ADVERTISEMENT

റിപ്പബ്ലിക് ദിനത്തിനു ദിവസങ്ങൾക്കു മുൻപ് ഡൽഹിയിൽ നിന്ന് അതിഗംഭീരമായൊരു ക്ഷണപത്രം തിരുവനന്തപുരം തിരുമലയിലുള്ള കൊച്ചുപാട്ടുകാരിയുടെ വീട് തേടി വന്നു. ദൂരദർശന്റെയും പോസ്റ്റ് ഓഫിസ് ജനറലിന്റെയും അകമ്പടിയോടെ. റിപ്പബ്ലിക് ദിനത്തിൽ രാഷ്ട്രപതിയൊരുക്കുന്ന വിരുന്നിലേക്ക് അനന്യ ബിജേഷിനെ ക്ഷണിക്കാനാണ് അവരെത്തിയത്.

ഓട്ടിസം ബുദ്ധിമുട്ടിക്കുമ്പോഴും പാട്ടിന്റെ വഴിയിലൂടെ സമൂഹത്തിൽ തന്റേതായ ഇടം നേടിയെടുത്തതിന് അനന്യയെ രാഷ്ട്രം ഭിന്നശേഷിക്കാർക്കായുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതി സർവ ശ്രേഷ്ഠ് ദിവ്യാംഗ്ജൻ പുരസ്കാരം നൽകി ആദരിച്ചു.

ADVERTISEMENT

ഈ പുരസ്കാരം നേടുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ അനന്യക്കു പുരസ്കാര ലബ്ധിയുടെ പേരിൽ ലഭിക്കുന്ന മറ്റൊരു അംഗീകാരമായി രാഷ്ട്രപതിയുടെ വിരുന്നിലേക്കുള്ള ക്ഷണം.

തീരാസങ്കടത്തിൽ നിന്നു താരത്തിളക്കത്തിലേക്ക്

ADVERTISEMENT

‘‘മോൾക്കു ലഭിച്ച പുരസ്കാരം ഞങ്ങൾക്കു നൽകുന്ന സന്തോഷം പറഞ്ഞറിയിക്കാനാകില്ല. ‘ഇനിയെന്തു ജീവിതം ’ എന്ന ചോദ്യത്തിൽ നിന്നാണ് ഈ നേട്ടത്തിലേക്കു പതിയെ ഞങ്ങൾ നടന്നടുത്തത്. ഞങ്ങളെപ്പോലുള്ള ഓരോ രക്ഷാകർത്താക്കൾക്കും ഇത് ഊർജമാകും. കണ്ണു നിറഞ്ഞ് അനന്യയുടെ അച്ഛൻ ബിജേഷും അമ്മ അനുപമയും പറയുന്നു.

‘‘ഞങ്ങളെപ്പോലുള്ള സ്പെഷൽ പേരന്റ്സ് പറഞ്ഞാണ് അവാർഡിന് അപേക്ഷിക്കുന്നത്. മുതിർന്ന പൗരന്മാർക്കുള്ള പുരസ്കാരം 18 തികഞ്ഞ വർഷത്തിൽ ത ന്നെ മോൾക്കു ലഭിച്ചു. 2022 ലെ സംസ്ഥാന ഭിന്നശേഷി പുരസ്കാരം, 2023 ലെ ഉജ്വല ബാല്യം പുരസ്കാരം എന്നിവയും അനന്യ നേടി.

ananya-singer-2
ബിജേഷ്, അനന്യ, ആരോൺ, അനുപമ
ADVERTISEMENT

മോൾ ജനിക്കുമ്പോൾ മുംബൈയിൽ എയർഫോഴ്സി ൽ ഉദ്യോഗസ്ഥനായിരുന്നു ഞാൻ. കുഞ്ഞ് തീരെ സംസാരിക്കുമായിരുന്നില്ല. ചില കുട്ടികൾ സംസാരിക്കാൻ വൈകും എന്നു പലരും ആശ്വസിപ്പിച്ചു. മോൾക്ക് രണ്ടേകാൽ വയസ്സായപ്പോഴാണു മകൻ ആരോൺ ജനിക്കുന്നത്. അവന്റെ കളിചിരികൾ കണ്ടതോടെയാണു മോളുടെ വളർച്ചയിൽ അപാകതകളുണ്ടെന്നു മനസ്സിലാകുന്നത്. അതോടെ ഞങ്ങൾ വിഷാദത്തിലായി.

