ADVERTISEMENT

കാട്ടാന ചവിട്ടിയരച്ചു; ഒരു കർഷകജീവിതം കൂടി

കഠിനാധ്വാനിയായ കർഷകന്റെ ജീവനാണു മതമ്പയിലെ കാട്ടാനയാക്രമണത്തിൽ പൊലിഞ്ഞത്. കർഷക കുടുംബമാണു പുരുഷോത്തമന്റേത്. മക്കളായ പ്രശാന്തും (38) രാഹുലും (38) കൃഷിപ്പണിയിൽത്തന്നെ. ചെറിയ കടയും കൃഷിപ്പണിയുമായാണു പുരുഷോത്തമൻ ജീവിച്ചുവന്നത്. അടുത്തകാലത്ത് ഒരു കൊച്ചു വീടുവച്ചതിന്റെ കടം തീർക്കാനാണു റബർ തോട്ടങ്ങൾ പാട്ടത്തിനെടുത്തു ടാപ്പിങ് ആരംഭിച്ചത്. ആദ്യം കർണാടകയിലാണു പാട്ടത്തിന് റബർ എടുത്ത് ടാപ്പിങ് തുടങ്ങിയത്. കഴിഞ്ഞ ഏപ്രിലിലാണു മതമ്പയിലെ തോട്ടം പാട്ടത്തിന് എടുത്തത്. രണ്ടാമത്തെ മകൻ രാഹുലായിരുന്നു ഇവിടെ പുരുഷോത്തമന് ഒപ്പമുണ്ടായിരുന്നത്. മൂത്തമകൻ പ്രശാന്ത് കാസർകോട്ട് തോട്ടം പാട്ടത്തിന് എടുത്ത് ടാപ്പിങ് നടത്തുകയായിരുന്നു.

തമ്പലക്കാട്ടെ വീട്ടിൽ നിന്ന് 40 കിലോമീറ്റർ ആകലെയാണ് പെരുവന്താനം പഞ്ചായത്തിലെ മതമ്പയിലെ റബർ തോട്ടം. പുരുഷോത്തമനും രാഹുലും വാനിലാണ് ഇങ്ങോട്ടേക്ക് എത്തിയിരുന്നത്. മതമ്പയിൽ നിന്ന് ഓഫ് റോഡ് എന്നു വിളിക്കാവുന്ന പാതയിലൂടെ വേണം തോട്ടത്തിലേക്ക് എത്താൻ. രാവിലെ തോട്ടത്തിൽ എത്തി പുരുഷോത്തമനും രാഹുലും ടാപ്പിങ് ആരംഭിക്കും. ഒരു തൊഴിലാളി കൂടി ഇവർക്കൊപ്പം ഉണ്ടാകാറുണ്ട്. കഴി‍ഞ്ഞ കുറച്ചു ദിവസങ്ങളായി അസുഖ ബാധിതനായതിനാൽ ഇദ്ദേഹം എത്തിയിരുന്നില്ല. അതിനാൽ അച്ഛനും മകനും മാത്രമാണു ടാപ്പിങ്ങിനുണ്ടായിരുന്നത്. ഇന്നലെ രാവിലെയും ടാപ്പിങ്ങിനായി എത്തിയപ്പോഴായിരുന്നു അപകടം. എസ്എൻഡിപി യോഗത്തിന്റെ സജീവ അംഗം കൂടിയായിരുന്നു പുരുഷോത്തമൻ. മൃതദേഹം ഇന്നലെ രാത്രി വീട്ടിലെത്തിച്ചപ്പോൾ മരണവാർത്തയറിഞ്ഞ ദുഃഖത്തിൽ നൂറുകണക്കിന് നാട്ടുകാരാണ് അദ്ദേഹത്തിനായി കാത്തു നിന്നിരുന്നത്.

