിടെ ജോലി ചെയ്യാനാണ് ഡിപ്പാർട്മെന്റിൽ നിന്നു പഠിച്ചിറങ്ങുന്ന കുട്ടികൾ പോകേണ്ടത്. നമ്മുടെ ക്യാംപസിൽ നിന്ന് അവർക്ക് എത്ര പരിശീലനം കൊടുത്താലും അവർ ടെക്നോപാർക്ക് സംസ്കാരത്തിന് സജ്ജമാകുന്നില്ല എന്നതാണ് എന്റെ തിരിച്ചറിവ്. ഉദാഹരണത്തിന്, നമ്മൾ ഇവിടെ കാണിക്കുന്ന ഏജ് പ്രിവിലേജ് വച്ചിട്ടുള്ള ബഹുമാനമുണ്ടല്ലോ അത് അവിടെയില്ല. അവർ പഠിക്കാൻ തുടങ്ങുമ്പോൾതന്നെ അവിടുള്ള സംസ്‌കാരം എന്താന്ന് കൃത്യമായി മനസിലാക്കാൻ വേണ്ടി അവരുമായിട്ടൊരു ഇടപഴകൽ നേരത്തെതന്നെ നല്ലതാണെന്നുള്ളതുകൊണ്ടാണ് നമ്മൾ കമ്പനികളിലെ സിഇഒമാരെക്കൊണ്ട് വന്നു ഇവർക്ക് മോക്ക് ഇന്റർവ്യൂസ് ചെയ്യിപ്പിച്ചു കൊണ്ടിരുന്നത്.

അധ്യാപകനെന്ന നിലയിൽ എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് എന്താണ്?

അധ്യാപകനെന്ന നിലയിൽ എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് വിദ്യാഭ്യാസ മനഃശാസ്ത്രജ്ഞനായ ജെറോം ബ്രൂണറുടെ ‘ആരെയും എന്തും പഠിപ്പിക്കാം’ എന്ന വാക്കുകളാണ്. ഇതോടൊപ്പം ഹാവേർഡ് ഗാർഡ്ണറാകട്ടെ ‘എല്ലാവരും ഏതെങ്കിലും തരത്തിൽ ബുദ്ധിമാന്മാരാണ്’ എന്ന് തത്വം അവതരിപ്പിച്ചിട്ടുണ്ട് (ബഹുവിധ ബുദ്ധി സിദ്ധാന്തം). ഈ രണ്ടു മഹത്തായ ആശയങ്ങൾ ഞാനെന്ന അധ്യാപകനെ നയിച്ച വലിയ പ്രകാശ ഗോപുരങ്ങളായി മാറി. ഈ ആശയങ്ങൾ സദാ മനസ്സിൽ സൂക്ഷിച്ചു കൊണ്ട് ജാഗ്രതയോടെ.. ക്ഷമയോടെ.. ദീർഘകാലം കുട്ടികളോട് സംവദിക്കുക. ഒപ്പം നിന്ന് അവരിൽ ഉണരാനിരിക്കുന്ന ധിഷണകളെ കണ്ടെത്തി ഉണർത്താൻ വേണ്ടിയുള്ള കളമൊരുക്കുക. അതാണ് ഒരു അധ്യാപകൻറെ കർത്തവ്യമെന്നും മനസ്സുവെച്ചാൽ അത് സാദ്ധ്യമാകുമെന്നും ഞാൻ മനസിലാക്കി.

നാലു വർഷ ഓണേഴ്‌സ് ബിരുദ പഠനമെന്ന വിദ്യാഭ്യാസ സമ്പ്രദായം ഇതിനോടകം രാജ്യത്തെ യൂണിവേഴ്സിറ്റികളിൽ നടപ്പിലാക്കിക്കഴിഞ്ഞു. ഇതു താങ്കൾ എങ്ങനെ കാണുന്നു?

ബ്രിട്ടീഷ് സമ്പ്രദായത്തിൽ നിന്ന് അമേരിക്കൻ സമ്പ്രദായത്തിലേക്കുള്ള ഒരു നല്ല മാറ്റമാണ് നാലു വർഷ ഓണേഴ്‌സ് ബിരുദം. കാരണം, ലോകത്തു ഏറ്റവും പ്രചാരത്തിലുള്ള ഒരു സമ്പ്രദായത്തിലേക്ക് നമ്മൾ മാറുമ്പോൾ, പ്രത്യേകിച്ചു കുട്ടികൾക്ക് വിദേശ സ്വപ്‌നങ്ങൾ ഒരുപാടു ഉള്ളൊരു കാലത്തു, മറ്റു രാജ്യങ്ങളിൽ വിദ്യാഭ്യാസം തുടരാനോ ജോലി നേടാനോ ശ്രമിക്കുമ്പോൾ ഈ സംവിധാനം അവരെ തീർച്ചയായും സഹായിക്കും. കുട്ടികൾക്ക് എന്തുവേണോ എടുത്തു പഠിക്കാൻ സാധിക്കും, ഒരുപാടു സാധ്യതകൾ (ചോയ്‌സ്) ഉണ്ടായിരിയിരിക്കും.