ആശുപത്രികളിൽ കയറിയിറങ്ങി. പിന്നീടു മനസ്സിലായി ഓട്ടിസത്തിനു ചികിത്സയില്ലെന്നും പരിപാലനമാണ് പ്രധാനമെന്നും. ഞങ്ങൾ ഓട്ടിസമുള്ള കുഞ്ഞിനെ വളർത്താൻ സ്വയം തയാറായെടുത്തു. ഹൈപ്പർ ആക്റ്റീവ് ആയിരുന്നു അനന്യ. അടക്കിയിരുത്താൻ വേണ്ടി ടാബ് വാങ്ങി നൽകി. അതിൽ കീബോർഡ് ആപ് ഉണ്ടായിരുന്നു, പ്രീ ലോഡഡ് നഴ്സറി റൈമുകളും അവ പഠിക്കാനുള്ള നിർദേശങ്ങളും. രണ്ടാം ദിവസം തനിയെ അവൾ ആപ്പിൽ റൈം വായിച്ചതു കണ്ടു ഞങ്ങൾ അദ്ഭുതപ്പെട്ടു. ശബ്ദങ്ങളോടാണു മോൾക്കു കൂടുതൽ അടുപ്പമെന്നു മനസ്സിലായതാണു സങ്കടങ്ങളിൽ വഴിത്തിരിവായത്.

അടുത്ത പിറന്നാളിനു കീ ബോർഡ് വാങ്ങി നൽകി. ഒരു മാസം കൊണ്ട് അതിൽ പാട്ടു മുഴുവനായും വായിക്കാൻ അവൾ പഠിച്ചു. അപൂർവമായി ചില വാക്കുകൾ പറയുമെങ്കിലും അമ്മ എന്നു വിളിക്കുകയോ സംസാരിക്കുകയോ പോലും ചെയ്യാത്ത അനന്യ പാട്ടുകൾ കേട്ടാൽ ഉടൻ പഠിച്ചെടുക്കുകയും കരോക്കെ ഇട്ടു കൊടുത്താൽ അതുപോലെ പാടുകയും ചെയ്തു തുടങ്ങി. ഇന്നു നൂറുകണക്കിനു പാട്ടുകൾ അനന്യയ്ക്കു കാണാപ്പാഠമാണ്. ഏഴാം വയസ്സിൽ ആദ്യമായി വേദിയിൽ പാടിയ ‘മൈനാകം’ എന്ന പാട്ടിന്റെ കരോക്കെ ഇപ്പോൾ ഇട്ടു കൊടുത്താലും തെറ്റാതെ പാടും.’’ ബിജേഷിന്റെ വാക്കുകളിൽ അഭിമാനം.

പാട്ട് നിറയും വീട്

വീട്ടിൽ 24 മണിക്കൂറും പാട്ട് കേൾക്കുകയും പാടുകയും ചെയ്യുന്നതാണ് അനന്യയുടെ ചര്യ എന്ന് അനുപമ.‘‘ ഇഷ്ടപ്പെടുന്ന പാട്ടുകൾ തനിയേ യുട്യൂബിൽ സെർച് ചെയ്തു കണ്ടുപിടിച്ചു കേൾക്കും. അവൾക്കു കണ്ടുപിടിക്കാൻ കഴിയാത്തത് എന്റെയോ മോന്റെയോ കാതിൽ മൂളിത്തരും. പുതിയ പാട്ടുകളൊക്കെ കണ്ടുപിടിക്കാൻ എനിക്കു കഴിയാറില്ല. പക്ഷെ മകൻ ആരോൺ ഉടൻ അതു മനസ്സിലാക്കി അവൾക്ക് എടുത്തു കൊടുക്കും.

