വയനാട് പുത്തുമല ദുരന്തത്തിന്റെ ഒാർമയിൽ ബാപ്പയുടെ കുഴിമാടത്തിലേക്കു പൂച്ചെണ്ടുമായി നൈസമോളുമെത്തി. നഷ്ടപ്പെടലിന്റെ ആഴങ്ങളെക്കുറിച്ച് ചിന്തിക്കാനുള്ള പ്രായമായില്ലെങ്കിലും ഉമ്മയുടെയും ബന്ധുക്കളുടെയും ഡിവൈഎഫ്ഐ പ്രവർത്തകരുടെയും ഒപ്പം ബാപ്പ ഷാജഹാന്റെ കബറിടത്തിനു മുന്നിൽ ആ നാലുവയസ്സുകാരി പൂക്കൾ സമർപ്പിച്ചു.
എല്ലാവരുടെയും കൈകകളിലിരിക്കുമ്പോളും അവളുടെ ഇടയ്ക്ക് കണ്ണുകൾ ഉപ്പയുടെ കബറിടത്തിലേക്ക് പോകുന്നുണ്ടായിരുന്നു. പൂച്ചെണ്ട് സമർപ്പിക്കാനായി ഇറങ്ങിയപ്പോൾ അവൾ പെട്ടെന്ന് കബറിടത്തിൽ ഉമ്മ നൽകി. അത്രയും നേരെ പിടച്ചുനിന്നവർക്ക് അതോടെ കണ്ണീരടക്കാനായില്ല.
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജും സംസ്ഥാന പ്രസിഡന്റ് വി. വസീഫും നൈസയെ മാറിമാറി എടുത്തു.കുറേനരം കബറിടത്തിൽ പൂക്കളിൽ തലോടിയും കളിച്ചുമിരുന്നു. ഡിവൈഎഫ്ഐ ചൂരൽമല മേഖല ട്രഷറർ ആയിരുന്നു ഷാജഹാൻ.ഷാജഹാനോടൊപ്പം നൈസമോളുടെ സഹോദരങ്ങളായ ഹിന, ഫൈസ എന്നിവരെയും ഷാജഹാന്റെ മാതാപിതാക്കളായ മുഹമ്മദ് കുട്ടി, ജമീല എന്നിവരെയും ദുരന്തം കൊണ്ടുപോയി. ഓർമപ്പൂക്കളർപ്പിക്കാൻ നൈസമോളും ഉമ്മ ജസീലയും മാത്രം ബാക്കിയായി.