തുടരുന്ന ആത്മഹത്യകൾ... തോരാത്ത കണ്ണീരുകൾ. ഭർതൃവീടുകളിൽ എല്ലാം അനുഭവിച്ചും തീ തിന്നും ജീവനൊടുക്കുന്ന പെൺകുട്ടികളുടെ എണ്ണം സാക്ഷര കേരളത്തെ ലജ്ജിപ്പിക്കുകയാണ്. വിപഞ്ചികയും അതുല്യയും തോരാകണ്ണീരായി നിൽക്കുമ്പോഴാണ് തൃശൂർ സ്വദേശി ഫസീലയുടെ ആത്മഹത്യ വാർത്തയും പുറത്തു വരുന്നത്. ഈ സാഹചര്യത്തിൽ ശ്രദ്ധേയനമായ കുറിപ്പ് പങ്കുവയ്ക്കുകാണ് സാമൂഹ്യ പ്രവർത്തകയായ റാണി നൗഷാദ്. വിവാഹത്തോടെ സ്വന്തം വീടുമായുള്ള ബന്ധം ഒരു പെൺകുട്ടിക്ക് അറ്റുപോകരുതെന്ന് റാണി പറയുന്നു. നീ മറ്റൊരു വീട്ടിലെ പെണ്ണാണ് മറ്റൊരു വീട്ടിൽ പൊറുക്കേണ്ടവളാണ്, അതിനു വേണ്ടി നീ അങ്ങനെ ആകണം ഇങ്ങനെയാകണമെന്നൊന്നും പെൺകുട്ടികളെ പറഞ്ഞു പഠിപ്പിക്കേണ്ടതില്ല. മക്കൾ വിവാഹം കഴിക്കാൻ പ്രാപ്തരായി എന്ന് തോന്നുമ്പോൾ മാതാപിതാക്കളാണ് ആദ്യം അതിനുവേണ്ടി പ്രിപ്പേർഡ് ആവേണ്ടതെന്നും റാണി ഓർമിപ്പിക്കുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
അടുത്തടുത്ത് സംഭവിക്കുന്ന പെൺകുട്ടികളുടെ മരണങ്ങളും അതിനു കാരണക്കാരായ അവരുടെ ഭർത്താക്കന്മാരും ഭർതൃ വീട്ടുകാരും.
കേരളത്തിൽ വിവാഹിതരായ പെൺകുട്ടികളുടെ തുടർച്ചയായ മരണങ്ങളും അതിനെ തുടർന്നുള്ള പത്ര വാർത്തകളുമൊക്കെ കാണുകയും കേൾക്കുകയും ചെയ്തിട്ടും പിന്നെയും അത്തരം നീചകൃത്യങ്ങൾ കാണിക്കാൻ നിങ്ങൾക്ക് ഭയമില്ലേ...?
അതോ ബോധമില്ലേ...?
വീട്ടിലേക്ക് വരുന്ന ഒരു പെൺകുട്ടി/ ആൺകുട്ടി നമ്മുടെ വീട്ടിൽ വന്നു കഴിഞ്ഞാൽ അവരുടെ സ്വന്തം വീടാണ് എന്ന് തോന്നാൻ വേണ്ടിത്തന്നെ ആ വീട് പാകപ്പെടേണ്ടതുണ്ട്....
ഒരുപക്ഷേ അതിനുവേണ്ടിയുള്ള മുന്നൊരുക്കങ്ങൾ ചെറുക്കനോ പെണ്ണോ തുടങ്ങേണ്ടുന്നതിനു മുന്നേ
ആ വീട്ടിലെ അച്ഛനും അമ്മയുമാണ് തുടങ്ങേണ്ടത്.
നീ മറ്റൊരു വീട്ടിലെ പെണ്ണാണ് മറ്റൊരു വീട്ടിൽ പൊറുക്കേണ്ടവളാണ്, അതിനു വേണ്ടി നീ അങ്ങനെ ആകണം ഇങ്ങനെയാകണമെന്നൊന്നും പെൺകുട്ടികളെ പറഞ്ഞു പഠിപ്പിക്കേണ്ടതില്ല.പകരം നിനക്ക് പറ്റാത്ത സാഹചര്യങ്ങൾ ആണെങ്കിൽ ഉടനടി വീട്ടിൽ അറിയിക്കണമെന്നും, അതു പരിഹരിക്കാൻ നിന്റെ അച്ഛനും അമ്മയുമായ ഞങ്ങൾ ഒരുക്കമാണെന്നും, കുട്ടികൾക്ക് ഉറപ്പു കൊടുക്കുക. ജീവിതമാണ്, സാഹചര്യങ്ങൾക്ക് അനുസരിച്ചാണ് മനുഷ്യൻ മാറ്റപ്പെടേണ്ടത്. അത് മുൻകൂട്ടി പ്രവചിച്ച് ചെയ്യാൻ പറ്റില്ല.