ആശുപത്രിയിലേക്ക് പോകുമ്പോഴും ആനയെ കണ്ടെന്ന് നാട്ടുകാരൻ
മുണ്ടക്കയം ∙ കാട്ടാനയുടെ ആക്രമണത്തിന് ഇരയായ പുരുഷോത്തമനെ ആശുപത്രിയിൽ കൊണ്ടുപോകും വഴി റോഡിനരികിൽ ആന‌യെ കണ്ടു. സംഭവ സ്ഥലത്ത് ആദ്യമെത്തിയ മരംവെട്ടു തൊഴിലാളികൾ അവരുടെ ജീപ്പിലാണ് ആശുപത്രിയിലേക്ക് കൊണ്ടു പോയത്. ജീപ്പ് വേഗത്തിൽ ഓടിച്ചാണ് മതമ്പ ഭാഗം പിന്നിട്ടതെന്നും ജീപ്പിലുണ്ടായിരുന്ന സോജൻ എന്നയാൾ പറയുന്നു. ടാപ്പിങ്ങിനായി പുരുഷോത്തമനും രാഹുലും രാവിലെ വാനിലാണ് റബർ തോട്ടത്തിൽ വന്നത്. ഈ വാഹനം തിരിച്ചു കൊണ്ടുവരാനായി പോയ നാട്ടുകാർ കാട്ടാന വന്നാൽ ഓടിക്കാനുള്ള പടക്കങ്ങളും മറ്റും കയ്യിൽ കരുതിയിരുന്നു. പ്രദേശത്ത് ആനയുടെ കാൽപാടുകൾ കണ്ടെന്നും ഇവർ പറഞ്ഞു.

ഉറക്കെ വിളിച്ചു പറഞ്ഞു; പക്ഷേ, അച്ഛൻ കേട്ടില്ല

മുണ്ടക്കയം ∙ ‘ആന വരുന്നുണ്ടെന്ന് ഉറക്കെ വിളിച്ചു പറഞ്ഞതാണ്, പക്ഷേ തോട്ടിൽ വെള്ളം ഒഴുകുന്നതിന്റെ ശബ്ദം കാരണം അച്ഛൻ കേട്ടില്ല. ഓടി വന്ന ആന അച്ഛനെ തുമ്പിക്കൈകൊണ്ട് അടിച്ചു വീഴ്ത്തി കാട്ടിലേക്കു പോകുന്നത് കാണേണ്ടി വന്നു. ആന പോയിക്കഴിഞ്ഞ് അടുത്തുള്ള ഷെഡിലേക്ക് എടുത്തുകൊണ്ടു പോകുമ്പോഴും അച്ഛനു ജീവനുണ്ടായിരുന്നു’: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പുരുഷോത്തമന്റെ മകൻ രാഹുലിന് കണ്ട കാര്യങ്ങൾ വിശ്വസിക്കാനാകുന്നില്ല. കഴിഞ്ഞ ഏപ്രിൽ ഒന്നിനാണു മതമ്പയിലെ തോട്ടം ഇവർ പാട്ടത്തിന് എടുത്തു ടാപ്പിങ് ആരംഭിച്ചത്. ടാപ്പിങ് ജോലി ചെയ്തിരുന്ന ആൾക്കു സുഖമില്ലാതെ വന്നതോടെ രാഹുലും പുരുഷോത്തമനും ടാപ്പിങ്ങിനു വന്നതാണ്. രാത്രിയിൽ പ്രദേശത്ത് കാട്ടാനയെ കാണാറുണ്ടെങ്കിലും പകൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും രാഹുൽ പറയുന്നു.

