ജീവിതത്തിലേയും സംരംഭക രംഗത്തെയും ചിലരുടെ യാത്രകള്‍ നമുക്കും പ്രചോദനമേകും. ആത്മവിശ്വാസത്തോടെ അവർ ഒരേ സ്വരത്തിൽ ഇങ്ങനെ പറയും. ‘‘ഞ ങ്ങള്‍ക്കു സാധിച്ചെങ്കില്‍ നിങ്ങള്‍ക്കും സാധിക്കും.’’
കാണുന്നവർക്കുപോലും പ്രചോദനവും പ്രത്യാശയും നൽകുന്ന അത്തരമൊരു പ്രചോദന കഥയാണിത്. കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും നൂലിഴകൾകൊണ്ട് വിജയഗാഥ രചിച്ച മനോഹരമായൊരു കഥ. അതു പറയാനാനെത്തുന്നതാകട്ടെ സിനിമ, സീരിയല്‍ താരമായി മലയാളികള്‍ക്കു സുപരിചിതയായ ശ്രുതി രജനികാന്ത്. ദ് പെര്‍ഫ്യൂം പ്രൊജക്ട്’ എന്ന ബിസിനസ് വിജയഗാഥയെക്കുറിച്ച് ശ്രുതി മനസുതുറക്കുന്നു.
ആ നിമിഷത്തിന്റെ വാസനയിൽ
ഗന്ധങ്ങളിൽ ഉണരുന്ന ഓർമകളുണ്ടു പലർക്കും. പട്ടാളക്കാരായ മുത്തശ്ശന്മാർ ഉപയോഗിച്ചിരുന്ന ഡാബർ ആംലയുടെ എണ്ണ, ഓൾഡ് സ്പൈസ് ആഫ്റ്റർഷേവ് ലോഷൻ, ഹമാം സോപ്പ്. ഇങ്ങനെ വാസനകളിലൂടെ കുട്ടിക്കാലം ഓർത്തെടുക്കാൻ ഇഷ്ടപ്പെടുന്ന ഒരു പെൺകുട്ടിയുണ്ട്. സംരംഭകനായ അച്ഛന്റെ പാത പിന്തുടർന്ന് ബിസിനസ് രംഗത്തേക്കു കടക്കാൻ തീരുമാനിച്ചെങ്കിലും ഏതു മേഖല തിരഞ്ഞെടുക്കണം എന്നവൾ സംശയിച്ചു നിന്നു. ആ ദിവസങ്ങളിലൊന്നിൽ മുൻപെപ്പോഴോ മനസ്സിനെ സന്തോഷിപ്പിച്ചിരുന്ന ഒരു ഗന്ധം അവളെ പ്രചോദിപ്പിച്ചു. അങ്ങനെയാണു സീരിയൽ താരം ശ്രുതി രജനികാന്ത് ദ് പെർഫ്യൂ പ്രൊജക്ട് എന്ന പെർഫ്യൂം ബ്രാൻഡ് ഉടമയായത്. ‘‘സംരംഭകയാകണമെന്ന മോഹം ഉള്ളിലുദിച്ചപ്പോഴേ ഞാൻ മനസ്സിനെ പാകപ്പെടുത്തി, ഇവിടെ വിജയം മാത്രമല്ല, പരാജയവും സംഭവിച്ചേക്കാം.’’
കൊച്ചി പനമ്പിള്ളിനഗറിലെ ദ് പെർഫ്യൂം പ്രൊജക്ടിന്റെ സ്റ്റുഡിയോയിലിരുന്നു ശ്രുതി തന്റെ സംരംഭക യാത്രയെക്കുറിച്ചു സംസാരിച്ചു തുടങ്ങി. ‘‘അഭിനയത്തിനപ്പുറം എന്തെങ്കിലും ചെയ്യണം എന്ന ചിന്തയാണ് എല്ലാത്തിന്റെയും തുടക്കം. പഠനത്തോടുള്ള ഇഷ്ടം പെർഫ്യൂമെറിയിൽ എത്തിച്ചു. സുഗന്ധങ്ങളെക്കുറിച്ചും സുഗന്ധദ്രവ്യ നിർമാണത്തെക്കുറിച്ചുമൊക്കെയുള്ള പഠനമാണു പെർഫ്യൂമെറി.
