നിരത്തിലെ ഒരു ഞൊടിയിലെ അശ്രദ്ധ മതി, ജീവൻ പൊലിയാൻ. പക്ഷേ നമ്മുടെ അശ്രദ്ധയും പരിധിവിട്ടുള്ള വേഗവും മറ്റൊരാളുടെ ജീവനാണ് നഷ്ടപ്പെടുത്തുന്നതെങ്കിലോ? തിരുവനന്തപുരം കഴിഞ്ഞ ദിവസം നെടുമങ്ങാട് വലിയമലയിൽ വാഹനാപകടത്തിൽ മരണപ്പെട്ട ആബിസ് മിന്‍ഹാന്‍ എന്ന പൊന്നുമോന്റെ മരണം നമ്മെ ഈ വാക്കുകൾ ഓർമിപ്പിക്കുകയാണ്. ഓട്ടോയിൽ സഞ്ചരിക്കവേ ബൈക്കിടിച്ചുണ്ടായ അപകടത്തിലാണ് ആബിസിന്റെ മരണം സംഭവിക്കുന്നത്
ബൈക്കിടിച്ച് മറിഞ്ഞ ഓട്ടോയിലെ യാത്രക്കാരിയുടെ കൈയില്‍നിന്നു തെറിച്ചുവീഴുകയായിരുന്നു ഈ ഒരു വയസുകാരൻ. വിതുര ജുമാമസ്ജിദിനു സമീപം ഷിജാദ് മന്‍സിലില്‍ ഷിജാദ്, നൗഷിമ ദമ്പതിമാരുടെ മകനാണ് ആബിസ്. ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് നെടുമങ്ങാട്-പൊന്മുടി റോഡില്‍ വലിയമല മല്ലമ്പ്രക്കോണത്തുവെച്ചായിരുന്നു അപകടം.
ആബിസിന്റെ വിയോഗത്തിൽ ഒരു നാടൊന്നാകെ തേങ്ങുമ്പോൾ ഹൃദയം മുറിയുന്ന വാക്കുകൾ പങ്കുവയ്ക്കുകയാണ് പ്രദേശവാസിയും സാമൂഹ്യ പ്രവർത്തകനുമായ അജു കെ മധു. ബൈക്കിൽ സഞ്ചരിച്ച മെഡിക്കൽ വിദ്യാർഥികളുടെ അലക്ഷ്യമായ റൈഡിങ്ങും അശ്രദ്ധയുമാണ് അപകടത്തിനു പിന്നിലെന്ന് അജു ആരോപിക്കുന്നു. ആ കുഞ്ഞു മകന്റെ ജീവൻ തുടിക്കാത്ത ശരീരം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ നിന്നും ഏറ്റു വാങ്ങേണ്ടി വന്ന അച്ഛന്റെ വേദനയെ കുറിച്ചും അജു ഫെയ്സ്ബുക്കിൽ കുറിച്ചു.
അജു കെ മധു ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പി ൽ നിന്നും...
15.6.2025 ഉച്ചക്ക് നെടുമങ്ങാട് കരിപ്പൂര് മലംപ്രക്കോണം റോഡിൽ നടന്ന അപകടത്തിൽ പ്രിയ സുഹൃത്ത് ഷിജാദ് വിതുരയുടെ ഇളയ മകൻ ആബിസ് മിൻഹാൻ ( ഒരു വയസ്സ് ) മരണമടയുകയുണ്ടായി. ഇനി കാര്യത്തിലേക്ക് കടക്കാം അമിത വേഗതയിൽ ഇരു ചക്ര വാഹനത്തിൽ സഞ്ചരിച്ച മെഡിക്കൽ വിദ്യാർത്ഥികളാണ് പിഞ്ചുകുഞ്ഞിന്റെ മരണത്തിന് കാരണക്കാർ.
ലക്ഷ്യമായി വാഹനം ഓടിച്ച് ഒരു കുടുംബത്തിന്റെ പ്രതീക്ഷ തന്നെ ഇല്ലാതാക്കിയ മെഡിക്കൽ വിദ്യാർത്ഥികൾ ഒരു കാര്യം മനസ്സിലാക്കുക. നിങ്ങളെപ്പോലുള്ളവരാണ് സാധാരണപ്പെട്ട ജനങ്ങളുടെ ജീവൻ രക്ഷിക്കേണ്ടത്. ആ നിങ്ങളാണ് കാലനായി മാറിയത്. വാഹനാപകടം സാധാരണ നടക്കുന്നതായിരിക്കാം... പക്ഷേ നിങ്ങൾ ഇത് സ്വയം വരുത്തി വെച്ച ഒരു ദുരന്തമാണ് സ്വാധീനവും പണവും ഉള്ളതുകൊണ്ട് ഇന്നലെ നെടുമങ്ങാട് ഹോസ്പിറ്റലിൽ പോലും നിങ്ങൾക്ക് വേണ്ടി സഹായങ്ങൾ ചെയ്യുവാൻ ഡോക്ടർമാരും,നേഴ്സുമാരും മത്സരിച്ച കാഴ്ചകളാണ് കണ്ടത്. ന്യായം ന്യായത്തിന്റെ ഭാഗത്തുനിന്ന് ചിന്തിച്ചാൽ ദൈവത്തിന്റെ കോടതിയിൽ നിങ്ങൾക്ക് ഒരിക്കലും മാപ്പ് നൽകില്ല. ആ പിഞ്ചുകുഞ്ഞിന്റെ മുഖം കണ്ടവരാരും ഒരു കാരണവശാലും നിങ്ങൾക്ക് മാപ്പ് തരില്ല.
ഒരച്ഛന്റെ വേദന എന്തെന്ന് ഞാൻ അറിഞ്ഞ ദിവസങ്ങൾ ആയിരുന്നു ഇന്നലെയും ഇന്നും. മരിക്കുന്നതിന്റെ തലേദിവസം പോലും തന്റെ മകനെ മാറോട് ചേർത്ത് നേരം പുലരും വരെ കളിപ്പിച്ച കാര്യങ്ങൾ എന്നോട് പറയുമ്പോൾ അറിയാതെ തന്നെ എന്റെ കണ്ണുകൾ നിറഞ്ഞു പോയി. ആ കുഞ്ഞു മകന്റെ ജീവൻ തുടിക്കാത്ത ശരീരം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ നിന്നും ആ അച്ഛൻ നെഞ്ച് പൊട്ടും വേദനയിൽ പൊട്ടിക്കരഞ്ഞുകൊണ്ട് രണ്ടു കൈകൊണ്ട് നെഞ്ചോട് ചേർത്ത് ഏറ്റുവാങ്ങിയതിനു ശേഷം ആംബുലൻസ് വണ്ടിയിൽ പോലും കൊണ്ടുവരാതെ ആ പൊന്നു മകനെ ചേർത്ത് കാറിൽ കൊണ്ടുവരികയാണ് ചെയ്തത്. ‘അതുവരെ അവൻ എന്നോട് ചേർന്നിരിക്കട്ടെ...’ എന്ന ഹൃദയംപൊട്ടുന്ന വാക്കുകളും. കൂടുതൽ പറയാൻ വാക്കുകൾ കിട്ടുന്നില്ല.