ദിനചര്യകൾ ചെയ്യാൻ അനന്യയ്ക്ക് ഇപ്പോൾ നന്നായറിയാം. ഞാൻ സാവധാനം പഠിപ്പിച്ചെടുക്കുകയായിരുന്നു. ഋതുമതിയായ നാളുകളിൽ ഒരുപാടു പ്രയാസപ്പെട്ടു. പതിവുകൾ മാറുന്നതും പുതിയ കാര്യങ്ങൾ ശീലിക്കുന്നതും ഓട്ടിസം ഉള്ള കുട്ടികൾക്കു പ്രയാസമാണ്. ആർത്തവ ക്രമങ്ങളെ സാവധാനം ഞങ്ങൾ ശീലിപ്പിച്ചു. ഇന്ന് പലവിധ പ്രോഡക്റ്റുകളുള്ളത് സൗകര്യമാണ്.

കാര്യങ്ങൾ മനസ്സിലാക്കുന്നതിലും ഇപ്പോൾ അനന്യ മുന്നേറി. നിർദേശങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാൻ കഴിയുന്നുണ്ട്. കൈ കുടയുക, തലയിൽ തട്ടിക്കൊണ്ടിരിക്കുക പോലുള്ള സ്വഭാവങ്ങൾ ഇപ്പോൾ കുറഞ്ഞു.

പറയാനറിയില്ലെങ്കിലും സ്വന്തമായി ഇഷ്ടങ്ങളൊക്കെയുണ്ട് അനന്യയ്ക്ക്. പുറത്ത് പോകുമ്പോഴും വീട്ടിലും അവൾക്കിഷ്ടമുള്ള ഉടുപ്പുകളേ ധരിക്കൂ. യാത്രയ്ക്കിടയിൽ കടകളിൽ ഇഷ്ടപ്പെട്ട ഉടുപ്പുകൾ കണ്ടാൽ ‘ഡ്രസ്സപ്..’ എന്നൊക്കെ ചില വാക്കുകൾ പറയും. ആദ്യമൊന്നും ഞങ്ങൾക്കതു മനസ്സിലായിരുന്നില്ല. ഇപ്പോൾ അറിയാം. അവൾ പറയുന്ന കടകളിൽ നിർത്തി അവൾക്കിഷ്ടമുള്ള ഡിസൈനിലുള്ള ഉടുപ്പുകൾ വാങ്ങിക്കൊടുക്കാറുണ്ട്.

വഴുതക്കാടുള്ള റോട്ടറി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ചിൽഡ്രൻ ഇൻ നീഡ് ഓഫ് സെപ്ഷൽ കെയർ എന്ന സ്കൂളിൽ പ്രീ വൊക്കേഷണൽ എന്ന വിഭാഗത്തിലാണ് അനന്യ പഠിക്കുന്നത്. അവളുടെ ക്ലാസ് ടീച്ചർ ശരണ്യ നൽകുന്ന പിന്തുണ വളരെ വലുതാണ്. 23 വയസ്സു വരെ ഇവിടെ പഠിക്കാം. അതു കഴിഞ്ഞാൽ കുട്ടികളുടെ കഴിവ് വിലയിരുത്തി ഏതെങ്കിലും തൊഴിൽ ചെയ്യുന്നതിനുള്ള പരിശീലനം അക്കാദമി തന്നെ നൽകും.’’

ananya-singer-5
സർവ ശ്രേഷ്ഠ് ദിവ്യാംഗ്‌ജൻ പുരസ്കാരം രാഷ്ട്രപതിയിൽ നിന്നു സ്വീകരിക്കുന്നു,

