ADVERTISEMENT

മനസ്സിനു ചിറകുകൾ നൽകുന്ന മാന്ത്രികാനുഭവങ്ങളാണ് ഓരോ യാത്രയും. കാടുകളും പർവതങ്ങളും ഭാഷകളും അനുഭവങ്ങളുടെ അതിർത്തികളും താണ്ടി ഹൃദയം നിറയ്ക്കുന്ന മറ്റൊരു ജീവിതം ഓരോ സഞ്ചാരവും സമ്മാനിക്കുന്നു. അത്തരം സന്തോഷപ്പോക്കുകളുടെ മനോഹരമായ കഥകളാലും അനുഭവ വിവരങ്ങളാലും സമ്പന്നമായിരുന്നു മനോരമ ട്രാവലർ ട്രാവൽ മാർട്ടിന്റെ രണ്ടാം ദിവസം.

വിനോദസഞ്ചാര മേഖലയിലെ പ്രമുഖരും ട്രാവൽ ഏജൻസികളും ഒരുമിക്കുന്ന ഫോർച്യൂൺ ടൂർസ് – മനോരമ ട്രാവലർ ട്രാവൽമാർട്ടിൽ പങ്കാളികളാകാൻ ജനം ഒഴുകിയെത്തി. മേളയുടെ സമാപനദിനമായ ഇന്ന് ചലച്ചിത്രതാരങ്ങളായ മിയ, ഗോവിന്ദ് പദ്മസൂര്യ, വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർമാരായ ഡേവിഡ് രാജു, ഷൈജു കേളന്ത്ര, ഫൂഡ് വ്ലോഗർമാരായ രാജ് കലേഷ്, എബിൻ ജോസ്, പർവതാരോഹകയായ അമൃത ജയചന്ദ്രൻ, സാഹസിക സമുദ്ര സഞ്ചാരി നിഷിത ചന്ദ്രൻ പൊതുവാൾ എന്നിവരാണ് യാത്രാനുഭവങ്ങൾ പങ്കുവച്ചത്. മേളയുടെ ഭാഗമായുള്ള ഫോട്ടോ എക്സിബിഷനിൽ പ്രശസ്തരായ പത്തു വന്യജീവി ഫൊട്ടൊഗ്രഫർമാർ പകർത്തിയ ചിത്രങ്ങളുടെ പ്രദർശനവും ആകർഷണീയമായി.

ADVERTISEMENT

പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രഫർമാരായ ഡേവിഡ് രാജുവും ഷൈജു കേളന്ത്രയും തങ്ങളുടെ കാടനുഭവങ്ങൾ വിവരിച്ചപ്പോൾ സദസ്സ് ആകാംക്ഷയോടെയാണ് പ്രതികരിച്ചത്. വിഖ്യാത ഫൊട്ടോഗ്രഫർ വിക്ടർ ജോർജിന്റെ ചിത്രങ്ങളാണ് തന്നെ ഈ മേഖലയിലേക്ക് എത്തിച്ചതെന്നു ഷൈജു കേളന്ത്ര പറഞ്ഞു. 18 വയസ്സിൽ സർക്കാർ ജോലി കിട്ടി. കാസർഗോഡേക്ക് സ്ഥലം മാറ്റമായത് ഉർവശി ശാപം ഉപകാരം എന്നു പറയും പോലെയായി. യാത്രാപ്രേമിയും ഫൊട്ടോഗ്രഫറുമായ ലോറൻസിന്റെ കൂട്ട് തന്റെ വനയാത്രകളെയും ഫൊട്ടോഗ്രഫി താൽപര്യത്തെയും ഏറെ സ്വാധീനിച്ചതായി ഷൈജു പറയുന്നു. കോളജ് കാലത്തു തോന്നിയ കൗതുകമാണ് ഡേവിഡിനെ ഫൊട്ടോഗ്രഫിയിലേക്കു നയിച്ചത്. കോട്ടയത്തെ പ്രകൃതിസ്നേഹികളുടെ കൂട്ടായ്മ തനിക്കു ദിശാ ബോധം നൽകിയെന്ന് അദ്ദേഹം പറയുന്നു. ഇത്രകാലം പകർത്തിയവയിലെ ഇഷ്ട ചിത്രത്തെക്കുറിച്ചും ഇരുവരും പറഞ്ഞു.