കോഴ്സ് പൂർത്തിയാകുന്നതിനു മുൻപു തന്നെ ഞാൻ മനസ്സിലാക്കി – ഇതാണു ഞാനാഗ്രഹിക്കുന്ന ഇടമെന്ന്. മനസ്സിനെ ശാന്തമാക്കുന്ന, സന്തോഷിപ്പിക്കുന്ന ഗന്ധങ്ങൾ എന്നും എനിക്കു പ്രിയങ്കരമാണ്. പലതിനേയും ചേർത്തു വയ്ക്കുക ആ നിമിഷത്തെ വാസനയിലായിരിക്കും.
മുത്തശ്ശന്മാരുടെ കാര്യം പറഞ്ഞതുപോലെ പ്ലസ്‌ടു കാലത്തെ ഓർമിപ്പിക്കുന്ന ഒരു സുഗന്ധമുണ്ട്. വനിലയും ചോക്‌ലെറ്റും കലർന്ന പോക്കറ്റ് പൗഡറിന്റെ ഗന്ധം. അതുപോലെ കടന്നു പോയ ഓരോ ജീവിതഘട്ടങ്ങളെയും ഓർമപ്പെടുത്താൻ ഓരോ ഗന്ധമുണ്ടാകും ഓരോരുത്തർക്കും.

ദ് പെർഫ്യൂം ‘യുറേക്കാ മൊമന്റ്’
ഞാനുണ്ടാക്കുന്ന പെർഫ്യൂമുകൾ ആദ്യം സുഹൃത്തുക്കൾക്കു നൽകി. ഉപയോഗിച്ചശേഷം അവരാണ് ഇതു ബിസിനസ് ആക്കിക്കൂടെ എന്നു ചോദിച്ചത്. എനിക്ക് അൽപംകൂടി സമയം വേണമായിരുന്നു.
ഏറ്റവും കൂടുതൽ ബിസിനസ് ചർച്ചകൾ നടന്നിരുന്നത് അച്ഛൻ രജനികാന്തും ഞാനും തമ്മിലാണ്. ആദ്യ നാളുകളിൽ ഞാനും സുഹൃത്തുക്കളും ഒരുപാടു കഷ്ടപ്പെട്ടിട്ടുണ്ട്. യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ ഒപ്പം നിന്ന സുഹൃത്തുക്കൾ സത്യത്തിൽ അസറ്റാണ്.
നല്ല ബിസിനസ് അഡ്വൈസറെ കിട്ടിയതാണ് എന്റെ സംരംഭത്തിലെ യുറേക്കാ മൊമന്റ്. പേരു കണ്ടെത്തിയ നിമിഷവും ലോഗോ ഡിസൈൻ കിട്ടിയ ദിവസവുമെല്ലാം സ്വപ്നസാക്ഷാത്കാരമായിരുന്നു.
കസ്റ്റമേഴ്സിനെ അടുത്തറിഞ്ഞാലേ ഇഷ്ടങ്ങളെക്കുറിച്ചു ധാരണ കിട്ടൂ. ഒടുവിൽ ആ പെർഫ്യൂം അവർക്ക് ഇഷ്ടപ്പെടുന്നിടത്താണു നമ്മൾ വിജയിക്കുന്നത്. മറ്റു സംരംഭങ്ങൾ പോലെയല്ല. പെർഫ്യൂം മേക്കിങ്ങിൽ മുന്നേ നടന്നവർ കുറവാണ്.
പത്തു മാസത്തോളം നീണ്ട തിരു ത്തലുകൾക്കും കൂട്ടിച്ചേർക്കലുകൾക്കുമൊടുവിലാണ് ദ് പെർഫ്യൂം പ്രൊജക്ട് എ ന്ന ബ്രാൻഡ് ലോഞ്ച് ചെയ്തത്. ആദ്യം അവതരിപ്പിച്ചതു വലിയ ബോട്ടിലുകളായിരുന്നു. കസ്റ്റമേഴ്സിന്റെ ആവശ്യാനുസരണം 8 മില്ലിയുടെ മിനിയേച്ചർ 3 ഇൻ 1 കോംബോയും ഇപ്പോൾ വിപണിയിലുണ്ട്. പ്രതിദിനം നൂറിൽപ്പരം ഓർഡറുകൾ കിട്ടുന്നു. മെല്ലെയാണെങ്കിലും എന്റെ സംരംഭം ഇപ്പോൾ വിജയഗന്ധമായി മാറി.