ADVERTISEMENT

കാഴ്ചശക്തിയെ  ബാധിക്കുന്ന യൂവിയൈറ്റിസ് രോഗബാധിതരായ
കുട്ടികളെ ജീവിതത്തിലേക്കു കൈപിടിച്ചു നടത്തുകയാണ് ‘കബ്സ്

ADVERTISEMENT

‘‘എന്റെ കുഞ്ഞിന്റെ കണ്ണിന് എങ്ങനെയെങ്കിലും ഞാൻ ചികിത്സ കൊടുക്കും.’’ പത്തു വയസ്സുള്ള മകനെ ചേർത്തു പിടിച്ചു നിൽക്കുന്ന അമ്മയുടെ രൂപം ഡോ. നതാഷ രാധാകൃഷ്ണന്റെ കണ്ണിൽ നിന്നു മാത്രമല്ല മനസ്സിൽ നിന്നും മാഞ്ഞില്ല. കുട്ടിയുടെ കണ്ണിന്റെ വൈദ്യപരിശോധനയ്ക്കായി അച്ഛനുമമ്മയും ആശുപത്രിയിലേക്കു വന്നതാണ്. വഴിയിൽ വച്ചു വാഹനാപകടമുണ്ടായി. അച്ഛൻ മരിച്ചു. തക്കതായ ചികിത്സ കൊടുത്തില്ലെങ്കിൽ കാഴ്ച നഷ്ടമായേക്കാവുന്ന യൂവിയൈറ്റിസ് രോഗമാണു കുട്ടിയെ ബാധിച്ചിരിക്കുന്നത്.

പങ്കാളി നഷ്ടപ്പെട്ടതിന്റെ പതർച്ചയിൽ വേണ്ടതു ചെയ്യാതിരുന്നാൽ മകന്റെ കാഴ്ചയും നഷ്ടമാകുമെന്ന തിരിച്ചറിവിൽ നിശ്ചയദാർഢ്യത്തിന്റെ ആൾരൂപമായി ആ അമ്മ.

ADVERTISEMENT

‘‘ഓരോ മാസവും ചികിത്സയ്ക്ക് 15,000 രൂപ വരെ ചെലവു വരും. പഠനത്തിനിടയിൽ ഈ ചികിത്സയെല്ലാം ചെയ്യുന്നത് സാമ്പത്തികമായി വലിയ ബുദ്ധിമുട്ടുണ്ടാക്കും. അതുകൊണ്ടാകാം പല കുട്ടികൾക്കും ചികിത്സ കിട്ടാതെ പോകുന്നത്. ആ തോന്നലിൽ നിന്നാണ് ‌അങ്ങനെയുള്ള കുട്ടികളെ സഹായിക്കാൻ എന്തെങ്കിലും ചെയ്യണമെന്നു തീരുമാനിച്ചത്.’’ ഡോ. നതാഷ പറയുന്നു.

നേത്ര ചികിത്സാരംഗത്തു ദീർഘകാലത്തെ പ്രവൃത്തിപരിചയമുള്ള ഡോ.നതാഷ സുഹൃത്തുക്കളുമായി ചേർന്ന് കബ്സ് എന്ന ചാരിറ്റബിൾ ട്രസ്റ്റിന് രൂപം നൽകി. യൂവിയൈറ്റിസ് ബാധിതരായ കുട്ടികളെ സഹായിക്കുകയാണ് കബ്സിന്റെ പ്രവർത്തന ലക്ഷ്യം

ADVERTISEMENT

‘‘ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തനം തുടങ്ങിയ ഈ വർഷം തന്നെ അഞ്ചു കുട്ടികൾക്കു ധനസഹായം നൽകാൻ കഴിഞ്ഞു. അതു വലിയ സന്തോഷമാണ്. ഓരോ മാസവും പതിനായിരം രൂപ വീതം ഇവർക്ക് ആറുമാസക്കാലം നൽകാനാണു പദ്ധതി. ഇതിലേറെക്കാലം ഈ കുട്ടികൾക്കു ധനസഹായം ആവശ്യമുണ്ട്. കബ്സിന്റെ വളർച്ചയ്ക്കനുസരിച്ചു കൂടുതൽ സഹായങ്ങളെത്തിക്കാനാകുമെന്നാണു പ്രതീക്ഷ.’’ ഡോ. നതാഷ രാധാകൃഷ്ണൻ പറയുന്നു.

പഠനത്തിലെ മികവ് സേവനത്തിലും

2001ലാണു ഡോ. നതാഷ പ്രാക്റ്റീസ് തുടങ്ങിയത്. തിരുവനന്തപുരത്തു സ്വകാര്യ ആശുപത്രികളിലും ഗവൺമെന്റ് ആശുപത്രിയിലും ആദ്യകാലത്തു ജോലി ചെയ്തു.