മറ്റൊരു വീട്ടിലെകുട്ടി നമ്മുടെ വീട്ടിലേക്ക് വരുമ്പോൾ അവളുടെ ഇമോഷൻസ് എല്ലാം എന്റെ മകന്റെയും,എന്റെ കുടുംബത്തിന്റെയും സന്തോഷങ്ങളെ ബാധിക്കുന്നതാണ് എന്ന് തിരിച്ചറിഞ്ഞ് പഠിക്കേണ്ടതാണ്.
സ്വന്തം വീട്ടിൽ നിന്നും മറ്റൊരു വീട്ടിലേക്ക് പറിച്ചു നടപ്പെടുന്ന പെൺകുട്ടിക്ക് ഈ വീട് ഇനിമുതൽ എന്റെ സ്വന്തമാണെന്ന് കരുതാൻ പാകത്തിൽ എന്തെങ്കിലും അവിടെ ഉണ്ടാകണം...
ഒരുപക്ഷേ വിവാഹം കഴിക്കുന്നവർ പക്വതയില്ലാത്ത രണ്ടു പേരാണെങ്കിൽ പോലും അവർക്കിടയിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങളും വളരെ ഭംഗിയായി തിരുത്തി കൊടുക്കാനും പറഞ്ഞുകൊടുക്കാനും ഒക്കെ ആ വീട്ടിൽ ഒരു നല്ല അച്ഛനും അമ്മയും ഉണ്ടെങ്കിൽ അവർക്കാകും.
തെറ്റ് ആരുടെ ഭാഗത്താണെന്ന് മനസ്സിലാക്കി വേണം പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടത്.
ഒരുപക്ഷേ അന്നുവരെ നമ്മൾ വളർത്തിക്കൊണ്ടുവന്ന നമ്മുടെ മകൻ നല്ലതാണ്, ഈ ലോകത്തിലെ ഏറ്റവും മാന്യനാണ് എന്ന ധാരണ പോലും അവൻ ഒരു ഭർത്താവായി കഴിയുമ്പോൾ നമുക്ക് തിരുത്തേണ്ടതായി വരും.
നമുക്ക് അവൻ നല്ലൊരു മകൻ ആയിരിക്കാം.
പക്ഷേ നല്ലൊരു ഭർത്താവ് ആകണമെന്നില്ല. അത്തരം പ്രശ്നങ്ങൾ കണ്ടാൽ യഥാസമയം പരിഹരിക്കാൻ കഴിയുന്നതും അവനെ തിരുത്താൻ കഴിയുന്നതും അവന്റെ അച്ഛനും അമ്മയ്ക്കും ആണ്.
ഇനി വന്നു കയറുന്ന പെൺകുട്ടിയുടെ ജീവിതം അവനവന്റെ ആൺമക്കൾ നിമിത്തം അത്രമേൽ പ്രശ്നമാണെങ്കിൽ ആ അച്ഛനമ്മമാർ തന്നെ ഇടപെട്ട് ആ പെൺകുട്ടിയെ സേഫ് സോണിലേക്ക് മാറ്റേണ്ട ചുമതലയും ഏറ്റെടുക്കണം.
അല്ലാതെ അവളെ കൊലയ്ക്ക് കൊടുക്കരുത്. അപരിചിതരായ രണ്ട് വ്യക്തികൾ, വിവാഹ സമയത്ത് മാത്രം പരിചിതരായവർ ആണെങ്കിൽപ്പോലും മൂന്നോ നാലോ മാസങ്ങൾ കൊണ്ട് തന്നെ ഒരാളുടെ ബേസിക് ക്യാരക്ടർ മനസ്സിലാക്കാൻ കഴിയും.
ആ സമയം കൊണ്ടുതന്നെ അവൾക്ക് അവന്റെ അച്ഛനമ്മമാരിലും സഹോദരിമാരിലുമൊക്കെ വിശ്വാസവും സ്നേഹവും രൂപപ്പെടാനും കഴിയും...
