ഗർഭിണിയായിരിക്കുമ്പോൾ വന്ന പനി, കാഴ്ചയെടുത്ത വിധി! അന്ത്യകൂദാശ നൽകിയവളെ അക്ഷരം വഴിനടത്തിയ കഥ
അമ്മേ.. അമ്മേ... എന്ന ആ വിളിയാണ് സുജയെ ഉണർത്തിയത്. മകൾ അമലയുടെ ശബ്ദത്തിലെ സന്തോഷം മങ്ങിയും തെളിഞ്ഞും ഉള്ളിലേയ്ക്ക് തിരയായ് വന്നുപോയി.
‘‘ഇരുണ്ട പാതയിലൂടെ ഒരു യാത്ര കഴിഞ്ഞു പ്രകാശത്തിന്റെ തുരുത്തിലെത്തിപ്പെട്ടതു പോലെയാണ് ആ വിളിയിലേക്ക് ഉണർന്നത്. പ്രകാശമുണ്ട്. പക്ഷേ, ആ തോന്നലല്ലാതെ ഒന്നും കാണാനാകുന്നില്ല. പനിയിൽ നിന്നു ഞാനുണർന്നത് ഇരുട്ടിലേക്കാണ് എന്നു ഞെട്ടലോടെ മനസ്സിലാക്കി. എങ്കിലും ഒന്നും കാണാനാകുന്നില്ല എന്നു പറഞ്ഞില്ല. അതു മകളെയും മരുമകനെയും വിഷമിപ്പിക്കും എന്നെനിക്കറിയാമായിരുന്നു.’’
ഡെങ്കിപ്പനി കാഴ്ച തട്ടിപ്പറിച്ചെങ്കിലും സുജ വിധിയെ പഴിചാരിയില്ല. കരഞ്ഞു തളർന്നില്ല. പകരം അക്ഷരങ്ങളിലൂടെ താൻ കണ്ട കാഴ്ചകൾ പകർത്തി വച്ചു. ക ഥകളായും കവിതകളായും അനുഭവക്കുറിപ്പുകളായും.
ഓലഞ്ഞാലിക്കിളി, മിഴി നനയാതെ, നിലാച്ചൂട്ട് എ ന്നീ മൂന്നു പുസ്തകങ്ങളിലൂടെ ജീവിതത്തിൽ വെളിച്ചം കണ്ടെത്തിയ സുജ പാറുകണ്ണിലിന്റെ അതിജീവനം ആരെയും അതിശയിപ്പിക്കുന്നതാണ്. എഴുത്തിന്റെ ലോകത്തു വളരുകയാണിപ്പോൾ സുജ.
ഒറ്റയ്ക്കു തുഴഞ്ഞ ജീവിതം
‘‘ ജീവിതത്തിൽ എന്തെങ്കിലുമൊന്നു ചെയ്യാൻ കഴിയാത്തവരായി ആരുമില്ല. കുറഞ്ഞ പക്ഷം ചിരിക്കുകയോ,കൈപിടിക്കുകയോ ചെയ്യാം. ഏതവസ്ഥയിൽ ആയാലും ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്തു കൊണ്ടിരിക്കുക. നഷ്ടങ്ങളെക്കുറിച്ചു ദുഃഖിക്കുകയോ വരാനുള്ളതിനെക്കുറിച്ച് ആകുലപ്പെടുകയോ ചെയ്യുന്നതിലെന്തു കാര്യം. ഈ നിമിഷം ജീവിക്കുക.’’ ഈ ചിന്തയാണ് സുജ പാറുകണ്ണിൽ എന്ന കൊച്ചിയിൽ താമസമാക്കിയ ചങ്ങനാശേരിക്കാരിയുടെ മുഖത്തു സദാ ചിരി തെളിയിച്ചു വയ്ക്കുന്നത്.
‘‘അപ്പൻ കച്ചവടക്കാരനായിരുന്നു. അമ്മ ഗൃഹനായിക. ഞ ങ്ങൾ നാലു മക്കൾ ആണ്. രണ്ടാണും രണ്ടു പെണ്ണും. ചങ്ങനാശേരി മാമൂടാണ് സ്വദേശം. ഞാൻ രണ്ടാമത്തെയാളാണ്. എഴുത്തു പണ്ടു മുതലേ ഉണ്ടായിരുന്നു. ആദ്യകാലത്ത് ഒന്നും പ്രസിദ്ധീകരിച്ചിരുന്നില്ല. പ്രായമായ അച്ഛനമ്മമാരെയും തന്നേക്കാൾ ഇളയ സഹോദരന്മാരെയും ബുദ്ധിമുട്ടിക്കാതെ സിംഗിൾ പേരന്റായി ജീവിതഭാരം ഒറ്റയ്ക്കു തലയിലേറ്റി. ഏക മകളെ പഠിപ്പിച്ചു. വിധി തന്റെ മൂർച്ചയേറിയ വാളുമായി വീണ്ടും കാത്തു നിൽക്കുന്നുവെന്നു പക്ഷേ, ഞാനറിഞ്ഞില്ല.
