ADVERTISEMENT

എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയ്ക്കെതിരെ കേസെടുത്തു. ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. 10 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. ദിവ്യയെ പ്രതി ചേർത്ത് കണ്ണൂർ പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.

കണ്ണൂരിൽ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിനിടെ ക്ഷണിക്കാതെ വേദിയിലെത്തിയ ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ജില്ലാ കലക്ടർ ഉൾപ്പെടെ പങ്കെടുത്ത റവന്യൂ ഉദ്യോഗസ്ഥർ മാത്രം ഉണ്ടായിരുന്ന യോഗത്തിലേക്കാണ് ദിവ്യ കടന്നുവന്നത്. ഈ സംഭവത്തിനു ശേഷം നവീൻ ബാബു തന്റെ ക്വാർട്ടേഴ്സിലെത്തി ജീവനൊടുക്കുകയായിരുന്നു. ദിവ്യ അപമാനിച്ചതിൽ മനംനൊന്താണ് ആത്മഹത്യയെന്നാണ് ആരോപണം. 

ADVERTISEMENT

കണ്ണൂർ ചെങ്ങളായിയിൽ പെട്രോൾ പമ്പ് തുടങ്ങാനുള്ള പ്രശാന്തൻ എന്ന സംരംഭകന് നിരാക്ഷേപ പത്രം നൽകുന്നതിൽ നവീൻ ബാബു അഴിമതി നടത്തിയെന്നായിരുന്നു ദിവ്യയുടെ ആരോപണം.

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ മരിച്ച നവീൻ ബാബുവിന്റെ സഹോദരൻ പൊലീസിൽ പരാതി നൽകിയിരുന്നു. കണ്ണൂർ സിറ്റി പൊലീസിലാണ് സഹോദരൻ പ്രവീൺ ബാബു പരാതി നൽകിയത്. പി.പി. ദിവ്യയ്ക്കും ആരോപണം ഉന്നയിച്ച പ്രശാന്തിനും എതിരെ കേസെടുക്കണമെന്നാണ് ആവശ്യം. നവീൻ ബാബുവിനെ ദിവ്യ ഭീഷണിപ്പെടുത്തിയെന്നും ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തണമെന്നും പ്രവീൺ ബാബുവിന്റെ പരാതിയിൽ ആവശ്യപ്പെടുന്നു. 

ADVERTISEMENT

എഡിഎമ്മിന്റെ മരണത്തിൽ ദിവ്യയുടെയും പെട്രോൾ പമ്പിന് അപേക്ഷ നൽകിയ പ്രശാന്തിന്റെയും പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സഹോദരന്റെ മരണത്തിലെ ദുരൂഹത നീങ്ങണമെന്ന് അഭിഭാഷകൻ‌ കൂടിയായ പ്രവീൺ ബാബു പറഞ്ഞു. പ്രഥമദൃഷ്ട്യാ ദിവ്യക്കെതിരെ കേസെടുക്കാനുള്ള തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT
ADVERTISEMENT