പക്ഷേ നമ്മുടെ പരിമിതികൾക്കകത്തു നിന്ന് കൊണ്ട് ഈ ചട്ടക്കൂടിനെ പൂർണമായ അർഥത്തിൽ ഉപയോഗിക്കാൻ സാധിക്കുന്നുവെന്ന് ഞാൻ കരുതുന്നില്ല. കാരണം കുട്ടികൾ ഇഷ്ടം പോലെ കോഴ്സുകൾ തിരെഞ്ഞെടുക്കുകയാണെങ്കിൽ അതിന്റെ ടൈം ടേബിൾ ഇടുക എന്നത് ഏറെ ശ്രമകരമാണ്. ജോലി സാധ്യതയെക്കുറിച്ചുണ്ടാകാവുന്ന ചില ചിന്തക്കുഴപ്പങ്ങളുണ്ട്. ഇതൊന്നും പരിഹരിക്കാനാവാത്ത പ്രശ്നങ്ങളല്ല. വിഷയങ്ങൾക്ക് വൈവിധ്യം വന്നു എന്നുള്ളതൊഴിച്ചാൽ അവിടെ നമ്മുടെ പഠിപ്പിക്കുന്നതിന്റെ രീതിക്കോ, പരീക്ഷകൾ നടത്തുന്ന രീതിക്കോ കാതലായ വ്യത്യാസം വന്നില്ലായെങ്കിൽ അക്കാദമിക രംഗത്ത് എന്തെങ്കിലും പരിണാമം സംഭവിച്ചു എന്ന് കരുതാനാവില്ല. തുടങ്ങിയല്ലേയുള്ളൂ. അതിനെ അമിതമായി വിമർശിക്കാതെ കൗതുകത്തോടെ നിരീക്ഷിക്കുകയും അത് പ്രതീക്ഷിച്ചതുപോലെ നല്ല വഴിക്കു പോകും എന്ന് ആഗ്രഹിക്കുകയും ചെയ്യാം.

അടുത്തിടെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച ക്രെഡിറ്റ് ട്രാൻസ്ഫെറിന്റെ ഭാഗമായി DCB യിൽ എത്തിയ അമേരിക്കൻ വിദ്യാർഥികളുടെ ചിത്രവും കുറിപ്പും ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു! എന്തായിരുന്നു ക്രെഡിറ്റ് ട്രാൻസ്ഫർ?

dr-achuthsankar-interview-world-teachers-day-foreign-students ക്യാംപസിലെത്തിയ വിദേശവിദ്യാർഥികൾ

