ADVERTISEMENT

കോഴിക്കോട് കണ്ണാടിക്കലിലെ അമരാവതി വീടിന്റെ ഒഴുക്കു നിലച്ചിട്ട് വർഷം ഒന്നു കഴിഞ്ഞിരിക്കുന്നു. 2024 ജൂലൈ എട്ടിന് അമരാവതിയുടെ വെളിച്ചമായ അർജുൻ, ഭാരത് ബെൻസ് ലോറിയുമായി ബെൽഗാമിലെ കൂപ്പിലേക്കു പുറപ്പെട്ടതാണ്. എ ന്നത്തേയും പോലെ ഒറ്റയ്ക്കായിരുന്നു ഈ യാത്രയും. അമ്മ ഷീലയുടെ കയ്യിൽ നിന്ന് അൻപതോ നൂറോ രൂപ കൈനീട്ടമായി വാങ്ങി പോകുന്നതാണു പതിവ്. എന്നാൽ ഇത്തവണ അതു തെറ്റി. അർജുൻ വീട്ടിൽ നിന്നിറങ്ങുമ്പോൾ അച്ഛനും അമ്മയും അവിടെയുണ്ടായിരുന്നില്ല. ഭാര്യ കൃഷ്ണപ്രിയയോടും മകൻ അയനോടും യാത്ര പറഞ്ഞ് അർജുൻ പടിയിറങ്ങി. പോകും മുൻപ് അയനെ കോരിയെടുത്ത് ഉമ്മ വച്ചു. പപ്പ വരുമ്പോൾ മിഠായിയും കളിപ്പാട്ടങ്ങളും കൊണ്ടുവരാമെന്ന് വാക്കുകൊടുത്തു.

ലോറിയിൽ കയറും മുൻപ് അമ്മയെ ഫോണിൽ വിളിച്ചു. അനിയത്തി അഭിരാമിയുടെ വിവാഹനിശ്ചയം വരികയാണ്. അതിന് ആവശ്യമായതെല്ലാം ഒരുക്കി വയ്ക്കണമെന്ന് ഒാര്‍മിപ്പിക്കാനായിരുന്നു ആ വിളി. ‘‘അമ്മ എല്ലാം കുറിച്ചിടണം. അവസാന നിമിഷം എന്നെ കുഴപ്പിക്കല്ലേ. ട്രിപ് കഴിഞ്ഞാൽ പിന്നെ കുറച്ചു ദിവസത്തേക്ക് പണിസ്ഥലത്ത് ലീവ് ആക്കാം. വിവാഹനിശ്ചയത്തിന് ഒരു കുറവും വരരുത്...’’

ADVERTISEMENT

അർജുന്‍ പറഞ്ഞേൽപ്പിച്ചതെല്ലാം അമ്മ ചെയ്തു. കളിപ്പാട്ടങ്ങളുമായെത്തുന്ന പപ്പയെ കാത്ത് അയൻ ഇരുന്നു. പക്ഷേ, വാക്കുകളൊന്നും പാലിക്കാന്‍ അര്‍ജുനായില്ല. വിവാഹനിശ്ചയം ഉറപ്പിച്ച ദിവസം നടന്നില്ല.

ഇപ്പോൾ അമരാവതി വീട്ടിലെത്തുന്ന ആെരങ്കിലും ഒരു മിഠായിയോ കളിപ്പാട്ടമോ കൊടുത്താല്‍ കുസൃതിച്ചിരിയുമായി രണ്ടര വയസ്സുകാരൻ ഉള്ളിലെ മുറിയിലേക്ക് ഓടും.

ADVERTISEMENT

അവിടെ വച്ചിരിക്കുന്ന അർജുന്റെ ചിത്രത്തിനു മുന്നിലെത്തി കിട്ടിയ സമ്മാനം കാണിക്കും. എന്നിട്ട് കുടുകുടെ ചിരിക്കും. അയന്റെ ചിരി കാത്തുസൂക്ഷിക്കാൻ ദുഃഖമെല്ലാം ഉള്ളിലടക്കുകയാണ് കൃഷ്ണപ്രിയ. കണ്ണില്‍ നിറയുന്ന നീർമണികളെ നിയന്ത്രിക്കാൻ ശ്രമിക്കവേ അവ ചുണ്ടിലേക്കും കവിൾത്തടങ്ങളിലേക്കും വിറയലായി പടരുന്നു.

കണ്ടുനിൽക്കുന്നവര്‍ക്ക് ഉള്ളു പൊള്ളുന്ന കാഴ്ച. വനിത 2024 ഒക്ടോബറിൽ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം...

ADVERTISEMENT

പുലര്‍കാലത്തു കണ്ട സ്വപ്നം

ബെൽഗാമിലെ കൂപ്പിൽ നിന്ന് അക്കേഷ്യ തടി നിറച്ച ലോറിയുമായി നാട്ടിലേക്കു മടങ്ങിയതാണ് അർജുൻ. ജൂെെല 16ന് ഉച്ചയോടെ ഉത്തര കന്നട ജില്ലയിലെ അങ്കോളയിലെ ഷിരൂർ കുന്നിടിഞ്ഞുണ്ടായ അപകടത്തിൽ അർജുനും ലോറിയും കാണാമറയത്തു പോയി ഒളിച്ചു.

അന്നു വെളുപ്പിന് രണ്ടരയ്ക്ക് അർജുന്റെ സഹോദരി അഞ്ജു ഒരു ദുഃസ്വപ്നം കണ്ടു ഞെട്ടിയുണർന്നു. അകാരണമായൊരു ഭയം അവളെ പൊതിഞ്ഞു. പെട്ടെന്നു തന്നെ അർജുനെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. ഉറക്കമായിരിക്കുമെന്നു കരുതി വാട്സാപ്പിൽ വോയിസ് മെസേജ് അയച്ചു. ‘കുഴപ്പമൊന്നുമില്ലല്ലോ, ശ്രദ്ധിക്കണേ...’ എന്നും പറഞ്ഞു.

രാവിലെ അഞ്ജു ഉണർന്നപ്പോഴേക്കും അർജുന്റെ വാട്സാപ്പ് സന്ദേശം എത്തിയിരുന്നു. ‘എടീ ചേച്ചീ, കുഴപ്പമൊന്നുമില്ല. ഭയങ്കര തണുപ്പാണ്. പുതപ്പെടുക്കാൻ ഉണർന്നപ്പോഴാണ് മെസേജ് കണ്ടത്. നീ ഉറങ്ങിക്കോ. രാവിലെ വിളിക്കാം.’ മറുപടി അഞ്ജുവിന് ആശ്വാസമേകിയെങ്കിലും ആ സമാധാനത്തിന് ആയുസ്സ് കുറവായിരുന്നു.

പതിവായി വിളിക്കുന്ന സമയമായിട്ടും അർജുന്‍റെ ഫോ ണ്‍ വന്നില്ല. അച്ഛൻ പ്രേമനും അമ്മ ഷീലയും പരസ്പരം വേവലാതി പങ്കിട്ടു. അങ്ങോട്ടു വിളിച്ചപ്പോൾ ഫോൺ സ്വിച്ച്ഡ് ഓഫ്. അർജുന്റെ വിവരമൊന്നുമില്ലെന്ന് ഷീല, അഞ്ജുവിന്റെ ഭർത്താവ് ജിതിനെ അറിയിച്ചു. വെളുപ്പിന് മൂന്നു മണിവരെ അർജുൻ ഓൺലൈനിൽ ഉണ്ടായിരുന്നെന്നും ഇപ്പോള്‍ ഉറങ്ങുകയായിരിക്കുമെന്നും പറഞ്ഞ് ജിതിൻ ഷീലയെ ആശ്വസിപ്പിച്ചു. അൽപസമയം കഴിഞ്ഞ് െടലിവിഷനിലൂെട ജിതിൻ കാണുന്നത് ഷിരൂരിലെ മണ്ണിടിച്ചിലിന്റെ വാർത്തയാണ്.

‘‘അതു കണ്ടപാടെ എന്റെ ഉള്ളൊന്നാളി. പക്ഷേ, ഓന്റെ വണ്ടി ആ പ്രദേശം താണ്ടിക്കാണും എന്നോര്‍ത്തു സമാധാനിച്ചു.’’ ജിതിന്‍ ഒാര്‍ക്കുന്നു. ‘‘ഉച്ചകഴിഞ്ഞും വിവരമൊന്നും കിട്ടാതായതോടെ ഓന്റെ മുതലാളിമാരായ മനാഫിനെയും മുബീനെയും വിവരമറിയിച്ചു. അവരപ്പോൾ തന്നെ അങ്കോള പൊലീസിനെ വിളിച്ചു. സന്ധ്യയോടെ ഷിരൂർക്ക് പുറപ്പെടുകയും ചെയ്തു.

arjun-shirur-2

അർജുനെ നേരിൽ കണ്ടെന്നൊക്കെ പറഞ്ഞു പലരും വിളിച്ചു. ഓരോ വിളികളും ഞങ്ങൾക്കു തന്നത് വലിയ പ്രതീക്ഷയാണ്. രാത്രിയോടെ ‘വണ്ടി മണ്ണിനടിയിൽപ്പെട്ടു പോയെന്നു’ പറഞ്ഞ് ഒരു കോൾ വന്നു. വീട്ടിലുള്ളവര്‍ ഒന്നുമറിയാതിരിക്കാൻ ഞങ്ങൾ പരമാവധി ശ്രദ്ധിച്ചു. ഞാനും അർജുന്റെ അനിയൻ അഭിജിത്തും അപ്പോൾ തന്നെ ഷിരൂർക്ക് പോയി. അവിടെയെത്തിയപ്പോഴാണ് കാര്യങ്ങളുടെ ഭീകരത നേരിൽ കാണുന്നത്.’’ നിയന്ത്രിക്കാൻ ശ്രമിച്ച കണ്ണുനീര്‍ ജിതിന്റെ കണ്ണുകളിൽ ചുവപ്പായി പടർന്നു.

കുട്ടന് വിളിക്കാണ്ടിരിക്കാനാവില്ല...

‘‘കുട്ടനെന്ന സൂര്യനു ചുറ്റും വലം വച്ചിരുന്ന കുറച്ചു ഗ്രഹങ്ങളാണ് ഞങ്ങൾ. ആ വെട്ടമിന്നില്ല. എവിടെയെന്നറിയില്ല. എ ന്തു ചെയ്യണം, എവിടേക്കു നോക്കണം എന്നൊന്നുമറിയാതെ നിൽക്കുകയാണു ഞങ്ങൾ.’’ കുഞ്ഞനിയനെക്കുറിച്ചു പറയുമ്പോൾ അഞ്ജു കുട്ടന്റെ ചേച്ചിയമ്മയായി.

‘‘ഞാനും കുട്ടനും കുന്നമംഗലത്ത് അമ്മയുടെ വീട്ടിൽ നിന്നാണ് പഠിച്ചത്. ചെറുപ്പത്തിൽ സുഖം എന്നൊന്നു ഞങ്ങളാരും അറിഞ്ഞിട്ടില്ല. ഒരുപാട് ബുദ്ധിമുട്ടിയാണ് ഓരോ ദിവസവും തള്ളി നീക്കിയത്. അവൻ ഇനിയും മടങ്ങിയെത്തുമെന്ന പ്രതീക്ഷ ഉള്ളിലുണ്ടോ എന്നു ചോദിച്ചാൽ...’’ അൽപം നിർത്തി, ദീർഘമായൊന്നു ശ്വാസമെടുത്തശേഷം അഞ്ജു തുടർന്നു. ‘‘ഇല്ലെടോ... തരിമ്പു പ്രാണൻ ബാക്കിയുണ്ടെങ്കില്‍ ഓൻ ഞങ്ങളെ വിളിച്ചേനെ. എല്ലാവരുടേയും ഫോൺ നമ്പർ ഓന് മനഃപാഠമാണ്. ഓനെ കാണാതെ ഞങ്ങൾ വിഷമിക്കുമെന്നറിയാം. എന്നിട്ടും ഓൻ വിളിച്ചില്ലെങ്കിൽ അതിനർഥം ഒന്നേയുള്ളൂ...’’ വാക്കുകൾ മുറിഞ്ഞിടത്തു കണ്ണുനീർ സംസാരിച്ചു.

കുട്ടിക്കാലത്തേ വീടിനു വേണ്ടി അധ്വാനിക്കാന്‍ അര്‍ജുന്‍ ശ്രമിച്ചിരുന്നു. പതിനാലു വയസ്സുള്ളപ്പോള്‍ തന്നെ പത്രമിടാൻ പോയി. സ്കൂള്‍അവധിക്ക് കൂട്ടുകാരെല്ലാം കളിക്കളത്തിൽ ആഘോഷിക്കുമ്പോള്‍ അർജുൻ വീടിനു മുന്നിൽ താൽക്കാലികമായി ഒരുക്കിയ പെട്ടിക്കടയിലുണ്ടാകും. ചെറിയ ജോലികൾ ചെയ്തു കിട്ടുന്ന വരുമാനം കൃത്യമായി അമ്മയെ ഏൽപ്പിച്ചു.

അർജുന്റെ അച്ഛൻ പ്രേമന് കൂലിപ്പണിയായിരുന്നു. ഒരിക്കല്‍ കിണറ് വൃത്തിയാക്കുന്നതിനിടെ കല്ലടർന്നു വീ ണ് പരിക്കേറ്റു. അസുഖം ഭേദമായെങ്കിലും ഭാരിച്ച ജോലികൾ ചെയ്യാൻ ബുദ്ധിമുട്ടായി. എസ്എസ്എൽസി പരീക്ഷഫലം കാത്തിരിക്കുന്ന അർജുന്‍റെ തോളിലായി കുടുംബഭാരം. അങ്ങനെ വീടിനടുത്തുള്ള സൂപ്പർമാർക്കറ്റിൽ താൽക്കാലിക ജോലിയിൽ കയറി. കിട്ടുന്ന പണം അച്ഛന്റെ ചികിത്സയ്ക്കായി മാറ്റിവച്ചു.

തയ്യലിലൂടെ അമ്മയ്ക്ക് കിട്ടുന്ന വരുമാനവും കുട്ടികൾക്ക് ട്യൂഷനെടുത്ത് അഞ്ജു നേടുന്ന തുകയും ഒക്കെയായിരുന്നു ആശ്രയം. അപ്പോഴും െചറുപുഞ്ചിരിയോെട അര്‍ജുന്‍ പറയുമായിരുന്നു, ‘എല്ലാം ശരിയാകും അമ്മേ...’

ഉപേക്ഷിച്ച പട്ടാള മോഹം

മറ്റു മക്കളെ പ്ലസ്‌ടുവിന് ചേർത്തതുപോലെ അർജുനെ ചേർക്കാനായില്ലെന്നു പറയുമ്പോൾ ഷീലയുടെ വാക്കുകൾ വിങ്ങുന്നുണ്ട്. ‘‘അവൻ സ്വയം കക്കോടിയിലുള്ള യൂണിവേഴ്സൽ കോളജില്‍ പ്ലസ്ടുവിന് ചേർന്നു. പഠനത്തിനൊപ്പം പാർട്ട് ടൈമായി പല ജോലികൾ ചെയ്തു.

നാലില്‍ പഠിക്കുമ്പോള്‍ മുതല്‍ അവന്റെ ഉള്ളിൽ കയറിയ സ്വപ്നമായിരുന്നു പട്ടാളത്തിലെ ജോലി. ‘പട്ടാളക്കാരനായാൽ ആളോൾക്ക് വലിയ ബഹുമാനം ആയിരിക്കുമല്ലേ അമ്മേ...’ എന്ന് അന്നേ ചോദിച്ചുകൊണ്ടിരുന്നു. അതേയെന്ന് ഉത്തരം കിട്ടിയാലും വീണ്ടും ചോദിക്കും.

പട്ടാളക്കാരനായ അമ്മച്ഛനിൽ (അമ്മയുടെ അച്ഛ ൻ) നിന്നു കേട്ട കഥകളാകും അവനിൽ കൗതുകമുണർത്തിയത്. യുദ്ധത്തിൽ വീരമൃത്യു വരിച്ച കക്കോടി നളിനാക്ഷൻ എന്ന ജവാന്‍റെ മൃതശരീരം നാട്ടില്‍ ആദരവോടെ എത്തിച്ചതും സംസ്കരിച്ചതുമൊക്കെ അവന്‍ നേരിൽ കണ്ടിരുന്നു.

തയ്യലിൽ നിന്നു കിട്ടുന്ന തുച്ഛമായ തുക കൂട്ടിവച്ച് ഞാനവനെ പരിശീലനത്തിനു വിട്ടു. അതു പൂർത്തിയാക്കിയെങ്കിലും റിക്രൂട്മെന്റ് രീതികൾ പ്രയാസമേറിയതാണെന്ന് ആരോ പറഞ്ഞപ്പോള്‍ അവനു പേടിയായി. അതോടെ പട്ടാളമോഹം ഉപേക്ഷിച്ചു.’’

ജൂലൈ പത്തിന് ഷീലയുടെ ഫോണിലേക്ക് അർജുന്റെ ഒരു വാട്സാപ്പ് മെസേജ് വന്നു. ഒപ്പം സ്വന്തം ബൈക്കിന്റെ കുറേ ചിത്രങ്ങളും. ‘‘അമ്മേ ഓട്ടം കഴിഞ്ഞ് ഞാൻ കുതിരപ്പുറത്താകും വീട്ടിലേക്ക് വരുക. പണിയെല്ലാം കഴിഞ്ഞ് എന്റെ വണ്ടി കുതിരയായി. വന്നു കഴിഞ്ഞ് നമുക്ക് കേക്ക് മുറിച്ച് ആഘോഷിക്കണം ട്ടോ.’

കൃഷ്ണപ്രിയ, അഭിരാമി, അഞ്ജു, അയൻ, ജിതിൻ
കൃഷ്ണപ്രിയ, അഭിരാമി, അഞ്ജു, അയൻ, ജിതിൻ

സൈക്കിളോ കാറോ ബൈക്കോ ബസോ എന്തുമാകട്ടെ, വണ്ടികളോട് അർജുന് എന്നും പ്രത്യേകയിഷ്ടമായിരുന്നു. ജോലി ചെയ്തു കിട്ടുന്നതിൽ നിന്ന് സ്വരൂപിച്ച പണം െകാണ്ട് ആദ്യമൊരു ബൈക്ക് സ്വന്തമാക്കി. അതുമായി ആദ്യമെത്തിയ ദിവസം അമ്മയേയും അച്ഛനേയും സഹോദരങ്ങളേയും പിന്നില്‍ കയറ്റി കറക്കിയതിനു ശേഷമാണത്രെ അർജുന്‍ വീട്ടിൽ കയറിയത്.

ഒരു മിനി വാൻ വാങ്ങണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ ഹെവിലൈസൻസ് എടുത്തതിനു ശേഷം മതിയെന്ന് ഷീല പറഞ്ഞു. ലൈസൻസ് എടുക്കുന്നതിന് ആവശ്യമായ തുക ഷീല തന്നെ തരപ്പെടുത്തുകയും ചെയ്തു. അധികം വൈകാതെ സ്വന്തമായി എയ്സ് വാങ്ങി. ഇരുപത്തിമൂന്നാം വയസ്സിൽ വലിയ വണ്ടികളുടെ വളയം പിടിച്ചുതുടങ്ങി. സാഗർകോയ ടിംബേഴ്സിൽ ജോലിയിൽ പ്രവേശിച്ചിട്ട് രണ്ടര വർഷമായിരുന്നു. സ്ഥലങ്ങൾ കാണാനുള്ള ഇഷ്ടമാണ് ഈ ജോലി തിരഞ്ഞെടുക്കാൻ അർജുന് പ്രചോദനമായത്.

‘‘ഒരിടത്തെത്തി ജോലി പൂർത്തിയാക്കിയാൽ ചേട്ടനൊരു ഹോബിയുണ്ട്.’’ ഭാര്യ കൃഷ്ണപ്രിയ ഒാര്‍ക്കുന്നു. ‘‘ആദ്യം ലോറി സുരക്ഷിതമായ ഇടത്തേക്കു മാറ്റിയിടും. പിന്നീടു സ്ഥലം കാണാനിറങ്ങും. ആ നാട്ടിലെ ഭക്ഷണം കഴിക്കാനും ആളുകളെ പരിചയപ്പെടാനുമെല്ലാം വലിയ താൽപര്യാണ്. ഓരോ സ്ഥലത്തെത്തുമ്പോഴും അവിടുത്തെ ചിത്രങ്ങൾ പകർത്തി ഞങ്ങൾക്ക് അയക്കും.’’

‘‘പാചകത്തിലും വലിയ താത്പര്യമായിരുന്നു.’’ അഞ് ജു പറഞ്ഞു. ‘‘വീട്ടിലുള്ളപ്പോള്‍ അടുക്കള അവന്‍റെ കസ്റ്റഡിലാണ്. എല്ലാവരുടേയും ഇഷ്ടവിഭവങ്ങളൊരുക്കും. അ ച്ഛനും അമ്മയ്ക്കും ഭക്ഷണം വാരിക്കൊടുക്കും. അമ്മമ്മയിൽ നിന്നാണ് പാചകം പഠിച്ചത്. അമ്മച്ഛന്റെ പട്ടാളക്യാംപിലെ ചില വിഭവങ്ങളും ഉണ്ടാക്കുമായിരുന്നു.

പെങ്ങമ്മാര് സ്വന്തം കാലിൽ നിൽക്കണമെന്നു വലിയ നിർബന്ധമായിരുന്നു. ഞങ്ങൾക്ക് രണ്ടാൾക്കും ജോലി കിട്ടിയപ്പോൾ ഞങ്ങളെക്കാളേറെ ഓൻ സന്തോഷിച്ചു. ഞ ങ്ങൾ ടുവീലർ പഠിക്കണമെന്നും ഒരു ലിഫ്റ്റ് പോലും മറ്റൊരാളോട് ചോദിക്കേണ്ടി വരരുതെന്നും പറഞ്ഞു.

എല്ലാ രീതിയിലും ഞങ്ങളെ സ്വന്തം കാലിൽ നിൽക്കാ ൻ പ്രാപ്തരാക്കി. പക്ഷേ, ഓനില്ലാതെ എങ്ങനെയാണു ജീവിക്കേണ്ടതെന്നു മാത്രം പഠിപ്പിച്ചില്ല. എല്ലാവരുെടയും എ ല്ലാ ആവശ്യങ്ങൾക്കും ഓടി നടന്ന ചെക്കനാണ്. പക്ഷേ, വലിയൊരു അപകടത്തിൽ പെട്ടപ്പോൾ കുട്ടൻ ഒറ്റയ്ക്കായിപ്പോയി...

ഒരപകടമുണ്ടായി, ഒരാൾ മരണപ്പെട്ടു. ആ സത്യത്തെ ആരും ഉൾക്കൊള്ളും. പക്ഷേ, ഇവിടിപ്പോള്‍ ഒരറിവും കിട്ടുന്നില്ലല്ലോ. ഓൻ എവിടെയെങ്കിലും കുടുങ്ങിയെന്നോ ഒഴുക്കിൽപ്പെട്ടെന്നോ കാടിനുള്ളിൽ അകപ്പെട്ടെന്നോ ഒക്കെ വിശ്വസിക്കാം.

പക്ഷേ, അത്രേം വലിയ ലോറി എവിടേക്കു മാഞ്ഞു പോ യി എന്നു മാത്രമാണ് ഇനി അറിയേണ്ടത്. ലോറി കണ്ടെത്തിയാല്‍ മാത്രമേ അർജുന് എന്തു സംഭവിച്ചു എന്നതിനെക്കുറിച്ചൊരു ധാരണ ലഭിക്കൂ. അതു കിട്ടുന്നില്ല എന്നതു ഹൃദയത്തിന്റെ ഒരു കോണിൽ പ്രതീക്ഷയുടെ നാളം തെളിയിക്കുന്നുണ്ട്.’’

േഗാവയില്‍ നിന്നെത്തിയ വമ്പന്‍ ഡ്രഡ്ജര്‍ െവള്ളത്തിനടിയിലെ മണ്ണുനീക്കി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. ഷിരൂരേക്ക് പോകാനുള്ള ഒരുക്കത്തിലാണു കുടുംബം. അഞ്ജു പറയുന്നു ‘‘ഞങ്ങളുടെ കുട്ടൻ അവിടെയാണല്ലോ ഉള്ളത്. രണ്ടു സ്വപ്നങ്ങൾ അവന്‍റെയുള്ളിലുണ്ടായിരുന്നു. ഒന്ന്, ഗുജറാത്തിൽ പോയൊരു ദാബ തുടങ്ങണം. പിന്നെ, സ്വന്തമായൊരു ലോറി വാങ്ങണം. രണ്ടും ബാക്കിയായി...’’

അർജുന്റെ കൃഷ്ണ; അവരുടെ അയൻ

അച്ഛനും അമ്മയും സഹോദരങ്ങളുമടങ്ങുന്ന അർജുന്റെ ലോകത്തേക്ക് കൃഷ്ണപ്രിയ കടന്നു വരുന്നത് ആറു വര്‍ഷം മുന്‍പാണ്. ആദ്യം സുഹൃത്തായി, പിന്നെ പ്രണയിനിയായി, ഇപ്പോൾ പ്രിയതമയായി.

‘‘കുടുംബം എന്നൊരു ചിന്ത മാത്രമായിരുന്നു എപ്പോഴും ഉള്ളില്‍. വിവാഹം കഴിഞ്ഞ് ഇതുവരെ എന്നെ വിഷമിപ്പിച്ചിട്ടില്ല.’’ കൃഷ്ണപ്രിയയുെട വാക്കുകള്‍ ഇടറുന്നു. ‘‘കുഞ്ഞുകുഞ്ഞ് ആഗ്രഹങ്ങൾ പോലും ഓർത്തിരുന്നു സാധിച്ചുതരും. ഞാൻ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ മുതൽ പറയുമായിരുന്നു, ആൺകുട്ടിയാകുമെന്ന്. അതുപോലെ തന്നെ അയൻ ജനിച്ചു. അവനുള്ള കളിപ്പാട്ടങ്ങളുമായാണ് ഓരോ ഓട്ടവും കഴിഞ്ഞ് മടങ്ങിയെത്തുക. വണ്ടികൾ മാത്രേ കൊണ്ടുവരൂ.

ദിവസങ്ങൾ നീളുന്ന ഓട്ടം കഴിഞ്ഞെത്തുമ്പോൾ നല്ല ക്ഷീണമായിരിക്കും. എങ്കിലും കുഞ്ഞിനേയും എന്നേയും കുട്ടി കണ്ണാടിക്കൽവരെ ഒന്നു ചുറ്റിയടിച്ചു വരും. എനിക്കൊരു ജോലി കിട്ടണം, ഞാൻ സ്വന്തം കാലിൽ നിൽക്കണം എന്നൊക്കെ വലിയ ആഗ്രഹമായിരുന്നു. ഏട്ടന്‍ ആ ഗ്രഹിച്ചതു പോലെ വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലർക്കായി ജോലി കിട്ടി.

പക്ഷേ, ആ സന്തോഷം പങ്കിടാൻ ഏട്ടനില്ല. പിന്നെ ആ ജോലി എങ്ങനെയാണ് കിട്ടിയതെന്ന് ഓർക്കുമ്പോൾ വ ല്ലാത്തൊരു പിടച്ചിലാണ് ഉള്ളിൽ. ഏട്ടൻ ഉണ്ടോ ഇല്ലയോ എന്നു മാത്രം അറിഞ്ഞാൽ മതിയെനിക്ക്....’’

അർജുൻ, കൃഷ്ണ, അയൻ– (ഫയൽ ചിത്രം) ഫോട്ടോ: അരുൺ പയ്യടിമീത്തൽ
അർജുൻ, കൃഷ്ണ, അയൻ– (ഫയൽ ചിത്രം) ഫോട്ടോ: അരുൺ പയ്യടിമീത്തൽ

സംസാരം അവസാനിപ്പിക്കുമ്പോഴും കൃഷ്ണപ്രിയയുടെ നോട്ടം മുറ്റത്തേക്കു പാളി വീഴുകയാണ്. ആ നോട്ടത്തിൽ നിശബ്ദമായൊരു പ്രതീക്ഷയുണ്ട്. ‘കൃഷ്ണേ...’ എന്നു നീട്ടി വിളിച്ച്, കൈ നിറയെ കളിപ്പാട്ടങ്ങളുമായി അർജുൻ കയറിവന്നിരുന്നെങ്കിൽ എന്ന മോഹം.

അർജുനോട് ഇപ്പോഴും വിശേഷങ്ങൾ പറയുന്ന അമ്മ

അമരാവതി വീട്ടിലെ സ്വീകരണമുറിയിലെ മേശപ്പുറത്ത് ഒരു നോട്ടുപുസ്തകവും പേനയുമുണ്ട്. ഷീലയുടേതാണത്. നെഞ്ചിൽ നോവു കനക്കുമ്പോൾ ആ ഭാരം അവർ പുസ്തകത്തിലേക്ക് ഇറക്കി വയ്ക്കും. ആദ്യ താളില്‍ ഷീല എഴുതിയിട്ട വരികളിങ്ങനെ...

‘തന്റെ സ്വപ്നങ്ങൾ പൂട്ടിയ തേര് തെളിച്ച് പലപ്പോഴും അവൻ ആ വഴി യാത്ര ചെയ്തു. ആ വഴിപോകുമ്പോഴൊക്കെ അവൻ ഗംഗാവലിപ്പുഴയുടെ തീരത്ത് തേരു നിർത്തി വിശ്രമിച്ചു. ഒറ്റയ്ക്കുള്ള യാത്രകളോട് അവനെന്നും ഭ്രമമായിരുന്നു. ദീർഘദൂരം യാത്രചെയ്തു തളർന്നൊരുനാൾ ആരോ നട്ടുവളർത്തിയൊരു ആൽമരച്ചുവട്ടിൽ തേര് നിർത്തി അവൻ അൽപനേരം മയങ്ങി. ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോൾ അവന്റെ ഉള്ളിൽ അമ്മയായിരുന്നിരിക്കാം. അമ്മയുടെ മടിയിൽ തലചായ്ച്ചുറങ്ങാനിഷ്ടമുള്ളൊരു മകനായി അവൻ മാറിയിട്ടുണ്ടാകാം. പുത്രവാത്സല്യം നിറഞ്ഞൊഴുകിയ അമ്മ തന്റെ വിരലുകൾകൊണ്ട് അവന്റെ തലയിൽ മെല്ലെ തലോടിക്കൊണ്ടിരുന്നു. പെട്ടെന്നതാ, ആ അമ്മയുടെ കണ്ണുകെട്ടാനെന്നപോ ലെ മാനം ഇരുണ്ടു; മഴ താണ്ഡവമാടി. നിമിഷങ്ങൾക്കുള്ളിൽ ആക്രമഭാവത്തോടെ, അടങ്ങാക്കലിയോടെ, മല ഇടിഞ്ഞ് ഭൂമിയിലേക്കു പതിച്ചു. അർജുനനേയും അവന്റെ സ്വപ്നങ്ങൾ പൂട്ടിയ തേരിനേയും ഭൂമി വിഴുങ്ങിയോ അതോ ഗംഗാവലി കവർന്നെടുത്ത് അവളുടെ മടിത്തട്ടിൽ ഒളിപ്പിച്ചുവോ? ’

arjun-family-96
കൃഷ്ണപ്രിയ, അഭിരാമി, അഞ്ജു, അയൻ, ജിതിൻ

ഇപ്പോഴും ഷീല അർജുന്റെ വാട്സ്ആപിലേക്ക് മെസേജുകൾ അയയ്ക്കും. വീട്ടിലെ വിശേഷങ്ങൾ പറയും മകന്റെ വിശേഷങ്ങൾ തിരക്കും. പുത്രശോകത്താല്‍ വിങ്ങിപ്പൊട്ടുന്ന അമ്മയെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കാന്‍. വീണ്ടും പറയുന്നത് അമ്മ തന്നെ.

‘‘എന്നെ നോക്കിക്കൊണ്ട്, വെള്ളത്തിനടിയിൽ കണ്ണടയ്ക്കുന്ന അർജുനെ ഞാൻ പലപ്പോഴും സ്വപ്നം കണ്ടു. ഒരമ്മയുടെ ഉള്ളിലെ തോന്നലോ പേടിയോ ഒക്കെയാകാം. എന്റെ മനസിന്റെ മടിത്തട്ടിൽ ഓൻ സുഖമായി ഉറങ്ങുകയാണ്. ഉറങ്ങട്ടേ...’’

ADVERTISEMENT