ADVERTISEMENT

ചുവർചിത്രങ്ങളോടുള്ള ഇഷ്ടംകൊണ്ട് അവ വരയ്ക്കാൻ സ്വയം പഠിച്ച എഴുപത്തിരണ്ടുകാരി കല ഹരിഹരൻ വനിത 2024 ഓഗസ്റ്റിൽ പ്രസിദ്ധീകരിച്ച ലേഖനം....

എനിക്കിനിയും പഠിക്കണം. പുതിയ പരീക്ഷണങ്ങൾ നടത്തി കൂടുതൽ വരയ്ക്കണം.’ ഇപ്പറയുന്നത് ഇരുപതിലെത്തി നിൽക്കുന്ന ചിത്രകലയെ സ്നേഹിക്കുന്ന പെൺകുട്ടിയല്ല. കലയ്ക്കായി ജീവിതം അർപ്പിച്ച എഴുപത്തിരണ്ടു വയസ്സുകാരിയാണ്.

ADVERTISEMENT

പേരിൽ തന്നെ കലയുള്ള കല ഹരിഹരന് പ്രായം അൻപതിലെത്തിയപ്പോഴാണ് ചുവർചിത്രം വരയ്ക്കാൻ പഠിക്കണമെന്ന ആഗ്രഹമുണ്ടായത്. കയ്യിലുള്ള ബ്രഷും നിറങ്ങളും കൊണ്ടു വരച്ചു തുടങ്ങി.

പിന്നീട് എത്രയോ ചിത്രപ്രദർശനങ്ങളിലേക്ക് എത്തിച്ചേർന്ന കലയുടെ ജീവിതയാത്ര അറിയാം.

ADVERTISEMENT

കണ്ട മാത്രയിൽ തുടങ്ങിയ ഇഷ്ടം

‘‘പണ്ടു മുതലേ ജലഛായ ചിത്രങ്ങളും എണ്ണഛായ ചിത്രങ്ങളും വരയ്ക്കാറുണ്ടായിരുന്നു. 2007 ലാണ് മ്യൂറൽ ചിത്രങ്ങളോട് ഇഷ്ടം തോന്നിയത്. പക്ഷേ, എങ്ങനെ വരയ്ക്കണമെന്നും എവിടെ തുടങ്ങണമെന്നും സംശയമായി.

ADVERTISEMENT

അങ്ങനെയിരിക്കെയാണ് ആറന്മുള വാസ്തു വിദ്യാ ഗുരുകുലം ആർട് ഗാലറിയിൽ പോകുന്നത്. ആദ്യം കണ്ടപ്പോഴേ മനസ്സു കവർന്ന അവിടുത്തെ ചുവർചിത്രങ്ങൾ ഫോണിൽ പകർത്തി. വീട്ടിലെത്തിയതും ചെറിയ ഫോണിലെടുത്ത ആ ചിത്രങ്ങൾ സൂം ചെയ്തു നോക്കി കഷ്ടപ്പെട്ടു വരയ്ക്കാൻ ശ്രമിച്ചു.

ചുവർചിത്രകലയെക്കുറിച്ചും അതു വരയ്ക്കുന്നതിനെക്കുറിച്ചും അവിടുള്ളവർ പറഞ്ഞു തന്ന കുറച്ചു കാര്യങ്ങൾ മനസ്സിൽ വച്ചാണു വരച്ചത്. പക്ഷേ, അതുമാത്രം മതിയാകുമായിരുന്നില്ല. ചുവർ ചിത്രങ്ങൾ വരയ്ക്കാൻ കുറേ ചിട്ടകളും രീതികളുമുണ്ട്. അതെല്ലാം ശ്രദ്ധിച്ചു വേണം വരയ്ക്കാൻ. അന്നു വാസ്തുവിദ്യാ ഗുരുകുലത്തിൽ ആൺകുട്ടികളെ മാത്രമാണു പഠിപ്പിച്ചിരുന്നത്. പക്ഷേ, അവിടെ ചെന്നാൽ പഠിപ്പിച്ചു തരാമെന്നു സുരേഷ് മുതുകുളം മാഷ് പറഞ്ഞു.