travel-mart-day-2

രണ്ടാൾക്കും അത് തങ്ങളുടെ ‘കടുവച്ചിത്രങ്ങള്‍’ ആണ്. തുമ്പികളോടുള്ള ഇഷ്ടത്താൽ മകൾക്ക് തുമ്പി എന്നു പേരിട്ടയാളാണ് ഡേവിഡ്. തവളകൾ, പാമ്പുകൾ, ചിത്രശലഭങ്ങൾ എന്നിവയെക്കുറിച്ചൊക്കെ പഠിച്ചു വിവരശേഖരണം നടത്തുന്നതില്‍ താൽപര്യമുള്ള ഡേവിഡ് അത്തരം ചെറിയ ജീവികളെ ക്യാമറയിൽ പകർത്തുന്നതിലെ വെല്ലുവിളികളും വിശദീകരിച്ചു. ചില വനയാത്രകളിൽ ആഗ്രഹിച്ച ചിത്രങ്ങളൊന്നും കിട്ടാതെ നിരാശയോടെ മടങ്ങേണ്ടി വന്നിട്ടുണ്ടെന്നാണ് ഷൈജു പറയുന്നത്. കരിമ്പുലിയെ കാണാൻ വേണ്ടി മാത്രം 25 പ്രാവശ്യം കാട്ടിലേക്കു പോയി നിരാശനായ മനുഷ്യനെ പരിചയപ്പെട്ട കഥയും അദ്ദഹം പറഞ്ഞു. വനയാത്രകളുമായും വന്യജീവികളുമായും ബന്ധപ്പെട്ട നിരവധി ചോദ്യങ്ങൾ സദസ്സിൽ നിന്നുണ്ടായി. അതിനൊക്കയും തങ്ങളുടെ അനുഭവങ്ങൾ മുൻനിർത്തിയാണ് ഇരുവരും മറുപടി പറഞ്ഞത്.

ADVERTISEMENT

അങ്കമാലി മാങ്ങാക്കറി മുതൽ നാഗാലാ‌ന്റിലെ പട്ടിഫ്രൈ വരെ നീണ്ട രുചിയാത്രകളുടെ കൗതുകഥകളാൽ സമ്പന്നമായിരുന്നു രാജ് കലേഷും എബിൻ ജോസും ഒന്നിച്ചെത്തിയ ടേസ്റ്റി ട്രാവൽ സെഷൻ.

ഒരു ദിവസം രാവിലെ കഴിക്കുന്ന ഭക്ഷണം ആ ദിവസത്തെ മൊത്തം മൂഡിനെയും നിശ്ചയിക്കുന്നതാണെന്ന് എബിൻ പറഞ്ഞപ്പോൾ, കഴിച്ച ഭക്ഷണം നല്ലതെങ്കിൽ മരിച്ചാലും അതിന്റെ രുചി മറക്കില്ലെന്നാണ് രാജ് കലേഷിന്റെ പക്ഷം. ശ്രീലങ്കയിൽ പോയപ്പോൾ കഴിച്ച ഗന്ധകശാല അരിയുടെ ഓർമ ഉണർത്തിയ പൊതിച്ചോറിന്റെ രുചിയനുഭവം രാജ് കലേഷ് പങ്കുവച്ചപ്പോൾ കേട്ടിരുന്നവരിലും കൊതിയുണർന്നു. ജയ്പൂരിലെ ഇഞ്ചിച്ചായയുടെ കൂട്ടുകൾ വിവരിച്ച് എബിനും സദസ്സിനെ കൊതിപ്പിച്ചു.

