മാളികപ്പുറം, ആനന്ദ് ശ്രീബാല തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ രചയിതാവാണ് അഭിലാഷ് പിള്ള. നൂറുകോടി ക്ലബിൽ ഇടംനേടിയ മാളികപ്പുറം അഭിലാഷിനെ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരുടെ നിരയിലേക്കുയര്‍ത്തി. സോഷ്യൽ മീഡിയയിലും സജീവമായ അഭിലാഷ് ഫെയ്സ്ബുക്കിൽ പങ്കുവച്ചൊരു ഓർമ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
17 വർഷങ്ങൾക്കു മുമ്പുള്ളൊരു ജൂൺ 26ൽ തന്റെ കൂടപ്പിറപ്പിനെ നഷ്ടമായതിനെ കുറിച്ചാണ് അഭിലാഷിന്റെ വികാരനിർഭരമായ കുറിപ്പ്. കാലമേറെയായിട്ടും എത്രയൊക്കെ ശ്രമിച്ചിട്ടും ചേട്ടനുണ്ടാക്കിയ ആ ശൂന്യത നികത്താൻ തനിക്ക് കഴിയുന്നില്ലെന്നും അഭിലാഷ് കുറിപ്പിൽ പറയുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
17 വർഷങ്ങൾക്കു മുന്നേ ജീവിതം എന്താണ് എന്ന് എനിക്ക് മനസിലാക്കി തന്ന ദിവസമാണിത് ഒരു പക്ഷേ ഞാൻ ഓർക്കാൻ തന്നെ പേടിക്കുന്ന ദിവസം ജൂൺ 26.
ചെന്നൈയിൽ എഞ്ചിനീയർ ആയിരുന്ന എന്നും വൈകുന്നേരം ഫോൺ വിളിച്ചു എല്ലാവരോടും സംസാരിക്കുന്ന ചേട്ടൻ പക്ഷെ അന്ന് വിളിച്ചില്ല പകരം എനിക്ക് വന്നത് ചെന്നൈയിൽ നിന്നും മറ്റൊരു ഫോണായിരുന്നു, ചേട്ടൻ മരിച്ചു എന്ന് വിളിച്ചറിയിച്ച സുഹൃത്തിന്റെ ഫോൺ കോൾ, കേട്ടതും നടന്നതും ഒരു ദു:സ്വപ്നം ആകും എന്ന് ഇന്നും മനസ്സിനെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന എനിക്ക് അന്ന് അറിയില്ലാരുന്നു ചേട്ടന്റെ മരണം എന്റെ ജീവിതത്തിൽ ഇത്രയും മാറ്റമുണ്ടാക്കുമെന്ന്.
അമ്മയെയും അപ്പയെയും നന്നായി നോക്കണം, അശ്വതിയെ തന്നെ കല്യാണം കഴിക്കണം സിനിമ ചെയ്യണം അങ്ങനെ എന്നോട് പറഞ്ഞു ഏൽപിച്ചിട്ട് പോയ എല്ലാ കാര്യങ്ങളും ഭംഗിയായി ഞാൻ ചെയ്യുന്നുണ്ട്, അമ്മയും അപ്പായും സുഖമായി ഇരിക്കുന്നു. ഇടതും വലതുമായി നമ്മൾ രണ്ട് പേരും അമ്മക്ക് ഒപ്പം വേണമായിരുന്നു എത്രയൊക്കെ ശ്രമിച്ചിട്ടും ചേട്ടനുണ്ടാക്കിയ ആ ശൂന്യത നികത്താൻ എനിക്ക് കഴിയുന്നില്ല
ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് ചേട്ടാ എനിക്ക് ചേട്ടനെ.....
Love you
17th death anniversary Aneesh Pillai