2014ൽ കേരളത്തിൽ പ്രചാരത്തിൽ ഇല്ലാതിരുന്ന ഒരാശയമായിരുന്നു ക്രെഡിറ്റ് ട്രാൻസ്ഫർ. സ്വീഡനിലെ യൂണിവേഴ്സിറ്റികൾ സന്ദർശിച്ചപ്പോഴാണ് എനിക്ക് അതേക്കുറിച്ചു അറിവു കിട്ടിയത്. അതിന്റെ ഒരു കരട് നിയമം മനസിലാക്കി നമ്മുടെ നാട്ടിലെ ആവശ്യത്തിനനുസരിച്ചു മാറ്റിയെഴുതി സർവകലാശാലയിൽ സമർപ്പിച്ചു. അക്കാദമിക് കൗൺസിൽ അത് പാസാക്കുകയും അതിന്റെ ബലത്തിൽ അമേരിക്കയിലെ യൂണിവേഴ്സിറ്റിയിൽ നിന്ന് 14 വിദ്യാർഥികളെ എത്തിക്കുകയും ചെയ്തു. ഒരു പൂർണ ഡിഗ്രി എടുക്കാനായിട്ടു വികസിത രാജ്യങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ നമ്മുടെ നാട്ടിലേക്ക് വരാൻ സാധ്യത കുറവാണ്. എന്നാൽ ക്രെഡിറ്റ് ട്രാൻസ്ഫർ സംവിധാനം ഏർപ്പെടുത്തിയാൽ ഒരു സെമസ്റ്റർ വന്നു പഠിച്ചിട്ടു ആ പഠനത്തിൻറെ സർട്ടിഫിക്കറ്റ് വാങ്ങി അത് തിരിച്ചു അവരുടെ യൂണിവേഴ്സിറ്റിയിൽ കൊണ്ടുപോയി അവിടെയുള്ള സർട്ടിഫിക്കറ്റുമായി സംയോജിപ്പിച്ചു കൊള്ളും. അന്നത്തെ ഹയർ എജ്യുക്കേഷൻ കൗൺസിലിന്റെ വൈസ് ചെയർമാനായിരുന്ന ടി. പി. ശ്രീനിവാസൻ IAS, അമേരിക്കയിലെ മലയാളി പ്രഫസ്സർ ഡോ. സണ്ണി ലൂക്ക് എന്നിവരുടെ ശക്തമായ പിന്തുണ ലഭിച്ചു. ആ വിദ്യാർഥികളെ ഇവിടെ എത്തിച്ചതിനാൽ 25 ലക്ഷം രൂപയുടെ വരവ് അന്നു യൂണിവേഴ്സിറ്റിക്കുണ്ടായി. അതിനേക്കാൾ കൂടുതലാണ് ആ വിദ്യാർഥികൾ വന്നപ്പോൾ ക്യാംപസിലുണ്ടായ മാറ്റങ്ങൾ. സർവകലാശാലയുടെ അക്കാദമിക സംവിധാനം മുഴുവൻ ഉണർത്തെഴുന്നേറ്റു. നമ്മുടെ വിദ്യാർഥികൾ വിദേശത്തേക്ക് ഒഴുകുന്നതിനെക്കുറിച്ചു പരാതി പറഞ്ഞു ആശങ്കപ്പെടുമ്പോൾ നമുക്ക് വിദേശ വിദ്യാർത്ഥികളെ ഇങ്ങോട്ടു കൊണ്ടുവരാൻ സാധിക്കുമെന്ന് 10കൊല്ലം മുൻപേ തെളിയിച്ചതാണ്. പക്ഷെ നിർഭാഗ്യവശാൽ അത് തുടരാനായില്ല. അനുവദിച്ചില്ല എന്ന് വേണം പറയാൻ.

2005 ൽ താങ്കളുടെ നേതൃത്വത്തിൽ DCB കേരള യൂണിവേഴ്സിറ്റിയിൽ ആരംഭിച്ചു, തൊട്ടടുത്ത വർഷം " സൂര്യകിരൺ ബയോഇൻഫർമാറ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡ്" എന്ന സ്റ്റാർട്ട് അപ്പ് അവിടെ തുടങ്ങാനുള്ള കാരണം?

കേരള യൂണിവേഴ്സിറ്റിയിലെ ആദ്യ സ്റ്റാർട്ട്-അപ്പ് ബയോഇൻഫർമാറ്റിക്‌സിലെ ആദ്യബാച്ചിലെ വിദ്യാർഥികൾ തുടങ്ങിയ "സൂര്യകിരൺ ബയോഇൻഫർമാറ്റിക്സ് " എന്ന കമ്പനിയാണ്. അതിന് ജപ്പാനിൽ നിന്നും ലഭിച്ച പ്രൊജക്റ്റ് വഴി 30 ലക്ഷത്തിലേറെ രൂപ ടേൺ ഓവർ ഉണ്ടായി. സൂര്യകിരൺ പിന്നീട് ഒരുപാട് വിമർശനങ്ങൾ നേരിട്ടു. ക്യാംപസിനകത്തു കച്ചവട സംസ്കാരം കൊണ്ടുവരാൻ ശ്രമിക്കുകയാണെന്ന് പറഞ്ഞു. എന്നെ വളരെ അധികം വ്യക്തിഹത്യ ചെയ്തു. ആ കമ്പനി പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്നു. പക്ഷെ കമ്പനിയ്ക്ക് നേതൃത്വം കൊടുത്ത ശ്രീജിത്ത് ഇന്ന് കേരളത്തിലെ മുൻനിര ബിയോഇൻഫോര്മാറ്റിക്സ് കമ്പിനിയിലെ മുതിർന്ന പ്രഫഷനൽ ആണ്

DCB യിൽ ഓരോ ദിവസവും ഓരോയിടത്താണോ പഠനം?

dr-achuthsankar-interview-world-teachers-day-campus ഹരിതരത്നാകരം, പച്ചപ്പിൽ പുതഞ്ഞ ക്യാംപസ്