മൂവാറ്റുപുഴ മൂത്തേടത്താണ് എന്റെ നാട്. വിവാഹശേഷമാണു പത്തനംതിട്ടയിൽ എത്തുന്നത്. ഭർത്താവ് യൂണിയൻ ബാങ്കിൽ ജോലി ചെയ്യുന്ന സമയം. അദ്ദേഹത്തോടു പറഞ്ഞപ്പോൾ ഞാനൊറ്റയ്ക്ക് പോയാൽ ശരിയാകില്ലെന്ന് കരുതി പഠിക്കാൻ വിടാൻ വിസമ്മതിച്ചു. പിന്നീട് ഗുരുകുലം സന്ദർശിക്കാൻ സാധിച്ചപ്പോഴൊക്കെ അവിടെ ചെന്ന് ഓരോ പെയിന്റിങ്ങും നോക്കി പഠിച്ചു.

ആദ്യമൊരു ഗണപതിയെ വരച്ചു. പിന്നീട് കൃഷ്ണൻ. അതു ഗുരുകുലത്തിൽ കാണിച്ചപ്പോൾ അഭിനന്ദനങ്ങളും മെച്ചപ്പെടുത്താനുള്ള അഭിപ്രായങ്ങളും കിട്ടി. അന്ന് മ്യൂറൽ വരയ്ക്കേണ്ട ബ്രഷൊന്നും കയ്യിലുണ്ടായില്ല. അത് അഞ്ചെണ്ണം വാങ്ങിയാണ് അടുത്ത ചിത്രം വരച്ചു തുടങ്ങിയത്. ഒരു മാസമെടുത്തു ആ ചിത്രം പൂർത്തിയാക്കാൻ. ഇപ്പോഴാണെങ്കിൽ അതേ ചിത്രം വരയ്ക്കാൻ രണ്ടു–മൂന്നു ദിവസം മതി. ഇതുവരെ അൻപത്തിയഞ്ചോളം ചിത്രങ്ങൾ വരച്ചിട്ടുണ്ട്.

ദേവകല എന്ന പേരിൽ എനിക്കൊരു ബ്ലോഗുണ്ട്. അതിൽ ഞാൻ വരച്ച ചിത്രം കണ്ട് പലരും പകർത്തി വരച്ചിട്ടുണ്ട്. 2010ലെ ഓണക്കാലത്ത് പത്തനംതിട്ടയിലൂടെ പോകുമ്പോൾ ഒരു കടയിൽ പ്രദർശിപ്പിച്ചിരുന്ന കേരള സാരിയുടെ മുന്താണിയിൽ എന്റെ കൃഷ്ണൻ പ്രിന്റ് ആയി വന്നിരിക്കുന്നത് കണ്ടു. ഞാൻ ചോദിച്ചപ്പോൾ തമിഴ്നാട്ടിൽ നിന്ന് പ്രിന്റ് ചെയ്തു വന്നതാണ് എന്നാണു പറഞ്ഞത്.

കലയുടെ ഉറവിടം

അച്ഛൻ നന്നായി വരയ്ക്കുമായിരുന്നു. അച്ഛന്റെ അമ്മാവനാണ് എനിക്ക് കല എന്ന് പേരിട്ടത്. മൂവാറ്റുപുഴയിലെ മുൻ മുൻസിപ്പൽ ചെയർമാൻ ആയിരുന്നു അച്ഛൻ ശ്രീധരൻ. ശ്രീധരന്റെ അരുമയായ കല എന്ന നിലയ്ക്കാണ് അന്നാ പേരിട്ടത്.