ADVERTISEMENT

ഏറ്റവും നല്ല സീ ഫുഡ്‌ മംഗലാപുരത്താണെന്നാണ് രണ്ടാളുടെയും അഭിപ്രായം. അവിടുത്തെ തൈരിൽ പാകം ചെയ്യുന്ന മീൻകറിയെക്കുറിച്ച് കലേഷ് പറഞ്ഞപ്പോൾ കൊൽക്കത്തയിലെ ഒരു പ്രധാന വിഭവമാണതെന്ന് എബിൻ. എബിന്റെ ജീവിത പങ്കാളി കൊൽക്കത്തക്കാരിയാണ്. വിശപ്പാണ് ഏറ്റവും വലിയ രുചി എന്നാണ് എബിന്റെ പക്ഷം. വിശപ്പു മാറുമ്പോൾ രുചി മങ്ങും എന്നു രാജ് കലേഷും പറയുന്നു. തലശ്ശേരി മീൻബിരിയാണിയും കോഴിക്കോടൻ ദം ബിരിയാണിയും വേണു ബിരിയാണിയുമാണ് രാജ് കലേഷിന്റെ പ്രിയപ്പെട്ട ബിരിയാണി രുചികൾ. മൈസൂർ ഹനുമന്ത് ബിരിയാണിയാണ് എബിന്റെ ഫേവറിറ്റ്. 54 രാജ്യങ്ങൾ സന്ദർശിച്ചതിൽ നേപ്പാളിലെ ഗ്രാമങ്ങളാണ് രാജ് കലേഷിനു ഏറ്റവും പ്രിയപ്പെട്ടത്. പക്ഷേ, ആതിഥ്യമര്യാദയിൽ മലപ്പുറം കഴിഞ്ഞേ വേറെ ഇടമുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ അനുഭവം. നാഗാലാന്റിൽ പോയപ്പോൾ പട്ടിയിറച്ചി ഫ്രൈ കഴിച്ചതാണ് താൻ പരീക്ഷിച്ചതിൽ ഏറ്റവും വ്യത്യസ്തമായ ഭക്ഷണങ്ങളിലൊന്നെന്ന് രാജ് കലേഷ് പറഞ്ഞു. പക്ഷേ, കുറ്റം പറയരുതല്ലോ ഉഗ്രൻ ടേസ്റ്റ്. അവസരം വന്നിട്ടും താൻ അതു കഴിച്ചില്ലെന്ന് എബിൻ. പക്ഷേ, ഒച്ചിനെ ഇട്ട ദാൽ കറി കഴിച്ചു. പക്ഷേ, ഇഷ്ടമായില്ല. ഹാപ്പി ആയി ഫൂഡ്‌ കഴിക്കുക. ഉൻമേഷം നഷ്ടപ്പെടുത്തുന്ന ഫൂഡ്‌ ഒഴിവാക്കുക എന്ന ടിപ്പാണ് ഭക്ഷണപ്രേമികൾക്ക് രാജ് കലേഷിനു നൽകാനുള്ളത്.

raj-kalesh-travel-mart

രണ്ട് പ്രിയസുഹൃത്തുക്കളുടെ സൗഹൃദവേദിയായിരുന്നു മിയ ജോർജും ഗോവിന്ദ് പദ്മസൂര്യയും പങ്കെടുത്ത സെഷൻ. അഭിനയജീവിതവുമായി ബന്ധപ്പെട്ടും അല്ലാതെയുമുള്ള തങ്ങളുടെ യാത്രകളെക്കുറിച്ചും അവയിലെ രസകരമായ അനുഭവങ്ങളെക്കുറിച്ചും ഇരുവരും വാചാലരായി. ജോലിയുമായി ബന്ധപ്പെട്ട യാത്രകൾ വിനോദയാത്രകൾ പോലെ ആസ്വദിക്കാനാകില്ലെന്നും അപ്പോൾ ജോലി മാത്രമാകും മനസ്സിലെന്നും ജി.പി. പറയുന്നു. മിയയുടെ ഓർമയിലെ ആദ്യയാത്ര കുട്ടിക്കാലത്ത് വേളാങ്കണ്ണിയിലേക്കു പോയതാണ്. ആദ്യമായി പാസ്പോർട്ട്‌ എടുത്തതും വിദേശത്തേക്ക് പോയതും അഭിനയരംഗത്തു സജീവമായ ശേഷം ഒരു സ്റ്റേജ് ഷോയ്ക്കു വേണ്ടിയായിരുന്നു. അപ്പോഴും പരിപാടി കഴിഞ്ഞു ഉടൻ മടങ്ങുന്നതായിരുന്നു രീതി. അടുത്ത കാലത്തായാണ് യാത്രകളെ കൂടുതൽ ആസ്വദിച്ചു തുടങ്ങിയത്. വർഷത്തിൽ ഒരു വിദേശ യാത്രയെങ്കിലും ഉണ്ടാകണം എന്ന തീരുമാനത്തിലാണിപ്പോൾ. 2016 ൽ മിയ ഉൾപ്പെടുന്ന ടീമിനോപ്പം അമേരിക്കയിലേക്ക് ഒരു സ്റ്റേജ് ഷോയ്ക്ക് പോയ അനുഭവം മറക്കാനാകില്ലെന്ന് ജി.പി. മിയയുടെ മമ്മിയും തങ്ങളും ഒന്നിച്ചാൽ ഭയങ്കര സംസാരമാണ്. അമേരിക്കൻ യാത്രയിലും അതിനു കുറവുണ്ടായില്ല. പക്ഷേ, ഒരു അബദ്ധം പറ്റി, സംസാരിച്ച് സംസാരിച്ച് ഇറങ്ങിപ്പോയപ്പോൾ പാസ്പോർട്ട് ഫ്ലൈറ്റിൽ വച്ചു മറന്നു. പിന്നീട് കുറേ കഷ്ടപ്പെട്ടാണ് വിമാനത്തിൽ തിരികെക്കയറി പാസ്പോർട്ട്‌ എടുത്തത്. മിയയുടെ ജീവിതപങ്കാളി അശ്വിനും അദ്ദേഹത്തിന്റെ പിതാവും ട്രാവൽമാർട്ടിൽ പങ്കെടുക്കാനെത്തിയിരുന്നു. ഇവരും ചർച്ചയിൽ പങ്കാളികളായതോടെ സെഷൻ കൂടുതൽ രസകരമായി.

