ADVERTISEMENT

ആർമി  എന്നു കേൾക്കുമ്പോൾ യുദ്ധം, രാജ്യ സുരക്ഷ, ദുരന്ത മേഖലയിൽ ആദ്യം ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തുന്നവർ തുടങ്ങി മനസ്സു പല ചിത്രങ്ങളും വരയ്ക്കാൻ തുടങ്ങും. എന്നാൽ യാതൊരു മുൻപരിചയവുമില്ലാത്ത, കേരളത്തിന്റെ രണ്ടറ്റത്തെ ജില്ലക്കാരായ രണ്ടു മനുഷ്യർ ആർമി എ ന്ന വാക്ക് കാരണം കല്യാണം കഴിച്ച കഥ കേട്ടിട്ടുണ്ടോ? അതാണ് കോഴിക്കോട്ടുകാരൻ അഖിലിന്റെയും കൊല്ലം കാരി അഖിലയുടെയും ജീവിതം. 

തുടങ്ങിയത് പ്രൊഫൈൽ നെയിമിൽ നിന്ന്

ADVERTISEMENT

‘‘ആർമിയിൽ പരിശീലനത്തിനിടയിൽ അപകടം സംഭവിച്ചശേഷം ആദ്യമായി ലീവിന് നാട്ടിൽ വന്ന സമയമായിരുന്നു അത്. അന്നൊരു ഫെയ്സ്ബുക്ക് അക്കൗണ്ട് തുടങ്ങി. ഇടയ്ക്ക് അവിചാരിതമായി ‘ആർമി ഗേൾ’ എന്നൊരു പ്രൊഫൈൽ കണ്ടു കൗതുകം തോന്നി റിക്വസ്റ്റ് അയച്ചു.’’ അഖിൽ അഖിലയ്ക്കൊപ്പമിരുന്ന് അവരുടെ കഥ പ റഞ്ഞു തുടങ്ങി.

‘‘ചാറ്റിങ്ങിലൂടെ ഞങ്ങൾ പരിചയപ്പെട്ടു. ഒന്നു രണ്ടു മാസം കഴിഞ്ഞ് ഒരു ദിവസം അവളെന്നോട് ‘എന്നാൽ പിന്നെ എന്നെ കെട്ടിക്കൂടേ?’ എന്നൊരു ചോദ്യം. നീയറിയാത്ത കുറച്ചു കാര്യങ്ങളുണ്ട്. അതു പറയാമെന്നു പറഞ്ഞ് ഞാൻ അഖിലയുടെ നമ്പർ വാങ്ങി. അന്നുതന്നെ വിളിച്ച് അപകടത്തെപ്പറ്റി തുറന്നു പറഞ്ഞു. കേട്ടു കഴിഞ്ഞതും അവൾ കരഞ്ഞ് ഫോൺ കട്ട് ചെയ്തു. കുറച്ചു കഴിഞ്ഞപ്പോ വിളിച്ച് അവൾക്ക് എന്നെ തന്നെ മതി എന്ന് ഉറപ്പിച്ചു പറഞ്ഞു. അപ്പോഴാണു ഞാൻ ആദ്യമായി അവളോടു കാണണം എന്നു പറഞ്ഞത്.  

ADVERTISEMENT

അടുത്ത ലീവിനു വരുമ്പോൾ അന്നു ജോലി ചെയ്തിരുന്ന പുണെയിൽ നിന്ന് അവളുടെ നാടായ കൊല്ലത്തേക്ക് ട്രെയിൻ കയറി. അങ്ങനെ ഞങ്ങൾ ആദ്യമായി കണ്ടു, സംസാരിച്ചു. കണ്ടിട്ടും ഇഷ്ടം പോയില്ല എന്നു മനസ്സിലായി.