മനുഷ്യരെ അറിയാനും അവരുടെ സ്നേഹവും കരുതലും അറിയാനും ഒരുപാട് കാലം ഒന്നും ഒപ്പം കൂടേണ്ടതില്ല. കുറച്ചു നാളുകൾ മതി.
കാരണം അമ്മ അച്ഛൻ എന്നൊക്കെ പറയുന്നത് ആരുടേതായാലും അതൊരു വികാരമാണ്.
ഈ വീട് എന്റെയും കൂടിയാണ് ഈ വീട്ടിലുള്ള ഓരോ അംഗങ്ങളും എനിക്ക് സ്വന്തമാണ് എന്ന് തോന്നുന്നിടത്താണ് മാതാപിതാക്കളുടെ വിജയം. അവിടെയാണ് സ്നേഹമുണ്ടാകുന്നത്.
******************************************
നാലുവർഷം കഴിഞ്ഞു എന്റെ മകൻ വിവാഹിതനായിട്ട്. ഇവിടെ എന്റെ മോളുടെ ഓരോ ചലനങ്ങളും എനിക്ക് വ്യക്തമാണ്. അവളുടെ പിരീഡ്സിനു മുൻപേ ഉണ്ടാകുന്ന മൂഡ് സ്വിങ്‌സ് പോലും എനിക്ക് പരിചിതമാണ്.
ഞാൻ നാട്ടിലും അവര് ദുബായിലും ആണെങ്കിൽ പോലും ഒരു കോളിൽ എനിക്ക് അത് തിരിച്ചറിയാൻ കഴിയും.
അവളുടെ സന്തോഷത്തിന്റെയും സന്താപത്തിന്റെയും സൂചിക എനിക്ക് ഹൃദ്യമാണ്. വന്നുകയറിയ മോളെ എന്റെ സ്വന്തം മോള് മോള് മോള് എന്ന് പറഞ്ഞു പറഞ്ഞ് എന്റെ മകളായി മാറിയവളാണ്. ഇന്ന് അവളുടെ ശരീരത്തിൽ ഒരു ഈച്ച വന്നിരുന്നാൽ എനിക്ക് താങ്ങാൻ ആവില്ല. ഒരുപക്ഷേ എന്നെക്കാൾ കൂടുതൽ അവളുടെ വാപ്പി അത് താങ്ങില്ല.
ഇഷ്ടം പോലെ ഉറങ്ങാൻ ഇഷ്ടമുള്ളതൊക്കെയും കഴിക്കാൻ ഒരുപക്ഷേ ഞാൻ അടുത്തുള്ള നേരങ്ങൾ അവൾക്ക് പ്രിയപ്പെട്ടതാണെന്ന് എനിക്കറിയാം....
കൊടുക്കുന്നത് കൊടുക്കുന്നതിന്റെ ഇരട്ടിയായി കിട്ടും എന്നുള്ളതുകൊണ്ടാവാം
എനിക്കൊരു തലവേദന വന്നാൽ ഞാൻ കിടക്കുന്നിടത്തേക്ക് എനിക്കുള്ള ചായയും ഭക്ഷണവും ഒക്കെയായിട്ട് വന്ന് ഒരു കൊച്ചുകുട്ടിയെയെന്ന പോലെ വായിലേക്ക് തിരികി എന്നെ അവൾ ഊട്ടിക്കുന്നത്....
ഓരോ ബന്ധങ്ങളും അവൾക്ക് മനപ്പാഠമാണ്. എന്റെയും ഇക്കായുടെയും ഉമ്മമാരെ, ഞങ്ങളുടെ ബന്ധുക്കളെ ഒക്കെ അവൾ കെയർ ചെയ്യുന്നത് ഒരുപാട് സന്തോഷം നൽകുന്നതുമാണ്. അതുകൊണ്ടുതന്നെ എല്ലാ ബന്ധുക്കൾക്കും അവൾ പ്രിയപ്പെട്ടവളുമാണ്.
ആ ബന്ധങ്ങളും അതിന്റെ വ്യാപ്തിയും മൂന്നു വയസ്സുകാരിയായ മകളെയും അവൾ പഠിപ്പിക്കുന്നുണ്ട്.
ഞങ്ങൾക്കും അതങ്ങനെയാണ്. അവളുടെ വീട്ടിലുള്ള ഓരോരുത്തരും, അവരുടെ സന്തോഷങ്ങളും സങ്കടങ്ങളും എല്ലാം ഞങ്ങളുടെയും കൂടിയാണ്...
