സ്ഥലം കുറവാണെങ്കിൽ ചട്ടികളിൽ കുറ്റിക്കുരുമുളക് വളർത്താം. നാല് – അഞ്ചു ചട്ടികളിൽ നിന്നു വർഷം മുഴുവൻ വീട്ടാവശ്യത്തിനുളള കുരുമുളക് ലഭിക്കും. ഗുണമേന്മയുള്ള കുരുമുളകുവള്ളിയുടെ പാർശ്വ ശിഖരങ്ങൾ വേരു പിടിപ്പിച്ചാണു കുറ്റിക്കുരുമുളക് തൈകൾ ഉൽപാദിപ്പിക്കുക. ബ്രസീലിയൻ തിപ്പലിയിൽ ഗ്രാഫ്റ്റ് ചെയ്തും നടാം. ഇവയ്ക്കു രോഗപ്രതിരോധ ശേഷിയും ആയുസ്സും വിളവും കൂടുതലാണ്.
∙ ഒരു വർഷം പ്രായമായതും മൂന്നു – നാലു മുട്ടുകളുള്ളതുമായ പാർശ്വ ശിഖരങ്ങൾ രാവിലെേയാ വൈകുന്നേരമോ മുറിച്ചെടുത്ത് ഇലകൾ നീക്കണം. 20 മിനിറ്റ് സ്യൂഡോണോമാസ് ലായനിയിൽ മുക്കിവച്ച ശേഷം വള്ളികൾ സ്യൂഡോമോണാസ് ചേർത്ത മണ്ണ്, മണൽ, ചാണകമിശ്രിതത്തിൽ നടുക. മൂന്നു മാസത്തിനു ശേഷം ചട്ടികളിലേക്കു മാറ്റി നടാം. മിശ്രിതത്തിൽ ട്രൈക്കോഡെർമ സമ്പുഷ്ടചാണകം, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് ചേർക്കണം.
∙ നേരിട്ടു സൂര്യപ്രകാശം ലഭിക്കാത്ത സ്ഥലമാണ് അനുയോജ്യം.
നീർവാർച്ചയുളള മണ്ണാകണം. മൂന്നു മാസത്തിലൊരിക്കൽ കുമ്മായം, രണ്ടു മാസത്തിലൊരിക്കൽ ജൈവ വളങ്ങൾ, ട്രൈക്കോഡെർമ സമ്പുഷ്ട ചാണകം, എല്ലുപൊടി, മണ്ണിര കംപോസ്റ്റ് ഇവ ചേർക്കാം. മാസത്തിലൊരിക്കൽ ചാണകം, വേപ്പിൻ പിണ്ണാക്ക്, കടലപ്പിണ്ണാക്ക് ഇവയിൽ പത്തിരട്ടി വെള്ളം ചേർത്തു നൽകാം. ചെടി നനച്ച ശേ ഷം സ്യൂഡോമോണാസ് നൽകുക. ഒരു ലീറ്റർ വെളളത്തിൽ 20 ഗ്രാം ബ്യൂവേറിയ ചേർത്തു തളിച്ചാൽ കീടങ്ങൾ അകലും. വർഷത്തിൽ രണ്ടു തവണ ഒരു ലീറ്റർ വെള്ളത്തിൽ മൂന്നു ഗ്രാം ഓക്സിക്ലോറൈഡ് ചേർത്തു തളിക്കാം.
വിവരങ്ങൾക്ക് കടപ്പാട്:
റോസ്മേരി ജോയ്സ്
മുൻ ഡെപ്യൂട്ടി ഡയറക്ടർ,
കൃഷി വകുപ്പ്, എറണാകുളം