സഞ്ചാര സ്വപ്നങ്ങളെ കോർത്തിണക്കിയ പറുദീസ: ആവശം പകർന്ന് മനോരമ ട്രാവലർ - ഫോർച്യൂൺ ടൂർസ് ട്രാവല്‍ മാര്‍ട്ട് Manorama Traveller-Fortune Tours Travel mart

മനസു പറയുന്നിടത്തേക്ക് പറക്കാൻ കൊതിച്ച സഞ്ചാരികൾക്കും അവരുടെ സ്വപ്നങ്ങൾക്കും പുതുജീവനേകി ഫോർച്യൂൺ ടൂർസ് – മനോരമ ട്രാവലർ ട്രാവൽമാർട്ട്. രണ്ട് ദിവസങ്ങളിലായി കൊച്ചിയിൽ നടന്ന മേള അക്ഷരാർഥത്തിൽ യാത്രയെ പ്രണയിച്ചവരുടെ പറുദീസയായി മാറി. കാടും മലയും കടലും അതിരുകളും കാണാകാഴ്ചകളും തേടി പോയ പ്രമുഖരുടെ അനുഭവങ്ങൾ, വിവരണങ്ങൾ, കാത്തു സൂക്ഷിച്ച ഓർമകൾ എല്ലാം കൊണ്ട് സമ്പന്നമായിരുന്നു ട്രാവൽ മാർട്ട്. പത്ത് വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർമാർ ഒരുമിച്ച എക്സിബഷനായിരുന്നു ട്രാവൽമാർട്ടിന്റെ മറ്റൊരു പ്രധാന ആകർഷണം.
ഒരു ക്യാമറക്കണ്ണിലൂടെ മലയാളിക്ക് ലോകോത്തര സഞ്ചാര വിസ്മയം അനുഭവവേദ്യമാക്കിയ സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങരയുടെ സാന്നിദ്ധ്യമായിരുന്നു ശനിയാഴ്ച നടന്ന ഉദ്ഘാടന ചടങ്ങിലെ ഹൈലൈറ്റ്.
തിങ്ങിനിറഞ്ഞ സദസിനെ സാക്ഷിയാക്കി പനമ്പിള്ളി നഗറിലെ ഹോട്ടൽ അവന്യൂ സെന്ററിൽ അശോക ഹാളിൽ സന്തോഷ ജോർജ് കുളങ്ങര ട്രാവൽമാർട്ടിന്റെ ഔദ്യോഗിക ഉദ്ഘാടവനം നിർവഹിച്ചു. സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവയ്ക്കൽ മാത്രമല്ല നാടിന്റെ ചരിത്രവും മനസ്സിലാക്കുന്ന സഞ്ചാരികളെയാണ് പുതുയുഗത്തിന് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. ഓരോ നാടിന്റെയും ആത്മാവിനെ അറിഞ്ഞു കൊണ്ടാകണം ഓരോ യാത്രകളും ഉണ്ടാകേണ്ടതെന്ന് സന്തോഷ് ജോർജ് കൂട്ടിച്ചേർത്തു.
‘കാലംമാറുമ്പോൾ യാത്രകളെ കുറിച്ചുള്ള സങ്കൽപങ്ങളും മാറുകയാണ്. കാശ് കയ്യിലില്ലെങ്കിലും ലോകം കാണണമെന്ന മോഹം ഏവർക്കുമുണ്ടായി. അലഞ്ഞു തിരിഞ്ഞു നടക്കുന്നവർ എന്ന വിശേഷണമുണ്ടായിരുന്ന പഴയ കാലത്തു നിന്നും അനുഭവങ്ങളെ കണ്ടെത്തുന്നവർ എന്ന അർഥത്തിൽ ‘എക്സ്പ്ലോറേഴ്സ്’ എന്ന് സഞ്ചാരികളെ സമൂഹം വിളിച്ചു തുടങ്ങിയത് കാലത്തിന്റെ മാറ്റമാണെന്നും സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞു.
ലോകം ക്യാമറക്കണ്ണിലാക്കിയ സഞ്ചാരിക്കൊപ്പം ഹൃദ്യമായി സംവദിച്ച് സദസും പിന്നാലെയെത്തി. ഇഷ്ടദേശങ്ങളിലേക്ക് പോകാൻ മനസു കൊണ്ട് തയ്യാറെടുത്തവർക്കായി തന്റെ ഹൃദ്യമായ യാത്രാനുഭവങ്ങളും സന്തോഷ് ജോർജ് കുളങ്ങര പങ്കുവച്ചു.