നടപടികൾ അകലെ

മാസത്തിനിടെ ഇടുക്കിയിൽ പെരുവന്താനം പഞ്ചായത്തിലെ വെള്ളാനി വാർഡിൽ കാട്ടാന ആക്രമണത്തിൽ 2 ജീവൻ പൊലിഞ്ഞെങ്കിലും ജനങ്ങൾക്ക് ആശ്വാസം പകരാൻ നടപടികൾ ഒന്നുമില്ല. കഴിഞ്ഞ ഫെബ്രുവരി 10നാണ് മതമ്പ കൊമ്പൻപാറയിൽ സോഫിയ എന്ന വീട്ടമ്മയെ ആന ചവിട്ടി കൊന്നത്. ഇവിടെനിന്ന് 5 കിലോമീറ്റർ മാത്രം അകലെയാണ് ഇന്നലെ വീണ്ടും ഒരുജീവൻ പൊലിഞ്ഞത്. കാട്ടാന ആക്രമണത്തിനു പിന്നാലെ സോഫിയയുടെ ഭർത്താവും മക്കളും അമ്മയും അടങ്ങുന്ന കുടുംബം പ്രദേശത്തുനിന്നു താമസം മാറ്റിയിരുന്നു. ടിആർ ആൻഡ് ടി എസ്റ്റേറ്റിലെ ലയങ്ങളിൽ ഒന്നിലേക്കാണ് ഇവരെ മാറ്റിയത്. സഹായധനമായി 10 ലക്ഷം രൂപ നൽകിയെങ്കിലും വീട് വച്ചു കൊടുക്കാം എന്ന വാഗ്ദാനം ഇതുവരെ പാലിച്ചിട്ടില്ല.

ഒരു ജീവൻ നഷ്ടപ്പെട്ട ദുരന്തം ഉണ്ടായിട്ടും അത് ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ല. വൈകിട്ട് ഇരുട്ടു വീണതിനു ശേഷമാണ് സോഫിയ കാട്ടാനയ്ക്ക് മുന്നിൽപെട്ടതെങ്കിൽ ഇന്നലെ പട്ടാപ്പകൽ ആയിരുന്നു ആക്രമണം.

ഇതിനിടയിൽ സോഫിയയെ ആക്രമിച്ച മോഴയാനയും മറ്റു കാട്ടാനക്കൂട്ടങ്ങളും ഈ പ്രദേശത്ത് പലതവണ എത്തി. കലക്ടർ ഉൾപ്പെടെയുള്ളവരെ ഇൗ വിവരമറിയിച്ചിരുന്നു. വനം വകുപ്പിന്റെ വണ്ടൻപതാലിലുള്ള റാപ്പിഡ് റെസ്പോൺസ് ടീം എത്തി ആനയെ ഓടിക്കുന്നതു മാത്രമായി നടപടികൾ ഒതുങ്ങി. വനാതിർത്തിയിൽ സോളർ വേലി ഉൾപ്പെടെ സ്ഥാപിക്കണം എന്ന ആവശ്യം ഉയർന്നെങ്കിലും പ്രാരംഭ പ്രവർത്തനം പോലുമായില്ല.
വനം വകുപ്പ് എത്തി ആനയെ പടക്കം പൊട്ടിച്ചും തീയിട്ടും ഓടിക്കുമെങ്കിലും ഇവ മറ്റ് പ്രദേശത്തേക്ക് പോവുകയാണ് പതിവ്.

മതമ്പയിൽ ആക്രമണം നടന്ന പ്രദേശത്തിന്റെ സമീപ വാർഡിലെ കൊയ്നാട് മേഖലയിൽ കാട്ടാനകൾ ഇന്നലെയും കൂട്ടത്തോടെ എത്തിയിരുന്നു എന്ന് പ്രദേശവാസിയായ ബിനോ പറയുന്നു. വെള്ളാനി വാർഡിന്റെ പ്രധാന മേഖലയാണു മതമ്പ. കോട്ടയം ജില്ലയിലെ കോഴിക്കോട് പഞ്ചായത്തിൽനിന്നാണ് മതമ്പയിലേക്കു നാട്ടുകാർ ഇപ്പോൾ ഉപയോഗിക്കുന്ന പ്രധാന വഴി. കർഷകരും തൊഴിലാളികളും താമസിക്കുന്ന പ്രദേശം ടിആർ ആൻഡ് ടി എസ്റ്റേറ്റിലെ വഴിയിൽ കൂടി വേണം എത്താൻ. പ്രകൃതി മനോഹരമായ സ്ഥലം ഇന്നു വന്യമൃഗ ആക്രമണ ഭീഷണിയിലാണ്. ദേശീയപാത 35-ാം മൈലിൽ നിന്നു കടമാൻ കുളം ചെന്നാപ്പാറ വഴിയും മതമ്പയിൽ എത്താം.

ADVERTISEMENT