നാലു വർഷത്തോളം നാട്ടിൽ ലാബ് ജോലി ചെയ്തു. മകളെ നന്നായി വളർത്താൻ ആ ജോലി മതിയാകില്ലെന്നു തോന്നിയ ഘട്ടത്തിലാണു സുഹൃത്തുക്കളുടെ സഹായത്തോടെ ഗൾഫിൽ പോകുന്നത്. അന്നു മോൾക്ക് അഞ്ചു വയസ്സ്. ഇരുപത്തിനാലു വർഷം ഗൾഫിൽ ജോലിചെയ്തു.
മോളെ ബോർഡിങ്ങിലാക്കിയിട്ടാണു പോയത്. അവധിക്കാലത്ത് അവൾ അവിടേക്ക് വരും. അമ്മയുടെ കഷ്ടപ്പാടു കണ്ട റിഞ്ഞു സാഹചര്യങ്ങളോടു പെരുത്തപ്പെട്ട് എന്റെ കുഞ്ഞ് ജീവിച്ചു. മോളെ പഠിപ്പിക്കാൻ കഴിഞ്ഞതും അവൾക്കു ജോലി ലഭിച്ചു എന്നതും വിവാഹം കഴിപ്പിച്ചയയ്ക്കാൻ സാധിച്ചതും ജീവിതത്തിലെ വലിയ സന്തോഷമാണ്. മകനോളം സ്നേഹമുള്ള മരുമകനെയാണ് ലഭിച്ചത്.
മകൾ അമല, മരുമകൻ അനീഷ് ജോർജ്. കാക്കനാട് നെസ്റ്റ് ഗ്രൂപ്പിൽ എസ്എഫ്ഒ ടെക്നോളജീസ് കമ്പനിയിൽ ഫിനാൻസ് മാനേജരാണ് അനീഷ്. അമലയ്ക്ക് ഇൻഫോപാർക്കിൽ ജോലി ഉണ്ടായിരുന്നു. എന്റെ ആരോഗ്യാവസ്ഥ മോശമായതോടെയാണ് അവൾ ജോലി വിടുന്നത്. അവർക്കു രണ്ട് കുട്ടികൾ. മൂത്തയാൾ ഹേസേൽ ജോർജ് അനീഷ്, എൽകെജിയിൽ. ഇളയയാൾ ക്രിസാന്റോ മാർട്ടിൻ ജോർജ് പ്ലേ സ്കൂളിൽ.’’

കാഴ്ച കവർന്ന പനി
‘‘2020 ഏപ്രിലിൽ അമലയുടെ ആദ്യ പ്രസവത്തിനായാണു ഞാൻ നാട്ടിൽ വരുന്നത്. ജോലി രാജി വച്ചാണു വന്നതെങ്കിലും എപ്പോൾ തിരികെ ചെന്നാലും ജോലി തിരികെ ലഭിക്കും. പ്രസവകാര്യങ്ങൾ കഴിഞ്ഞു ജോലി തുടരാം എന്നു തോന്നിയതിനാൽ തിരികെ പോകണമെന്നു വിചാരിച്ചെങ്കിലും കോവിഡ് പൊട്ടിപ്പുറപ്പെട്ടതു മൂലം മടക്കയാത്ര മുടങ്ങി. ലോക്‌ഡൗൺ കഴിഞ്ഞപ്പോൾ മകൾ രണ്ടാമതു ഗർഭിണിയായി. അതും കഴിയട്ടേ എന്നോർത്തു മടക്കയാത്ര നീട്ടി. അവൾ രണ്ടാമത്തെ കുഞ്ഞിനെ ഒൻപതു മാസം ഗർഭിണിയായിരിക്കുമ്പോൾ എനിക്കു പനി വന്നു. അതു കലശലായി. ശരിയായി രോഗനിർണയം നടത്താതെ വൈറൽ ഫീവറിനുള്ള മരുന്നാണ് ആശുപത്രിയിൽ നിന്നു നൽകിയത്. ഏകദേശം ഒരാഴ്ച കഴിഞ്ഞാണ് ഡെങ്കിപ്പനിയാണെന്നു തിരിച്ചറിയുന്നതും അഡ്മിറ്റ് ചെയ്യുന്നതും.