സദസിനോട് സംവദിച്ച് പർവതാരോഹകരും സഞ്ചാരികളുമായ ഷെയ്ഖ് ഹസൻ, കവിത സലീഷ് എന്നിവരെത്തിയതും ട്രാവൽ മാർട്ടിലെ ഹൃദ്യമായ നിമിഷമായി. സമീപകാലത്ത് യുഎസിലെ ഡെനാലി പർവതത്തിൽ കുടുങ്ങിയ സംഭവം ഷെയ്ഖ്ഹസൻ പങ്കുവച്ചത് ആവേശത്തോടെയാണ് സദസ് കേട്ടിരുന്നത്. മരണം മുന്നിലെത്തിയാക്കാവുന്ന നിമിഷത്തിൽ മനഃസാന്നിദ്ധ്യമാണ് തുണച്ചതെന്ന് ഷെയ്ഖ് ഹസൻ പറഞ്ഞു. മതിയായ ഭക്ഷണമോ ഇന്ധനമോ ഇല്ലാതെ പർവതത്തിൽ കഴിച്ചു കൂട്ടിയ ദിവസങ്ങൾ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും ഷെയ്ഖ് ഹസൻ ഓർത്തു. കഥകൾ പോലെ മനോഹരമായ യാത്രാനുഭവങ്ങൾ പങ്കുവച്ച് സഞ്ചാരികളായ അരുൺ കളപ്പില, രമ്യ എസ് ആനന്ദ്, സജ്ന അലി എന്നിവർ എത്തിയതും ആദ്യ ദിനത്തിലെ ശ്രദ്ധേയമായ നിമിഷമായി.

താരസമ്പന്നമായിരുന്നു ട്രാവൽമാർട്ടിന്റെ രണ്ടാംദിനം. മിയ, ഗോവിന്ദ് പദ്മസൂര്യ, വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർമാരായ ഡേവിഡ് രാജു, ഷൈജു കേളന്ത്ര, ഫൂഡ് വ്ലോഗർമാരായ രാജ് കലേഷ്, എബിൻ ജോസ്, പർവതാരോഹകയായ അമൃത ജയചന്ദ്രൻ, സാഹസിക സമുദ്ര സഞ്ചാരി നിഷിത ചന്ദ്രൻ പൊതുവാൾ എന്നിവരാണ് യാത്രാനുഭവങ്ങൾ പങ്കുവച്ചത്.

രണ്ട് പ്രിയസുഹൃത്തുക്കളുടെ സൗഹൃദവേദിയായിരുന്നു മിയ ജോർജും ഗോവിന്ദ് പദ്മസൂര്യയും പങ്കെടുത്ത സെഷൻ. അഭിനയജീവിതവുമായി ബന്ധപ്പെട്ടും അല്ലാതെയുമുള്ള തങ്ങളുടെ യാത്രകളെക്കുറിച്ചും അവയിലെ രസകരമായ അനുഭവങ്ങളെക്കുറിച്ചും ഇരുവരും വാചാലരായി. ജോലിയുമായി ബന്ധപ്പെട്ട യാത്രകൾ വിനോദയാത്രകൾ പോലെ ആസ്വദിക്കാനാകില്ലെന്നും അപ്പോൾ ജോലി മാത്രമാകും മനസ്സിലെന്നും ജി.പി. പറയുന്നു.

മിയയുടെ ഓർമയിലെ ആദ്യയാത്ര കുട്ടിക്കാലത്ത് വേളാങ്കണ്ണിയിലേക്കു പോയതാണ്. ആദ്യമായി പാസ്പോർട്ട് എടുത്തതും വിദേശത്തേക്ക് പോയതും അഭിനയരംഗത്തു സജീവമായ ശേഷം ഒരു സ്റ്റേജ് ഷോയ്ക്കു വേണ്ടിയായിരുന്നു. അപ്പോഴും പരിപാടി കഴിഞ്ഞു ഉടൻ മടങ്ങുന്നതായിരുന്നു രീതി. അടുത്ത കാലത്തായാണ് യാത്രകളെ കൂടുതൽ ആസ്വദിച്ചു തുടങ്ങിയത്. വർഷത്തിൽ ഒരു വിദേശ യാത്രയെങ്കിലും ഉണ്ടാകണം എന്ന തീരുമാനത്തിലാണിപ്പോൾ. 2016 ൽ മിയ ഉൾപ്പെടുന്ന ടീമിനോപ്പം അമേരിക്കയിലേക്ക് ഒരു സ്റ്റേജ് ഷോയ്ക്ക് പോയ അനുഭവം മറക്കാനാകില്ലെന്ന് ജി.പി. മിയയുടെ മമ്മിയും തങ്ങളും ഒന്നിച്ചാൽ ഭയങ്കര സംസാരമാണ്.