ഒരുപാട് കൊച്ചു നന്മകൾ തുമ്പപ്പുകളെ പോലെ വിരിഞ്ഞുനിൽക്കുന്ന ഒരു ഇടമാണ് DCB. മണ്ണുകുഴിച്ചു കളരി ശൈലിയിൽ നിർമിച്ച ഓലമേഞ്ഞ ക്ലാസ് ആയ ഹരിതരത്നാകരം, കെഎസ്ആർടിസി ബസിലെ ക്ലാസ് മുറി , എല്ലാദിവസവും 11 മണിക്ക് എല്ലാവരും ഒരുമിച്ചു കൂടുന്ന., ഒരിക്കലും നിലച്ചിട്ടില്ലാത്ത, കട്ടൻ ചായ കുടി. എല്ലാ ആറുമാസത്തിലൊരിക്കലും നാടൻ വിഭവങ്ങളുമായിട്ടുള്ള കിച്ചൻ ഡേ, കുട്ടികളുമായിട്ടു നഗ്നപാദരായിട്ട് ക്യാംപസിൽ കൂടിയുള്ള നടത്തം, കുട്ടികൾ ഇഷ്ടമുള്ള പുസ്തകങ്ങൾ വാങ്ങിക്കാനായിട്ട് അധ്യാപകരുടെ കൂടെ പുസ്തകക്കടകളിലേക്ക് പോകുന്നത്, ലോകത്തെ മികച്ച വിദഗ്ധരും ശാസ്ത്രജ്ഞരും നൊബേൽ സമ്മാനജേതാക്കളും ഉൾപ്പെടെ കുട്ടികളുടെ കൂടെ സംസാരിക്കാനെത്തുന്ന സാഹചര്യങ്ങൾ, എന്നും വൈകുന്നേരം വിദ്യാർഥികളും അധ്യാപകരും മറ്റു സ്റ്റാഫും ചേർന്നിട്ടുള്ള ഷട്ടിൽ കളി, നിരവധി ക്ലബ്ബുകൾ പിന്നെ എല്ലാവരും ചേർന്ന് പാടുകയും ആടുകയുമൊക്കെ ചെയ്യുന്ന ഡിസിബി സർഗ...

ഇതെല്ലാം പഠിത്തവും പരീക്ഷക്കുമൊക്കെ പുറമേ അവരുടെ വളർച്ചയ്ക്ക് വളമാകാൻ DCB യൊരുക്കുന്ന അനേകം ചെറിയ നന്മകളാണ്. ഈ നന്മകളുടെ വളപ്പൊട്ടുകൾ ചേർത്ത് വച്ച് ‘ഒരു സർവകലാശാല വകുപ്പിന്റെ ആത്മകഥ’ എന്ന പേരുള്ള ഒരു പുസ്തകമാക്കാനുള്ള ശ്രമത്തിലാണ്.

dr-achuthsankar-interview-world-teachers-day-autobiography-department ഒരു സർവകലാശാല വകുപ്പിന്റെ ആത്മകഥ

പഠിക്കുന്നതെന്തിനാണ് എന്ന് ഒരു സ്കൂൾ കുട്ടി ചോദിച്ചാൽ താങ്കൾ എന്ത് പറയും? ..ഇനിയൊരു സർവകലാശാല വിദ്യാർഥിയോ സാധാരണക്കാരനായ രക്ഷിതാവോ ചോദിച്ചാൽ...

നമുക്കു സന്തോഷമായി എല്ലാവരോടും ഒത്തു ചേർന്ന് ജീവിക്കാനുള്ള തയാറെടുപ്പിനു വേണ്ടിയാണു സ്കൂൾ വിദ്യാഭ്യാസം. നമ്മുടെ ധിഷണയെ പൂർണമായി ഉണർത്തി തൊഴിലും ജീവിതത്തിൽ സംതൃപ്തിയും നേടാൻ വേണ്ടിയുള്ള നൈപുണികൾ വികസിപ്പിച്ചെടുക്കുകയാണ് ഉന്നതവിദ്യാഭ്യാസത്തിന്റെ ലക്‌ഷ്യം. കൂടാതെ, സമൂഹത്തിലെ മറ്റുള്ളവരുടെ പ്രശ്നങ്ങൾ കൂടി പരിഹരിക്കാനും അവർക്ക് സന്തോഷം നൽകാനുമായി നമ്മുടെ കഴിവുകളെ, അറിവുകളെ ഉപയോഗിക്കാൻ വേണ്ടിയുള്ള തയാറെടുപ്പും കൂടിയാണ് ഉന്നതവിദ്യാഭ്യാസം.

