ADVERTISEMENT

ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ തേവലക്കര കോയിവിള സൗത്ത് അതുല്യ ഭവനിൽ ടി.അതുല്യ ശേഖറിന്റെ (30) സംസ്കാരം നടത്തി. ഇന്നലെ വൈകിട്ട് 2.50ന് എത്തിച്ച മൃതദേഹം 4 മണിക്ക് സംസ്കരിച്ചു. ഇന്നലെ പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിൽ കൊണ്ടുവന്ന മൃതദേഹം  പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ എത്തിച്ചു. കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവന, തെക്കുംഭാഗം പൊലീസ് ഇൻസ്പെക്ടർ എസ്.ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ  ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. വീണ്ടും പോസ്റ്റ്മോർട്ടം നടത്തി ഉച്ചയ്ക്ക് രണ്ടോടെ മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി. അതുല്യയുടെ ഭർത്താവ് ശാസ്താംകോട്ട മനക്കര സജി നിവാസിൽ സതീഷ് ശങ്കറിന്റെ പേരിൽ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി.

ഈ മാസം 19നു പിറന്നാൾ ദിവസം പുലർച്ചെയാണ് അതുല്യയെ ഭർത്താവിനൊപ്പം താമസിച്ചു വന്ന ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2014ൽ ആയിരുന്നു അതുല്യയും ശാസ്താംകോട്ട മനക്കര സജി നിവാസിൽ സതീഷ് ശങ്കറുമായുള്ള വിവാഹം. മദ്യത്തിനു അടിമയായ ഭർത്താവ് ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇതിനിടെ കോടതിയിൽ വരെ കേസ് വന്നിരുന്നു. വീണ്ടും ഒരുമിക്കുകയായിരുന്നു. 2 വർഷം മുൻപാണ് അതുല്യ ദുബായിൽ എത്തിയത്. പിന്നീട് ഷാർജയിലേക്ക് താമസം മാറ്റുകയായിരുന്നു. മൂന്നു മാസം മുൻപ് നാട്ടിലെത്തിയ അതുല്യ 10 വയസ്സുള്ള മകൾ ആരാധ്യയുമായി  മടങ്ങിപ്പോയെങ്കിലും മകൾക്ക് അവിടെ പഠിക്കാൻ താൽപര്യമില്ലാത്തതിനാൽ നാട്ടിലേക്ക് തിരിച്ചയ്ക്കുകയായിരുന്നു.

ADVERTISEMENT

ബന്ധുക്കളുടെ പരാതിയെത്തുടർന്ന് ചവറ തെക്കുംഭാഗം പൊലീസ് കൊലപാതകക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം ഭർത്താവിനെതിരെ കേസെടുത്തു. ആരോപണ വിധേയനായ ഭർത്താവിനെ നാട്ടിൽ എത്തിക്കുന്നതിനു ചവറ തെക്കുംഭാഗം പൊലീസ് നടപടി തുടങ്ങി. ഇൻസ്പെക്ടർ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഭർത്താവ് സതീഷിനു മരണത്തിൽ പങ്കുണ്ടെന്നു കാട്ടി സഹോദരി പരാതി നൽകിയതിനു പിന്നാലെ ഇയാളെ ഷാർജ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.

അതേസമയം മരണം ആത്മഹത്യയാണെന്നു ഷാർജ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.  ബന്ധുക്കളുടെ പരാതിയെത്തുടർന്നാണ് നാട്ടിലെത്തിച്ച മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്തിയത്. മകൾ ആരാധ്യയെ മരണ വിവരം അറിയിച്ചത് ചൊവ്വ വൈകിട്ടായിരുന്നു. അമ്മയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ആരാധ്യയുടെ നിലവിളി മറ്റുള്ളവർക്ക് വേദനയായി. അതുല്യയുടെ ചിതയ്ക്ക് ആരാധ്യ തീ കൊളുത്തി. വൻ ജനാവലിയാണ് സംസ്കാരച്ചടങ്ങിൽ    പങ്കെടുക്കാൻ എത്തിയത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT