ജോലിയില്‍ നിന്നു വിരമിക്കുന്നതിനു മുൻപേ, അതിനു ശേഷമുള്ള ഒാരോ ദിവസവും എങ്ങനെ വേണം എന്നു പ്ലാൻ ചെയ്തു മുന്നോട്ടു പോകുന്നവരുണ്ട്.
ജോലിയുടെയും കുടുംബത്തിന്റെയും കുട്ടികളുടെയും തിരക്കുകള്‍ക്കിടയില്‍ മാറ്റിവച്ചതും വേണ്ടെന്നുവച്ചതുമായ നൂറു കാര്യങ്ങളുണ്ടാകും. വിരമിച്ചശേഷം എന്തുചെയ്യും എന്നാലോചിക്കാന്‍ തുടങ്ങുമ്പോഴേ അവയോരോന്നും മുന്നില്‍ വന്നു മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങും. അതെല്ലാം ലിസ്റ്റാക്കി ഏതെല്ലാം ചെയ്യണം എന്നുറപ്പിക്കും.
മറ്റൊരു കൂട്ടരുണ്ട്. നാളെ മുതൽ എന്തു ചെയ്യുമെന്നറിയാതെ പകച്ചു നിൽക്കുന്നവർ. അതുണ്ടാക്കുന്ന ടെൻഷനുകൾ. എങ്കിലും പ്രതിസന്ധികളിലൂടെ നീന്തി അവർ സ്വന്തമായ ഇടം കണ്ടെത്തും.
ആ കൂട്ടത്തിലാണ് എഴുത്തുകാരിയും അധ്യാപികയുമായ ഡോ.പി.കെ.ഭാഗ്യലക്ഷ്മി. കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടിക്കടുത്തു വെങ്ങര പ്രിയദര്‍ശിനി യു.പി സ്‌കൂളിലെ അധ്യാപികയായ ഭാഗ്യലക്ഷ്മി വിരമിക്കുന്നത് എട്ടു വർഷം മുൻപ്.
‘‘ചെയ്തുകൊണ്ടിരുന്ന ജോലി പെട്ടെന്നു നിര്‍ത്തേണ്ടി വരുമ്പോള്‍ എന്തു ചെയ്യുമെന്ന ആശങ്കയുണ്ടായിരുന്നു. വളരെയധികം മാനസികസംഘര്‍ഷം അനുഭവിച്ചിരുന്ന സമയം. രക്തസമ്മര്‍ദം കൂടി. അതിനിടെ രണ്ടാമത്തെ അനിയന്റെ അപ്രതീക്ഷിതമായ മരണം തളർത്തിക്കളഞ്ഞു. എല്ലാംകൂടി വല്ലാത്തൊരവസ്ഥയിലായി.
ഏതെങ്കിലും ഇതെല്ലാം തരത്തില്‍ മറികടക്കണമെന്നു തോന്നി. ഇതിനിടെയാണ് ഒരു ചിത്രം വരച്ചു ഫെയ്സ്ബുക്കില്‍ ഇട്ടത്. അതിനു മുൻപു വരയ്ക്കാനൊരു ശ്രമം പോലും നടത്തിയിരുന്നില്ല.
വെറുതെ തോന്നിയപ്പോള്‍ വരച്ചുപോയതാണ്. അതുകണ്ടു നന്നായിട്ടുണ്ടെന്നും വര ഉള്ളിലുള്ളതുകൊണ്ടാണു വരയ്ക്കാന്‍ കഴിയുന്നതെന്നും തുടരണമെന്നും ചിത്രകാരനും ശില്‍പിയുമായ കെ.കെ.ആര്‍. വെങ്ങര പറഞ്ഞു. ‘ഒരു ദിവസം വീട്ടിലേക്കു വരൂ. അറിയുന്ന കാര്യങ്ങള്‍ പറഞ്ഞുതരാം’ എന്നും സൂചിപ്പിച്ചു. അതു വഴിത്തിരിവായി.
മാഷ് പറഞ്ഞൊരു കാര്യം, ‘കല സ്വാതന്ത്ര്യമാണ്. ആരെയും പഠിപ്പിക്കാൻ പറ്റില്ല. അത് ഉള്ളില്‍ നിന്നു വരേണ്ടതാണ്’ എന്നായിരുന്നു. അദ്ദേഹം പല നിറത്തിലുള്ള കുറച്ച് പെയിന്റുകളും ബ്രഷും ഒരു കടലാസും തന്നു. ‘എന്താണു മനസ്സില്‍ വരുന്നത് അതു വരച്ചോളൂ’ എന്നു പറഞ്ഞു.
ബ്രഷ് പിടിച്ചുള്ള ശീലമില്ലല്ലോ. എങ്കിലും നീല നിറത്തിലുള്ള മീൻ വരച്ചു. അബ്സ്ട്രാക്ട് രീതിയിൽ. പിന്നെ മഞ്ഞ, നീല, ചുവപ്പ് എന്നിങ്ങനെ മൂന്നു രൂപങ്ങള്‍ കൂടി വരച്ചു. കെ.കെ.ആര്‍. മാഷ് പ്രോത്സാഹവും പ്രചോദനവുമായി. നാലോ അഞ്ചോ തവണ അദ്ദേഹത്തെ സന്ദര്‍ശിച്ചിട്ടുണ്ടാകും. പിന്നെ വര നിര്‍ത്തിയിട്ടേയില്ല.

അതുകഴിഞ്ഞപ്പോള്‍ കാന്‍വാസിലേക്കു വന്നു. കുറെ കാര്യങ്ങള്‍ തനിയെ പഠിച്ചു. 2018 അവസാനമാകുമ്പോഴേക്കും ചെറുതും വലുതുമായ 40 പെയിന്റിങ്ങുകള്‍ പൂര്‍ത്തിയാക്കി. തലശ്ശേരി ലളിതകലാ അക്കാദമി ആർട് ഗാലറിയില്‍ ആദ്യ സോളോ പ്രദര്‍ശനം നടത്തി. പ്രദര്‍ശനം കാണാന്‍ കലാനിരൂപകനും അധ്യാപകനുമായ എ.ടി.മോഹന്‍രാജും ചിത്രകാരനായ സതീഷ് തോപ്രത്തും എത്തി. അവര്‍ പങ്കുവെച്ച അഭിപ്രായം ആത്മവിശ്വാസമായി.
പല നിറങ്ങള്‍ കലര്‍ത്തി വരയ്ക്കാനാണു ശ്രമിച്ചത്. രണ്ടോ മൂന്നോ നിറങ്ങള്‍ കലര്‍ത്തി പുതിയൊരു നിറം ഉ ണ്ടാകുന്നതു രസമാണ്. അമൂര്‍ത്ത ചിത്രരചനയിലെ ജാക്‌സണ്‍ പൊള്ളോക്കിന്റെയൊക്കെ ശൈലിയില്‍ താല്‍പര്യമുണ്ടായിരുന്നു.’’ ഭാഗ്യലക്ഷ്മി പറയുന്നു.
ചിത്രങ്ങൾ ഗാലറിയിലേക്ക്
അധ്യാപന ജോലിയില്‍ നിന്നു വിരമിച്ച ശേഷമുള്ള ആ ഒരു വര്‍ഷത്തിനിടയിലാണ് പി.കെ.ഭാഗ്യലക്ഷ്മി എന്ന ചിത്രകാരി പിറക്കുന്നതും അംഗീകരിക്കപ്പെടുന്നതും.
ചെന്നൈ ചോളമണ്ഡലത്തിലും ബാംഗ്ലൂര്‍ ചിത്രകലാ പ രിഷത്ത് ഗാലറിയിലും കോയമ്പത്തൂരിലും ഗോവയിലും ചിത്രപ്രദര്‍ശനങ്ങള്‍ നടത്തി. 2020ല്‍ തായ്‌ലന്‍ഡിലും 2022ല്‍ ദുബായിലെ പിക്കാസോ ആര്‍ട് ഗാലറിയിലും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ചിത്രരചന കൂടുതല്‍ സജീവമായി.
സ്വന്തമായി ആർട് ഗാലറി തന്നെ ഒരുക്കാനും ഭാഗ്യലക്ഷ്മിക്കു കഴിഞ്ഞു. കണ്ണൂര്‍ പഴയങ്ങാടി പിലാത്തറ റോഡി ല്‍ എരിപുരം താലൂക്ക് ആശുപത്രിക്കു മുന്നിലുള്ള ‘കാർത്തിക’ എന്ന വീട് ഇപ്പോള്‍ ആർട് ഗാലറി കൂടിയാണ്. ജനുവരി ഒന്നിനു കലാനിരൂപകന്‍ പി.സുധാകരന്‍, എഴുത്തുകാരന്‍ ഇ.പി.രാജഗോപാലന്‍ എന്നിവര്‍ ചേന്ന് ഭാഗ്യ ആർട് ഗാലറി ഉദ്ഘാടനം ചെയ്തു. പെയിന്റിങ്ങുകള്‍ കാണാനും ചിത്രകാരിയോടു സംസാരിക്കാനുമൊക്കെയായി നിരവധി പേര്‍ ഇവിടെയെത്തുന്നുണ്ട്.
വരയ്ക്കാന്‍ തുടങ്ങിയതോടെ അതേക്കുറിച്ചു ഗൗരവമായി വായിക്കാനും തുടങ്ങി. ചിത്രരചനയുടെ സങ്കേതങ്ങള്‍, വരയ്ക്കുന്ന ആളുകള്‍... അങ്ങനെ.
ചിത്രരചനയിലും ശില്‍പകലയിലുമുള്ള സ്ത്രീകളെക്കുറിച്ചായി പിന്നീടുള്ള വായന. ‘‘ഇങ്ങനെ വായിച്ച 15 കലാകാരികളുടെ ജീവിതം പുസ്തകരൂപത്തില്‍ ഇറങ്ങുകയാണിപ്പോള്‍. എന്റെ ചിത്രങ്ങളെയും എഴുത്തിനെയും സ്വാധീനിച്ചതില്‍ ഈ സ്ത്രീയനുഭവങ്ങള്‍ക്കു വലിയ പങ്കുണ്ട്. 55 വയസുകഴിഞ്ഞു, സ്ത്രീ എന്ന നിലയില്‍ ശാരീരികമായ പ്രശ്‌നങ്ങളും മെനോപ്പോസ് പ്രയാസങ്ങളുണ്ട്. ഇതിനെയൊക്കെ മറികടക്കാന്‍ ചിത്രരചന സഹായിച്ചിട്ടുണ്ട്’’ ഭാഗ്യലക്ഷ്മി പറയുന്നു.
കല എന്ന ഉത്തരവാദിത്തം
‘‘സ്ത്രീകള്‍ കലാപ്രവര്‍ത്തനം നടത്തുമ്പോള്‍ നേരിടുന്ന പരിമിതികളും വെല്ലുവിളികളുണ്ട്. ഉത്തരവാദിത്തങ്ങള്‍ക്കിടയില്‍ പലപ്പോഴും വരയ്ക്കാന്‍ തോന്നുമ്പോള്‍ വരയ്ക്കാനും എഴുതാന്‍ തോന്നുമ്പോള്‍ എഴുതാനും കഴിയില്ല. കാന്‍വാസിലേക്കു നിറങ്ങള്‍ വാരിയെറിയുന്ന ആ ക്‌ഷൻ പെയിന്റിങ് ശൈലിയിലൊക്കെ ചെയ്യാന്‍ താല്‍പര്യമുണ്ടെങ്കിലും പരിമിതികളുണ്ട്.
വലിയ കാന്‍വാസും വിശാലമായ സ്‌പേസും വേണം. അതുപോലെ, അക്രിലിക് പെയിന്റിലാണു ചെയ്യുന്നത് എ ന്നുള്ളതുകൊണ്ട് പെയിന്റിങ് തുടങ്ങിയാല്‍ ഇടയ്ക്ക് നിര്‍ത്താന്‍ കഴിയില്ല. പെയിന്റ് ഉണങ്ങിപ്പോകും. മ്യൂറല്‍ ശൈലിയിലൊക്കെ ചെയ്യണമെങ്കില്‍ സമയവും ക്ഷമയും വേണം.’’ടീച്ചര്‍ വിവരിക്കുന്നു.
പയ്യന്നൂരിലെ സീക്ക് പോലുള്ള സംഘടനകളുമായി പരിസ്ഥിതി പ്രവര്‍ത്തനത്തില്‍ ഏറെക്കാലമായി സജീവമാണു ഭാഗ്യലക്ഷ്മി. ചിത്രരചനയില്‍ വൈകിയാണ് എ ത്തുന്നതെങ്കിലും എഴുത്തില്‍ നേരത്തെ തന്നെ സജീവമാണ്. ഭാഗ്യലക്ഷ്മി എഴുതിയ ഒരു കഥാഭാഗം അഞ്ചാംക്ലാസ്സിലെ മലയാളം പാഠാവലിയിയിലുണ്ട്.
ബാലസാഹിത്യകൃതികള്‍ക്കു നിരവധി പുരസ്‌കാരങ്ങ ൾ ലഭിച്ചു. പിന്നീട് നോവലുകളും കഥകളും കവിതാ സമാഹാരവും ബാലസാഹിത്യ നോവലുകളും പ്രസിദ്ധീകരിച്ചു. ഉത്തര മലബാറിലെ യോഗി സമുദായത്തിന്റെ ജീവിതത്തെയും കേളിപാത്രം എന്ന അനുഷ്ഠാനവുമായും ബന്ധപ്പെട്ടായിരുന്നു പിഎച്ച്ഡി ഗവേഷണം. ഇതിനിടെ പ്രഫ. ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്, മലയാള മനോരമ കഥാപുരസ്‌കാരം, ഭീമാ ബാലസാഹിത്യപുരസ്‌കാരം, പാലാ കെ.എം.മാത്യു അവാര്‍ഡ്, കൈരളി കഥാപുരസ്‌കാരം അങ്ങനെ നിരവധി അംഗീകാരങ്ങൾ ടീച്ചറെ തേടിയെത്തി.
നാലുകാര്യങ്ങളാണ് ഭാഗ്യലക്ഷ്മിക്കു പ്രിയപ്പെട്ടത്- എഴുത്ത്, ചിത്രം, ചെടികള്‍, പിന്നെ യാത്ര. പിഎച്ച്‌ഡിയുടെ ഫീല്‍ഡ് വര്‍ക്കിനു യാത്ര ചെയ്യാന്‍ അവസരം കിട്ടിയത് ഒരു തുടക്കമായിരുന്നു. പിന്നീടു വിവിധ സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും യാത്ര നീണ്ടു. ഗുജറാത്തിലെ കച്ചിലെ വെള്ള നിറമുള്ള ഉപ്പു മരുഭൂമിലൂടെയുള്ള യാത്ര മനോഹരമായ അനുഭവമായിരുന്നുവെന്നു ഭാഗ്യലക്ഷ്മി.
ആയുര്‍വേദ ഡോക്ടറായ മകള്‍ അഖില ഭര്‍ത്താവ് അരുണിനൊപ്പം അമേരിക്കയിൽ. മകന്‍ അമര്‍ സ്വന്തം ബിസിനസുമായി നാട്ടില്‍ കൂടെയുണ്ട്. അങ്ങനെ സദാ സജീവമായ ജീവിതത്തിലൂടെ സായാഹ്നത്തിനു പുതുനിറങ്ങൾ നൽകുകയാണ് ടീച്ചർ.
വാർധക്യത്തിലെ ഹൃദയാരോഗ്യം
∙ ദിവസവും അര മണിക്കൂർ നടന്നാൽ മികച്ച കാർഡിയോ വ്യായാമമായി.
∙ പ്രമേഹം, കൊളസ്ട്രോൾ, ബ്ലഡ് പ്രഷർ എന്നിവ നിയന്ത്രിക്കുന്നത് ഹൃദയാരോഗ്യത്തിനു വളരെ ആവശ്യമാണ്. ഉപ്പിന്റെയും മധുരത്തിന്റെയും ഉപയോഗം കുറയ്ക്കുക. വറുത്തതും പൊരിച്ചതുമായ ഒഴിവാക്കുക. നല്ല കൊഴുപ്പു ലഭിക്കാനായി നട്സ്, അവക്കാഡോ, സീഡ്സ് എന്നിവ കഴിക്കുക. നാരുകളുള്ള പഴങ്ങളും പച്ചക്കറികളും മുഴുധാന്യങ്ങളും ആഹാരത്തിൽ ഉൾപ്പെടുത്തണം.
∙ സമ്മർദങ്ങളോടു ബൈ പറയാൻ ഹോബികളെ കൂട്ടുപിടിക്കാം. ശ്വസന വ്യായാമങ്ങളും മെഡിറ്റേഷനും ചെയ്യുമ്പോഴും ഇഷ്ട കാര്യങ്ങളിൽ മുഴുകുമ്പോൾ ‘ഹൃദയഭാരം’ കുറയും.
∙ ഉറക്കപ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കണം. ഏഴ് – ഒൻപതു മണിക്കൂർ ഉറക്കം ആരോഗ്യത്തിനു ഗുണകരമാണ്.
∙ രക്തപരിശോധന, ബ്ലഡ് പ്രഷർ പരിശോധന എന്നിങ്ങനെ ആരോഗ്യചെക്കപ്പുകൾ മുടങ്ങാതെ ചെയ്യണം.