ഒരു ദിവസം കണ്ണിൽ സഹിക്കാനാകാത്ത വിധം സമ്മർദം തോന്നുകയും ഡോക്ടറോട് പറയുകയും ചെയ്തു. തൊട്ടുപിന്നാലെ എന്റെ ബോധം പോയി. ഡോക്ടർ കണ്ണിലൊഴിക്കാൻ തുള്ളി മരുന്ന് എഴുതി തന്നിട്ടു പോയി.
സ്ഥിതി വളരെ മോശമാണെന്നു തോന്നിയതിനാൽ മരുമകൻ മറ്റൊരു ഡോക്ടറെ വിളിച്ചു വരുത്തി. അദ്ദേഹം ഐസിയുവിലേക്ക് മാറ്റാൻ നിർദേശിച്ചു. പിന്നാലെ വേറൊരു ഹോസ്പിറ്റലിലേക്കു മാറ്റണം എന്ന് അറിയിച്ചു. അ ത് അൽപം നേരത്തേ ചെയ്തിരുന്നെങ്കിൽ എനിക്ക് ഈ ഗതി വരില്ലായിരുന്നു.
പ്രമുഖമായ മറ്റൊരു ആശുപത്രിയിലെത്തുമ്പോൾ തന്നെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. പിറ്റേന്ന് അടുത്ത കണ്ണിന്റെയും. ഇതു നടക്കുമ്പോൾ എനിക്കു ബോധമില്ലായിരുന്നു. വൃക്കകളുടെയും കരളിന്റെയും പ്രവർത്തനംതാറുമാറായിരുന്നു. വെന്റിലേറ്ററിൽ മൂന്നാഴ്ചയോളം കിടന്നു. അമലയെ ആദ്യമൊന്നും ഇതറിയിച്ചില്ലെങ്കിലും മരണം സംഭവിക്കുമെന്നു ഭയന്നാകാം മകളെ കൊണ്ടു വരണമെന്ന് അവർ നിർബന്ധം പറഞ്ഞു.
അണുബാധ തലച്ചോറിലേക്കും പടരും എന്നതിനാൽ കണ്ണുകൾ പൂർണമായി ശസ്ത്രക്രിയ ചെയ്തു മാറ്റി. തുടർച്ചയായി ഡയാലിസിസ് ചെയ്യുന്നുണ്ടായിരുന്നു. സ്ഥിതി മോശമായപ്പോൾ അന്ത്യകൂദാശ വരെ തന്നു.
പക്ഷേ, ഞാനതൊന്നും അറിയുന്നുണ്ടായിരുന്നില്ല. ശരീരത്തിൽ ചില ഉപകരണങ്ങൾ തുളച്ചു കയറ്റുമ്പോൾ ഞെട്ടും. ആരൊക്കെയോ വന്ന് ‘സുജ സുജ’ എന്നു വിളിക്കുന്നത് അവ്യക്തമായി കേൾക്കുകയും ചെയ്തിരുന്നു. എത്രയോ ദിവസങ്ങൾക്കു ശേഷം അമലയുടെ വിളി കേട്ടാണു ഞാനുണരുന്നത്. കണ്ണ് തുറന്നെങ്കിലും എനിക്കൊന്നും കാണുന്നുണ്ടായിരുന്നില്ല. അപ്പോഴും എന്റെ വിചാരം കണ്ണുകൾ മുഖത്തുണ്ട് കാഴ്ച പോയി എന്നായിരുന്നു.
പനി വിട്ടു മാറിയില്ല. അമ്മയുടെ കാലുകൾക്കെന്താണ് മഞ്ഞ നിറം എന്ന് അമല ചോദിക്കുന്നതു കേൾക്കാം. അനങ്ങാതെയുള്ള കിടപ്പിൽ കാൽ മുട്ടിന് താഴേക്കുള്ള ഭാഗം രക്തചംക്രമണമില്ലാതെ പഴുത്തു. അതാണു പനി വിടാത്തതിനു കാരണമായത്.