അച്യുത് ശങ്കർ എസ് നായർ എന്ന മൃദുഭാഷിയായ, സൗമ്യനായ വ്യക്തി ചെറുപ്പത്തിലേയുള്ള അന്തർമുഖത്വത്തെ അതിജീവിക്കാൻ സ്വയം പാകപ്പെടുത്തിയത് എങ്ങനെയാണ്?

ഏതാണ് ഏറ്റവും നല്ല സ്കൂൾ മാസിക? സ്കൂളിലെ എല്ലാ വിദ്യാർഥികളും ഒരു ചെറിയ പാരഗ്രാഫ് എങ്കിലും എഴുതുന്നതാണ് എറ്റവും നല്ല മാസിക. പക്ഷേ, നമ്മൾ സാധാരണ കാണുന്നത് സ്കൂളിലെ മിടുക്കർ എന്നറിയപ്പെടുന്ന അല്ലെങ്കിൽ എഴുതാൻ കഴിവുണ്ടെന്നറിയപ്പെടുന്നവർ എഴുതുന്ന ലേഖനങ്ങൾ ഉള്ള മാസികകൾ ആണ്. നമ്മുടെ സ്കൂളുകളിൽ എല്ലാവർക്കും തുല്യ അവസരം ഇല്ല എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. എനിക്കു പാടാൻ ചെറുപ്പത്തിലേ വലിയ താല്പര്യമായിരുന്നു. ഞാൻ മൂന്നാം ക്ലാസിലോ നാലാം ക്ലാസിലോ പഠിക്കുമ്പോൾ മോഡൽ സ്കൂളിൽ വച്ച് ഒരു അധ്യാപകൻ ആരാണ് നന്നായി പാട്ട് പാടുന്നത് എന്ന് ചോദിച്ചു. "നീലകണ്ഠൻ" എന്ന് ആരോ വിളിച്ചു പറഞ്ഞു. വേറെ ആർക്കെങ്കിലും പാടണോ പിന്നീട് ചോദ്യം ഉണ്ടായില്ല, എനിക്ക് സംഗീതഅഭിരുചി വികസിപ്പിക്കുവാൻ പിന്നീട് സ്കൂളിൽ വേദി ലഭിച്ചേയില്ല. എന്റെ അധ്യാപന ജീവിതത്തിൽ ഇത് ഞാൻ എന്നാലാവും വിധം തിരുത്തി. ഒരു കാര്യത്തിനും ഞാൻ ഒരാളെയും ഹാൻ്റ് പിക് ചെയ്തില്ല.. എപ്പോഴും എല്ലാവരുടേയും താൽപര്യം അനോണിമസ് ആയി എഴുതി വാങ്ങി അതിൽ നിന്ന് നറുക്കിട്ട് ആണ് ഓരോ ആൾക്കാരെ ഓരോ കാര്യത്തിന് നീയോഗിച്ച് കൊണ്ടിരുന്നത്. അതെന്റെ പിടിവാശിയായിരുന്നു.

dr-achuthsankar-interview-world-teachers-day-with-teacher-kids അച്യുത് ശങ്കറും ഗോമതി ടീച്ചറും, കുട്ടികളോ‍ൊപ്പം അച്യുത് ശങ്കർ

എൻജിനീയറിങ് കോളേജിലും ഇത് തന്നെയായിരുന്നു സ്ഥിതി. എന്നാൽ അവിടെ ഒരു സൗഭാഗ്യം ഉണ്ടായി. ഡോ. കെ. ഗോമതി (ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ മാതാവ്) എന്ന മഹനീയയായ അധ്യാപിക എന്നിൽ ഉറങ്ങി കിടക്കുന്ന കഴിവുകളിൽ വിശ്വസിച്ചു കൊണ്ട് എനിക്ക് അവസരങ്ങൾ തന്നു. പിന്നെ എനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മെന്ററിങ് എന്താണെന്നു ഞാൻ അനുഭവിച്ചു, മനസിലാക്കി. ഗോമതി ടീച്ചറിന്റെ കടാക്ഷം എന്നിൽ പതിഞ്ഞില്ലായിരുനെങ്ങിൽ ഞാൻ അന്തർമുഖനായി കഴിവുകൾ പുറത്തു വരാതെ ജീവിച്ചേനെ. ഒരു അധ്യാപകന്റെയോ, അധ്യാപികയുടേയോ ഒരൊറ്റ കടാക്ഷം മതി നമ്മുടെ ജീവിതം തൊണ്ണൂറ് ഡിഗ്രി തിരിയാൻ. വളരെ കാലത്തിന് ശേഷമേ ആ ദിശാമാറ്റം നമുക്ക് ബോധ്യപ്പെടൂ. ഗോമതി ടീച്ചർ എന്നോട് കാണിച്ച അതേ സമീപനം പിൽക്കാലത്തു ഞാനും വിദ്യാർഥികളിൽ പരീക്ഷിച്ചു കൊണ്ടേയിരുന്നു.

