ADVERTISEMENT

പഹൽഗാമിലെ നിലവിളികളും ആർത്തനാദങ്ങളും ഇപ്പോഴും ഹൃദയങ്ങളെ മുറിക്കുകയാണ്. ആക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രൻ നമ്മുടെ നാടിന്റെ വേദനയായി കൺമുന്നിലുണ്ട്. കൺമുന്നിൽ അച്ഛൻ കൊല്ലപ്പെടുന്നത് നിസഹായയായി നോക്കി നിൽക്കേണ്ടി വന്ന മകൾ ആരതിയുടെ വാക്കുകളാണ് ഈ നിമിഷത്തിൽ വേദന പടർത്തുന്നത്. വെടിയേറ്റ അച്ഛനെ കെട്ടിപ്പിടിച്ചു കരഞ്ഞ നിമിഷങ്ങളും മക്കളുടെ നിലവിളിയും ആരതിയുടെ മനസിൽ ഒരു ദുഃസ്വപ്നം പോലെയുണ്ട്. പഹൽഗാമിൽ കൊല്ലപ്പെട്ട എൻ.രാമചന്ദ്രന്റെ മൃതദേഹവുമായാണ് ആരതിയും രണ്ടു മക്കളും അമ്മയും ഇന്നലെ രാത്രി കൊച്ചി ഇടപ്പള്ളിയിലെ വീട്ടിൽ തിരികെ എത്തിയത്.‘‘അക്രമികൾ വളയുമ്പോൾ ടെററിസ്റ്റ് അറ്റാക്ക് ആണെന്നു തോന്നുന്നു അച്ഛാ, നിലത്ത് കിടക്ക് എന്ന് ഞാന്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. തന്റെ ഇരട്ടക്കുട്ടികളെയും അടക്കിപ്പിടിച്ച് താഴേക്ക് കിടന്നെങ്കിലും ദുർവിധി ഒഴിഞ്ഞില്ല. ആക്രമിക്കാനെത്തിയ ഭീകരരിലൊരാൾ വൈകാതെ മുന്നിലെത്തി. അയാൾ ‘കലിമ’ എന്നോ മറ്റോ ചോദിച്ചെങ്കിലും ‘മനസിലായില്ല’ എന്ന് രാമചന്ദ്രൻ പറഞ്ഞതും വെടി മുഴങ്ങി. അച്ഛനെ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോൾ തോക്കിൻ മുന തലയിൽ മുട്ടി. ആറുവയസ്സുള്ള ഇരട്ടക്കുട്ടികള്‍ ഉറക്കെ കരഞ്ഞതോടെ ഭീകരൻ പോവുകയായിരുന്നു’’– ആരതി ഭീതിയോടെ ഓർക്കുന്നു.

ഓടി ഒളിച്ച തന്റെ പിന്നാലെയും ഭീകരര്‍ എത്തി തോക്ക് കൊണ്ട് തലയില്‍ തട്ടിയെന്നും തന്റെ മക്കള്‍ കരഞ്ഞപ്പോഴാണ് അച്ഛന്റെ മൃതദേഹം അവിടെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടതെന്നും ആരതി പറഞ്ഞു. അച്ഛനെ കെട്ടിപ്പിടിച്ച് കരയുമ്പോഴും തീവ്രവാദികള്‍ തോക്കുകൊണ്ട് തന്റെ തലയില്‍ കുത്തി. തന്റെ ഇരട്ടക്കുട്ടികള്‍ ഉറക്കെ നിലവിളിച്ച് അമ്മാ ഇവിടെ നിന്ന് പോകാമെന്ന് പറഞ്ഞ് കരഞ്ഞു. അച്ഛന്‍ വെടികൊണ്ട് മരിച്ചുകിടക്കുകയാണെന്ന് തനിക്ക് ഉറപ്പായിരുന്നു.

ADVERTISEMENT

ഉച്ചകഴിഞ്ഞ് 2 മണിയോടെ ബൈസരണിലെ പുൽമേട്ടിലെത്തി 10 മിനിറ്റിനുള്ളില്‍ ആക്രമണം ഉണ്ടായെന്ന് ആരതി പറയുന്നു. അമ്മ ഷീല ഹോട്ടൽ‌ മുറിയിലായിരുന്നു. കുന്നിൻമുകളിലേക്ക് ചെല്ലുമ്പോൾ അവിടം നിറയെ ടൂറിസ്റ്റുകളുണ്ട്. എന്തൊക്കെയോ പരിപാടികളും നടക്കുന്നു. ഇതിനിടെ ഉച്ചത്തിൽ എന്തോ പൊട്ടുന്ന ശബ്ദം കേട്ടു. കുറച്ചു കഴിഞ്ഞ് ഒന്നുകൂടി പൊട്ടിയപ്പോഴാണ് അപകടത്തിന്റെ വ്യാപ്തിയും ഗൗരവവും മനസിലാകുന്നത്.