പണ്ട് യാത്രകളിൽ തന്റെ പാസ്പോർട്ടും അനുബന്ധ രേഖകളുമൊക്കെ സൂക്ഷിച്ചിരുന്നത് മമ്മിയായിരുന്നുവെന്ന് മിയ പറയുന്നു. മമ്മിയ്ക്ക് ഭയങ്കര പേടിയാണ്. ഇടയ്ക്കിടെ ഒക്കെയും എടുത്തു നോക്കി, എല്ലാം സുരക്ഷിതമായി ഉണ്ടല്ലോ എന്നു ഉറപ്പുവരുത്തും. അതുകൊണ്ട് ഇപ്പോൾ യാത്രകളിൽ താനാണ് പാസ്പോർട്ട്‌ സൂക്ഷിക്കുന്നതെന്നും ആ പേടി തനിക്കും കിട്ടിയിട്ടുണ്ടെന്നും മിയ പറയുന്നു.

നേപ്പാളിലേക്കായിരുന്നു ജി.പി.യുടെയും ഭാര്യയും നടിയുമായ ഗോപികയുടെയും ഹണി മൂൺ ട്രിപ്പ്‌. ഗോപികയുടെ ആദ്യ ഇന്റർനാഷനൽ ട്രിപ്പായിരുന്നു അത്. ഒരു വർഷത്തിനിടെ ഇരുവരും സന്ദർശിച്ചത് 11 രാജ്യങ്ങളാണ്.

travel-mart-sailors

പർവതാരോഹകയായ അമൃത ജയചന്ദ്രൻ, സാഹസിക സമുദ്രസഞ്ചാരി നിഷിത ചന്ദ്രൻ പൊതുവാൾ എന്നിവർ തങ്ങളുടെ യാത്രാനുഭവങ്ങൾ പങ്കുവച്ച സെഷനോടെയാണ് പരിപാടി അവസാനിച്ചത്. രണ്ടാളും തങ്ങളുടെ യാത്രാനുഭവങ്ങൾ പറഞ്ഞത് സദസ്സിന് കൗതുകകരമായ അനുഭവമായി.

കൊച്ചിയിൽ പ്രവർത്തിക്കുന്ന ഫോർച്യൂൺ ടൂർസ് & ട്രാവൽസ്, ടീം യാത്രി ഹോളിഡേയ്സ്, അൽഹിന്ദ് ടൂർസ്&ട്രാവൽസ്, ഫെയർ ഫ്യൂചർ ട്രാവൽസ് ആൻഡ് വെക്കേഷൻസ്, ക്ലബ് ട്രാവൽ സ്റ്റുഡിയോ, തോമസ് കുക്ക് ഇന്ത്യ, എസ്ഒടിസി(SOTC), അബാദ് ഹോട്ടൽസ് ആൻഡ് റിസോർട്സ്, ഫുജി ക്യാമറാസ് ആൻഡ് ഇൻസ്ടാക്സ് ( INSTAX), തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന കെടിഡിസി ഹോട്ടൽസ് & റിസോർട്സ്, സ്കൂട്സ് എയർലൈൻസ് (Scoot Pte), കോട്ടയത്ത് പ്രവർത്തിക്കുന്ന സാന്താ മോണിക്ക, പണിക്കർ ട്രാവൽസ്, അക്ബർ ഹോളിഡേയ്സ് എന്നീ സ്ഥാപനങ്ങളാണ് ട്രാവൽ മാർട്ടിന്റെ ഭാഗമായി സ്റ്റാളുകൾ ഒരുക്കിയത്. എല്ലായിടവും ജനപങ്കാളിത്തത്താൽ‌ സമ്പന്നമായിരുന്നു.

ADVERTISEMENT