ചിത്രച്ചേച്ചിക്കൊരുമ്മ

‘‘അനന്യ വിരളമായേ ചിരിക്കൂ.. ഞങ്ങൾ രണ്ടു പേരുമല്ലാതെയുള്ളവരെ അത്രയ്ക്കു സന്തോഷം വന്നാലേ കെട്ടിപ്പിടിക്കൂ. 2017 ൽ തിരുവനന്തപുരത്തു നടന്ന സ്പർശം എന്ന പേരിൽ ഓട്ടിസം അവബോധ പരിപാടി നടത്തിയപ്പോൾ അനന്യയും ക്ഷണിക്കപ്പെട്ടിരുന്നു. ഗായിക കെ.എസ് ചിത്രയായിരുന്നു പരിപാടിയുടെ ബ്രാൻഡ് അബാസഡർ. ചിത്രച്ചേച്ചിയെ കണ്ടതും അനന്യ നിറഞ്ഞു ചിരിച്ചു. കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു.

യുട്യൂബിൽ കണ്ടും കേട്ടും അത്രമേൽ അവളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുകയാണു ചിത്രച്ചേച്ചി എന്ന് അന്നാണ് ഞങ്ങൾക്കു മനസ്സിലായത്. ചിത്രച്ചേച്ചി അവളുടെ ദൈവമാണ് എന്നു തോന്നാറുണ്ട്. പരിപാടികളിൽ പങ്കെടുക്കുകയും പാട്ടു പാടുകയുമാണ് ഏറെ സന്തോഷം നൽകുന്ന കാര്യം. പല ചാനലുകളും അവളെ ക്ഷണിക്കാറുണ്ട്. വേദികൾ കൂടാതെ മൂന്ന് ആൽബത്തിൽ പാടിയിട്ടുണ്ട്. ഇപ്പോൾ മിക്ക മലയാളികൾക്കും അനന്യയെ അറിയാമെന്നു തോന്നുന്നു.

മോൾ പരിപാടികളിൽ നന്നായി പങ്കെടുത്തു തുടങ്ങിയതോടെ അവളുടെ കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കുന്നതിനും പാട്ടിൽ അവളെ വളർത്തുന്നതിനുമായി ഞാൻ എയർ ഫോഴ്സിലെ ജോലി വേണ്ടെന്ന് വച്ചു.

എന്റെയും അനുപമയുടെയും നാട് കൊല്ലമാണെങ്കിലും ഓട്ടിസമുള്ള കുട്ടികൾക്കു വേണ്ടതായ മികച്ച പരിശീലന സൗകര്യങ്ങൾ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്, സെന്റർ ഫോർ ഓട്ടിസം മുതലായവ തിരുവനന്തപുരത്തുള്ളതിനാൽ ഇവിടെ താമസമാക്കി. മകൻ ആരോൺ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് ടു വിദ്യാർഥിയാണ്. അവനും സംഗീത താത്പര്യമുണ്ട്. തബലിസ്റ്റാണ്.’’ ജോലി രാജി വച്ച് തിരുവനന്തപുരത്ത് താമസമാക്കിയ ശേഷം റിസർവ് ബാങ്ക് അസിസ്റ്റന്റ് ടെസ്റ്റ് പാസായി ബിജേഷ് ജോലി നേടി.

സർവ്വ ശ്രേഷ്ഠ ദിവ്യാംഗ്‌ജൻ അവാർഡ് ലഭിച്ചശേഷം കൂടുതൽ പരിപാടികൾക്ക് അനന്യ ക്ഷണിക്കപ്പെടുന്നുണ്ട്. എംപിമാരുടെ പാർലമെന്ററി മീറ്റിങ്ങിലാണ് ഒടുവിൽ പാടിയത്. ഞങ്ങളില്ലാത്തൊരു കാലത്ത് മോളെ ആര് നോക്കും എന്നൊരു ഭയമൊക്കെ ഇടയ്ക്ക് തോന്നും. എങ്കിലും ഹൃദയം നിറഞ്ഞ് അനന്യ പാടുമ്പോൾ ഞങ്ങൾ എല്ലാം മറക്കും.

ADVERTISEMENT