ബോട്ടുകൾ, സ്കൂൾ തലങ്ങളിൽപ്പോലും ക്ലാസുകൾ നയിച്ചു തുടങ്ങിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഈ യുഗത്തിൽ എന്താണ് അധ്യാപകരുടെ റോൾ?

വരും കാലത്തു മനുഷ്യ അധ്യാപകരെ മാറ്റികൊണ്ടു AI ഉപയോഗിക്കുന്ന ഒരു റോബോട്ട് ക്ലാസ്സിൽ പഠിപ്പിക്കാൻ വരുമോ എന്ന ആശങ്കയിലാണ് ലോകമെമ്പാടുമുള്ള അധ്യാപകർ. ചാറ്റ് ജിപിറ്റിയെയാണ് ഇന്നത്തെ ആധുനിക മഹാഗുരുവായിട്ട് എല്ലാവരും കരുതുന്നത്. ചാറ്റ് ജിപിറ്റിയോട് എന്തും എപ്പോൾ വേണോ ചോദിക്കാം ഏതു സമയത്തും ചോദിക്കാം. ഏതു ഭാഷയിലും ഏതു വിഷയത്തെക്കുറിച്ചും ചോദിക്കാം. കവിതയെഴുതാൻ പറയാം. പുതിയ രാഷ്‌ടീയ തത്വസംഹിത ഉണ്ടാക്കിത്തരാൻ പറയാം. തർജ്ജിമ ചോദിക്കാം. അപ്പോൾ സ്വാഭാവികമായിട്ടും ഇനിയൊരു അധ്യാപന്റെ ആവശ്യമില്ലലോ എന്ന് തോന്നാം. ഇതേക്കുറിച്ചു ഞാൻ ചില ചിന്തകൾ പങ്കിടാം.

dr-achuthsankar-interview-world-teachers-day-campus-activity ക്യാംപസ് ആക്ടിവിറ്റി

രാത്രി ഒരു മണിക്ക് ഒരു കുട്ടി ഗൂഗിളിനോട് എനിക്കൊരു ബോംബ് ഉണ്ടാക്കണം അതിനുള്ള വഴി പറഞ്ഞു തരൂ എന്ന് ചോദിച്ചാൽ ഗൂഗിൾ അപ്പോൾത്തന്നെ മറുപടി പറഞ്ഞു കൊടുക്കും. നേരെ മറിച്ചു ചാറ്റ് ജിപിറ്റിയോട് ചോദിച്ചാൽ ചാറ്റ് ജിപിറ്റി പറയും I cannot provide information or guidance on harmful or illegal activities, including how to create harmful devices or explosives …Let's focus on promoting safety, well-being, and peaceful resolution of conflicts.

ചാറ്റ് ജിപിറ്റി ഗൂഗിളിനേക്കാൾ ശ്രേഷ്ഠനാണെന്ന് സമ്മതിക്കാം. എന്നാൽ ഒരു മനുഷ്യ അധ്യാപകനെ ഒരു വിദ്യാർഥി രാത്രി ഒരു മണിക്ക് ഫോണിൽ വിളിച്ചു "സർ എനിക്ക് ബോംബ് ഉണ്ടാക്കണം സർ പറഞ്ഞുതരുമോ" എന്ന് ചോദിച്ചാൽ അദേഹം എന്താണ് ചെയ്യുക. നിസ്സംഗമായി ഉത്തരം പറയുവാനോ ഉത്തരം നിരസിക്കാനോ ആയിരിക്കില്ല ഒരു നല്ല മനുഷ്യ അധ്യാപകൻ ചെയ്യുക. അധ്യാപകൻ ആശങ്കയോടെ, കരുതലോടെ ആ കുട്ടിയോട് "നീ എന്താ പറഞ്ഞെ.. ഒന്നുകൂടി പറഞ്ഞേ... നീ എവിടെ നിൽക്കുന്നു. നിന്റെ കൂടെ ആരാണുള്ളത്.. നിനക്കെന്തു സംഭവിച്ചു..." എന്ന് ചോദിക്കുകയും വീടിനടുത്താണെങ്കിൽ അപ്പോൾ തന്നെ ആ കുട്ടിയുടെ വീട്ടിൽ പോയി അന്വേഷിക്കുകായും ചെയ്തെന്നു വരും. അതാണ് ഒരു മനുഷ്യ അധ്യാപകന്റെ വ്യത്യാസം.