‘‘തിരുവനന്തപുരത്തു പിറ്റിപി നഗറിലായിരുന്നു ഞങ്ങളുടെ വീട്. പപ്പയുടെ പേര് മേജർ രാധാകൃഷ്ണ പിള്ള. മമ്മി ‘അമ്മിണിയമ്മ’ അടുത്തു തന്നെയുള്ള വിദ്യാധിരാജ സ്കൂളിൽ ടീച്ചറായിരുന്നു. ഞങ്ങൾ മൂന്നു പെൺമക്കളാണ്. മൂന്നു പേരും ഡോക്ടർമാരും. സഹോദരിമാർ രണ്ടാളും വിദേശത്താണ്. നല്ല കരിയറും സാമൂഹിക സേവന സാധ്യതയുമുള്ള മേഖലയുമാണ് ആരോഗ്യരംഗമെന്ന ധാരണ വീട്ടിലെല്ലാവർക്കുമുണ്ടായിരുന്നു. അങ്ങനെ ഡോക്ടറാകണമെന്ന സ്വപ്നം കുട്ടിയായിരിക്കുമ്പോഴേ എന്റെ മനസ്സിലുറച്ചു.

ഹോളി ഏഞ്ചൽസ് സ്കൂളിൽ നിന്നു പത്താം ക്ലാസ് റാങ്കോടെ പാസായി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് കഴിഞ്ഞ് ആർഐഒയിൽ നിന്ന് എംഎസും ഗോൾഡ് മെഡലോടെ ഡിഎൻബിയും പാസ്സായി. പിന്നെ, ഒന്നരവർഷം യുകെയിൽ. പഠിക്കാനുള്ള ഇഷ്ടം പഠിപ്പിക്കലിലും കൂടെക്കൂടിയതു കൊണ്ട് തിരികെ നാട്ടിലെത്തിയപ്പോൾ അമൃതയിൽ പ്രഫസറായി. പല ആശുപത്രികളിലും റെറ്റിന കെയർ വിഭാഗത്തിനു തുടക്കമിടാനുമായി. ഭർത്താവ് സുധീഷ് കരുണാകരൻ ലേക്‌ഷോർ ആശുപത്രിയിലെ ന്യൂറോ സർജനാണ്. കബ്സിന്റെ പ്രവർത്തനങ്ങളില്‍ അദ്ദേഹവും സജീവമാണ്. ’’

ഒറ്റയ്ക്കല്ല, കരുത്തായി ഇവരുമുണ്ട്

കബ്സ്(C.U.B.S- ചൈൽഡ്ഹുഡ് യൂവിയൈറ്റിസ് ബ്ലൈൻഡ്നസ് സപ്പോർട്ട്) എന്ന ചാരിറ്റബിൾ ട്രസ്റ്റ് പിച്ചവച്ചു ന ടക്കാൻ തുടങ്ങിയിട്ടേയുള്ളൂ. ഡോ. നതാഷയ്ക്കൊപ്പം അ ഡ്വ. മിലു ദണ്ഡപാണി, ന്യൂറോ സർജനായ ഡോ. സുധീഷ് കരുണാകരൻ, ഡബ്ല്യു എഫ്‌ബി ബേഡ് എന്ന ലിനൻ ക്ലോ ത്തിങ് കമ്പനിയുടെ സിഇഒ സുചിത്ര മേനോൻ, റേഡിയോ മാംഗോ ആർജെ അഞ്ജലി ഉതുപ് കുര്യൻ എന്നിവരും ക ബ്സിന്റെ ട്രസ്റ്റികളാണ്.

16 വർഷത്തോളം ക്ലിനിക്കൽ കൺസൽറ്റേഷനും പഠിപ്പിക്കലുമായി സേവനമനുഷ്ഠിച്ചശേഷം ഡോ. നതാഷ കൊച്ചിയിലെ പല പ്രമുഖ ആശുപത്രികളിലും വിസിറ്റിങ് കൺസൽറ്റന്റായി പ്രവർത്തിക്കുകയാണിപ്പോൾ.

‘‘പഠിക്കുന്ന സമയം മുതൽ ഒഫ്താൽമോളജി വലിയ ഇഷ്ടമാണ്. അന്നൊക്കെ കേരളത്തിൽ കണ്ണിന്റെ വിദഗ്ധപരിചരണത്തിനുള്ള സംവിധാനങ്ങൾ കുറവായിരുന്നു. അ യൽ സംസ്ഥാനങ്ങളിൽ പോയാണ് ഇത്തരം ചികിത്സകൾ പലരും നേടിയിരുന്നത്. ഇന്ന് ഇക്കാര്യത്തിൽ ഒരുപാട് മാറ്റം വന്നു. ആധുനിക ചികിത്സകളെല്ലാം നമ്മുടെ ആശുപത്രികളിലുണ്ട്.

‘‘കുട്ടികളിൽ അന്ധത വരാനുള്ള സാധ്യതകൾ തിരിച്ചറിയാനും തടയാനും ഒന്നിച്ചൊരു പരിശ്രമം’ അതാണ് കബ്സിന്റെ ലക്ഷ്യം. കുട്ടിക്ക് ആർത്രൈറ്റിസ് ഉണ്ടെങ്കിൽ കണ്ണുകൾ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.’’ ഡോ. നതാഷ ഓർമിപ്പിക്കുന്നു.

ADVERTISEMENT