ഒരാൾ തോക്കുയർത്തി നിൽക്കുന്നത് അകലെ നിന്നു കണ്ടു. ഇതോടെയാണ് ഭീകരാക്രമണമായിരിക്കാം എന്നു തോന്നിയതെന്ന് ആരതി പറഞ്ഞു. ഒട്ടും വൈകാതെ ഒരു ഭീകരൻ മുന്നിലെത്തി തോക്കു ചൂണ്ടി ‘കലിമ’ എന്നോ മറ്റോ പറഞ്ഞു. മനസിലാകുന്നില്ല എന്ന് അച്ഛൻ 2 തവണ പറഞ്ഞു. വെടിപൊട്ടി. അച്ഛൻ മരിച്ചുവെന്ന് തനിക്ക് അപ്പോൾ തന്നെ മനസിലായെന്നും ആരതി പറയുന്നു. അച്ഛനെ കെട്ടിപ്പിടിച്ച് കരയുമ്പോഴാണ് കുട്ടികൾ ‘അമ്മാ പോകാം’ എന്ന് പേടിച്ച് കരയുന്നത്. പിന്നീട് അവരേയും കൊണ്ട് പൈൻമരക്കാടുകൾക്ക് ഇടയിലൂടെ താഴേക്ക് ഓടുകയായിരുന്നു. കുട്ടികളുടെ സുരക്ഷയായിരുന്നു അപ്പോൾ പ്രധാനമെന്നും ആരതി പറഞ്ഞു.

ADVERTISEMENT

നിലവിളിച്ച് താഴേക്ക് ഓടിയിട്ടും കുറേ നേരത്തേക്ക് മൊബൈലിന് റേഞ്ച് ലഭിച്ചില്ലെന്ന് ആരതി പറഞ്ഞു. ഏതു ദിശയിലാണ് പോകേണ്ടതെന്ന് പോലും വ്യക്തമായിരുന്നില്ല. റേഞ്ച് കിട്ടിയപ്പോൾ ആദ്യം ചെയ്തത് ഞങ്ങൾ വന്ന വാഹനത്തിന്റെ ഡ്രൈവർ മുസാഫിറിനെ വിളിക്കുകയായിരുന്നു. അദ്ദേഹം തന്ന അടയാളങ്ങള്‍ മനസിലാക്കി ഒരു വിധത്തിൽ താഴേക്ക് എത്തുകയായിരുന്നു. ഭീകരർ സൈനികവേഷത്തിലായിരുന്നില്ല, സാധാരണ വേഷത്തിലായിരുന്നു എന്നും ആരതി പറയുന്നു. എത്ര പേരുണ്ടായിരുന്നു എന്നതടക്കമുള്ള വിവരങ്ങളൊന്നും അറിയില്ല. എല്ലാവരും പരിഭ്രാന്തിയിൽ തലങ്ങും വിലങ്ങും ഓടുകയായിരുന്നു.

സംഭവിച്ചതെല്ലാം അമ്മയോട് ഇക്കാര്യം പറയാൻ‌ കഴിയുന്ന സാഹചര്യമായിരുന്നില്ല. കുട്ടികളുടെ കാര്യവും നോക്കണം. ഹോട്ടലിലെ ടിവി ബന്ധം വിച്ഛേദിക്കുകയാണ് ആദ്യം ചെയ്തത്. അച്ഛനു പരുക്ക് പറ്റിയെന്ന് മാത്രമാണ് അമ്മയോട് പറഞ്ഞിരുന്നത്. ഇതിനിടയിൽ സുരക്ഷാ ഉദ്യോഗസ്ഥരോട് കാര്യങ്ങളൊക്കെ പറഞ്ഞു. അച്ഛൻ മരിച്ച കാര്യം കൊച്ചിയിൽ എത്തുന്നതുവരെ അമ്മയോട് പറയാതെ മനസാന്നിദ്ധ്യത്തോടെ പിടിച്ചു നിന്നതും ആരതി വിവരിച്ചു.

ADVERTISEMENT

അച്ഛനെ തിരിച്ചറിയണമായിരുന്നു. രാത്രി പോയാണ് അച്ഛനെ തിരിച്ചറിഞ്ഞതെന്നും ആരതി പറഞ്ഞു. കേന്ദ്ര, സംസ്ഥാന സർക്കാരുകള്‍ ഒരുപാട് സഹായിച്ചു എന്ന് ആരതി പറഞ്ഞു. പ്രദേശവാസികളും ഒപ്പം നിന്നു. സഹോദരങ്ങളെപ്പോലെയാണ് അവിടെ സഹായിച്ച രണ്ടു ഡ്രൈവർമാരും പെരുമാറിയതെന്നും ആരതി വ്യക്തമാക്കി.

ADVERTISEMENT