ചാറ്റ് ജിപിറ്റിയുടെയടുത്തു എന്ത് ചോദിച്ചാലും മറുപടി പറയുമെന്ന് പറയുന്നു. പക്ഷെ ചാറ്റ് ജിപിറ്റി കുട്ടികളോട്, അവരുടെ അഭിരുചിയും പശ്ചാത്തലവും അറിഞ്ഞു അങ്ങോട്ട് ചോദ്യം ചോദിക്കുമോ? കുട്ടിയുടെ മുഖം വാടിയിരുന്നാൽ കാരണമന്വേഷിച്ചു ആശ്വസിപ്പിക്കുമോ? (ഇതെല്ലാം ചെയ്യുന്നതായി അഭിനയിക്കുന്ന കപട റോബോട്ട് അധ്യാപകൻ ഭാവിയിൽ വന്നേക്കാം എന്ന് വിസ്മരിക്കുന്നില്ല). നിർമിത ബുദ്ധി പ്രചരിക്കുമ്പോൾ ക്രമേണ "നാടൻബുദ്ധി"-യുടെ മേന്മ മനുഷ്യൻ തിരിച്ചറിയും. വിപണിയിൽ നോക്കൂ - ഏതു ആധുനിക ബ്രാൻഡ് ലേബലിനെയും തോല്പിക്കുന്നില്ലേ "നാടൻ" എന്ന വിശേഷണം ?

വിവിധ മേഖലകളിലായി ഇരുപതോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ടല്ലോ..? "ക്യാംപസ് പൊളിറ്റിക്‌സ്: ഡോൺട് ബി സൈലൻറ്, ഡോൺട് ബി വയലൻറ്" വായിക്കപ്പെടേണ്ടത് എങ്ങനെയാണ്‌?

എന്റെ നിർവചനത്തിൽ പൊളിറ്റിക്സ് എന്നാൽ സ്വാർത്ഥതയുടെ വിപരീതം ആണ്. നമുക്ക് വ്യക്തിപരമായി താല്പര്യമുള്ളതും ഗുണമുള്ളതുമായിട്ടുള്ള കാര്യങ്ങളിലൊതുങ്ങാതെ മറ്റുള്ളവരുടെ പ്രശ്നങ്ങളിലും ഇടപെടുന്നതിനെയാണ് പൊളിറ്റിക്സ് എന്ന് പറയുന്നത്. അത് തീർച്ചയായും വേണം. ഈ അർഥത്തിൽ ക്യാംപസിൽ എന്നല്ല ജീവിതത്തില് മുഴുവൻ നമുക്കു രാഷ്ട്രീയം വേണം. എന്നാൽ, രാഷ്ട്രീയ പാർട്ടികൾക്ക് അണികളെ തയാറാക്കാൻ വേണ്ടി ക്യാംപസിലെ വിദ്യാർഥികളെ സംഘടിപ്പിച്ചു അവർക്കു സ്വതന്ത്രമാക്കി ചിന്തിക്കാനുള്ള അവസരം നഷ്ടപ്പെടുത്തി, അവരെ പട്ടാളച്ചിട്ടയിൽ അണിനിരത്തുകയും ക്യാംപസിലെ അക്കാദമിക അന്തരീക്ഷത്തിനു കോട്ടം വരുത്തുകയും ഭീഷണിയും അക്രമവും മനുഷ്യാവകാശ ധ്വംസനവും ഉൾപ്പെടുന്ന പ്രവർത്തനത്തിനെയാണ് ക്യാംപസ് പൊളിറ്റിക്‌സ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെങ്കിൽ അതിനോട് 100 % വിയോജിപ്പാണുള്ളത്. എന്റെ പുസ്തകത്തിൽ ക്രിയാത്മകമായ ക്യാംപസ് പൊളിറ്റിക്സ് ആണ് പ്രോത്സാഹിപ്പിക്കുന്നത്.

DCB യിലും ക്യാംപസിലും വിദ്യാർഥിനികളാണല്ലോ ഏറെയും. എത്രത്തോളം അവസരങ്ങൾ അവർക്കിന്നു ക്യാംപസിൽ ലഭിക്കുന്നുണ്ട്? അവർ എത്രകണ്ട് ഫലപ്രദമായാണ് അവസരങ്ങൾ വിനിയോഗിക്കുന്നത്?