സ്കൂളിൽ പഠിക്കുമ്പോൾ‌ മുതൽ ഞാൻ വാട്ടർ കളർ പെയിന്റിങ് ചെയ്യും. അമ്മാവന്റെ മക്കൾ അന്ന് എറണാകുളത്തു പഠിക്കുന്നുണ്ട്. അവര്‍ അവിടെ നിന്ന് ഫാബ്രിക് പെയിന്റ് കൊണ്ടുവന്നു തന്നു. ഒപ്പം അതെങ്ങനെ ഉപയോഗിക്കണമെന്നുള്ള ബുക്‌ലെറ്റും. അതോടെ ബെഡ് ഷീറ്റിലും സാരിയിലുമൊക്കെ ഫാബ്രിക് പെയിന്റ് ചെയ്യാൻ തുടങ്ങി. വിവാഹം കഴിഞ്ഞശേഷമാണ് ഓയിൽ പെയിന്റിങ് തുടങ്ങിയത്. ഭർത്താവ് ബാങ്ക് ഉദ്യോഗസ്ഥനായതു കൊണ്ട് മൂന്നുവർഷം കൂടുമ്പോൾ സ്ഥലംമാറ്റം ഉണ്ടാകും. പോയ ഇടങ്ങളിലൊക്കെ ആളുകൾക്കു വസ്ത്രങ്ങളിൽ വരച്ചു കൊടുത്തിട്ടുണ്ട്, കൂടാതെ വരയ്ക്കാന്‍ പഠിപ്പിച്ചിട്ടുമുണ്ട്.

kala-2

ഇതുവരെ പന്ത്രണ്ടോളം എക്സിബിഷനുകൾ നടത്തിയിട്ടുണ്ട്. അടുത്ത മാസം ഒരെണ്ണം നടത്താനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ.

വിളിപ്പുറത്തുണ്ട് സുഹൃത്തുക്കൾ

മകൻ ദനുഷിനൊപ്പമാണ് താമസം. ഭർത്താവ് ഹരിഹരൻ ഇന്ന് ഞങ്ങൾക്കൊപ്പമില്ല. ദിവസവും ആറു മണിക്ക് എണീക്കും. എന്നോടൊപ്പം റേഡിയോയും ഉണരും. പാചകവും ചായകുടിയും ഒക്കെ കഴിഞ്ഞ് ദിവസവും വരയ്ക്കും. മ്യൂറല്‍ പെയിന്റിങ് ആണ് ചെയ്യുന്നതെങ്കിൽ പകലാണ് ഔട്ട് ലൈൻ വരയ്ക്കുന്നത്. രാത്രിയിൽ കാഴ്ച പ്രശ്നം കാരണം ബുദ്ധിമുട്ടുണ്ട്. ബാക്കി വരകൾ രാത്രി 12 മണി വരെ ചെയ്യും.

എത്ര നേരം വേണമെങ്കിലും വരച്ചു കൊണ്ടിരിക്കാൻ ഇഷ്ടമാണ്. കലാരംഗത്തുള്ള അപ്ഡേഷൻസ് ശ്രദ്ധിക്കും. ഇവിടുത്തെയും വിദേശത്തെയും കലാസൃഷ്ടികൾ ഇന്റർനെറ്റ് വഴി പഠിക്കും. പല ശൈലികളിലുള്ള ചിത്രങ്ങൾ നമ്മളെ ആർട്ടിസ്റ്റെന്ന നിലയ്ക്കു പുതുക്കിക്കൊണ്ടിരിക്കുമെന്നാണ് കരുതുന്നത്.

സൗഹൃദങ്ങളുടെ കാര്യത്തിൽ ഞാൻ ഭാഗ്യവതിയാണ്. എന്റെ മിക്ക വർക്കുകളും സൂക്ഷിച്ചിരിക്കുന്നതു പോലും ഒരു സുഹൃത്തിന്റെ വീട്ടിലാണ്. ഞാൻ ചിത്രരചനാ ക്യാംപിലും മറ്റും പോകുമ്പോൾ കൂട്ടുകാരാണ് ഒപ്പം വരുന്നത്.

എനിക്കറിയാവുന്ന കാര്യങ്ങൾ വേറൊരാൾക്കു പറഞ്ഞു കൊടുക്കാൻ ഇഷ്ടമാണ്. ഒരു സ്ത്രീ അവർക്കിഷ്ടമു‌ള്ള കാര്യം ചെയ്യുമ്പോൾ ആത്മവിശ്വാസം കൂടും. ഒപ്പം സന്തോഷവും. മറ്റാരെയും ചാരി നിൽക്കാത്ത നമ്മിൽ നിന്ന് ഉറവാകുന്ന സന്തോഷം.

ADVERTISEMENT