രണ്ടാമത്തെ കൂടിക്കാഴ്ചയ്ക്കായിരുന്നു ഇത്തിരി ബുദ്ധിമുട്ടിയത്. സാധാരണ നാട്ടിലേക്ക് ഫ്ലൈറ്റിലാണ് പോകാറ്. പക്ഷേ, അഖില കൊല്ലത്തായതു കൊണ്ട് ട്രെയിൻ ആണ് ബുക്ക് ചെയ്തത്. ഡിസേബിൾഡ് ആളുകൾക്ക് ഇവിടെ ട്രെയിൻ യാത്ര ചെയ്യാൻ ബുദ്ധിമുട്ടാണ്. പല സ്ഥലങ്ങളും വീൽചെയർ ഫ്രണ്ട്‌ലി അല്ല. അന്ന് ട്രെയിൻ മിസ് ആയി. മറ്റൊരു ട്രെയിനിന് ബെംഗളൂരുവിൽ എത്തി അവിടുന്നു പുലർച്ചെ ഒന്നരയ്ക്കു നല്ല മഴയും കൊണ്ട് ബസിൽ കൊല്ലത്തേക്ക്. രണ്ടു മൂന്ന് ആളുകൾ പിടിച്ചിട്ടാണ് ബസ്സിലൊക്കെ കയറ്റിയത്. 

ADVERTISEMENT

പിന്നീട് ഒരിക്കൽ കൂടി തമ്മിൽ കണ്ടു. രണ്ടുപേരും ഒരുപാടു സംസാരിക്കുന്ന കൂട്ടത്തിലാണ്. അതാണു ഞങ്ങളെ ഒരുമിച്ചു നിർത്തുന്നതും. അഖിൽ – അഖില എന്ന് പറയുമ്പോൾ പ ലരും അതിശയിക്കാറുണ്ട്. ദൈവം ഞങ്ങളെ ചേർത്തു വച്ചു എന്ന് വിശ്വസിക്കാനാണിഷ്ടം. ഭാര്യ – ഭർത്താവ് ലേബലിലല്ല കട്ട ചങ്കുകളായാണു മുന്നോട്ടു പോകുന്നത്. ഇവിടെ സ്നേഹമുണ്ട്, അടിപിടിയുണ്ട്, കരുതലുണ്ട്, എല്ലാമുണ്ട്.’’

ജീവിതം മാറ്റിയ ആ അപകടം

‘‘2018ലാണു ഞാൻ ആർമിയിൽ ചേരുന്നത്. 2019ൽ പ ഞ്ചാബിൽ പോസ്റ്റിങ്. ട്രെയിനിങ്ങിനിടയിൽ അവിടുത്തെ മേജർ  ജനറൽ സാബിനെ പ്രകടനങ്ങളുടെ ഡെ  മോ കാണിക്കാൻ വേണ്ടി ഞങ്ങൾ പത്തു പേരെ തിരഞ്ഞെടുത്തു. ആദ്യം കമാൻഡർ ലെവലിലുള്ള ആളുകൾക്കു പഠിച്ച കാര്യങ്ങൾ കാണിച്ചു കൊടുത്തു. അഭിനന്ദനങ്ങളും മധുരവുമൊക്കെ ലഭിച്ചു. അടുത്ത ഘട്ടത്തിൽ റൈഫിളൊക്കെ എടുക്കണം. കയറിൽ കയറി ഏഴ് പടികൾ കഴിഞ്ഞ് തിരിഞ്ഞ് വലയിലൂടെ താഴേക്കിറങ്ങണം. ഇറങ്ങുന്നതിനിടയ്ക്കു കയർ പൊട്ടി പിന്നിലേക്ക് വീണു. പുറം അടിച്ചു വീഴുമ്പോൾ എന്റെ പിന്നിൽ ബാഗുണ്ട്. അതിൽ നിറയെ സാധനങ്ങളും കയ്യിൽ റൈഫിളും. 

ആദ്യ ദിവസം പഞ്ചാബിലെ ആർമി ആശുപത്രിയിലായിരുന്നു. സ്കാനിങ്ങിലാണ് തലയ്ക്കു മാത്രമല്ല, നട്ടെല്ലിനും പരിക്കുണ്ടെന്നു മനസ്സിലായത്. അവിടുന്നു മറ്റൊരു   ആശുപത്രിയിലേക്ക്. 