ഞാൻ പ്രവർത്തിച്ചിരുന്ന ഡിപ്പാർട്മെന്റിൽ പുരുഷ സാന്നിധ്യം നന്നേ കുറവായിരുന്നു. നാലു സഹ അധ്യാപകർ, ഓഫീസിൽ സ്റ്റാഫ് എന്നിവർ വനിതകളാണ്. ഗവേഷണ വിദ്യാർഥികളിൽ 95 % വും പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർഥികളിൽ 80-85 % വനിതകളായിരുന്നു. നമ്മുടെ സർവകലാശാലയിലും ഏറെ സമാനമാണ് കണക്കുകൾ. സർവകലാശാലയുടെ വിദ്യാർഥികളുടെ എണ്ണമെടുത്താൽ 75 നും 85 നും ശതമാനത്തിനിടക്ക് വരും അതിന്റെ അഫിലിയേറ്റഡ് കോളേജുകളിൽ വിദ്യാർഥികളുടെ എണ്ണം വരും. അധ്യാപകരിലും കൂടുതൽ വനിതകളാണ്. യൂണിവേഴ്സിറ്റിയിലെ സ്റ്റാഫിൽ കൂടുതലും വനിതകളാണ്. പക്ഷേ, വളരെ ശ്രദ്ധേയമെന്നു പറയട്ടെ ഭൂരിപക്ഷവും വനിതകളുള്ള യൂണിവേഴ്സിറ്റിയെ ഭരിക്കുന്ന സിൻഡിക്കേറ്റിൽ 10 ശതമാനം മാത്രമാണ് വനിതകൾ. 100 % വിദ്യാഥിനികൾ ഉള്ള സർവകലാശാലയിൽ യൂണിവേഴ്സിറ്റി യൂണിയനിൽ ഒരു സ്ഥാനം വനിതകൾക്ക് വേണ്ടി റിസേർവ് ചെയ്തിരിക്കുന്നു. നേരെ തിരിച്ചല്ലേ വേണ്ടത്? പക്ഷേ, കേരള യൂണിവേഴ്സിറ്റി യൂണിയനിൽ ഇത്തവണ മുഴുവൻ സീറ്റിലും വനിതകൾ വിജയിച്ചു എന്നതാണ് ഞാൻ മനസിലാക്കുന്നത്. അതൊരു നല്ല കാര്യം.

DCB കുടുംബത്തിൽ നിന്നും ഹരിത ക്യാംപസിൽ നിന്നും പടിയിറങ്ങിയശേഷമുള്ള ജീവിതം ?

ഒരു അക്കാദമിക തോട്ടത്തിന്റെ തോട്ടക്കാരൻ പടിയിറങ്ങിയതായാണ് ഞാൻ സ്വയം സങ്കൽപ്പിക്കുന്നത്. ആഹ്‌ളാദത്തോടെ ഉണർവോടെ ഡിസിബിയുടെ പൂമുഖത്തു നിന്ന് രണ്ടു പതിറ്റാണ്ടോളം പുറത്തേക്കു നടന്ന പ്രിയ വിദ്യാർഥികളുടെ ഒരു ഘോഷയാത്ര ഇടയ്ക്കിടെ ഒരു റീൽ പ്ലേയ് ചെയ്യുന്നത് പോലെ മനസ്സിൽ പ്രത്യക്ഷപ്പെടും. ഹരിത ക്യാംപസിലെ മരങ്ങളുടെ, ചെടികളുടെ, പുഷ്പങ്ങളുടെ, കായ്കളുടെ, ചിത്രശലഭങ്ങളുടെ, കിളികളുടെ എല്ലാം സന്തോഷം ഇപ്പോഴും കൂടെയുണ്ട്. ഭാര്യ ഹേമ രാമചന്ദ്രൻ എൻജിനീയറിങ് അധ്യാപികയായിരുന്നു. മകൾ ഗായത്രി ശങ്കർ എംഎഡ് വിദ്യാർഥിനി. മകൻ ആദിത്യ ശങ്കർ ചരിത്ര വിദ്യാർഥി. മൂന്നുവയസ്സുകാരി കുഞ്ഞുമകൾ കാശി പരമേശ്വരിയുടെ കൊഞ്ചലുകളും തിരുവനന്തപുരത്തെ പരുത്തിപ്പാറയിലെ വീട്ടിൽ സദാ ഒപ്പമുണ്ട്.

ADVERTISEMENT