കൂടുമ്പോൾ ഇമ്പമുള്ളതാണല്ലോ കുടുംബം.
ഒരുപക്ഷേ ഇതിനെല്ലാം ഒരു മറുപുറം എന്ന പോലെ എന്റെ ഇളയ മകൾക്കും അവൾ ചെന്ന് കയറിയ വീട്ടിൽ എന്തുണ്ടെങ്കിലും എന്നോട് പറ മോളെ എന്നു പറയുന്ന, അവൾ ഒരു പരീക്ഷ എഴുതാൻ പോയാൽ അത് എളുപ്പമാവാൻ വേണ്ടി പ്രാർത്ഥിക്കുന്ന, സ്വന്തം കാലിൽ നിൽക്കണം എന്ന് എപ്പോഴും പറഞ്ഞു കൊടുക്കുന്ന, ദുബായിൽ ജീവിക്കുന്ന അവൾക്ക് നാട്ടിൽ നിന്നും ഡ്രസ്സുകൾ വാങ്ങിക്കൂട്ടി കൊടുത്തു വിടുന്ന ഒരുമ്മയെയാണ് കിട്ടിയത്....
എന്നും അത് അങ്ങനെ തുടരട്ടെ നമുക്ക് സമ്പാദ്യം ഉണ്ടെങ്കിൽ അതിൽ നിന്ന് ഒരു വിഹിതം സ്വർണമായോ വീടായോ പണമായോ നമ്മുടെ മക്കളുടെ പേരിൽ കൊടുക്കുന്നത് അവരുടെ സന്തോഷത്തിനും, അവരുടെ മുന്നോട്ടുള്ള ജീവിതത്തിന്റെ കരുതലിനും സപ്പോർട്ടിനും വേണ്ടിയാണ്.
അതിന്റെ കൂടുതൽ കുറവുകൾ തുലനം ചെയ്യാൻ മറ്റൊരാൾക്കും അവകാശമോ അധികാരമോ ഇല്ല...
പങ്കാളിക്ക് ജോലിയില്ല എന്നുണ്ടെങ്കിൽ ജോലിയുള്ളയാൾ പങ്കാളിയുടെ എല്ലാ ഉത്തരവാദിത്തങ്ങളും നോക്കി നടത്താൻ പ്രാപ്തനായിരിക്കണം. പ്രത്യേകിച്ചും പെൺകുട്ടികൾ സ്വന്തമായി ഒരു ജോലി ചെയ്യുന്നതും വരുമാനം ഉണ്ടാക്കുന്നതും ഡ്രൈവിംഗ് തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾ പഠിച്ചിരിക്കുന്നതും അത് ചെയ്യാനാവുന്നതും അവൾക്ക് കൂടുതൽ ധൈര്യവും ആത്മവിശ്വാസവും നൽകുന്നു.
ഇപ്പോൾ അടുത്ത് കേരളത്തിൽ നടന്ന പെൺകുട്ടികളുടെ എല്ലാ ആത്മഹത്യകളിലും പുരുഷനോടൊപ്പം തന്നെ അവന്റെ മാതാപിതാക്കളും പങ്കാളികളാണ്...
മരിക്കാൻ എന്ത് എളുപ്പമാണ്. ജീവിക്കാനാണ് കഠിനം.
കഠിനമായതിനെ അതിജീവിക്കാനാണ് നമ്മൾ പ്രാപ്തരാകേണ്ടത്....
വീട്ടിലേക്ക് വന്നു കയറുന്നവർ മരുമക്കൾ അല്ല മക്കളാണ്. കാരണം അവർ നമ്മുടെ മക്കളുടെ ജീവിതത്തിലേക്ക് വരുന്നത് സന്തോഷം പകരാനും ജീവിതത്തിന്റെ പുതിയ തലങ്ങളിലേക്ക് ആ കുടുംബത്തെ നയിക്കാനുമാണ്....വന്നു കയറിയ മകളെ സ്വന്തം മകളായി തന്നെ കാണണം സ്വാർത്ഥത വെടിഞ്ഞ് അതിനായി ഒന്ന് ശ്രമിക്കേണ്ടിവരും.
അതിനായ് ഏത് ഉറക്കത്തിലും ഉണർവിലും മക്കൾ സന്തോഷമായിരിക്കണം എന്നാഗ്രഹിച്ചാൽ മാത്രം മതി...