പുതിയൊരു ലോകത്തേക്ക് എത്തിപ്പെട്ടതു പോലെയായിരുന്നു ചികിത്സാക്കാലം. വീൽചെയറിലിരിക്കുന്നവരെ കാണുമ്പോൾ മുൻപു സഹതാപമായിരുന്നു, ഞാൻ ആ അവസ്ഥയിലെത്തിയപ്പോഴാണു  ബുദ്ധിമുട്ടു മനസ്സിലായത്. ഒരിക്കൽ ആശുപത്രിയിൽ വരി നിൽക്കുമ്പോൾ ഒരാൾ പറഞ്ഞു, ‘നിങ്ങൾക്ക് കുറച്ച് ക്ഷമിച്ചാലെന്താ... ഒന്നുമില്ലെങ്കിലും സുഖമായി വീൽചെയറിൽ ഇരുന്നാ പോരേ?’ എന്ന്. കാല്‍ അനക്കാൻ കഴിയാതെ അഞ്ചു മിനിറ്റ് ഇരുന്നു നോക്കിയാലറിയാം അതിന്റെ വിഷമം.

പഞ്ചാബിലെ ആശുപത്രിയിൽ ഒരു മാസം കിടന്ന ശേഷമാണ് പുണെയിലേക്ക് എത്തുന്നത്. പുറപ്പെടും മുൻപ് പഞ്ചാബിലെ സിസ്റ്റർമാരും മറ്റും പറഞ്ഞു, അവിടെ പല തരം ഗെയിംസുണ്ട്, മത്സരങ്ങളുണ്ട്. പണ്ട് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കളിയായിരുന്നു ഫുട്ബോൾ. അതുപോലെ ബൈക്ക് ഓടിക്കുന്നതും. അതൊന്നും ഇനി പറ്റില്ലെന്നോർക്കുന്നതായിരുന്നു ഏറ്റവും വലിയ സങ്കടം.’’ 

മാറി ചിന്തിപ്പിച്ച പുണെ

പുണെയിൽ എസ്‌സി‌ഐസി (സ്പൈനൽ കോ‍ഡ് ഇഞ്ച്വറി സെന്റർ) എന്നൊരു വാർഡ് തന്നെയുണ്ട്. അവിടുത്തെ ഡോക്ടറാണ് എന്നെ ഗെയിംസ് കളിക്കാൻ പ്രോത്സാഹിപ്പിച്ചത്. ബാസ്കറ്റ് ബോൾ ടീമാണ് എന്നെ ആദ്യം വിളിച്ചത്. 

അന്നൊക്കെ വീൽചെയറിലിരുന്ന് എങ്ങനെ കളിക്കും?തമ്മിലിടിച്ചു വീഴുമോ എന്നൊക്കെ ഒാർത്തു പേടിയായിരുന്നു. പിന്നെ, ഒരു ദിവസം കളിച്ചു തുടങ്ങി. ഒരിക്കൽ വീണ് കൈപൊട്ടി. അന്നു കുറേപ്പേർ ‘ഇങ്ങനെയൊക്കെയായിട്ടും പിന്നെയും എന്തിനാ കളിക്കാൻ പോകുന്നത്?’ എന്നൊക്കെ ചോദിച്ചു. ഞാനോർത്തു നമ്മളൊന്നു ബൈക്കിൽ നിന്ന് വീണാൽ പിന്നെ ബൈക്ക് ഓടിക്കാതിരിക്കില്ലല്ലോ.

akhilakhila1

പിന്നീടാണു നീന്തലിലേക്കു വരുന്നത്. ആദ്യം പത്തു മീറ്റർ നീന്തി.  പതിയെ 50 മീറ്ററായി. പിന്നെയും പരിശീലനം തുടർന്നു. ദേശീയ പാരാലിംബിക് നീന്തൽ മത്സരത്തിൽ പങ്കെടുത്തു. ആദ്യം മെഡലൊന്നും കിട്ടിയില്ല. രണ്ടാമത് ഗ്വാളിയറിൽ പോയപ്പോൾ വെങ്കല മെഡൽ കിട്ടി. അപകടം സംഭവിച്ചിട്ടു നാലു വർഷമായെങ്കിലും മത്സരങ്ങളിലും മറ്റും ഉള്ളതു കൊണ്ട് എന്നെ ആർമിയിൽ തുടരാൻ അനുവദിച്ചു. ജോലിക്കൊപ്പം കംപ്യൂട്ടർ കോഴ്സും പഠിക്കുന്നുണ്ട്. അതുകൊണ്ടു പൂണെയിൽ തന്നെ പഠിക്കാനുള്ള സൗകര്യം ആർമി ചെയ്തു തന്നു.’’ 