അമേരിക്കൻ യാത്രയിലും അതിനു കുറവുണ്ടായില്ല. പക്ഷേ, ഒരു അബദ്ധം പറ്റി, സംസാരിച്ച് സംസാരിച്ച് ഇറങ്ങിപ്പോയപ്പോൾ പാസ്പോർട്ട് ഫ്ലൈറ്റിൽ വച്ചു മറന്നു. പിന്നീട് കുറേ കഷ്ടപ്പെട്ടാണ് വിമാനത്തിൽ തിരികെക്കയറി പാസ്പോർട്ട് എടുത്തത്. മിയയുടെ ജീവിതപങ്കാളി അശ്വിനും അദ്ദേഹത്തിന്റെ പിതാവും ട്രാവൽമാർട്ടിൽ പങ്കെടുക്കാനെത്തിയിരുന്നു. ഇവരും ചർച്ചയിൽ പങ്കാളികളായതോടെ സെഷൻ കൂടുതൽ രസകരമായി.

യാത്രകൾ പ്ലാൻ ചെയ്യുന്നവർക്കുള്ള ആകർഷണീയമായ പാക്കേജുകളും ടൂർ പ്ലാനുകളുമായി പ്രമുഖ കമ്പനികളുടെ സ്റ്റാളുകളും ട്രാവൽമാർട്ടില്‍ സജീവമായി. കൊച്ചിയിൽ പ്രവർത്തിക്കുന്ന ഫോർച്യൂൺ ടൂർസ് & ട്രാവൽസ്, ടീം യാത്രി ഹോളിഡേയ്സ്, അൽഹിന്ദ് ടൂർസ്&ട്രാവൽസ്, ഫെയർ ഫ്യൂചർ ട്രാവൽസ് ആൻഡ് വെക്കേഷൻസ്, ക്ലബ് ട്രാവൽ സ്റ്റുഡിയോ, തോമസ് കുക്ക് ഇന്ത്യ, എസ്ഒടിസി(SOTC), അബാദ് ഹോട്ടൽസ് ആൻഡ് റിസോർട്സ്, ഫുജി ക്യാമറാസ് ആൻഡ് ഇൻസ്ടാക്സ് ( INSTAX), തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന കെടിഡിസി ഹോട്ടൽസ് & റിസോർട്സ്, സ്കൂട്സ് എയർലൈൻസ് (Scoot Pte), കോട്ടയത്ത് പ്രവർത്തിക്കുന്ന സാന്താ മോണിക്ക, പണിക്കർ ട്രാവൽസ്, അക്ബർ ഹോളിഡേയ്സ് എന്നീ സ്ഥാപനങ്ങൾ ട്രാവൽ മാർട്ടിന്റെ ഭാഗമായി സ്റ്റാളുകൾ ഒരുക്കി.
ട്രാവൽ മാർട്ട് സ്റ്റാളിൽ നിന്നു മനോരമ ട്രാവലർ വരിക്കാരാവുന്ന രണ്ട് ഭാഗ്യശാലികൾക്ക് കുടുംബസമേതം അബാദ് ഹോട്ടൽസ് ആൻഡ് റിസോർട്സിന്റെ ഒൻപത് ഇടങ്ങളിലായുള്ള 15ഔട്ട്ലെറ്റുകളിൽ തിരഞ്ഞെടുക്കപ്പെടുന്ന റിസോർട്ടിൽ ഒരു രാത്രി തങ്ങാനുള്ള അവസരം ഒരുക്കിയിരുന്നു.
ട്രാവൽ മാർട്ടിൽ നിന്ന് ആറുമാസത്തെ മനോരമ ട്രാവലർ സബ്സ്ക്രിപ്ഷൻ399 രൂപയ്ക്ക് സ്വന്തമാക്കാനുള്ള അവസരവും ട്രാവല്‍ മാർട്ട് ഉറപ്പാക്കി. ഇതോടൊപ്പം കേരളത്തിലെ 16ഗ്രാമീണ ടൂറിസം കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്ന 150രൂപ വിലവരുന്ന പുസ്തകം സൗജന്യമായി നേടാനുള്ള അവസരമൊരുക്കി.