മറ്റൊരു ഹോസ്പിറ്റലിലേക്ക് എന്നെ മാറ്റി. പഴുത്തുതുടങ്ങിയ കാലിലും ശസ്ത്രക്രിയ ചെയ്തു. നിലത്തു കാലു കുത്താനോ ശുചിമുറിയിൽ പോകാനോ കഴിയാതെ മാസങ്ങളോളം കട്ടിലിലായി. ആശുപത്രി വിട്ടശേഷം നഴ്സുമാർ വീട്ടിൽ വന്നാണു മുറിവു കെട്ടിയിരുന്നത്.’’

അക്ഷരങ്ങളിൽ തെളിയും കാഴ്ചകൾ
‘‘ഡെങ്കിപ്പനി ഗുരുതരമായി ഡെങ്കി ഹെമറേജ് ആയതായിരുന്നു അമ്മയുടെ പ്രശ്നം. ഡെങ്കി വന്നു കാഴ്ച നഷ്ടപ്പെടുന്നത് അപൂർവമായി മാത്രം സംഭവിക്കുന്ന കാര്യമാണ്. പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയുമ്പോൾ ആന്തരിക അവയവങ്ങളിൽ പലതിലും രക്തസ്രാവം ഉണ്ടാകും. അമ്മയ്ക്ക് അതു കണ്ണിലാണ് ഉണ്ടായത്’’ അമല പറയുന്നു.
‘‘ആരെങ്കിലും കണ്ണ് ദാനം ചെയ്താൽ അമ്മയ്ക്കു കാഴ്ച കിട്ടില്ലേ എന്ന നഴ്സിന്റെ ചോദ്യവും അതിനു മരുമക ൻ കൊടുത്ത ഉത്തരവും കേട്ടാണ് എന്റെ മുഖത്തു കണ്ണുകളേയില്ല എന്നെനിക്കു മനസ്സിലായത്. കാഴ്ച തിരികെ കിട്ടാനുള്ള എല്ലാ വഴികളും എന്റെ കുട്ടികൾ അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ബോയോണിക് ഐ എന്ന സാങ്കേതികതയിലൂടെ തലച്ചോറിലൊരു ചിപ്പും കണ്ണുകളുടെ സ്ഥാനത്ത് ക്യാമറയും ഘടിപ്പിച്ച് കാഴ്ച സാധ്യമാക്കാനാകും. എന്നാൽ ചെലവേറിയ വഴിയാണ്. കണ്ണുകളുടെ സ്ഥാനം വല്ലാതെ കുഴിയാൻ തുടങ്ങിയപ്പോഴാണ് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെത്തി കൃത്രിമ കണ്ണുകൾ വയ്ക്കുന്നത്. ’’
ജീവിതം ഇരുട്ടിലായെങ്കിലും എഴുത്തിന്റെ പ്രകാശത്തി ൽ പുഞ്ചിരിയോടെ മുന്നോട്ടു പോകാനാണു സുജയുടെ തീരുമാനം. സുജ പറഞ്ഞു കൊടുക്കുന്നതു മകളോ ബ ന്ധുക്കളോ സുഹൃത്തുക്കളോ പകർത്തിയെഴുതും.
ഓൺലൈൻ മാസികകളിലും അച്ചടി പ്രസിദ്ധീകരണങ്ങളിലും കഥ, കവിത, അനുഭവങ്ങൾ, നർമകഥകൾ എന്നിവ സ്ഥിരമായി എഴുതുന്ന സുജ പാറുകണ്ണിലിന്റെ ‘മിഴി ന നയാതെ’ എന്ന ആത്മകഥാ പുസ്തകത്തിന് അടുത്തിടെ അഷിത സ്മാരക പുരസ്കാരം ലഭിച്ചു. ‘നിലാച്ചൂട്ട്’ ആണ് ഏറ്റവും പുതിയ പുസ്തകം.
‘‘ എം. മുകുന്ദനിൽ നിന്നാണ് അഷിത സ്മാരക അവാർഡ് സ്വീകരിച്ചത്. മയ്യഴിപുഴയുടെ തീരങ്ങളിലും ദൈവത്തിന്റെ വികൃതികളും ദൽഹിയുമൊക്കെ വായിക്കുമ്പോൾ മുകുന്ദൻ സാറിനെ ഒന്നടുത്തു കാണാൻ കഴിഞ്ഞെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ട്. പുരസ്കാരം സമ്മാനിക്കാൻ എന്റെ തൊട്ടടുത്ത് അദ്ദേഹം നിന്നു. കൈകൾ ചേർത്തു പിടിച്ചു. പ ക്ഷേ, ആഗ്രഹിച്ച പോലെ അദ്ദേഹത്തെ കാണാൻ എനിക്കു കാഴ്ചയില്ലാതെ പോയല്ലോ.’’