ആയുർവേദ പഞ്ചകർമ തെറാപിസ്റ്റാണ് അഖില. ‘‘ഹൈദരാബാദിലായിരുന്നു ജോലി. ഇനി പൂണെയിൽ ത ന്നെ ജോലി അന്വേഷിക്കണം.’’ അഖില തുടരുന്നു. ‘‘ഞ ങ്ങൾ സുഹൃത്തുക്കളായപ്പോൾ തന്നെ എനിക്ക് അഖിലിന്റെ സ്വഭാവം ഇഷ്ടമായിരുന്നു. ലൈഫിൽ ഇയാൾ മതി എന്ന് ഉറപ്പിച്ചിട്ടാണ് ‘എന്നെ കെട്ടിക്കൂടെ’ എന്നു ചോദിച്ചത്. പിന്നീട് അഖിലിന്റെ കഥയെല്ലാം കേട്ടപ്പോഴും അതിലൊരു മാറ്റവും വന്നില്ല.

ആദ്യം ഇക്കാര്യം വീട്ടിൽ പറഞ്ഞിരുന്നില്ല. കല്യാണം റജിസ്റ്റർ ചെയ്തു വയ്ക്കാം എന്നായിരുന്നു വിചാരിച്ചത്. പക്ഷേ, റജിസ്റ്റർ ചെയ്താൽ കുറച്ചു മാസം രണ്ടു പേരുടെയും പേരും വിവരങ്ങളും നോട്ടീസ് ബോർഡിലിടും. അതൊഴിവാക്കാൻ അമ്പലത്തിൽ വച്ചാണു വിവാഹം കഴിച്ചത്.  കോഴിക്കോടു നിന്നും കൊല്ലത്തു നിന്നും എത്താനുള്ള സൗകര്യത്തിന് എറണാകുളത്തപ്പന്റെ അമ്പലത്തിൽ വച്ചായിരുന്നു കല്യാണം. അഖിലിന്റെ വീട്ടുകാർ ഒപ്പം വ ന്നു. കല്യാണം കഴിഞ്ഞപ്പോൾ കോഴിക്കോട് അഖിലിന്റെ വീട്ടിലേക്കാണു വന്നത്.’’

കല്യാണക്കാര്യം അഖിലയുടെ വീട്ടിൽ അറിഞ്ഞതോടെ അവർ മകളെ കാണാനില്ല എന്നു പൊലീസിൽ പരാതി കൊടുത്തു. ‘‘ഞങ്ങൾ കൊല്ലത്ത് പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങൾ പറഞ്ഞു. അഖിലയുടെ പൂർണ ഉത്തരവാദിത്വം എനിക്കാണെന്ന് എഴുതി ഒപ്പിട്ടു കൊടുത്തു.’’ അഖിൽ പറയുന്നു.

‘‘പിന്നീട് അഖിലയുടെ അമ്മയും മാമനുമൊക്കെ എ ന്നോടു സംസാരിച്ചിരുന്നു. അച്ഛൻ ഗൾഫിലാണ്. അഖിലയ്ക്ക് എട്ടാം ക്ലാസിൽ പഠിക്കുന്നൊരു അനിയനുമുണ്ട്. 

കോഴിക്കോട് പെരുവയലാണ് എന്റെ വീട്. അച്ഛൻ ശിവാനന്ദൻ വല്യങ്ങാടിയിൽ ചുമട്ടു തൊഴിലാളിയാണ്. അമ്മ ബീന തൊഴിലുറപ്പ് തൊഴിലാളിയും. വിവാഹിതരായ രണ്ടു ചേച്ചിമാരുമുണ്ട്.’’  

ഒരുമിച്ച് ചേർത്ത ആർമി സ്നേഹം

‘‘ചെറുപ്പം മുതലേ എനിക്ക് ആർമി എന്നാൽ ജീവനാണ്. ആർമിയിൽ ചേരണമെന്ന മോഹം കൊണ്ട് വെളുപ്പിന് അ ഞ്ചു മണിക്ക് എണീറ്റ് ഓടാന്‍ പോകുമായിരുന്നു. കൊല്ലത്ത് റിക്രൂട്ട്മെന്റ് വന്നപ്പോൾ ഞാനും സുഹൃത്തും പങ്കെടുക്കുകയും ചെയ്തു. പക്ഷേ, സെലക്റ്റ് ആയില്ല. ആർമിയോടുള്ള ഇഷ്ടം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ പ്രൊഫൈലിൽ ആർമി ഗേൾ എന്നു ചേർത്തതും അതു ഞങ്ങളെ ഒരുമിപ്പിച്ചതും.’’ അഖില ഒാർക്കുന്നു.

തനിക്കു സ്പോർട്സിനോടായിരുന്നു ചെറുപ്പത്തിൽ ഇഷ്ടം എന്ന് അഖിൽ. ‘‘സിനിമയൊക്കെ കാണുമ്പോൾ  ആർമിയിൽ ചേർന്നാലോ എന്നു തോന്നും. പ്ലസ് ടു കഴിഞ്ഞ് ഒരു വർഷം സെയിൽസ് മാനായി ജോലി ചെയ്തു. നേവിയിലും വ്യോമസേനയിലും ശ്രമിച്ചെങ്കിലും കിട്ടിയില്ല. പിന്നെ, കോഴിക്കാട് വെസ്റ്റ്ഹില്ലിൽ ആർമിയുടെ റിക്രൂട്ട്മെന്റ് നടന്നപ്പോൾ അതിൽ പങ്കെടുത്തതു വഴിയാണ് ജോലിക്കു കയറിയത്. 

മുൻപൊക്കെ ഞാനും ഡിസേബിൾഡ് ആയ ആളുകളെ കണ്ടിരുന്നത് സിംപതിയുടെ കണ്ണിലൂടെയാണ്. ഇപ്പോഴാണ് അതുകൊണ്ടു യാതൊരു ഗുണവുമില്ലെന്നു മനസ്സിലാകുന്നത്. അന്യഗ്രഹ ജീവികളെപ്പോലെ കാണാതെ സമൂഹം ഞങ്ങളെ കൂടെ കൂട്ടുകയാണ് വേണ്ടത്. ബുദ്ധിമുട്ടില്ലാതെ സഞ്ചരിക്കാനുള്ള സൗകര്യങ്ങൾ സർക്കാരും ഒരുക്കിത്തരണം. എല്ലാവർക്കും പണംകൊടുത്തു വണ്ടി വിളിച്ചു പോകാനോ ഒപ്പം നിൽക്കാനും സഹായിക്കാനും  ആളുകളോ കാണില്ല. അതൊന്നുമില്ലാത്തവർക്കും ജോലിക്കുപോകാനും അഭിമാനത്തോടെ ജീവിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്.

ഈ കല്യാണം ചർച്ചയാകുന്നതിന് രണ്ടു വശങ്ങളുണ്ട്. ഒന്ന്, ഇതുമൊരു സാധാരണ കാര്യമാണ്. രണ്ട്. സമൂഹത്തിൽ ഇതൊരു അവബോധം സൃഷ്ടിക്കും. 

ഞങ്ങളെ സപ്പോർട്ട് ചെയ്യുന്ന കുറേ ആളുകളുണ്ട്. അ തേപോലെ ഇവളോട് ‘എന്തിനാ ഇങ്ങനൊരാളെ കെട്ടിയത്, ഇവനൊക്കെ എത്ര നാൾ ജീവിക്കും?’ എന്നൊക്കെ ചോദിച്ചവരുമുണ്ട്. 

രണ്ടു മനുഷ്യർക്കു സ്നേഹിക്കാൻ തോന്നിയാൽ അ വർ സ്നേഹിക്കും. അത്രേയുള്ളൂ. അതു മനസ്സിലാകാത്തവർ വിഷം തുപ്പിക്കൊണ്ടിരിക്കും. ഇവളെ പൊന്നുപോലെ നോക്കാം എന്നുറപ്പുള്ളതു കൊണ്ടാണ് മൂന്നു വർഷം സ്നേഹിച്ചതും ഇപ്പോൾ കല്യാണം കഴിച്ചതും. ഇപ്പോൾ അടിപൊളിയായി ജീവിക്കുന്നുണ്ട്. ഞങ്ങൾക്ക് അതുമതി.  

ശ്യാമ

ADVERTISEMENT